26 April Friday
നാളെ 
ഗാന്ധിജിയുടെ രക്തസാക്ഷിത്വ
ദിനം

ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഉയർത്തുന്ന ചോദ്യങ്ങൾ - ഡോ. ജെ പ്രഭാഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

In a state in which good and evil are swept away
with the same indifference, the events of the past
will be reinvented and a false memory will be set
up as truth.
Jeorge Luis Borges

ബോർഹസ് ഇതു പറഞ്ഞത് ഗാന്ധിവധത്തിന് ഏഴ് വർഷംമുമ്പാണ്. എട്ടുപതിറ്റാണ്ടിനുശേഷം നാം ഇതിന്റെ തിക്തഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. സത്യാസത്യങ്ങൾക്കും ധർമാധർമങ്ങൾക്കും നേരെ ഒരുപോലെ നിസ്സംഗത പാലിക്കുന്ന ഭരണകൂടം. ഭൂതകാലസംഭവങ്ങളെ അത് പുനഃസൃഷ്ടിക്കുന്നു, അബദ്ധജഡിലമായ ധാരണകളെ സത്യമായി അവതരിപ്പിക്കുന്നു. ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും അവമതിക്കുന്നു. ഇതിന്റെ ഉത്തമോദാഹരണമാണ് ഗാന്ധിജി. രാജ്യം ഭരിക്കുന്നവർ അദ്ദേഹത്തെ തമസ്കരിക്കുകയും നാഥുറാം ഗോഡ്സെയെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു.

1990-ൽ നടന്നൊരു സംഭവത്തിൽനിന്ന് തുടങ്ങാം. രാമജന്മഭൂമി പ്രശ്നം കത്തിക്കാളി നിൽക്കുന്ന സമയം. പ്രശസ്ത ഗാന്ധിയൻ സുശീല നയ്യാരും സംഘവും സമാധാനദൂതുമായി അയോധ്യയിൽ. തുടർന്നു നടന്ന പ്രാർഥനായോഗത്തിൽ സംഘാംഗങ്ങൾ ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട "രഘുപതി രാഘവ് രാജാറാം' എന്ന പ്രാർഥനാഗാനം ആലപിക്കാൻ തുടങ്ങി. "ഈശ്വര് അള്ളാ തേരേ നാം” എന്ന വരിയിലെത്തിയപ്പോൾ പക്ഷേ സദസ്സിൽ ബഹളം. ‘ഗാന്ധിജിയുടെ സ്മരണാർഥമാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്’ എന്ന്‌ സുശീല നയ്യാർ പറഞ്ഞുനോക്കി. എന്നാൽ, അവർക്ക് കിട്ടിയ മറുപടി അന്ധാളിപ്പിക്കുന്നതായിരുന്നു –“ഞങ്ങൾ ഗോഡ്‌സെയുടെ ബഹുമാനാർഥമാണ് വന്നിരിക്കുന്നത്”! ഇതിനേക്കാൾ എത്രയോ നൃശംസമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

അപവാദങ്ങൾ മാറ്റിവച്ചാൽ, നമ്മുടെ പൊതുസമൂഹത്തിൽനിന്ന് ഇതിനെതിരെ കാര്യമായ എതിർപ്പുണ്ടാകാത്തത് സംഘപരിവാർ ശക്തികൾക്ക് ധൈര്യം പകർന്നിരിക്കുന്നു. ഗാന്ധിസത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചിട്ട്, നാം ഗാന്ധിജിയെ സൂപ്പർ മാർക്കറ്റിലും ഓൺലൈനിലും തിരയുകയാണ് - ചുവരിൽ തൂക്കാനൊരു ചിത്രം, ഷോക്കെയ്സിൽ വയ്ക്കാനൊരു പ്രതിമ. ഗാന്ധിജി ഒരു പ്രതീകമായിക്കഴിഞ്ഞു. ഇതിൽ അത്ഭുതത്തിന് അവകാശവുമില്ല. കോൺഗ്രസുകാർതന്നെ അദ്ദേഹത്തെ ഉപേക്ഷിച്ച് ഖദർ കുപ്പായത്തിൽ അഭയം തേടിക്കഴിഞ്ഞല്ലോ.

ഗാന്ധിജിയുടെ ആശയം സ്വാതന്ത്ര്യത്തിന്റെയും സഹനത്തിന്റെയും സമന്വയത്തിന്റെയുമാണെങ്കിൽ, സംഘപരിവാറിന്റേത് അധികാര രാഷ്ട്രീയത്തിന്റെയും ഭിന്നിപ്പിന്റെതുമാണ്.

എന്തുകൊണ്ടാണ് സംഘപരിവാറും അവർ നേതൃത്വം നൽകുന്ന ഭരണകൂടവും ഗാന്ധിജിയെ ഭയക്കുന്നത്, അദ്ദേഹം കഥാവശേഷനായിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ? അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളാണ് അവരെ കുഴയ്‌ക്കുന്നത് എന്നതാണ് ഇതിന്റെ ഉത്തരം. ഗാന്ധിജിയുടെ ആശയം സ്വാതന്ത്ര്യത്തിന്റെയും സഹനത്തിന്റെയും സമന്വയത്തിന്റെയുമാണെങ്കിൽ, സംഘപരിവാറിന്റേത് അധികാര രാഷ്ട്രീയത്തിന്റെയും ഭിന്നിപ്പിന്റെതുമാണ്. അതിവേഗം കുതിരപ്പുറത്തു പായുന്നൊരാളിനെപ്പറ്റി ഒരു സെൻ കഥയുണ്ട്. "താങ്കൾ എങ്ങോട്ട് പോകുന്നു' എന്ന് ചോദിച്ചപ്പോൾ, "എനിക്കറിയില്ല, കുതിരയോട് ചോദിക്കു' എന്നായിരുന്നു അയാളുടെ ഉത്തരം. ഇതുതന്നെയാണ് സംഘപരിവാറിന്റെ കാര്യവും. അവർ അധികാരപ്പുറത്ത് പായുന്നു. അതുകൊണ്ടുതന്നെ, അവർക്ക് പലതിനെയും നിഷേധിക്കേണ്ടതുണ്ട് - ചരിത്രത്തെ, ഗാന്ധിജിയെ, ഭരണഘടനയെ, ജനാധിപത്യത്തെ.

ആശയങ്ങളുടെ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണല്ലോ ഗാന്ധിജി. അധികാരം കൈയാളാതെ തന്റെ ഭാവനയിലൂടെ ഭരണകൂടത്തിന്റെ സ്വഭാവം നിർവചിച്ചയാൾ. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുക്കുംവരെ ദേശവ്യാപകമായി സംഘടിത മുന്നേറ്റങ്ങൾ നടന്നിട്ടില്ലാത്തൊരു പ്രദേശമായിരുന്നല്ലോ ഇന്ത്യ. ഇതുതന്നെയായിരുന്നു രാഷ്ട്രീയത്തിന്റെ കാര്യവും. അത് രാജസദസ്സുകളിലും വൈസ്രോയിയുടെ ഡർബാറിലും മാത്രമായി ഒതുങ്ങിനിന്നു. ഇതിനെ ഗാന്ധിജി തലകീഴായി നിർത്തി. ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് താഴെനിന്ന് മുകളിലോട്ടുള്ള രാഷ്ട്രീയത്തിന് ബീജാവാപം ചെയ്തു.

മേൽവസ്ത്രം ഉപേക്ഷിച്ച് സ്വന്തം വേഷത്തെ ജാതി–--മത -പ്രാദേശിക സ്വാധീനത്തിൽനിന്ന് മോചിപ്പിച്ചും സ്വയം കൃഷിക്കാരനും നെയ്ത്തുകാരനുമാണെന്ന് പ്രഖ്യാപിച്ചും അദ്ദേഹം ജനങ്ങളോട് ചേർന്നുനിന്നു. ഇതൊരു പുതുരാഷ്ട്രീയത്തിന്റെയും നവഭാരതീയന്റെയും സൃഷ്ടിയായിമാറി, ആത്യന്തികമായി. പോരെങ്കിൽ, അഹിംസയിലൂടെ വിയോജിപ്പിന്റെയും പ്രതിരോധത്തിന്റെയും സാമ്പ്രദായിക ധാരണകളെ അദ്ദേഹം അട്ടിമറിച്ചു. ചർക്കയെയും ഖദറിനെയും സമന്വയിപ്പിച്ച്, മനുഷ്യ പ്രയത്നത്തിന്റെയും പ്രതിരോധത്തിന്റെയും ചിഹ്നങ്ങളുമാക്കി മാറ്റി.

മറുവശത്ത്, അദ്ദേഹം എല്ലാത്തരം വർഗീയതയെയും തള്ളിപ്പറഞ്ഞു; ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴ്പെടണമെന്ന വാദത്തെ പുച്ഛിച്ചുതള്ളി; ആരാധനാലയങ്ങൾ വിശ്വാസങ്ങളുടെ സൃഷ്ടികളാണെന്നും പ്രഖ്യാപിച്ചു. വൈവിധ്യവും ബഹുസ്വരതയും മനുഷ്യസംസ്കാരത്തിന്റെ മുന്നുപാധിയാണെന്നും, തന്മൂലം വ്യത്യസ്ത മതത്തിലും വംശത്തിലും ജീവിതരീതികളിലും പെട്ടവരുമായി ഒത്തുപോകുകയേ നിവൃത്തിയുള്ളൂയെന്ന് പ്രഖ്യാപിക്കാനും അമാന്തിച്ചില്ല. ജീവിതത്തെ അദ്ദേഹം ഏകവചനമായി കണ്ടില്ലെന്ന് സാരം.


 

ഇത്തരം സഹവർത്തിത്വത്തിന്റെ അടിസ്ഥാനം സംവാദവും വിട്ടുവീഴ്ചയുമാണ്; പരസ്പര ബഹുമാനവും എല്ലാവരുടെയും മഹത്വം അംഗീകരിക്കലുമാണ്. വ്യക്തമായി പറഞ്ഞാൽ, പരസ്പര സ്നേഹം. ‘മുഗൾ - ഇ- അസം’ (1960) എന്ന ചലച്ചിത്രത്തിലെ നായികയുടെ ചോദ്യം ഓർമയില്ലേ - "പ്യാർ കിയ തൊ ഡർന ക്യാ ?' (സ്നേഹിക്കുന്നതിനെ ഭയക്കുന്നതെന്തിന്?). വിരോധാഭാസമാകാം, ഇന്ന് നാം ഏറ്റവുമധികം ഭയക്കുന്നത് സ്നേഹത്തെയാണ്. അതിനെ ജിഹാദായി കാണുന്ന രാജ്യമാണ് നമ്മുടേത്. ഇതിനായി ഗാന്ധിജി പ്രഥമ പരിഗണന നൽകിയത് ഇന്ത്യയെ വർഗീയതയുടെ നരകത്തിൽനിന്ന് മോചിപ്പിക്കാനായിരുന്നു. വർത്തമാനകാല പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ഭാവി ഭദ്രമാക്കാനോ ഭാവിയെക്കുറിച്ച് പരിചിന്തനമില്ലാതെ വർത്തമാനകാല യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാനോ ആകില്ലെന്ന് ഗാന്ധിജിക്കറിയാമായിരുന്നു. ഇതിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയായിരുന്നു ഗാന്ധിജിയുടെ വധത്തിലൂടെ ഹിന്ദുത്വ ശക്തികൾ ചെയ്തത്.

ഗ്രീസിന്റെ പതനം ആരംഭിക്കുന്നത് സോക്രട്ടീസിന്റെ വധത്തോടെയാണെന്ന് പറയാറുണ്ട്. സൂക്ഷ്മമായി നോക്കിയാൽ ഗാന്ധിജിയുടെ വധം ഇന്ത്യയുടെ കാര്യത്തിലും അത്തരമൊരു ഭവിഷ്യത്തിന്, സാവധാനമാണെങ്കിലും കളമൊരുക്കി എന്നു കാണാം. കരുതൽതുറുങ്കൽ നിയമങ്ങൾ, അടിയന്തരാവസ്ഥ, സംഘപരിവാറിന്റെ അധികാര പ്രവേശനം (1996) -എല്ലാം ഗാന്ധിവധത്തെ തുടർന്നുള്ള അരനൂറ്റാണ്ടിനുള്ളിൽ സംഭവിച്ചു. ഇപ്പോൾ നരേന്ദ്ര മോദിയിലൂടെ നാം അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു.

ഒരുപക്ഷേ, ഗാന്ധിജി വധിക്കപ്പെട്ടില്ലായിരുന്നെങ്കിലും ഇതൊക്കെ സംഭവിക്കുമായിരുന്നിരിക്കാം. എന്നാൽ, അദ്ദേഹത്തെ വധിക്കുക വഴി, എതിരഭിപ്രായത്തെ ഹിംസയിലൂടെ ഇല്ലാതാക്കാമെന്ന് ഹിന്ദുത്വശക്തികൾ സ്ഥാപിച്ചെടുത്തു. രാഷ്ട്രപിതാവിനെപ്പോലും ഈ വിധം കൈകാര്യം ചെയ്യാമെങ്കിൽ മറ്റുള്ളവരെ നേരിടാൻ ഇതിലും എളുപ്പമാണല്ലോ. പിൽക്കാലത്ത്, കൽബുർഗിയും പൻസാരെയും ധാബോൽക്കറും ഗൗരി ലങ്കേഷുമെല്ലാം ഇതിന്റെ ഇരകളായത് ഓർക്കുക. ഭയപ്പെടുത്തിയും ഉന്മൂലനം ചെയ്തും മനുഷ്യരെ നിശ്ശബ്ദമാക്കുന്നത് സെൻസർഷിപ്പിന്റെ തീവ്രരൂപങ്ങളാണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രശ്നം യാഥാർഥ്യങ്ങളല്ല, യാഥാർഥ്യങ്ങളെക്കുറിച്ചുള്ള പരാമർശമാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ നാം ഒരു കാര്യം ചിന്തിച്ചുറപ്പിക്കണം. എന്തുതരം പൗരന്മാർ ആകാനാണ് നാം ആഗ്രഹിക്കുന്നത്. - അരക്ഷിതർ, ഭയചകിതർ, സന്ദേഹികൾ, ആക്രമണോത്സുകർ. അതോ ആത്മവിശ്വാസവും പരസ്പര ബഹുമാനവുമുള്ളവർ, നിർഭയർ, സമാധാനകാംക്ഷികൾ, ജനാധിപത്യവാദികൾ–- ഗാന്ധിജി മൃത്യു ഏറ്റുവാങ്ങിയത് നമ്മൾ ജീവിക്കാൻ വേണ്ടിയാണ്. അപ്പോൾ നമ്മൾ ജീവിക്കുന്നത് അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് മിഴിവേകാനാകണം. അവയെ തമസ്കരിക്കുന്ന ഭരണകൂടത്തെ എതിർക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top