02 December Thursday
ഇന്ന്‌ ഗാന്ധിജയന്തി

ഗാന്ധിജി എന്ന സന്ദേശം - സുനിൽ പി ഇളയിടം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

നിരന്തരം പരിണമിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു ഗാന്ധിജി. മാറ്റങ്ങളെയോ അതുളവാക്കുന്ന ഫലങ്ങളെയോ അദ്ദേഹം അൽപ്പംപോലും ഭയപ്പെട്ടില്ല. സ്ഥിരതയുടെ ദുർഭൂതത്തെ സൃഷ്ടിക്കാൻ താൻ തുനിയുന്നില്ലെന്ന് അദ്ദേഹം എഴുതി. എല്ലാ നിമിഷത്തിലും തന്നോടുതന്നെ സത്യസന്ധനായിരിക്കുമ്പോൾ ഉണ്ടാകാവുന്ന അസ്ഥിരതയെ താൻ ഗൗരവപൂർവം പരിഗണിക്കുന്നില്ലെന്നും ആത്മകഥാപരമായ വിശദീകരണങ്ങളൊന്നിൽ ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്. സത്യസന്ധതയേക്കാൾ വലിയ മൂല്യമായി സ്ഥിരതയെ  പരിഗണിച്ചില്ല.

ജീവിതത്തോട് സത്യസന്ധനായിരിക്കാനും അതിന്റെ പാഠങ്ങൾക്കൊത്ത് പരിണമിക്കാനുമുള്ള സന്നദ്ധത അദ്ദേഹം പലപ്പോഴും വൈരുധ്യങ്ങളുടെ പാർപ്പിടമാക്കി. 1898–-90ൽ ലണ്ടനിലെ വിദ്യാഭ്യാസകാലത്ത് ഒരു ‘ഇംഗ്ലീഷ് ജെന്റിൽമാൻ’ ആകാനുള്ള പരിശീലനത്തിലായിരുന്നു അദ്ദേഹം. പടിഞ്ഞാറൻ രീതിയിൽ വസ്ത്രം ധരിക്കാനും സായാഹ്നയാത്രകൾക്ക് പ്രത്യേക വസ്ത്രം തയ്യാറാക്കാനും ഗാന്ധിജി അക്കാലത്ത് തുനിയുന്നുണ്ട്. നാല് പതിറ്റാണ്ടിനുശേഷം രണ്ടാം വട്ടമേശസമ്മേളനത്തിനായി ലണ്ടനിലെത്തുമ്പോൾ അദ്ദേഹം ഒറ്റമുണ്ടുമാത്രം ധരിക്കുന്ന ഒരാളായി മാറിക്കഴിഞ്ഞിരുന്നു. അർധനഗ്നമായ ആ രൂപം ചർച്ചിലിനെ കോപാകുലനാക്കി. ആ വേഷം പടിഞ്ഞാറൻ സമൂഹങ്ങളിൽത്തന്നെ ഒരു കോമാളിയാക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അതിലദ്ദേഹം വ്യാകുലപ്പെട്ടില്ല. തന്റെ രാജ്യത്തെ ഏറ്റവും അവസാനത്തെ ആൾക്ക് ധരിക്കാൻ കഴിയുന്ന വസ്ത്രമേ താനും ധരിക്കുന്നുള്ളൂ എന്ന് 1921 സെപ്തംബർ 22ന് മധുരയിൽവച്ച് അദ്ദേഹം പ്രഖ്യാപിച്ചു. ഒരുമാസത്തേക്കായി ആരംഭിച്ച ആ വസ്ത്രപരിഷ്കാരം പിന്നീട് അദ്ദേഹത്തിന്റെ ജീവിതമുദ്രയായി. ഇതേ പരിണാമം സ്ത്രീകളുടെ പൊതുജീവിതപങ്കാളിത്തത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടിലും കാണാം. സ്ത്രീകളുടെ ഗാർഹികജീവിതം എന്നതിൽനിന്ന് സ്ത്രീപുരുഷസമത്വം എന്നതിലേക്ക് 1945–-46 കാലത്ത് അദ്ദേഹം എത്തി. പുരുഷൻ ചെയ്യുന്ന എല്ലാ കാര്യവും സ്ത്രീകൾക്ക് ചെയ്യാനാകുമെന്നും എന്നാൽ സ്ത്രീകൾ ചെയ്യുന്ന എല്ലാ കാര്യവും പുരുഷൻമാർക്ക് ചെയ്യാനാകില്ലെന്നും ഗാന്ധിജി അക്കാലത്ത് പറയുന്നുണ്ട്.

ഒരുപക്ഷേ, ഇത്തരം പരിവർത്തനത്തിന്റെ ഏറ്റവും വലിയ അടയാളം നമുക്ക് കാണാനാകുക മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലാണ്. മതവും രാഷ്ട്രീയവും അവിഭാജ്യഘടകങ്ങളാണെന്നും താൻ നിശ്ചയമായും രാഷ്ട്രീയത്തിൽ മതത്തെ സന്നിവേശിപ്പിക്കും എന്നുമാണ് 1915–-30 കാലത്ത് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നത്. മതമില്ലാത്ത രാഷ്ട്രീയം അധാർമികമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇവിടെനിന്ന് മതം തീർത്തും വ്യക്തിപരമായ ഒരു കാര്യമാണെന്നും അതിന് രാഷ്ട്രവുമായും രാഷ്ട്രീയവുമായും ഒരു ബന്ധവും ഉണ്ടാകരുതെന്നുമുള്ള ഖണ്ഡിതമായ നിലപാടിലേക്ക് 1940കളിൽ ഗാന്ധിജി എത്തി. മതത്തെയും രാഷ്ട്രീയത്തെയും വേർപെടുത്താനായാൽ രാജ്യത്തിന്റെ ഭാവി ഭദ്രമായിരിക്കും എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താനൊരു സർവാധികാരിയാണെങ്കിൽ താൻ ചെയ്യുന്ന ആദ്യത്തെ കാര്യം മതത്തെയും രാഷ്ട്രീയത്തെയും വേർപെടുത്തലായിരിക്കുമെന്ന് വിഭജനത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും കാഹളങ്ങൾ മുഴങ്ങിക്കേട്ട കാലത്ത് അദ്ദേഹം പ്രഖ്യാപിച്ചു. മതവിശ്വാസികളും ‘ഗാന്ധിയൻ’മാരുമായ നിരവധി അനുയായികൾക്കു മുകളിൽ നിരീശ്വരവാദിയായ നെഹ്റുവിനെ തന്റെ പിൻഗാമിയായി പ്രതിഷ്ഠിച്ചതിനു പിന്നിൽ മതരാഷ്ട്രത്തിനെതിരായ ഗാന്ധിജിയുടെ ഖണ്ഡിതമായ നിലപാട് നമുക്ക് കാണാനാകും.

ഗാന്ധിജി അടിസ്ഥാനപരമായി ഉയർത്തിപ്പിടിച്ചത് ആധുനികമൂല്യങ്ങളായിരുന്നു എന്ന് പ്രൊഫസർ ഇർഫാൻ ഹബീബ് ‘ഗാന്ധിയും ദേശീയപ്രസ്ഥാനവും’ എന്ന തന്റെ പ്രശസ്തമായ പഠനത്തിൽ പറയുന്നുണ്ട്. പാരമ്പര്യത്തിന്റെ പരിവേഷത്തിനുള്ളിൽ ആധുനികമൂല്യങ്ങളുടെ സമർഥനമാണ് അദ്ദേഹം നടത്തിയത്. സമകാലിക ലോകത്ത് വർഗീയവാദികൾമുതൽ ആൾദൈവങ്ങൾവരെ ഇതിന്റെ മറുപുറത്ത് നിലയുറപ്പിച്ചിരിക്കുന്നു. ആധുനികതയുടെ പരിവേഷത്തിനുള്ളിൽ പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും സമർഥനമാണ് അവർ നടത്തുന്നത്. ആധുനികതയെ സാങ്കേതികവും ഉപകരണപരവുമായി ഉൾക്കൊള്ളുകയും അതിന്റെ മൂല്യവ്യവസ്ഥയെ അപ്പാടെ നിരാകരിക്കുകയുമാണവർ ചെയ്യുന്നത്. ഇതിന്റെ മറുപുറത്തായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം ഇതിന്റെ മികച്ച ഉദാഹരണമായി പ്രൊഫ. ഇർഫാൻ ഹബീബ് ചൂണ്ടിക്കാണിക്കുന്നു. ഗീതയിലില്ലാത്തതെല്ലാം ഗാന്ധിജി ഗീതയിൽനിന്ന് വായിച്ചെടുത്തുവെന്ന് അദ്ദേഹം പറയുന്നു. തൊഴിലിന്റെ അന്തസ്സിനെക്കുറിച്ചുള്ള സന്ദേശം, സമാധാനത്തിന്റെ സന്ദേശം, അഹിംസയുടെ സന്ദേശം, കർത്തവ്യത്തിന്റെ സന്ദേശം,  ഇവയെല്ലാം ഗാന്ധിജി ഗീതയിൽ കണ്ടെത്തുന്നുണ്ട്. ആധുനിക ലിബറൽ മൂല്യങ്ങളിൽനിന്ന്  കണ്ടെടുത്തതാണ് ഇവയെല്ലാം. ഗീതയ്ക്കും ഉപനിഷത്തുകൾക്കും മുമ്പേ റസ്കിനും ടോൾസ്റ്റോയും ഉൾപ്പെടെയുള്ളവരെ അദ്ദേഹം വായിച്ചിരുന്നു. വ്യാവസായിക–-മുതലാളിത്ത നാഗരികതയ്ക്കെതിരായ അവരുടെ വിമർശങ്ങളിലാണ് അദ്ദേഹത്തിന്റെ വിമർശാവബോധത്തിന്റെ വേരുകൾ കണ്ടെത്താനാകുക. തനിക്ക് കൈവന്ന ഈ വിമർശാവബോധത്തെ അതേപടി ആവർത്തിക്കാൻ അദ്ദേഹം തയ്യാറായതുമില്ല. ഇന്ത്യൻ ആത്മീയതയുടെ പരിവേഷങ്ങൾക്കുള്ളിലാണ് ഗാന്ധിജിയുടെ വിമർശാത്മകധാരണകൾ ഏറിയ പങ്കും അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പുറമേക്ക് മതാത്മകമായ അന്തരീക്ഷം അവയെ ചൂഴ്‌ന്നുനിൽക്കുകയും ചെയ്തു. തന്റെ ആവശ്യനിർവഹണത്തിന്‌ ഉതകുന്ന വിധത്തിൽ ഇന്ത്യൻ ആത്മീയപാഠങ്ങളെ അദ്ദേഹം ചരിത്രേതരമായി വായിക്കുകയും ചെയ്തു. അങ്ങനെ പുറമേക്ക് മതാത്മകപരിവേഷമുള്ളതും അകമേ വിമർശാത്മകവുമായ ഒരു ജീവിതസമീക്ഷ ഗാന്ധിജി അവതരിപ്പിച്ചു.

നിശ്ചയമായും ഗാന്ധിജിയുടെ ഈ സമീപനത്തിന് വൈരുധ്യാത്മകഫലങ്ങളുണ്ട്. പുറമേക്കുള്ള അതിന്റെ മതാത്മകപരിവേഷം  വീക്ഷണങ്ങളെ പൗരസ്ത്യമായ ആത്മീയപാഠങ്ങളായി തെറ്റിദ്ധരിപ്പിക്കാൻ ശേഷിയുള്ളവയായിരുന്നു. അദ്ദേഹം സ്വയം നിലയുറപ്പിച്ചതും ഈ വൈരുധ്യാത്മകതയ്ക്കുള്ളിലായിരുന്നു എന്നു പറയാം. അവ ഉൽപ്പാദിപ്പിച്ച വിമർശാവബോധത്തിന്റെ വിപ്ലവാത്മകമൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നതിന് ഇത് കാരണമായിട്ടുണ്ട്. “മതാത്മകധ്വനികളോടു കൂടിയ നിസ്സംഗവിപ്ലവത്തിന്റെ സരളസിദ്ധാന്തീകരണം” എന്ന് ഗ്രാംഷി വിശേഷിപ്പിക്കുന്ന തരത്തിൽ, തൻമാത്രാതല പരിവർത്തനത്തിന് വഴിതുറക്കുന്നതായിരുന്നു ഗാന്ധിജിയുടെ സാമൂഹ്യ ഇടപെടൽ. അതിന്റെ വൈരുധ്യാത്മക പ്രകൃതത്തെ തിരിച്ചറിയുന്നതിലുള്ള പരിമിതി പിൽക്കാലത്തെ ഇന്ത്യൻ സാമൂഹ്യവിചാരങ്ങളെ വലിയൊരളവോളം സന്ദിഗ്ധമാക്കി.

എന്നാൽ, ഈ സന്ദിഗ്ധപ്രകൃതം ഇന്ത്യൻ ജനതയുടെ സംഘാടനത്തിൽ അദ്ദേഹം പുലർത്തിയില്ല. ഗാന്ധിജിയുടെ സമരതന്ത്രങ്ങളിലെ ശ്രദ്ധേയമായ മൂന്ന് ഘടകം ഇർഫാൻ ഹബീബ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അമൂർത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കു പകരം സമൂർത്തമായ സാമൂഹ്യ–-സാമ്പത്തികാവശ്യങ്ങളിൽനിന്ന് സമരമാരംഭിക്കുക എന്നതാണ് അതിലാദ്യത്തേത്. ചമ്പാരനിലെ സമരംമുതൽ ഗാന്ധിജി ഇത് പിൻപറ്റുന്നുണ്ട്. കർഷകർക്ക് വിളവിന് വില കിട്ടണമെന്നും പരുത്തിക്കർഷകർക്ക് വിപണി ലഭ്യമാക്കണമെന്നും ഉപ്പിന് നികുതി നൽകാനാകില്ലെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളെയാണ്   തന്റെ നിർണായക സമരങ്ങളുടെ കേന്ദ്രപ്രമേയമായി അവതരിപ്പിച്ചത്. അടിസ്ഥാനപരമായി ഇതൊരു ഇടതുപക്ഷസമരതന്ത്രമാണെന്ന് ഇർഫാൻ ഹബീബ് പറയുന്നു. ദേശീയപ്രസ്ഥാനത്തെ അത് സാമ്പത്തികസമരവുമായി ബന്ധിപ്പിച്ചു. അമൂർത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ നൂറിരട്ടി വ്യാപനശേഷി ഇതിനുണ്ടായിരുന്നു. സമഗ്രപരിഷ്കരണത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് ലോകത്തൊരിടത്തും ട്രേഡ് യൂണിയനുകൾ നിലവിൽ വന്നിട്ടില്ല. ഭാഗികപരിഷ്കരണത്തിനായുള്ള ആവശ്യങ്ങളാണ് അവ ഉന്നയിച്ചിട്ടുള്ളതെന്ന് ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജിയുടെ സമരതന്ത്രത്തിന്റെ അടിസ്ഥാനവും മറ്റൊന്നായിരുന്നില്ല.

ഗാന്ധിജിയുടെ നിർണായകമായ മറ്റൊരു വിജയം ഇന്ത്യൻ ജനതയുമായി, അതിൽത്തന്നെ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന കർഷകജനസാമാന്യവുമായി അദ്ദേഹം കൈവരിച്ച ഐക്യമാണ്. ദേശീയപ്രസ്ഥാനത്തെ ബഹുജനപ്രസ്ഥാനമാക്കി മാറ്റുന്നതിന്റെ കേന്ദ്രമായി മാറിയ ഘടകങ്ങളിലൊന്ന് ഇതാണ്‌. എ ആർ  ദേശായ് തന്റെ പ്രസിദ്ധമായ പഠനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ പത്തൊമ്പതാം ശതകത്തിന്റെ രണ്ടാം പകുതിയിൽ അഭ്യസ്തവിദ്യരായ ഇന്ത്യൻ ഉപരിമധ്യവർഗ വിഭാഗങ്ങളുടെ അഭിമാനബോധം എന്ന നിലയിലാണ് ദേശീയതാസങ്കൽപ്പം ഇവിടെ ആദ്യം പൊട്ടിക്കിളിർത്തത്. പിന്നീട് ഇന്ത്യയിലെ വാണിജ്യവിഭാഗങ്ങളുടെ താൽപ്പര്യങ്ങളുമായി കൂടിക്കലർന്ന് അതിനൊരു സാമ്പത്തികസ്വരൂപം കൈവന്നു. ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ അത് തീവ്ര മതാത്മകതയുടെ പിടിയിലകപ്പെട്ടു. മതാത്മകദേശീയതയുടെ രാഷ്ട്രീയയുക്തികൾക്ക് മേൽക്കൈ വന്ന സന്ദർഭംകൂടിയാണത്. ഇതിനെ മറികടന്നുകൊണ്ടാണ് 1920–-40 ഘട്ടത്തിൽ മതനിരപേക്ഷവും ജനകീയവും സാമ്രാജ്യവിരുദ്ധവുമായ ദേശീയതാസങ്കൽപ്പം വികസിച്ചത്. നമ്മുടെ ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന ഇന്ത്യ എന്ന ആധുനിക ആശയത്തിന്റെ വേരുകൾ ഈ ഘട്ടത്തിലാണ് കുടികൊള്ളുന്നത്. മഹാഭൂരിപക്ഷം വരുന്ന കർഷകജനസാമാന്യം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നതാണ് അതിനടിത്തറയൊരുക്കിയത്. ഈ പ്രക്രിയയുടെ കേന്ദ്രശക്തിയായിരുന്നു ഗാന്ധിജി. കർഷകപ്രസ്ഥാനവും സോഷ്യലിസ്റ്റുകളും ഇടതുപക്ഷവുമെല്ലാം ഇതിൽ താന്താങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്നത് സംശയരഹിതമാണ്. അപ്പോൾത്തന്നെ ഈ ജനകീയ ദേശീയതയുടെ കേന്ദ്രമായി നിലകൊണ്ടത് ഗാന്ധിജിയാണ്. അദ്ദേഹത്തെ രാഷ്ട്രപിതാവും മഹാത്മാവും ആക്കിയതും കർഷകജനതയുമായുള്ള അനന്യമായ ഈ താദാത്മ്യമാണ്.

ഗാന്ധിജിയുടെ രാഷ്ട്രീയവീക്ഷണത്തിലെ പരമപ്രധാനമായ ഘടകം അദ്ദേഹം വർഗീയതയ്ക്കും മതരാഷ്ട്രവാദത്തിനും എതിരെ കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. അസാമാന്യമായ ആത്മബലത്തോടെ, അന്നത്തെ പൊതുബോധത്തിനെതിരെ   മിക്കവാറും ഒറ്റയ്ക്കുതന്നെ നിലകൊണ്ടു. മതവർഗീയതയുടെ എല്ലാത്തരം ആവിഷ്കാരങ്ങളോടും വിട്ടുവീഴ്ചയില്ലാതെ പൊരുതി. ഒടുവിൽ ഹൈന്ദവ വർഗീയതയുടെ വിഷം നിറഞ്ഞ തോക്കിലെ വെടിയുണ്ടയേറ്റുവാങ്ങി. ആസന്നമായ വിജയങ്ങൾക്കുവേണ്ടി അടിസ്ഥാനമൂല്യങ്ങൾ കൈയൊഴിയാതിരിക്കാനുള്ള അപാരമായ ആത്മബലമാണ് അദ്ദേഹം പ്രദർശിപ്പിച്ചത്. 1947 ആഗസ്ത്‌ 29ന് കൽക്കട്ടയിലെ പ്രാർഥനായോഗത്തിൽ വന്ദേമാതരം ആലപിച്ചപ്പോൾ ഗാന്ധിജി മാത്രം എഴുന്നേറ്റുനിന്നില്ല. അതൊരു പാശ്ചാത്യസമ്പ്രദായമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. മതംമുതൽ ദേശീയതവരെയുള്ള സമസ്ത താൽപ്പര്യങ്ങൾക്കും മുകളിൽ മനുഷ്യവംശത്തെ ഗാന്ധിജി ഉയർത്തിപ്പിടിച്ചു. തന്റെ അന്തിമാഭയം മനുഷ്യവംശമാണെന്ന് ടാഗോറിനെപ്പോലെ, ആ നിർണായക മുഹൂർത്തത്തിൽ ഗാന്ധിജി ഉറപ്പിച്ചു പറയുകയായിരുന്നു.

ഗാന്ധിജിയുടെ ഓർമയുടെ അന്തിമാർഥം, ഒരുപക്ഷേ, മേൽപ്പറഞ്ഞ മൂന്നു കാര്യത്തിൽനിന്ന് കണ്ടെത്താം. ജനങ്ങളുടെ ഭൗതികജീവിതാവശ്യങ്ങൾക്കുള്ള പരിഹാരം, കർഷകജനതയുമായുള്ള താദാത്മ്യം, വർഗീയതയ്ക്കും മതരാഷ്ട്രത്തിനുമെതിരായ വിട്ടുവീഴ്ചയില്ലാത്ത സമരം, ഗാന്ധിജിയുടെ ജീവിതകാലത്തെന്നപോലെ ഇന്നും നമ്മുടെ രാഷ്ട്രജീവിതത്തിന്റെ കേന്ദ്രത്തിലുള്ളത് ഈ പ്രമേയങ്ങൾതന്നെയാണ്. ഒരുപക്ഷേ, അന്നത്തേതിനേക്കാൾ വലിയ സാംഗത്യത്തോടെ. ഗാന്ധിജിയെ ഓർമിക്കുക എന്നതിനർഥം ഇത് തിരിച്ചറിയുക എന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top