25 April Thursday

ഇതാ കാണൂ ഇടതുപക്ഷ ലാറ്റിനമേരിക്ക - കെ ജെ തോമസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021

photo credit Gabriel Boric twitter

ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാണ്‌ ഞായറാഴ്‌ചത്തെ  തെരഞ്ഞെടുപ്പിൽ വിജയിച്ച മുപ്പത്തഞ്ചുകാരനായ ഗബ്രിയേൽ ബൊറീക്‌. ജനകീയപ്രശ്‌നങ്ങളുയർത്തി പ്രക്ഷോഭം നയിച്ചാണ്‌ ബൊറീക്‌ നാടിന്റെ ഹൃദയത്തിലിടം നേടിയത്‌. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ടുനേടിയാണ്‌  ഇടതുപക്ഷ സ്ഥാനാർഥി ബോറിക്‌, റിപ്പബ്ലിക്കൻ പാർടി അംഗവും ക്രിസ്ത്യൻ സോഷ്യൽ ഫ്രണ്ട് സഖ്യത്തിന്റെ സ്ഥാനാർഥിയുമായ ഹൊസെ അന്റോണിയോ കാസ്റ്റിനെ പരാജയപ്പെടുത്തിയത്‌.  പുതിയ ഭരണഘടനാ കോൺസ്‌റ്റിറ്റ്യുവന്റ്‌ അസംബ്ലി രൂപീകരിച്ചശേഷം  നവംബർ 21ന്‌ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ കാസ്റ്റ്‌ ആണ്‌ മുന്നിലെത്തിയത്. 27.94 ശതമാനം വോട്ട്‌. സോഷ്യലിസ്‌റ്റ്‌ പാർടിയായ സോഷ്യൽ കൺവേർജൻസ്‌ സ്ഥാനാർഥി ബൊറീക്കിന്‌ കാസ്‌റ്റിനേക്കാൾ രണ്ടു ശതമാനം വോട്ട്‌ കുറവായിരുന്നു. രണ്ടാം ഘട്ടത്തിൽ ബൊറീക് 56 ശതമാനം വോട്ട്‌ നേടി വിജയക്കൊടി പാറിച്ചു.

വിദ്യാർഥികൾക്ക് സൗജന്യ സർവകലാശാലാ വിദ്യാഭ്യാസം ആവശ്യപ്പെട്ട്‌ 2011ലും ഭരണഘടനാ ഭേദഗതി  ആവശ്യപ്പെട്ട്‌ 2019ലും അഴിമതിക്കെതിരെ 2020ലും നടന്ന വൻപ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയതിലൂടെ ജനകീയനായി മാറിയതാണ്‌ ബൊറീക്കിനെ പ്രസിഡന്റ്‌ പദവിയിലെത്തിച്ചത്‌.

സ്‌പാനിഷ്‌ വംശജരാണ്‌ ചിലിയിലെ ജനങ്ങളിൽ ഭൂരിപക്ഷവും. 89 ശതമാനവും കത്തോലിക്കർ. ഉറുഗ്വേ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ജനപ്പെരുപ്പനിരക്കുള്ള ലാറ്റിനമേരിക്കൻ രാജ്യമാണ്‌ ചിലി. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരംമുതൽ  ഹോൺ മുനമ്പുവരെ നീണ്ടുമെലിഞ്ഞുകിടക്കുന്ന രാജ്യമാണ്‌ ചിലി. ഹോൺ മുനമ്പിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ സമുദ്രങ്ങൾ അറ്റ്‌ലാന്റിക്കും പസഫിക്കും സമ്മേളിക്കുന്നത്‌. ആൻഡീസ്‌ പർവതം തലയുയർത്തിനിൽക്കുന്ന ചിലി അഗ്നിപർവതങ്ങളുടെയും നാടാണ്‌. വടക്ക്‌ പെറുവും വടക്കുകിഴക്ക്‌ ബൊളീവിയയും കിഴക്ക്‌ അർജന്റീനയുമാണ്‌. പടിഞ്ഞാറു മുഴുവൻ പസഫിക്‌ സമുദ്രം.

കോളനിവാഴ്‌ചയും സ്വാതന്ത്ര്യവിപ്ലവവും പിന്നെ നിർദയമായ പട്ടാളവാഴ്‌ചയും താണ്ടിയ ചിലി ഇന്ന്‌ ജനാധിപത്യത്തിലേക്ക്‌ മടങ്ങിവന്നിരിക്കുകയാണ്‌. ചിലിയുടെ ചരിത്രം മാറ്റിയെഴുതിയ പ്രസിഡന്റ്‌ സാൽവദോർ അലൻഡെയാണ്‌. ചിലിയുടെ സുവർണകാലവും അതായിരുന്നു. ഭൂമിമുഴുവൻ ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്ന ചിലിയിൽ ഭൂപരിഷ്‌കരണവും അമേരിക്കൻ സ്വത്തുക്കളുടെ ദേശസാൽക്കരണവും തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളായി ഉയർത്തിയാണ്‌ അലൻഡെ പ്രസിഡന്റായത്‌. തെരഞ്ഞെടുപ്പുവാഗ്‌ദാനം നടപ്പാക്കിത്തുടങ്ങിയതോടെ അമേരിക്കൻ ഭരണകൂടം ചിലിക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. സോഷ്യലിസ്‌റ്റ്‌ പാത സ്വീകരിച്ച അലൻഡെയെ അട്ടിമറിക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ വൻതോതിൽ പണമൊഴുക്കി. 1973 ആദ്യം അലൻഡെയ്‌ക്കെതിരെ നടന്ന അട്ടിമറിശ്രമം പരാജയപ്പെട്ടു. എന്നാൽ, അവർ അടങ്ങിയിരുന്നില്ല.

അതേവർഷം സെപ്‌തംബർ 11ന്‌ അഗസ്‌റ്റോ പിനോഷെയുടെ നേതൃത്വത്തിൽ പട്ടാളം അലൻഡെയെ അട്ടിമറിച്ചു. പ്രസിഡന്റിന്റെ കൊട്ടാരംവളഞ്ഞ്‌ ബോംബാക്രമണം നടത്തുകയും അലൻഡെയെ വെടിവച്ചുകൊല്ലുകയും ചെയ്‌തു. ചിലിയിലെ വാണിജ്യ–- വ്യാപാര താൽപ്പര്യങ്ങൾ നഷ്‌ടപ്പെടുന്നതുകണ്ട അമേരിക്കൻ പ്രസിഡന്റ്‌ റിച്ചാർഡ്‌ നിക്‌സനാണ്‌ അലൻഡെയെ അട്ടിമറിക്കാൻ പദ്ധതിയൊരുക്കിയത്‌. 1973 മുതൽ 1990 വരെ നീണ്ട പിനോഷെയുടെ പട്ടാളവാഴ്‌ചക്കാലത്ത്‌ ചിലി തുറന്ന കമ്പോളവ്യവസ്ഥയ്‌ക്ക്‌ വഴിമാറി. വമ്പൻ വാണിജ്യഗ്രൂപ്പുകൾ രാജ്യത്തെ നിയന്ത്രിക്കുന്ന സ്ഥിതിയായി.

മനുഷ്യാവകാശ  ലംഘനങ്ങളും പീഡനങ്ങളും മർദനവും അഴിമതിയും പൊതുമുതൽക്കൊള്ളയും പതിവായി. കൂട്ടക്കൊലയും ധനാപഹരണവും മാധ്യമ സെൻസർഷിപ്പുമെല്ലാം അനിയന്ത്രിതമായി അരങ്ങേറി. ആയിരങ്ങൾ കൊല്ലപ്പെട്ടു. പതിനായിരങ്ങൾ രാജ്യത്തുനിന്ന്‌ പലായനം ചെയ്‌തു. പട്ടിണിയും തൊഴിലില്ലായ്‌മയും വർധിച്ചു. കൂലി വെട്ടിക്കുറച്ചു. പിനോഷെയും കുടുംബവും വൻതോതിൽ പൊതുസ്വത്ത്‌ അപഹരിച്ച്‌ വിദേശത്തേക്ക്‌ കടത്തി. 1988ൽ നടന്ന ഹിതപരിശോധനയിൽ പിനോഷെ പരാജയപ്പെട്ടതോടെയാണ്‌ ചിലി ജനാധിപത്യത്തിനു വഴിതുറന്നത്‌.

2011ൽ ചിലി വിദ്യാർഥി ഫെഡറേഷൻ പ്രസിഡന്റ്‌ സ്ഥാനമേറ്റെടുത്തത്‌ ബൊറീക് ആയിരുന്നു. തുടർന്നു നടന്നത്‌ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ  പ്രക്ഷോഭങ്ങൾ. ചിലിയുടെ സാമ്പത്തിക സാമൂഹ്യക്രമത്തിൽ സമ്പൂർണമാറ്റം കൊണ്ടുവരുമെന്ന്‌ തിങ്കളാഴ്‌ച തെരഞ്ഞെടുപ്പുഫലം വന്നയുടൻ ജനങ്ങളെ അഭിവാദ്യംചെയ്‌ത്‌ അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. 

സമീപകാലത്ത്‌ മെക്‌സിക്കോയിലും ബൊളീവിയയിലും പെറുവിലും ഹോണ്ടുറാസിലും ഇപ്പോൾ ചിലിയിലും ഇടതുപക്ഷം വിജയിച്ചിരിക്കുന്നു. നിക്കരാഗ്വയിൽ തുടർച്ചയായ നാലാം വിജയമാണ്‌ ഇടതുപക്ഷം നേടിയത്‌. ബ്രസീലിൽ 2022 ഒക്‌ടോബർ രണ്ടിന്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന ലുല ഡ സിൽവ വിജയിക്കുമെന്നാണ്‌ മാധ്യമങ്ങൾ പ്രവചിക്കുന്നത്‌.  വെനസ്വേലയിൽ കഴിഞ്ഞ നവംബർ 21ന്‌ സംസ്ഥാന ഗവർണർസ്ഥാനത്തേക്കും മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുപ്പിൽ 23 സംസ്ഥാനത്തിൽ 19ലും ഭരണകക്ഷിയായ യുണൈറ്റഡ്‌ സോഷ്യലിസ്‌റ്റ്‌ പാർടി ഓഫ്‌ വെനസ്വേലയുടെ നേതൃത്വത്തിലുള്ള  ഗ്രേറ്റ്‌ പാട്രിയോട്ടിക് പോൾ ആണ്‌ വിജയിച്ചത്‌.

അമേരിക്കയുടെ ഇടതുപക്ഷവിരുദ്ധ നിലപാടിനെതിരെ  ലാറ്റിനമേരിക്കയുടെ ചെറുത്തുനിൽപ്പിന്‌ ശക്തിപകരുന്നതാകും ഈ വിജയങ്ങളെല്ലാം. ഈ സൂചനകളെല്ലാം കണ്ടുകൊണ്ടാണ്‌ ബൂർഷ്വാ മാധ്യമങ്ങൾപോലും ഇപ്രകാരം എഴുതിയത്‌: Red Rises in Latin America (ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം  കരുത്താർജിക്കുന്നു).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top