28 March Thursday

വിലക്കയറ്റം നിയന്ത്രിച്ചത്‌ കേരളം - ഭക്ഷ്യമന്ത്രി ജി ആർ അനിൽ എഴുതുന്നു

Updated: Wednesday Nov 9, 2022


നിത്യോപയോഗവസ്തുക്കളുടെ  വിലക്കയറ്റത്തെപ്പറ്റിയുള്ള ചർച്ചകളാൽ ശബ്ദമുഖരിതമാണ് നമ്മുടെ പൊതുമണ്ഡലം.  ഈ വിഷയത്തിൽ സർക്കാരിന്റെ നയങ്ങളോടും നടപടികളോടും സമ്മിശ്രമായ പ്രതികരണങ്ങളാണ് വിവിധ കോണുകളിൽനിന്നും ഉയരുന്നത്. വിലക്കയറ്റം തടയാൻ  ഫലപ്രദമായി ഇടപെടാൻ ഏറ്റവും ആത്മാർഥമായ ശ്രമം നടത്തുന്ന കേരള സർക്കാരിന് ക്രിയാത്മകമായ വിമർശങ്ങളെയും നിർദേശങ്ങളെയും തുറന്ന മനസ്സോടെ സമീപിക്കുന്നതിന് ഭയക്കേണ്ട കാര്യമേതുമില്ല.  അതോടൊപ്പംതന്നെ ഈ പ്രശ്നത്തെ സംബന്ധിച്ച് രാജ്യത്തിന് പൊതുവിലും കേരളത്തിന് വിശേഷിച്ചും ബാധകമായ ചില പശ്ചാത്തല വസ്തുതകളെ വിസ്മരിച്ചുപോകാൻ കഴിയുകയുമില്ല.  

കേരളത്തിലെ പ്രതിപക്ഷവും വിലക്കയറ്റ വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ മുമ്പിലുണ്ട്. തൊണ്ണൂറുകളിൽ ഉദാര,-സ്വകാര്യവൽക്കരണ നയങ്ങളിലൂടെ  രാജ്യത്തെ പൂർണതോതിലുള്ള വിപണി സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചത് കോൺഗ്രസ് സർക്കാരാണ്. ഇതര പൊതുമേഖലകളെ എന്നതുപോലെ പൊതുസംഭരണ, -വിതരണ സംവിധാനങ്ങളെയും പടിപടിയായി ഇല്ലാതാക്കുന്നതിലേക്കാണ് ഇത് നയിച്ചത്. പിന്നീടു വന്ന ബിജെപി സർക്കാരുകൾ ഈ നടപടികൾ കൂടുതൽ തീവ്രമാക്കി. ജനക്ഷേമത്തിനായി സർക്കാരിന് വിപണിയിൽ ഇടപെടാൻ അധികാരം നൽകാൻവേണ്ടിയാണ് ദേശീയ വിമോചനസമരത്തിന്റെ പാരമ്പര്യം ഉൾക്കൊണ്ട ആദ്യകാല ഭരണകർത്താക്കൾ 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് കൊണ്ടുവന്നത്. അവരുടെ പിന്മുറക്കാർ ഈ നിയമത്തെ ദുർബലമാക്കുകയും അതിന്റെ പല്ലും നഖവും കൊഴിക്കുകയും ചെയ്തു.

അവശ്യവസ്തുക്കൾ പൂഴ്‌ത്തിവച്ച് കരിഞ്ചന്തയിൽ വിൽക്കുന്നത് തടയുന്നതിനായി അവയുടെ സംഭരണവും വിതരണവും വില നിശ്ചയിക്കലുമെല്ലാം നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ സ്വയം കൈയൊഴിയുകയും സംസ്ഥാന സർക്കാരുകൾക്ക് നിഷേധിക്കുകയും ചെയ്തു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. ഇതോടെ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവയ്‌ക്കാൻ സർക്കാരിന് കഴിയുകയില്ല. സ്വകാര്യ മുതലാളിമാർക്ക് ഇഷ്ടംപോലെ സംഭരിക്കുകയോ സംഭരിക്കാതിരിക്കുകയോ ചെയ്യാം.  വിപണിയിൽ ഇറക്കുകയോ ഇറക്കാതെ കൊള്ളലാഭത്തിനായി പിടിച്ചുവയ്ക്കുകയോ ചെയ്യാം. 2013ൽ രണ്ടാം യുപിഎ സർക്കാർ എൻഎഫ്എസ്എ നിയമത്തിലൂടെ സൗജന്യ റേഷൻ പരമ ദരിദ്രർക്കുമാത്രമായി പരിമിതപ്പെടുത്തി. അന്ത്യോദയ- അന്നയോജന (മഞ്ഞ കാർഡ്), പ്രയോറിറ്റി ഹൗസ്ഹോൾഡ് (പിങ്ക് കാർഡ്) വിഭാഗങ്ങളൊഴികെ വരുന്നവർ മുൻഗണനേതര വിഭാഗമാണ്.  ഇവർക്ക് നിയമപ്രകാരമുള്ള റേഷൻ ഇല്ല. 1990-കളിൽ ഈ സാമ്പത്തിക നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും പുരോഗമനപ്രസ്ഥാനങ്ങളും ഉന്നയിച്ച വാദങ്ങളെല്ലാം രാജ്യം വിലക്കയറ്റത്തിന്റെ വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എടുത്തെറിയപ്പെടുന്ന ഇക്കാലത്ത് സാധൂകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.



 

രാജ്യത്തെ ഈ പൊതുസ്ഥിതിയിൽനിന്ന് വ്യത്യസ്‌തമായി ചില സവിശേഷതകൾ കേരളത്തിനുണ്ട്. രാജ്യത്തിന്‌ കോടിക്കണക്കിനു രൂപ നേടിത്തരുന്ന നാണ്യവിളകളിലേക്ക് തിരിഞ്ഞതിന്റെ ഫലമായി കേരളം ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമായി വർഷങ്ങൾക്കുമുമ്പേ രൂപപ്പെട്ടു.  ഇക്കാര്യംകൂടി കണക്കിലെടുത്താണ് 1960-കൾ മുതൽ സാർവത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിങ്‌ വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ കേരളത്തിൽ അനുവദിച്ചത്. നിശ്ചിത അളവ് ഭക്ഷ്യധാന്യം ഇതുവഴി സൗജന്യ നിരക്കിൽ എല്ലാ മലയാളി കുടുംബങ്ങൾക്കും ഉറപ്പുനൽകപ്പെട്ടു. കോൺഗ്രസ്‌-, ബിജെപി സർക്കാരുകൾ പൊതുവിതരണ സമ്പ്രദായത്തെ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി പൊളിച്ചെഴുതുകയും ലക്ഷ്യാധിഷ്ഠിത പൊതുവിതരണം (TARGETED PUBLIC DISTRIBUTION) ആരംഭിക്കുകയും ചെയ്തതോടെ സാർവത്രിക റേഷനിങ്‌ അവസാനിച്ചു. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച  വിഭാഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതിലും പ്രതികാര മനോഭാവമാണ് കോൺഗ്രസ്, ബിജെപി സർക്കാരുകൾ കേരളത്തോട് കാണിച്ചത്. 

57 ശതമാനം മലയാളികൾ മുൻഗണനേതര വിഭാഗത്തിലാണ് വരിക. ഇവർക്ക് ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള സൗജന്യങ്ങൾക്ക് അർഹതയൊന്നുമില്ല. എങ്കിലും കേരള സർക്കാർ ഈ പൊതുവിഭാഗത്തെ നോൺപ്രയോറിറ്റി സബ്സിഡി (നീല കാർഡ്) നോൺ പ്രയോറിറ്റി നോൺ സബ്സിഡി (വെള്ള കാർഡ്) വിഭാഗങ്ങളായി തിരിച്ച് ഇരുവിഭാഗത്തിനും ആനുകൂല്യം നൽകിവരുന്നു. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഭക്ഷ്യവിഹിതത്തിന്റെ ടൈഡ് ഓവറിൽനിന്നാണ് ഇതു കണ്ടെത്തുന്നത്. ഇത് നിലവിൽ നൽകുന്നതുപോലെ വർധിപ്പിച്ചു നൽകുന്നതിനും കേന്ദ്രസർക്കാർ സഹായിച്ചാലേ കഴിയൂ. മിക്ക ഘട്ടത്തിലും അനുകൂല സമീപനമല്ല കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജനസംഖ്യയിൽ പകുതിയിലധികംപേർക്ക് ന്യായവിലയ്‌ക്ക്‌ ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ച നയങ്ങളെയും അതിന്റെ വക്താക്കളെയും വിലക്കയറ്റ കാലത്ത് തിരിച്ചറിയേണ്ടതില്ലേ?

ഈ പ്രതിസന്ധികളുടെ പേരുപറഞ്ഞ്‍ കൈയുംകെട്ടി ഇരിക്കുകയല്ല കേരള സർക്കാർ ചെയ്തത്.  ഇന്ത്യയിലെ ഏതു സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട രീതിയിൽ വിപണി ഇടപെടലും പൊതുവിതരണവും നടത്തുന്ന സർക്കാരാണ് കേരളത്തിലേത്. അതിന്റെ ഗുണവും സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടു പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ചത് കേരളമാണ്. ഉപഭോക്തൃ വിലസൂചികയുടെ ദേശീയ ശരാശരി കഴിഞ്ഞ ഏപ്രിൽ-–-മെയ് മാസങ്ങളിൽ 7.04 ആയിരുന്നപ്പോൾ കേരളത്തിൽ അഞ്ചിന് താഴെയായിരുന്നു. സെപ്തംബറിൽ ദേശീയ ശരാശരി 7.41ഉം സംസ്ഥാനത്ത് 6.45ഉം ആയി. 13 ഇനം അവശ്യവസ്‌തുക്കൾ 2016 മെയ് മാസത്തിലെ വിലനിലവാരത്തിലാണ് ഇന്നും സംസ്ഥാനത്ത് നൽകിവരുന്നത്.  പൊതുവിപണിയിലെ വിലയും ഈ സൗജന്യനിരക്കും തമ്മിൽ വരുന്ന ഭീമമായ അന്തരം സർക്കാർ സബ്സിഡി നൽകി പരിഹരിക്കുകയാണ്. ഈയിനത്തിൽ 2000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. 35 ലക്ഷത്തോളം കാർഡുടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവരുന്നുണ്ട്.


 

സംസ്ഥാനത്തെ ആഭ്യന്തര ഉപഭോഗത്തിനായി 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമാണെന്ന് കരുതുന്നു.  ഇതിന്റെ 15 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്ര സർക്കാർ എഫ്സിഐയിലൂടെ 8.35 ലക്ഷം മെട്രിക് ടൺ നൽകിവരുന്നു. നെല്ല് സംഭരണത്തിലൂടെ 4.6 ലക്ഷം മെട്രിക് ടൺ അരി കണ്ടെത്തുന്നു. സപ്ലൈകോ വിൽപ്പനശാലകളിലൂടെ ഒരു വർഷം ശരാശരി 87,186 മെട്രിക് ടൺ അരി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു.

ഭക്ഷ്യസ്വയംപര്യാപ്തതയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽക്കൂടി അരിയുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചു. രാജ്യത്ത്‌ ഏറ്റവും ഉയർന്നവിലയായ 28.20 രൂപ നൽകിയാണ് കർഷകരിൽനിന്ന്‌ കേരളത്തിൽ നെല്ല് സംഭരിക്കുന്നത്. ഇത് സംസ്‌കരിച്ച് അരിയാക്കി വിതരണ സജ്ജമാക്കുമ്പോൾ സർക്കാരിന് 53 രൂപ ചെലവാകുന്നുണ്ട്. അത് 10.90 രൂപ നിരക്കിലാണ് പൊതുവിതരണ വകുപ്പ് റേഷൻകട വഴി വിതരണം ചെയ്യുന്നത്. ഒരു വർഷം നെല്ല് സംഭരിച്ച് സംസ്‌കരിച്ച് റേഷൻകടകൾ വഴി 4.6 ലക്ഷം മെട്രിക് ടൺ അരി വിതരണം ചെയ്യുമ്പോൾ ആകെ ചെലവാകുന്ന 2438 കോടി രൂപയിൽ 1044 കോടിയും സംസ്ഥാന സർക്കാരിന്റെ പങ്കാണ്.

എഫ്സിഐ മുഖേന ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും ഗുണവും പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഈ സർക്കാർ ദൃഢപ്പെടുത്തി.  കേരളീയർക്ക് പ്രിയം കുറഞ്ഞ സോനാ മസൂരി ഇനത്തിനു പകരം പ്രിയപ്പെട്ട ജയ, സുരേഖ ഇനങ്ങൾ കൊണ്ടുവരാൻ ആന്ധ്ര, തെലങ്കാന സർക്കാരുകളുമായും കേന്ദ്ര സർക്കാരുമായും നേരിട്ട് ചർച്ച നടത്തി തീരുമാനമാക്കി. കഴിഞ്ഞമാസംവരെ പുഴുക്കലരിയും പച്ചരിയും 50 ശതമാനം വീതമാണ് എഫ്സിഐയിൽനിന്ന് ലഭിച്ചുവരുന്നത്. നിലവിലത് സ്റ്റോക്കിന്റെ കുറവുമൂലം പച്ചരി മാത്രമായിരിക്കുന്നത് പുഴുക്കലരിക്ക് പൊതുവിപണിയിൽ വില വർധിക്കാൻ ഇടയാകുന്നു. ആവശ്യമായ പുഴുക്കലരി നൽകാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവിപണിയിലെ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ മുൻഗണനേതര വിഭാഗക്കാരായ വെള്ള, നീല കാർഡുകാർക്ക് എട്ട്‌ കിലോ അരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുന്നുണ്ട്.  കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ൽ അധികം കേന്ദ്രങ്ങളിലെത്തി കാർഡ് ഒന്നിന് 10 കിലോ അരി വീതം  നൽകുന്നു. കഴിഞ്ഞ ദിവസംവരെ 87,585 കിലോ അരി ഇപ്രകാരം വിതരണം ചെയ്‌തു. ആന്ധ്രാ സർക്കാരുമായി നേരിട്ട്‌ ഇടപെട്ട് കേരളത്തിന്റെ ആവശ്യാർഥം അവിടെ കൃഷിയിറക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top