04 December Monday

ബാങ്കുകൾ ആർക്കുവേണ്ടി

ജി രാജേഷ്‌കുമാർUpdated: Wednesday Sep 6, 2023

സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ, കഴിഞ്ഞയാഴ്‌ച സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയെക്കുറിച്ച്‌ പറഞ്ഞത്‌, രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്‌ ഗൗരവമായി കാണേണ്ട കാര്യമാണ്‌. കേരളത്തിലെ നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട്‌ കർഷകർക്ക്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കാനുള്ള തുകയ്‌ക്ക്‌ പകരമായി താൽക്കാലിക വായ്‌പ അനുവദിക്കുന്നതിന്‌ സമ്മതം അറിയിച്ച എസ്‌ബിഐ പിന്നീട്‌ നിരാശാജനകമായ നിലപാടാണ്‌ സ്വീകരിച്ചതെന്നാണ്‌ മന്ത്രി ജനങ്ങളോട്‌ പറഞ്ഞത്‌. കർഷകരിൽനിന്ന്‌ സംഭരിക്കുന്ന നെല്ല്‌ അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തശേഷം കണക്കുകൾ അനുരഞ്ജനപ്പെടുത്തിയാണ്‌ കേന്ദ്ര സർക്കാർ നെല്ലിന്റെ പണം അനുവദിക്കുന്നത്‌. ഈ പ്രക്രിയമൂലം കർഷകർക്ക്‌ നെൽവില വൈകുന്നത്‌ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പദ്ധതിയാണ്‌ പിആർഎസ്‌ വായ്‌പാ പദ്ധതി. നെല്ല്‌ അളന്നെടുക്കുമ്പോൾ നൽകുന്ന പാഡി റസീപ്‌റ്റ്‌ ഷീറ്റ്‌ ഈടായി സ്വീകരിച്ച്‌ ബാങ്ക്‌ കർഷകന്‌ വായ്‌പ നൽകും. നെല്ല്‌ സംഭരിച്ച്‌ അരിയാക്കി റേഷൻ കടകളിൽ എത്തിക്കുന്നതിന്റെ നോഡൽ ഏജൻസിയായ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ നെല്ലിന്റെ വില കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ വായ്‌പ പലിശ സഹിതം തിരിച്ചടയ്‌ക്കും. ഇതിൻമേൽ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയുമായും നടന്ന ചർച്ചകളിലെ ധാരണയുടെ അടിസ്ഥാനത്തിൽ 253 കോടി രൂപയുടെ വായ്‌പയ്‌ക്കായി കനറ ബാങ്കിനെയും എസ്‌ബിഐയെയും സമീപിച്ചു. കനറ ബാങ്ക്‌ നാലായിരത്തോളം കർഷകർക്കായി 38.32 കോടി നൽകി. എസ്‌ബിഐയാകട്ടെ നൂറിൽത്താഴെ കർഷകർക്കായി 42 ലക്ഷം രൂപമാത്രമാണ്‌ വായ്‌പ അനുവദിച്ചത്‌.

സംസ്ഥാനത്തിന്റെ ലീഡ്‌ ബാങ്കുകൂടിയായതിനാലാകാം കനറ ബാങ്ക്‌ അൽപ്പമെങ്കിലും താൽപ്പര്യം കാട്ടിയത്‌. കേരളീയരെ മമതയോടെ കണ്ടിരുന്ന സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറി (എസ്‌ബിടി)നെയും വിഴുങ്ങി ഭീമാകാരനായി വളർന്ന എസ്‌ബിഐയാകട്ടെ തികച്ചും കർഷകവിരുദ്ധവും ജനദ്രോഹപരവുമായ നിലപാടാണ്‌ കേരളീയരോട്‌ കാണിച്ചത്‌.

സാന്ദർഭികമായ ഈ അനുഭവവും ഉദാഹരണമാക്കിയേ ഇന്ത്യയിലെ ബാങ്കുകൾ ആർക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന ചോദ്യത്തിന്‌ ഉത്തരം തേടാനാകൂ. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടവും കടം എഴുതിത്തള്ളലുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യൻസർക്കാർ ഈ ബാങ്കുകളെ ആർക്കുവേണ്ടി പ്രവർത്തിക്കുന്നവയാക്കിമാറ്റിയെന്ന് എളുപ്പം മനസ്സിലാക്കാനാകും. 2002ൽ 54,673 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയാസ്‌തി. 2023ൽ ഇത്‌ 4,28,199 കോടിയാണ്‌. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ നിഷ്‌ക്രിയാസ്‌തി കുതിക്കാൻ തുടങ്ങി. 2013ൽ 1,64,461 കോടി. 2014ൽ 2,16,739 കോടി. ഈ കുതിപ്പു തുടരുകയാണ്‌. 2018ൽ 8,95,601 കോടി. 2019ൽ 7,39,554 കോടി. 2020ൽ 6,78,318 കോടി. 2021ൽ 6,16,615 കോടി. 2022ൽ 5,42,173 കോടി. നിഷ്‌ക്രിയാസ്‌തി ഉയർന്നെങ്കിലും പിന്നീട്‌ കുറയുകയല്ലേ എന്ന സംശയം സ്വാഭാവികമായും ഉയരാം. എന്നാൽ, ഇക്കാലയളവിൽ നിഷ്‌കരുണം എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ കണക്കാണ്‌ ഉത്തരം. 2001ൽ 5555 കോടി. ഇത്‌ 2023ൽ 2,09,144 കോടിയായി കുതിച്ചു. 2014 മുതലാണ്‌ ഇതിലും ഗതിവേഗമുണ്ടായത്‌. 2013ൽ 27,013 കോടി. 2014ൽ 32,595 കോടി. പിന്നീട്‌ തിരിഞ്ഞുനോക്കിയിട്ടില്ല. 2018ൽ 1,28,230 കോടി. 2019ൽ 1,96,849 കോടി. 2020ൽ 1,75,877 കോടി. 2021ൽ 2,02,781 കോടി. 2022ൽ 1,74,966 കോടി. അതായത്‌ 2001 മുതൽ 2023 വരെ ആകെ എഴുതിത്തള്ളിയത്‌ 14,56,805 കോടി രൂപ. 23 വർഷത്തിൽ 29ൽനിന്ന്‌ 12 ആയി എണ്ണത്തിൽ ചുരുങ്ങിയ പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടമെന്ന പേരിൽ ഒന്നര ദശലക്ഷം കോടി രൂപ എഴുതിത്തള്ളുന്നതിൽ ഒരു ചുരുക്കവും വരുത്തിയില്ല.


 

ഇത്തരത്തിൽ ഉദാരമായ കടം എഴുതിത്തള്ളലിന്റെ ഗുണഭോക്താക്കൾ വൻകിട ബിസിനസ്‌ ഗ്രൂപ്പുകളായി. റിലയൻസ്‌ മുതൽ വേദാന്ത വരെ 13 കുത്തകകൾക്കായി എഴുതിത്തള്ളിയത്‌ 2,84,980 കോടി രൂപയാണ്‌. ഇവരുടെ ആകെ വായ്‌പാ കുടിശ്ശികയായ 4,46,800 കോടിയുടെ 64 ശതമാനവും ഒഴിവാക്കിക്കൊടുത്തു. കഴിഞ്ഞ അഞ്ചുവർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുകളെല്ലാം ചേർന്ന്‌ പത്തരലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയതായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ പാർലമെന്റ്‌ സമ്മേളനകാലത്ത്‌ രാജ്യസഭയിൽ അറിയിച്ചതും ഇതിനൊപ്പം ചേർത്തുവയ്‌ക്കേണ്ടതുണ്ട്‌. 12 പൊതുമേഖലാ ബാങ്ക്‌, 22 സ്വകാര്യ ബാങ്ക്‌, 12 സ്‌മാൾ ഫിനാൻസ്‌ ബാങ്ക്‌,  43 റീജണൽ റൂറൽ ബാങ്ക്‌ എന്നിവയെല്ലാം ചേർന്നാണ്‌ ഇത്രയും തുക എഴുതിത്തള്ളിയത്‌. ഇതിൽ 43,000 കോടി രൂപ പത്ത്‌ ഇടപാടുകാരുടെ മാത്രമാണ്‌. കിട്ടാക്കടക്കാരന്റെ പട്ടികയിൽപ്പെട്ട ഇടപാടുകാരന്‌ 12 മാസം കഴിഞ്ഞാൽ വീണ്ടും വായ്‌പ നൽകാമെന്ന റിസർവ്‌ ബാങ്കിന്റെ പുതിയ നയം വരുംവർഷങ്ങളിൽ കിട്ടാക്കട കണക്കുകൾ എത്രത്തോളം ഉയർത്തുമെന്ന്‌ കാത്തിരിന്നുകാണേണ്ടിവരും.

ഇതിനോടൊപ്പം ഗൗരവകരമായ മറ്റൊരു കണക്ക്‌ കിട്ടാക്കടങ്ങൾക്കായി ബാങ്കുകളുടെ പ്രവർത്തനലാഭത്തിന്റെ പകുതിയിലേറെ കരുതലായി മാറ്റുന്നുവെന്നതാണ്‌. 15 വർഷത്തെ ബാങ്കുകളുടെ പ്രവർത്തനലാഭത്തിൽ 18.57 ലക്ഷം കോടി രൂപയാണ്‌ ഇത്തരത്തിൽ കരുതലായി മാറ്റിയത്‌. 23.04 ലക്ഷം കോടിയുടെ പ്രവർത്തനലാഭത്തിൽനിന്ന്‌ ഏതെങ്കിലും തരത്തിൽ ജനങ്ങളിലേക്ക്‌ എത്താവുന്ന അറ്റാദായമായി മാറിയത്‌ വെറും 4,47,418 കോടി രൂപമാത്രം. 2009ൽ 32,231 കോടിയായിരുന്ന കരുതൽ 2014ൽ ഒരുലക്ഷം കോടി കടന്നു. 2017ൽ 1.70 ലക്ഷം കോടി, 2018ൽ 2.70 ലക്ഷം കോടി, 2019ൽ 1.99 ലക്ഷം കോടി എങ്ങനെ കുതിച്ചു. കഴിഞ്ഞവർഷം 1.27 ലക്ഷം കോടിയായിരുന്നു. ബാങ്ക്‌ സംയോജനത്തിനായി ആസ്‌തിബാധ്യത പത്രികകളുടെ ശുദ്ധീകരണം നടത്തിയതിന്റെ ഭാഗമായി ലാഭത്തിന്റെ ഇരട്ടിയിലേറെ കരുതലായിവച്ചതുമൂലം 2016 മുതൽ 2020 വരെ ബാങ്കുകളുടെ മൊത്തം പ്രവർത്തനഫലം വലിയ അറ്റനഷ്ടത്തിലാണ്‌ കലാശിച്ചത്‌. 2018ൽ അറ്റനഷ്ടം 85,370 കോടിവരെയായി ഉയർന്നു.

കോടിക്കണക്കിന്‌ ചെറുകിട നിക്ഷേപങ്ങളിലൂടെ ബാങ്കുകൾ സമാഹരിക്കുന്ന പണം ഉപയോഗിച്ച്‌ നൽകുന്ന വായ്‌പകളിൽ ജനദ്രോഹം മാത്രമാണ്‌ പ്രകടമാകുന്നത്‌. രാജ്യത്തെ മുൻനിരക്കാരായ എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, ആക്‌സിസ്‌ ബാങ്ക്‌ എന്നിവയുടെ മൊത്തം വായ്‌പയുടെ അറുപതു ശതമാനവും ലഭിച്ചിട്ടുള്ളത്‌ ഇന്ത്യൻ കുത്തകകൾക്കാണെന്ന്‌ റിസർവ്‌ ബാങ്ക് കണക്കുകളിൽത്തന്നെ വ്യക്തം. ക്രെഡിറ്റ്‌ ഏജൻസി നൽകുന്ന റേറ്റിങ്‌ മാത്രമാണ്‌ ഇത്തരം വായ്‌പാനുമതിക്കുള്ള മാനദണ്ഡം. ഇത്തരക്കാർക്ക്‌ ഏഴരമുതൽ ഏഴേമുക്കാൽ ശതമാനംവരെ പലിശയ്‌ക്ക്‌ വായ്‌പ കിട്ടുന്നു. സാധാരണക്കാരന്റെ വ്യക്തിഗത വായ്‌പകൾക്കടക്കം 15 ശതമാനംവരെ പലിശ ഇതേ ബാങ്കുകൾ ഈടാക്കുന്നു. മറ്റ്‌ ചാർജുകൾ വേറെയും. സ്വർണപ്പണയ വായ്‌പയുടെ വളർച്ച കുത്തനെ ഉയരുന്നതായ ഒരു കണക്കും ആർബിഐ പുറത്തുവിട്ടിട്ടുണ്ട്‌. ഈവർഷം ആദ്യപാദത്തിൽ ഒരുലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ 28 ശതമാനം വളർച്ച. വ്യവസായ, വ്യക്തിഗത വിഭാഗത്തിലെല്ലാം വായ്‌പയുടെ അളവ്‌ കുറയുകയും ചെയ്യുന്നു. കാർഷിക വായ്‌പകളെ കാർഷിക– -സ്വർണപ്പണയ വായ്‌പകളാക്കി മാറ്റുന്നതാണ്‌ കാരണമായി ബാങ്കിങ്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌. 11 ശതമാനം പലിശയും ഈട് ഉറപ്പാക്കുന്നതുമായ സ്വർണപ്പണയത്തിൽ മാത്രമായി ചെറുകിട മേഖലയിലെ വായ്‌പാ ലക്ഷ്യം ഒതുക്കപ്പെടുന്നു. കേന്ദ്ര ധനമന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കാൻ നിർബന്ധിതമായ ചില വിവരങ്ങളും അതീവ ഗൗരവമുള്ളതാണ്‌. കനറ ബാങ്ക്‌ ഒഴികെയുള്ള ബാങ്കുകളെല്ലാം സംസ്ഥാന കോർപറേഷനുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വായ്‌പ നൽകുന്നതിൽ വിമുഖത കാട്ടുന്നതായാണ്‌ അറിയിച്ചത്‌. വർഷാവർഷം ഇത്തരം വായ്‌പ കുറയുന്നതായുള്ള കണക്കുകളും അവതരിപ്പിച്ചു.

ഇങ്ങനെ രൂപമാറ്റംവന്ന വാണിജ്യ ബാങ്കുകളെ ആശ്രയിച്ച്‌ കേരളത്തിന്‌ അധികകാലം മുന്നോട്ടുപോകാനാകില്ലെന്നതിന്റെ അനുഭവങ്ങൾ ആവർത്തിക്കുകയാണ്‌. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്ന എസ്ബിടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ഘട്ടത്തിൽ ആരംഭിച്ച ചർച്ചകൾ കേരള ബാങ്ക് എന്ന കേരളത്തിന്റെ സ്വന്തം ഷെഡ്യൂൾഡ്‌ ബാങ്ക്‌ എന്ന സ്വപ്‌നം യാഥാർഥ്യമാക്കി. എസ്ബിഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിക്കില്ലെന്ന അന്നത്തെ വിലയിരുത്തൽ യാഥാർഥ്യമായിരിക്കുകയാണ്‌. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ വായ്പ നൽകിയിരുന്നത് എസ്ബിടി ആയിരുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് എസ്ബിടിയിൽനിന്ന് വായ്പകൾ യഥേഷ്ടം ലഭിച്ചിരുന്നു. എന്നാൽ, ലയനത്തിനുശേഷം കേരളത്തിന് പുതിയ ബാങ്കിൽനിന്ന് എത്രമാത്രം പരിഗണന ലഭിക്കുമെന്ന സംശയമാണ്‌ കേരള ബാങ്ക്‌ രൂപീകരണ ചർച്ചകൾക്ക്‌ തുടക്കമിട്ടത്‌. എല്ലാ കടമ്പകളും കടന്ന്‌ ആ ലക്ഷ്യത്തിലേക്കെത്താനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top