04 December Monday

നിറം മങ്ങുന്ന ജി 20

ഡോ. ജോസഫ് ആന്റണിUpdated: Friday Sep 8, 2023

ആഗോള രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന ചരിത്രപരമായ തീരുമാനങ്ങളെടുത്ത ദക്ഷിണാഫ്രിക്കയിലെ പതിനഞ്ചാമത് ബ്രിക്സ് ഉന്നതതല സമ്മേളനംകഴിഞ്ഞ് രണ്ടാഴ്ചകഴിയുമ്പോൾ, ബ്രിക്സ് സ്ഥാപക അംഗംകൂടിയായ ഇന്ത്യയുടെ തലസ്ഥാനം ലോകത്തിലെ ഏറ്റവുംവലിയ സാമ്പത്തിക കൂട്ടായ്മയായ ജി20ന്റെ പതിനെട്ടാമത് ഉന്നതതല സമ്മേളനവേദിയാകുകയാണ്. സെപ്തംബർ 9, 10 തീയതികളിൽ പത്തൊമ്പതു രാജ്യത്തെയും യൂറോപ്യൻ യൂണിയനിലെയും പ്രതിനിധികൾ ഡൽഹിയിൽ സമ്മേളിക്കും.

മുതലാളിത്ത രാജ്യങ്ങളെ 1997ലെ ഏഷ്യൻ സാമ്പത്തികപ്രതിസന്ധി  പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് സാമ്പത്തികമായി മുന്നേറാൻ തുടങ്ങിയ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി 1999ൽ ജി20 രൂപീകരിച്ചത്. സാമ്പത്തികത്തകർച്ചയിൽനിന്ന്‌   കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് 2008ൽ, മുതലാളിത്ത രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കിയ സാമ്പത്തികമാന്ദ്യം ബാധിച്ചത്. (ആ വർഷമാണ് ജി20ന്റെ ആദ്യ ഉന്നതതല സമ്മേളനം അമേരിക്കയിൽ നടന്നതും). 

ജി20 നേതാക്കളുടെ ഉന്നതതല സമ്മേളനം തുടങ്ങിയകാലത്ത്, 2008–- 2009കളിൽ, പ്രതിസന്ധിയിലായ ആഗോള സമ്പദ്‌വ്യവസ്ഥയെ സാധാരണനിലയിലേക്കു കൊണ്ടുവരാൻ ഈ കൂട്ടായ്മയ്ക്ക് ഒരുപരിധിവരെ  കഴിഞ്ഞിരുന്നു. 2016ൽ ചൈനയിൽ നടന്ന ഉന്നതതലത്തിലാണ് അമേരിക്കയും ചൈനയും പാരീസ് കാലാവസ്ഥാകരാർ ഒപ്പിടുമെന്നു പ്രഖ്യാപിച്ചത്. എന്നാൽ, സംഘടനയുടെ തുടക്കത്തിൽ ദൃശ്യമായ ഐക്യം ക്രമേണ നഷ്ടമാകുകയും സമ്മേളനപ്രഖ്യാപനങ്ങൾ ജലരേഖകളായി മാറാനും തുടങ്ങി. 2023 സെപ്തംബർ ആറിന് ന്യൂയോർക്ക്‌ ടൈംസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഡാമിയൻ കേവ് കുറ്റപ്പെടുത്തുന്നത് ജി20ൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകും, പക്ഷേ നിരാശയായിരിക്കും ഫലം എന്നാണ്. രണ്ട് ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന്, ആഗോളതാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, വിദേശ രാജ്യങ്ങളിലുള്ള കൽക്കരി വൈദ്യുത പ്ലാന്റുകൾക്കുള്ള ധനസഹായം നിർത്തുമെന്ന് 2021ലെ റോം ഉന്നതതലത്തിൽ പ്രഖ്യാപിച്ചു. എന്നാൽ, ആഭ്യന്തരതലത്തിൽ കൽക്കരി പ്ലാന്റുകളിലുള്ള നിക്ഷേപത്തെക്കുറിച്ച് ഒന്നുംപറഞ്ഞുമില്ല. ഫലം, 2022ൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം വളരെയേറെ വർധിച്ചു. രണ്ട്, 2021ൽത്തന്നെ പ്രഖ്യാപിച്ച നികുതി പരിഷ്കരണത്തെ സംബന്ധിച്ച ധാരണ ഇതുവരെ പ്രയോഗത്തിൽ വന്നിട്ടില്ല. വമ്പൻ പ്രഖ്യാപനങ്ങൾ എല്ലാ സമ്മേളനങ്ങളിലും വരുമെങ്കിലും നടപ്പാക്കൽ വളരെ ദുർബലമാണ്. അതിനുകാരണം, ഈ കാലഘട്ടത്തിൽ മൂന്നാം ലോകരാജ്യങ്ങളിലുണ്ടായ സാമ്പത്തികമാറ്റങ്ങൾകൂടിയാണ്.

1999മുതൽ 2008വരെയുള്ള കാലയളവിൽ, ആഗോള രാഷ്ട്രീയത്തിൽ രണ്ട് സുപ്രധാന സംഭവവികാസമുണ്ടായി. ഒന്നാമത്തേത്, അന്ന് നിലനിന്ന ഏകധ്രുവ ലോകത്തിന്റെ ബലത്തിൽ അമേരിക്ക നടപ്പാക്കിയ അധിനിവേശ രാഷ്ട്രീയം ആ രാജ്യത്തെ സാമ്പത്തികമായി ദുർബലമാക്കുക മാത്രമല്ല, മറ്റു രാജ്യങ്ങളിൽ അമേരിക്കൻനയങ്ങളോട് ശത്രുത വളർത്താനും തുടങ്ങി. രണ്ടാമത്തേത്, ഇന്ത്യ, ചൈന, ബ്രസീൽ, മെക്സിക്കോ, ഇൻഡോനേഷ്യ മുതലായ രാജ്യങ്ങൾ സാമ്പത്തികശക്തികളായി ഉയർന്നുവരാൻ തുടങ്ങി. ഇതോടെ ബഹുധ്രുവ ലോകക്രമം ശക്തമായി. ഈ പ്രതിഭാസത്തെ സൂചിപ്പിക്കാനാണ് ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനായ ഫരീദ് സക്കറിയ രചിച്ച ഗ്രന്ഥത്തിന് "അമേരിക്കാനന്തര ലോകം: മറ്റുള്ളവരുടെ ഉയർച്ച' എന്നു പേരിട്ടത്. ആ സാമ്പത്തിക രാഷ്ട്രീയ മാറ്റത്തിന്റെ ക്രിയാത്മക പ്രതിഫലനമായിരുന്നു ജി20 രാഷ്ട്രനേതാക്കളുടെ സമ്മേളനമായി 2008ൽ രൂപംമാറുന്നതും, 2009ലെ ബ്രിക്കിന്റെ (2010ൽ ബ്രിക്‌സായി) രൂപീകരണവും ബഹുധ്രുവലോകത്തിനായുള്ള നീക്കങ്ങളും. ഇപ്പോൾ ഡൽഹിയിൽ അരങ്ങേറുന്ന ജി20 ഉന്നതതല സമ്മേളനം ഈ വിഷയത്തിൽ എന്തു മുന്നേറ്റം സൃഷ്ടിക്കുമെന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്.

റഷ്യ–-ഉക്രയ്‌ൻ യുദ്ധം, ആഗോളതാപനം, വ്യാപാരത്തർക്കങ്ങൾ, ഭക്ഷ്യസുരക്ഷ, ഇന്ത്യ–- ചൈന തർക്കം എന്നിങ്ങനെ, ഇന്ത്യൻ വിദേശമന്ത്രി ജയ്‌ശങ്കറുടെതന്നെ അഭിപ്രായത്തിൽ, വളരെ സംഘർഷംനിറഞ്ഞ അന്തരീക്ഷത്തിലാണ് ഡൽഹി ഉന്നതതല സമ്മേളനം അരങ്ങേറുന്നത്. ലോകത്തെ ഒരു കുടുംബമായിക്കാണുന്ന "വസുധൈവക കുടുംബകം' എന്ന ആശയത്തെ "ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യമായാണ്  ഡൽഹി സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്. അതിൽത്തന്നെ ദക്ഷിണഗോളരാജ്യങ്ങൾ എന്നറിയപ്പെടുന്ന വികസ്വര ദരിദ്രരാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുധ്രുവലോകത്തിന്റെ രൂപീകരണം, പരിസ്ഥിതി, രാഷ്ട്രങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കൽ, ഇന്ധനസുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയെല്ലാം ഈ സമ്മേളനത്തിലെ മുഖ്യ അജൻഡകളാണ്. ഇങ്ങനെയൊരു മെഗാസമ്മേളനത്തിലൂടെ മറ്റുചിലതുകൂടി ലക്ഷ്യമിടുന്നുണ്ടെന്ന്‌ സമ്മേളനത്തിന്റെ തയ്യാറെടുപ്പുമുതലുള്ള കാര്യങ്ങൾ നോക്കിയാൽ മനസ്സിലാകും. രാജ്യം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ അജൻഡകൾ ഒളിച്ചുകടത്തിയ മറ്റൊരു അന്തർദേശീയസമ്മേളനവും ഇതിനുമുമ്പ്‌ ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

2021ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ജി20 വാർഷികസമ്മേളനം 2023ലേക്കു മാറ്റുകയായിരുന്നു. ജി20ലെ യൂറോപ്യൻ യൂണിയൻ ഒഴികെയുള്ള പത്തൊമ്പത്‌ അംഗങ്ങളെ അഞ്ചു ഗ്രൂപ്പായി വിഭജിച്ചിട്ടുണ്ട്. ഇവയിൽ ഒന്നാമത്തെ ഗ്രൂപ്പിലെ സൗദിഅറേബിയയിലാണ് 2020ലെ സമ്മേളനം നടന്നത്. രണ്ടാമത്തെ ഗ്രൂപ്പിലെ ഇന്ത്യ ആയിരുന്നു 2021ൽ സമ്മേളനം നടത്തേണ്ടിയിരുന്നത്. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവർഷത്തിൽ നടത്തുന്നതിനായി നാലാമത്തെ ഗ്രൂപ്പിലെ ഇറ്റലിയോട് 2021ലെ സമ്മേളനം നടത്താൻ അഭ്യർഥിച്ചു. പക്ഷേ, അഞ്ചാമത്തെ ഗ്രൂപ്പിലെ ഇൻഡോനേഷ്യ, 2022ലെ സമ്മേളനവും നടത്തിയതിനുശേഷമാണ്, 2023ലെ ജി20 ഉന്നതതല സമ്മേളനംനടത്താൻ ഇന്ത്യ തീരുമാനിച്ചത്. അത് 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന വിമർശം ശക്തമാണ്.

തെരഞ്ഞെടുപ്പുകാലത്തേതുപോലുള്ള പരസ്യപ്രചാരണമാണ് ജി20 സമ്മേളനത്തിനു നൽകിയതെന്ന് ലണ്ടനിൽനിന്നിറങ്ങുന്ന ഗാർഡിയൻ പത്രം എഴുതുകയുണ്ടായി. ജി20ന്റെ ഔദ്യോഗിക ചിഹ്നത്തിൽ താമര വിരിയിച്ചതിനുപിന്നാലെ, ബിജെപി പതാകയുടെ വർണത്തിൽ ചാലിച്ച പശ്ചാത്തലത്തിൽ ജി20ന്റെ അറിയിപ്പും മുദ്രാവാക്യങ്ങളും പരസ്യങ്ങളും സ്ഥാപിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ജി20ൽ പങ്കെടുക്കുന്ന നേതാക്കൾക്ക് ഇന്ത്യൻ രാഷ്ട്രപതി നൽകുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി  ഇന്ത്യൻ രാഷ്ട്രപതി എന്നതിനുപകരം ഭാരതരാഷ്ട്രപതി എന്നാക്കുകയുംചെയ്തു.

ഡൽഹിസമ്മേളനത്തെ ഒരു മഹാസംഭവമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്ക്‌ മങ്ങലേൽപ്പിക്കുന്നതാണ്, ആഗോള സമ്പദ്‌വ്യവസ്ഥയിൽ രണ്ടാംസ്ഥാനക്കാരായ ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ് സമ്മേളനത്തിൽ എത്തുന്നില്ലയെന്നത്. റഷ്യയുടെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എത്തില്ലെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. മെക്സിക്കോ പ്രസിഡന്റും സമ്മേളനത്തിൽ എത്തില്ല. ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സമ്മേളനത്തിലെ അസാന്നിധ്യം ഏറ്റവും ചുരുങ്ങിയത് നാലുതലത്തിൽ സമ്മേളനത്തെ ബാധിച്ചേക്കാം. ഒന്ന്, എല്ലാവരും യോജിക്കുന്ന സംയുക്തപ്രസ്താവന പുറപ്പെടുവിക്കാൻ കഴിയാതെവരാം. രണ്ട്, അതിർത്തിത്തർക്കങ്ങൾ  ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യൻപ്രധാനമന്ത്രിയും ചൈനയുടെ പ്രസിഡന്റും തമ്മിലുള്ള ചർച്ചയിലൂടെ അയവുവരുത്താനുള്ള അവസരം ഇല്ലാതായി. മൂന്ന്, ചൈന ജി20ന് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന സന്ദേശം നൽകാൻ ഇടയാകും. നാല്, അമേരിക്കയുടെ പ്രസിഡന്റും  ബ്രിട്ടന്റെ പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ചകൾ നടത്താനുള്ള അവസരം ഇല്ലാതായതോടെ ആഗോളരാഷ്ട്രീയത്തിൽ നിലനിൽക്കുന്ന തർക്കപ്രശ്നങ്ങൾ അയവുവരുത്താനുള്ള ശ്രമങ്ങൾക്കും സാധ്യതയില്ലാതായി.

1999ൽ ജി20 ആരംഭിച്ചതിനുശേഷം ഇതുവരെ എല്ലാ സമ്മേളനങ്ങളിലും സംയുക്തപ്രസ്താവന പുറപ്പെടുവിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഉന്നതതലത്തിനു മുന്നോടിയായി  ഇതുവരെ നടന്ന ഉദ്യോഗസ്ഥ മന്ത്രിതല സമ്മേളനങ്ങളിലൊന്നുംതന്നെ ഉക്രയ്‌ൻ, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജം മുതലായ വിഷയങ്ങളിൽ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. ഷി ജിൻപിങ്ങും വ്ലാദിമിർ പുടിനും സമ്മേളനത്തിലെത്താത്ത സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ ഒരു സമവായത്തിൽ എത്തിയില്ലെങ്കിൽ സമ്മേളനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംയുക്തപ്രസ്താവന പുറപ്പെടുവിക്കാൻ കഴിയാതെയും വരാം.

മുതലാളിത്ത ലോകക്രമം സംരക്ഷിക്കാൻ ജി20
ആഗോളസമ്പത്തിന്റെ 80 ശതമാനവും കയറ്റുമതിയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന, ലോക ജനസംഖ്യയുടെ 60 ശതമാനത്തെയും ഉൾക്കൊള്ളുന്നതാണ് ജി20 എന്ന് മേനിപറയാമെങ്കിലും ഇത്രയും കരുത്തുള്ള ഒരു സംഘടനയ്ക്ക് ജി7നു പുറത്തുള്ള രാജ്യങ്ങളുടെ വികസനത്തിനോ ലോകക്രമത്തെ നിയന്ത്രിക്കുന്ന അന്തർദേശീയ രാഷ്ട്രീയ സാമ്പത്തിക സ്ഥാപനങ്ങളെ ജനാധിപത്യവൽക്കരിക്കാനോ കഴിഞ്ഞിട്ടില്ല. ദരിദ്രരാജ്യങ്ങളെ വലയ്ക്കുന്ന കാലാവസ്ഥാ വ്യതിയാനകാര്യത്തിൽ വായ്ത്താരിയല്ലാതെ കാര്യമായി മറ്റൊന്നും സംഭവിച്ചിട്ടുമില്ല. ഇതിനെല്ലാമായി വികസ്വര രാജ്യങ്ങൾ ഇപ്പോഴും ജി7നു പുറത്ത് പോരാട്ടത്തിലാണ്. ആ ലക്ഷ്യത്തിനായുള്ള ശ്രമങ്ങൾക്ക് കരുത്തുപകരാനല്ല, മറിച്ച്, ജി20നുള്ളിൽനിന്നുകൊണ്ട് അത്തരം ശ്രമങ്ങളെ ദുർബലമാക്കാനാണ്  ജി7 രാജ്യങ്ങൾ ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവച്ചിട്ടുള്ള സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി, വികസ്വര ദരിദ്രരാജ്യങ്ങളിൽ ദാരിദ്ര്യനിർമാർജനം, വിദ്യാഭ്യാസം, ക്ലീൻ എനർജി, കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്കായി അഞ്ഞൂറ് ബില്യൺ ഡോളർ മാറ്റിവയ്ക്കണമെന്ന ഇന്ത്യയുടെ നിർദേശത്തോട് മുതലാളിത്ത രാജ്യങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് ലഭ്യമാകുന്ന വിവരം. ഒരു ബദൽലോകക്രമം സാധ്യമാക്കുന്നതിനല്ല, നിലവിലുള്ള ലോകക്രമത്തെ സംരക്ഷിക്കാനും നിലനിർത്താനുമുള്ള മുതലാളിത്തതന്ത്രമാണ് ജി20.

(ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈന ആൻഡ് ഐഒആർ സ്റ്റഡീസിൽ ഡിസ്റ്റിംഗ്വിഷ്ഡ് സീനിയർ ഫെലോ ആണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top