23 April Tuesday

ഉച്ചകോടിയുടെ ബാക്കിപത്രം

പ്രൊഫ. 
കെ എൻ ഗംഗാധരൻUpdated: Wednesday Mar 15, 2023

ജി–-20 ഉച്ചകോടിയുടെ എട്ട്‌ ആലോചനായോഗത്തിൽ രാഷ്‌ട്രത്തലവന്മാരും കേന്ദ്ര ബാങ്ക്‌ ഗവർണർമാരും ചർച്ച ചെയ്‌തത്‌ രണ്ട്‌ പ്രധാന വിഷയം –- ഉക്രയ്‌ൻ പ്രശ്‌നവും ക്രിപ്‌റ്റോ കറൻസിയും. ഉദ്യോഗസ്ഥതലത്തിലായിരുന്നു മറ്റ്‌ ഏഴ്‌ കൂടിയാലോചനാ യോഗവും. എല്ലാവരും യോജിച്ചുള്ള അന്തിമ പ്രസ്‌താവന പുറത്തിറക്കുന്നതിൽ ഉച്ചകോടി പരാജയപ്പെട്ടു. അവസാനം സമ്മേളന അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ സംക്ഷിപ്‌ത റിപ്പോർട്ട്‌ തയ്യാറാക്കി. ഉക്രയിനെ സംബന്ധി ച്ച്‌ രൂക്ഷമായ വിയോജിപ്പ്‌ തുടരുന്നുവെന്ന്‌ സമ്മതിച്ചു. ക്രിപ്‌റ്റോ കറൻസിയുടെ  കാര്യം മേൽനോട്ടവും ചിട്ടപ്പെടുത്തലും ആവശ്യമാണെന്ന നിഗമനത്തിൽ ഒതുക്കി.

ക്രിപ്‌റ്റോ കറൻസി ചർച്ചകളിൽ ഉടനീളം അഭിപ്രായവ്യത്യാസം മുഴച്ചുനിന്നു. റിസർവ്‌ ബാങ്ക്‌ ഗവർണർ ക്രിപ്‌റ്റോ കറൻസി പാടില്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. നിയന്ത്രണങ്ങളോടെ ആകാമെന്ന നിലപാട്‌ കേന്ദ്ര ധന മന്ത്രി കൈക്കൊണ്ടു. ശക്തമായ നിയന്ത്രണ ചട്ടക്കൂട്‌ വേണമെന്ന്‌ യുഎസ്‌ സെക്രട്ടറി വാദിച്ചു. ഐഎംഎഫ്‌ മേധാവിയാകട്ടെ നിയന്ത്രണം പല മാർഗത്തിൽ ഒന്നെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. നിരസിക്കാൻ പാടില്ലാത്ത പദവി നൽകരുതെന്ന്‌ ഐഎംഎഫ്‌ നിലപാടെടുത്തു.

ക്രിപ്‌റ്റോ കറൻസി ഇടപാട്‌ സ്ഥാപനങ്ങളിൽ പലതും തകർന്ന്‌ ഇടപാടുകാർക്ക്‌ കനത്ത നഷ്ടം വരുന്ന സാഹചര്യത്തിലായിരുന്നു ഉച്ചകോടിയിലെ ചർച്ച. ആഗോളതലത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ഇടപാട്‌ സ്ഥാപനമായ എഫ്‌ടിഎക്‌സിന്റെ വൻതകർച്ച ആശങ്ക വർധിപ്പിച്ചു. 2,61,480 കോടി രൂപ വിപണിമൂല്യം ഉണ്ടായിരുന്ന എഫ്‌ടിഎക്‌സ്‌ പാപ്പർ ഹർജി നൽകിയിരിക്കുകയാണ്‌. 73,541.47 കോടി എവിടെയെന്ന്‌  എത്തുംപിടിയുമില്ലാത്ത അവസ്ഥ.  നിയന്ത്രണമുക്തമായ ഏത്‌ സ്വകാര്യസ്ഥാപനത്തിനും സംഭവിക്കാവുന്ന ദുരന്തം. എന്നിട്ടും ചിലർ ക്രിപ്‌റ്റോ കറൻസിയിൽ വിശ്വാസമർപ്പിക്കുന്നു.

വാസ്‌തവത്തിൽ പണത്തിന്റെ രൂപാന്തരം അതിശയിപ്പിക്കുന്നതാണ്‌. വെള്ളാംകല്ലുകൾ, നഖങ്ങൾ, കക്കയുടെ തോടുകൾ, തിമിംഗലത്തിന്റെ പല്ലുകൾ, ചെമ്മരിയാടുകൾ, പശുക്കൾ, പേപ്പർ ഇവയൊന്നും കൂടാതെ ബാങ്ക്‌ മുഖേനയുള്ള ഓൺലൈൻ കൈമാറ്റം, ഇപ്പോൾ ക്രിപ്‌റ്റോ കറൻസിവരെ എത്തി. ഇനിയും പുതിയ രൂപങ്ങളുണ്ടാകും.


 

ക്രിപ്‌റ്റോ കറൻസിക്ക്‌ ദൈനംദിന ഉപയോഗമില്ല. ഊഹവ്യാപാരത്തിനാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. പുറപ്പെടുവിക്കുന്നത്‌ കേന്ദ്ര ബാങ്കുകളോ സർക്കാരുകളോ അല്ല. സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളുമാണ്‌. ചുരുങ്ങിയ കാലയളവിൽ വൻവർധനയാണ്‌ ഉണ്ടായത്‌. ക്രിപ്‌റ്റോ കറൻസിയുടെ തുടക്കം 2009ലാണ്‌. 2013ൽ ഉണ്ടായിരുന്നത്‌ ആകെ ഏഴ്‌ ക്രിപ്‌റ്റോകൾ. 2014ൽ 513 ആയി. 2023ൽ 21,844 ആയി. ക്രിപ്‌റ്റോയുടെ മൂല്യം നിർണയിക്കപ്പെടുന്നത്‌ ആവശ്യവും ലഭ്യതയും അനുസരിച്ചാണ്‌. അതിനാൽത്തന്നെ നിരന്തര ചാഞ്ചാട്ടത്തിന്‌ വിധേയമാണ്‌.

ക്രിപ്‌റ്റോ കറൻസിയെ കാണാനോ സ്‌പർശിക്കാനോ കഴിയില്ല. ലീഗൽ ടെൻഡർ അല്ലാത്തതിനാൽ ദൈനംദിന കൊടുക്കൽ വാങ്ങലുകൾക്ക്‌ ഉപയോഗിക്കാൻ പാടില്ല. കംപ്യൂട്ടറുകളിലൂടെയാണ്‌ കൈമാറ്റം. ക്രിപ്‌റ്റോ ഇടപാടുകൾ രഹസ്യമാണെന്നർഥം. വിവരങ്ങൾ ശേഖരിച്ചുവയ്‌ക്കുന്നത്‌ ബൈനറി ഡാറ്റകളിലൂടെയാണ്‌. (പൂജ്യംമുതൽ ഒന്നുവരെയും അവരുടെ കോമ്പിനേഷനുകളും) ഡാറ്റാ എൻക്രിപ്‌റ്റ്‌ ചെയ്‌തിരിക്കും. മറ്റൊരാൾക്ക്‌ കാണാനോ വായിക്കാനോ കഴിയില്ല. ഈ രഹസ്യസ്വഭാവം ഇടപാട്‌ ദുരൂഹമാക്കുന്നു. ക്രിപ്‌റ്റോ ഇടപാടിലൂടെ ഓരോരുത്തരുടെയും സമ്പാദ്യം എത്രയെന്ന്‌ സർക്കാരിനോ സെൻട്രൽ ബാങ്കിനോ അറിയാൻ കഴിയില്ല. സമാന്തര സമ്പദ്‌വ്യവസ്ഥപോലെയാണ്‌ ഇടപാടുകൾ. കംപ്യൂട്ടറുകളിൽ ബ്ലോക്കുകളായാണ്‌ ക്രിപ്‌റ്റോ ഡാറ്റകൾ സൂക്ഷിക്കുന്നത്‌. ഒന്ന്‌ നിറയുമ്പോൾ മറ്റൊരെണ്ണത്തിൽ ശേഖരിക്കും. അങ്ങനെ ബ്ലോക്കുകളുടെ ശൃംഖലയുണ്ടാകും. രേഖപ്പെടുത്തിയ ഡാറ്റകൾ മാറ്റാനോ മായ്‌ക്കാനോ കഴിയില്ല.  ബ്ലോക്ക്‌ ചെയിനാണ്‌ ക്രിപ്‌റ്റോ കറൻസിയുടെ അടിസ്ഥാനം.

ലോക രാജ്യങ്ങൾ ക്രിപ്‌റ്റോ കറൻസിയുടെ സാധ്യതകളും പ്രശ്‌നങ്ങളും വിലയിരുത്തിവരികയാണ്‌.   എൽസാവദോർ എന്ന കൊച്ച്‌ രാജ്യം ക്രിപ്‌റ്റോ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്‌. ചൈന നിരോധനം  ഏർപ്പെടുത്തി. ഇന്ത്യ സ്വീകരിച്ചത്‌ മധ്യ മാർഗമാണ്‌. ഔദ്യോഗിക തലത്തിൽ തുടരുന്ന ആശയക്കുഴപ്പത്തിന്റെ പ്രതിഫലനംകൂടിയാണ്‌ ആ മധ്യമാർഗം. റിസർവ്‌ ബാങ്ക്‌ ഗവർണർ ക്രിപ്‌റ്റോക്കെതിരെ ശക്തമായ നിലപാട്‌ ആവർത്തിക്കുകയാണ്‌. ധനമന്ത്രി മറിച്ചും. 2022 ഡിസംബർ ഒന്നിന്‌  സെൻട്രൽ ബാങ്ക്‌ ഡിജിറ്റൽ കറൻസി പുറത്തിറക്കി. ഡിജിറ്റൽ രൂപയുടെയും സാധാരണ രൂപയുടെയും മൂല്യം തുല്യമായിരിക്കുമെന്നും അവ പരസ്‌പരം  കൈമാറ്റം ചെയ്യാമെന്നും വ്യവസ്ഥപ്പെടുത്തി. ലീഗൽ ടെൻഡർ ആയിരിക്കുമെന്നും വ്യവസ്ഥയുണ്ടാക്കി. ചില നഗരത്തിൽ ഏതാനും ബാങ്കുകളെ ഇടപാടുകാരായി ചുമതലപ്പെടുത്തി. ബന്ധപ്പെട്ട ബാങ്ക്‌ ഉപയോക്താവിന്‌ ഡിജിറ്റൽ വാലറ്റ്‌ ഏർപ്പെടുത്തും. എല്ലാ വിവരവും എൻക്രിപ്‌റ്റ്‌ ചെയ്ത്‌  മൊബൈൽ ഫോണിൽ സൂക്ഷിക്കും. ഡിജിറ്റൽ രൂപയുടെ കൊടുക്കൽ വാങ്ങലുകൾ ഇടപാടുകാർ തമ്മിലായിരിക്കും. ബാങ്കിന്റെ ഇടപെടൽ ഒഴിവാക്കപ്പെടും.

അഭിപ്രായസമന്വയം ഉണ്ടാകുംമുമ്പ്‌ കേന്ദ്ര ധനമന്ത്രാലയം ഡിജിറ്റൽ രൂപയുമായി മുന്നോട്ടുപോകാനെടുത്ത ധൃതി ദുരൂഹമാണ്‌. രാജ്യത്തെ 80 ശതമാനത്തിലേറെപ്പേർക്കും ബാങ്ക്‌ അക്കൗണ്ട്‌ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. സഹകരണ റൂറൽ ഗ്രാമീൺ ബാങ്കുകൾ, പൊതുമേഖല–- സ്വകാര്യമേഖല ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയിലെ അക്കൗണ്ടുകൾ ചേർന്നതാണ്‌ ആ സംഖ്യ. 48.20 കോടി അക്കൗണ്ടുകൾ ജൻധൻയോജന അക്കൗണ്ടുകളാണ്‌. അവയിലെ ആദ്യനിക്ഷേപം 1,89,837 കോടി രൂപ. ശരാശരി നിക്ഷേപം 0.00039 രൂപ.  ഭൂരിപക്ഷം പൂജ്യം ബാലൻസാണ്‌. ഓക്‌സ്‌ഫാം പഠനപ്രകാരം രാജ്യത്തെ അഞ്ചു ശതമാനംപേർ സമ്പത്തിന്റെ 60 ശതമാനം കൈയടക്കി അനുഭവിക്കുകയാണ്‌. താഴെത്തട്ടിലെ 50 ശതമാനം പേർക്ക്‌ ലഭിക്കുന്നത്‌  മൂന്ന്‌ ശതമാനംമാത്രം. ദരിദ്രരുടെ എണ്ണം 2018ലെ 19 കോടിയിൽനിന്ന്‌ 2022ൽ 35 കോടിയിലേക്ക്‌ വളർന്നു. അതിസമ്പന്നരുടെ താൽപ്പര്യസംരക്ഷണമാണ്‌ ഡിജിറ്റൽ രൂപയ്‌ക്ക്‌ പിന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top