18 April Thursday

മാനവികതയുടെ 
പ്രകാശഗോപുരം - കെ ജെ തോമസ് എഴുതുന്നു

കെ ജെ തോമസ്Updated: Thursday Aug 5, 2021


മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും- വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്‌ഘാടകരിൽ പ്രമുഖനായ ഫ്രെഡറിക്‌ എംഗൽസിന്റെ 126–-ാം ചരമവാർഷികദിനമാണ്‌ ഇന്ന്‌. വിപ്ലവകാരികളി-ലെ വിപ്ലവകാരികളും ദാർശനികരിലെ മഹാ ദാർശനികരുമായ മാർക്സ് എംഗൽസ് ദ്വയം വളർത്തിയെടുത്ത ശാസ്ത്രീ-യ സോഷ്യലിസമെന്ന സിദ്ധാന്തമാണ്‌ എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരമെന്ന്‌ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ്‌ ഇത്തവണ എംഗൽസിന്റെ ചരമദിനം കടന്നുവരുന്നത്‌. സോഷ്യലിസ്റ്റ്‌ ചിന്താധാരകൾ മനുഷ്യരാശിക്ക് വിശദീകരിച്ചുകൊടുത്ത ആദ്യ നാളുകളിൽ മാർക്‌സിനെപ്പോലെ എംഗൽസിനെയും അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും കഠിനമായി- ആക്ഷേപിച്ചു. പഴയ പ്രഷ്യയിലെ റൈൻ സംസ്ഥാനത്തിൽ ബാർമൻ എന്ന തുണിവ്യാപാര കേന്ദ്രത്തിൽ വ്യവസായികളുടെ കുടുംബത്തിലാണ്‌ 1820 നവംബർ 28ന്‌ ഫ്രെഡറിക്‌ എംഗൽസിന്റെ ജനനം. വലിയ ബൂർഷ്വയും കടുത്ത മതവിശ്വാസിയുമായിരുന്ന അച്ഛന്റെ പേരും ഫ്രെഡറിക്‌ എംഗൽസ്‌ എന്നായിരുന്നു. അമ്മ എലിസബത്ത്‌ പുസ്‌തകവായനയിൽ അതീവതൽപ്പരയായിരുന്നു.

സമ്പന്ന കുടുംബമായിരുന്നു എംഗൽസിന്റേത്‌. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം പരമ്പരാഗതമായി വ്യവസായികളായിരുന്നു. ബാർമനിലും സമീപപ്രദേശങ്ങളിലും തഴച്ചുവളർന്നുകൊണ്ടിരുന്ന തുണിമിൽ വ്യവസായമായിരുന്നു അവരുടെ മുഖ്യപ്രവർത്തനമേഖല. അമ്മ എലിസബത്തിന്റെ അച്ഛൻ ഗെർഹാർഡ്‌ ബർണാഡ്‌ വാൻഹാൻ ഭാഷാ ശാസ്‌ത്രജ്ഞനായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ ഫ്രെഡറിക്കിന്റെ ബുദ്ധിസാമർഥ്യവും പ്രസരിപ്പും അറിവിനോടുള്ള ആർത്തിയും പണ്ഡിതനായ മുത്തച്ഛനെ ആകർഷിച്ചിരുന്നു. യവനപുരാണ കഥകളും ജർമൻ നാടോടി ഐതിഹ്യങ്ങളും മുത്തച്ഛന്റെ മുഖത്തുനിന്ന്‌ കേട്ടുരസിച്ച എംഗൽസിന്‌ ചെറുപ്പത്തിലേതന്നെ പ്രാചീന ഭാഷകളിലും സംസ്‌കാരത്തിലും ചരിത്രത്തിലുമെല്ലാം താൽപ്പര്യമുണർന്നു. അമ്മയുമായി ഗാഢബന്ധമുണ്ടായിരുന്ന എംഗൽസിന്‌ പക്ഷേ, അച്ഛനുമായുള്ള ബന്ധം സംഘർഷഭരിതമായിരുന്നു.

ബാർമനിലെ നഗരവിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. വീട്ടിലെ ശ്വാസംമുട്ടിക്കുന്ന മതാന്തരീക്ഷം എംഗൽസിനെ വല്ലാതെ പ്രയാസപ്പെടുത്തി. പഠനം സംബന്ധിച്ച്‌ മകനെപ്പറ്റി പരാതികളൊന്നും അച്ഛൻ ഫ്രെഡറിക്കിന് ഉണ്ടായിരുന്നില്ലെങ്കിലും അയാളുടെ ചോദ്യങ്ങൾ മതവിശ്വാസത്തെയും അനുഷ്‌ഠാനങ്ങളെയും ലക്ഷ്യംവയ്‌ക്കുന്നുവെന്നത്‌ അദ്ദേഹത്തെ അസ്വസ്ഥനാക്കി. തന്റെ നാട്ടിലെ വ്യവസായികൾ അനുദിനം തടിച്ചുകൊഴുക്കുന്നതും അവിടെ പണിയെടുക്കുന്ന ബാലവേലക്കാർ ഉൾപ്പെടെയുള്ളവരുടെ ദുരിതാവസ്ഥയും സമ്പന്നകുടുംബത്തിൽ പിറന്ന ഹൃദയാലുവായ ബാലനെ അലട്ടാൻ തുടങ്ങി. ഇത്‌ എഴുത്തുകളിലൂടെയും കുറിപ്പുകളിലൂടെയും പുറത്തുവന്നു. ക്ലാസിൽ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതും ഗ്രന്ഥാലയങ്ങളിൽനിന്ന്‌ നേടാവുന്നതുമായ അറിവെല്ലാം സ്വായത്തമാക്കി.

‘യുവജർമനി’ പ്രസ്ഥാനവുമായുള്ള എംഗൽസിന്റെ ബന്ധം ഉണർത്തിവിട്ട കവിതാവാസനയുമായി ദീർഘകാലം അദ്ദേഹം മുന്നോട്ടുപോയി. ആനുകാലികങ്ങളിൽ നിരന്തരം എഴുതിയ കവിതകളിൽ യുവാവായ എംഗൽസിന്റെ അദമ്യമായ സ്വാതന്ത്ര്യ അഭിവാഞ്‌ഛയും അനീതിയോടുള്ള എതിർപ്പും പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്‌നവുമാണ്‌ പ്രതിഫലിച്ചത്‌. ബൈറണിന്റെയും ഷെല്ലിയുടെയും സംഘർഷാത്മക ശൈലിയാണ്‌ എംഗൽസിന്റെ കവിതകളിലും പ്രതിഫലിച്ചത്‌. മറ്റ്‌ രണ്ട്‌ കലാപരമായ കമ്പം ചിത്രംവരയും സംഗീതവുമായിരുന്നു. ഈ ചിത്രരചനാവാസന എംഗൽസിന്റെ ലേഖനങ്ങളിലും പുസ്‌തകങ്ങളിലും കാണാം. സംഗീതത്തിൽ അതീവതൽപ്പരനായിരുന്ന എംഗൽസിനെ സിംഫണി മാന്ത്രികൻ ബീഥോവൻ, വയലിൻ വിദ്വാൻ എൻ പഗിനിനി തുടങ്ങിയവർ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌.

പതിനെട്ട്‌ വയസ്സുള്ളപ്പോൾ എംഗൽസ്‌ ഫാക്ടറി തൊഴിലാളികൾ ജീവിക്കുന്നതെങ്ങനെയെന്ന്‌ പഠിച്ചു. തൊഴിലാളികൾക്കിടയിൽ കടുത്ത ദാരിദ്ര്യമായിരുന്നു. പലതരം രോഗങ്ങളും അവരെ ബാധിച്ചിരുന്നു. 2500 കുട്ടികളിൽ 1200 പേർ സ്കൂളിൽ പോകുന്നില്ലെന്ന്‌ ഒരു പട്ടണത്തിലെ തൊഴിലാളി കുട്ടികളെക്കുറിച്ച് എംഗൽസ്‌ എഴുതി. അവിടത്തെ ഫാക്ടറി ഉടമകളുടെ ദൈവഭക്തിയെയും മതത്തെയും തുറന്നുകാട്ടി സ്വന്തം പേര് വയ്‌ക്കാതെ എഴുതിയ ലേഖനങ്ങൾ ബാർമനിൽ അമ്പരപ്പുണ്ടാക്കി. പള്ളിയുടെ വീക്ഷണത്തിനെതിരായി പുതിയ ശാസ്ത്രത്തിന്റെ വീക്ഷണം പരത്താൻ എംഗൽസ്‌ ശ്രമിച്ചു. ചെറുപ്പത്തിൽത്തന്നെ ‘ജർമൻ ടെലിഗ്രാഫ്' പത്രത്തിൽ മൂർച്ചയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ലേഖനപരമ്പര എഴുതി.

1841ൽ സൈനികസേവനത്തിന്‌ ചേർന്നു. ഒഴിവുസമയം ബർലിൻ സർവകലാശാലയിൽ പാർട്ട്ടൈം വിദ്യാർഥിയാകുകയും തത്വശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ജർമൻ സർക്കാരിന്റെ പിന്തിരിപ്പൻ പ്രവർത്തനങ്ങൾക്കെതിരെ ആ മൂർച്ചയേറിയ തൂലിക ചലിച്ചുകൊണ്ടിരുന്നു. 1842ൽ സൈനികസേവനം പൂർത്തിയാക്കി ബർലിനിൽ തിരിച്ചെത്തിയപ്പോൾ മാഞ്ചസ്റ്ററിലെ "എർമെൻ ആൻഡ് എംഗൽസ്' തുണിമില്ലിൽ വാണിജ്യപരിശീലനം നടത്തുന്നതിനുവേണ്ടി ഇംഗ്ലണ്ടിലേക്ക്‌ പോകാൻ അച്ഛൻ നിർബന്ധിച്ചു.

ബിസിനസ് പഠനത്തിനുശേഷം 1844ൽ ജർമനിയിലേക്കുള്ള യാത്രയിൽ പാരീസിൽ മാർക്സിന്റെകൂടെ 10 ദിവസം താമസിച്ചു. ഈ കൂടിക്കാഴ്ചയെപ്പറ്റി ലെനിൻ ഇപ്രകാരം എഴുതി. ‘‘സൗഹൃദത്തിന്റെ ഹൃദയസ്പർശകമായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന പല ഐതിഹ്യങ്ങളുമുണ്ട്. അവയെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിൽ അന്യോന്യം ബന്ധം പുലർത്തിപ്പോന്ന രണ്ട് പണ്ഡിതന്മാരും പോരാളികളുമാണ് തങ്ങളുടെ ശാസ്ത്രം സൃഷ്ടിച്ചതെന്ന് ലോക തൊഴിലാളിവർഗത്തിന് പറയാൻ കഴിയും.'' 1845-–-46ൽ മാർക്സും എംഗൽസും ചേർന്ന് ‘വിശുദ്ധ കുടുംബം', ‘ജർമൻ പ്രത്യയശാസ്ത്രം' എന്നീ കൃതികൾ രചിച്ചു.1847ൽ പുരോഗമനവാദികളായ ‘ലീഗ് ഓഫ് ദ ജസ്റ്റി' (നീതിമാന്മാരുടെ സഖ്യം)ന്റെ ലണ്ടനിൽ നടന്ന കോൺഗ്രസിൽ പങ്കെടുത്തു. ‘നീതിമാന്മാരുടെ സഖ്യ'മാണ് പിന്നീട് "കമ്യൂണിസ്റ്റ് ലീഗ്' ആയി മാറിയത്. 1847ൽ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് മാർക്സിനെയും എംഗൽസിനെയും അതിന്റെ പരിപാടി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. അവർ പരിപാടി തയ്യാറാക്കി. അതാണ് വിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്റെ അച്ഛന്റെ സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ട് പാർടിയുടെ മുഖപത്രം തുടങ്ങി. ഈ പത്രത്തിന്റെ സഹപത്രാധിപരായിരുന്നു എംഗൽസ്. 20 ഭാഷ വശമായിരുന്നു എംഗൽസിന്.


 

മാർക്സിനെയും കുടുംബത്തെയും സഹായിക്കുന്നതിൽ എംഗൽസ് ജാഗരൂകനായിരുന്നു. മാർക്സും സഹധർമിണിയും മക്കളും പട്ടിണികൊണ്ടും രോഗംകൊണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴൊക്കെ എംഗൽസിന്റെ സഹായം എത്തി. 1883 മാർച്ച് 14ന് മാർക്സ് നിര്യാതനായി. മാർച്ച് 17ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ആ വേളയിൽ എംഗൽസായിരുന്നു ചരമപ്രസംഗം നടത്തിയത്.

‘മൂലധന'ത്തിന്റെ ഒന്നാം വാല്യം മാർക്സിന്റെ ജീവിതകാലത്തുതന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും മൂന്നും വാല്യം മാർക്സിന്റെ മരണശേഷം എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. 1895 ആഗസ്ത് അഞ്ചിന് എംഗൽസ്‌ അന്തരിച്ചു. ഈ പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്ന എംഗൽസിന്റെ പ്രവചനം അസ്ഥാനത്തല്ല. മാർക്സിസം എന്ന ചലനാത്മകമായ പ്രത്യയശാസ്ത്രം സ്വാധീനിക്കാത്ത ഒരു മേഖലയുമില്ല. സാമ്രാജ്യത്വ ഭരണകൂടങ്ങളും കോർപറേറ്റ് കോടീശ്വരന്മാരും പ്രചാരകരും കൂടുതൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. തങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുതലാളിത്തം പിടിവള്ളി തേടി അലയുന്നതും എംഗൽസ് ദിനത്തിൽ നമുക്ക്‌ വിസ്‌മരിക്കാനാകില്ല. മാർക്സിസ്റ്റ് ആശയസംഹിതയെ തകർക്കാൻ നുണക്കഥകളാലും അധിക്ഷേപങ്ങളാലും മുതലാളിത്തവും വർഗീയശക്തികളും നിഗൂഢശ്രമങ്ങളിലാണ്. അതിനെതിരെ അതിശക്തമായ കരുതലും ജാഗ്രതയുമാണ് ഇന്ന് ലോകം ആവശ്യപ്പെടുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top