22 March Wednesday

ഫ്രാൻസിൽ പുകയുന്നത്‌ ജനരോഷം

വി ബി പരമേശ്വരൻUpdated: Saturday Jan 28, 2023

പൊതുമേഖലയെ നശിപ്പിക്കുകയും സ്വകാര്യമേഖലയ്‌ക്ക് പ്രാധാന്യം നൽകുകയും ചെയ്യുക എന്നത് സാമ്പത്തിക ഉദാരവാദനയത്തിന്റെ ആണിക്കല്ലാണ്. യൂറോപ്യൻ രാജ്യമായ ഫ്രാൻസിൽ ട്രെയിനുകൾ വൈകി ഓടുകയാണ്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നം. ഈ പൊതുഗതാഗത സംവിധാനത്തിന് പണം മുടക്കാൻ ഇമ്മാനുവേൽ മാക്രോൺ സർക്കാർ തയ്യാറാകാത്തതാണ് വിഷയം. അതുപോലെ സർക്കാർ ആശുപത്രിക്കുള്ള വിഹിതവും വെട്ടിക്കുറച്ചിരുന്നു. ഏറ്റവും അവസാനമായി പെൻഷൻ സംവിധാനവും തകർക്കാൻ ഫ്രാൻസിലെ മധ്യവലതുപക്ഷ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരായ ജനരോഷമാണ് ഫ്രാൻസിൽ ഉയരുന്നത്.

ജനുവരി പതിനേഴിനാണ് പ്രധാനമന്ത്രി എലിസബത്ത് ബോർണേ പുതിയ പെൻഷൻ പരിഷ്കാരം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പെൻഷൻ പ്രായം 62ൽനിന്ന്‌ 64 ആയി ഉയർത്തും. നിലവിൽ 1100 യൂറോ എന്ന അടിസ്ഥാന പെൻഷൻ 1200 യൂറോ ആയി ഉയർത്തും (ഇടതുപക്ഷത്തിന്റെ ആവശ്യം 1500 യൂറോ എങ്കിലുമായി പെൻഷൻ ഉയർത്തണമെന്നാണ്). എന്നാൽ, 43 വർഷം സർവീസ് പൂർത്തിയായവർക്ക് മാത്രമേ പെൻഷന്‌ അർഹതയുണ്ടാകൂ. പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറക്കാനാണ്‌ ഈ നിബന്ധന. നിലവിലുള്ള പെൻഷൻ സമ്പ്രദായത്തെ പൂർണമായും അട്ടിമറിക്കുന്നതാണ് ഈ വ്യവസ്ഥയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പെൻഷൻ പ്രായം അറുപതായി കുറയ്ക്കണമെന്നാണ് ഫ്രാൻസിലെ ഇടതുപക്ഷം വാദിക്കുന്നത്. ഈ ഘട്ടത്തിലാണ് അത് ഉയർത്താൻ മാക്രോൺ സർക്കാർ തുനിയുന്നത്. മിത്തറാങിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്‌റ്റ്‌ പാർടി സർക്കാരാണ്‌ പ്രായം 60 ആയി നിശ്ചയിച്ചത്.

ഫ്രാൻസിൽ ആരോഗ്യകരമായ ജീവിതസൂചിക അനുസരിച്ചുള്ള പ്രായം പുരുഷന്മാർക്ക് 64ഉം സ്ത്രീകൾക്ക് 65ഉം ആണ്‌.  പുതിയ പെൻഷൻ പരിഷ്കരണം അനുസരിച്ച് രോഗിയാകുന്നതുവരെ ജോലി ചെയ്യാൻ സർക്കാർ നിർബന്ധിക്കുകയാണ് എന്നാണ് ട്രേഡ് യൂണിയനുകളുടെയും ഇടതുപക്ഷത്തിന്റെയും വിമർശം. ദീർഘകാലം സർക്കാരിനുവേണ്ടി സേവനമനുഷ്‌ഠിച്ചവർക്ക് പ്രായമാകുമ്പോൾ സർക്കാർ നൽകുന്ന മാറ്റിവെക്കപ്പെട്ട വേതനമാണ് പെൻഷൻ. പ്രായമായവരോട് സർക്കാരിന്റെയും ജനങ്ങളുടെയും ഐക്യദാർഢ്യംകൂടിയാണ്‌ ഇത്. എന്നാൽ, ഇപ്പോൾ സർക്കാർ ആലോചിക്കുന്നത് എങ്ങനെ ഈ പെൻഷൻ നൽകാതിരിക്കാൻ ആകുമെന്നാണ്. രോഗിയായി വിരമിക്കുന്ന ആൾക്ക് അധികകാലം പെൻഷൻ നൽകേണ്ടിവരില്ലേ എന്ന ചിന്തയാണ് മാക്രോൺ സർക്കാരിനെ നയിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഫ്രഞ്ച് പാർലമെന്റ്‌ അധോസഭയായ നാഷണൽ അസംബ്ലിയിലെ കമ്യൂണിസ്റ്റ് പാർടി നേതാവ്  ആന്ദ്രേ ചാസൈൻ പെൻഷൻ പരിഷ്കാരത്തെക്കുറിച്ച് പറഞ്ഞത് ‘ക്രൂരമായ വലതുപക്ഷ പരിഷ്കാരം’ എന്നാണ്. ഇതിനെതിരെ വിജയംവരെയും സമരം ചെയ്യുമെന്നും അദ്ദേഹം മാക്രോൺ സർക്കാരിന് മുന്നറിയിപ്പുനൽകി. ഫ്രാൻസിലെ താച്ചറും റീഗനുമാണ്‌ മാക്രോൺ എന്ന ആക്ഷേപവും ഉയർന്നു. യഥാക്രമം ബ്രിട്ടനിലും അമേരിക്കയിലും നവഉദാരീകരണനയം നടപ്പാക്കിയ ഭരണാധികാരികളാണ് താച്ചറും റീഗനും.


 

പെൻഷൻ പരിഷ്കാരത്തിനെതിരെ വൻ ജനകീയ പ്രതിഷേധമാണ് ഫ്രാൻസിൽ ഉയരുന്നത്. ജനുവരി 19ന്‌  പ്രതിപക്ഷ പാർടികളുടെ സഖ്യമായ  (ഫ്രാൻസ് ഇൻസൗമിസ്‌, കമ്യൂണിസ്റ്റ് പാർടി, സോഷ്യലിസ്റ്റ് പാർടി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർടികളുടെ സഖ്യം) ന്യൂപ്‌സ്‌ (എൻയുപിഇഎസ്‌), ഏറ്റവും പ്രധാന ട്രേഡ് യൂണിയനും മാക്രോണിനെ ഇതുവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്ന ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ യൂണിയൻ(സിഎഫ്‌ഡിടി), ഇടതുപക്ഷ ആഭിമുഖ്യമുള്ള സിജിടി എന്നിവയെല്ലാം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ജനുവരി 19ന്‌ തലസ്ഥാനമായ പാരീസിലേക്ക് ജനങ്ങൾ സമര പതാകയുമായി ഇരമ്പിയെത്തി. 11 ലക്ഷം പേരാണ് പാരീസ്‌ ചത്വരത്തിൽ മാത്രം അന്ന് സമരത്തിൽ പങ്കെടുത്തത്. 200 നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

പ്രസിഡന്റ്‌ മാക്രോണിന്റെ വക്താവായ ഒലിവിയർ വിരാൻതന്നെ വൻ പ്രതിഷേധമാണ് ഉണ്ടായതെന്ന് സമ്മതിച്ചു. നിക്കോളാസ്‌ സർകോ സിയുടെയും ഒന്നാം മാക്രോൺ സർക്കാരിന്റെ കാലത്തും പെൻഷൻ പരിഷ്കാരം നടപ്പാക്കാൻ തുനിഞ്ഞപ്പോൾ ഉണ്ടായതിനേക്കാൾ വലിയ പ്രതിഷേധമാണ് ഇപ്പോഴുണ്ടായത്. പെൻഷൻ പദ്ധതി പൂർണമായും ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സിഎഫ്‌ഡിടി നേതാവ് മാരി ബുയിസൺ പ്രഖ്യാപിച്ചു. വിവിധ മേഖലയിൽ സർക്കാരിനെതിരെ തിളച്ചുമറിയുന്ന പ്രതിഷേധത്തെ കൂട്ടിയോജിപ്പിക്കാൻ പെൻഷൻ പരിഷ്കാരം സഹായിച്ചെന്ന്‌ സിജിടി ജനറൽ സെക്രട്ടറി ഫിലിപ്പേ മാർടിനെസ്‌ പറഞ്ഞു.

ഫ്രാൻസിലെ ഭൂരിപക്ഷം ജനങ്ങളും സമര ആഹ്വാനത്തെ പിന്തുണച്ചതായി കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഫാബിയാൻ റുസലും അഭിപ്രായപ്പെട്ടു. ഫ്രാൻസിലെ ഒരു ടെലിവിഷൻ ചാനലിനുവേണ്ടി ഇലാബെ എന്ന ഏജൻസി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 27 ശതമാനംപേർ മാത്രമാണ് മാക്രോണിന്റെ പെൻഷൻ പരിഷ്കരണത്തെ അനുകൂലിച്ചത്. 47 ശതമാനവും നിലവിലുള്ള പെൻഷൻപ്രായം തുടരണമെന്നാണ് വാദിച്ചത്.  മാക്രോണിന്റെ കക്ഷിക്ക് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ പുതിയ പെൻഷൻ പരിഷ്കാരം പാസാക്കിയെടുക്കുക എളുപ്പമല്ല. എന്നാൽ, ഭരണഘടനയിലെ 49.3  വകുപ്പ്‌ അനുസരിച്ച് പ്രസിഡന്റിന് ദേശീയ അസംബ്ലി മറികടന്ന് ബിൽ ഉപരിസഭയായ  സെനറ്റിന്റെ പരിഗണനയ്ക്കുവയ്ക്കാം. വലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർടിക്ക് ഭൂരിപക്ഷമുള്ള സഭയാണ് സെനറ്റ്‌. പെൻഷൻ പരിഷ്കാരത്തെ പിന്തുണയ്ക്കുന്ന നയമാണ് റിപ്പബ്ലിക്കൻ പാർടിക്കുള്ളത്. ‘ഒഴിച്ചുകൂടാനാകാത്ത പരിഷ്കാരമാണ് പെൻഷൻ മേഖലയിലേത്‌’ എന്നാണ് സെനറ്റിലെ റിപ്പബ്ലിക്കൻ പാർടി നേതാവ് റോൾഡ്‌ ലാർച്ചർ അഭിപ്രായപ്പെട്ടത്. ഭരണഘടനയിലെ 49.3  വകുപ്പ് ഇതിനകം 10 തവണയെങ്കിലും മാക്രോൺ ഉപയോഗിച്ചിട്ടുണ്ട്. പെൻഷൻ പരിഷ്കാരം നടപ്പാക്കാനും മാക്രോണിന്‌ ഇത്‌ ഉപയോഗിക്കാൻ മടിക്കില്ല. എന്നാൽ, ഫ്രാൻസിലെ ജനങ്ങൾ ഇതിന് അനുമതി നൽകുമോ എന്നതാണ് പ്രശ്നം. അധ്വാനവും അധ്വാനസമയവും കുറയ്ക്കാൻ നിരവധി പോരാട്ടം നടത്തിയ ഫ്രാൻസിലെ തൊഴിലാളിവർഗവും മാക്രോണിന്റെ നവ ഉദാരീകരണനയത്തിന്റെ ഭാഗമായുള്ള പരിഷ്കാരത്തെ എതിർക്കുമെന്നതിൽ രണ്ടുപക്ഷമില്ല. പുതുവർഷം ഫ്രാൻസിനെ സംബന്ധിച്ച് പ്രക്ഷോഭങ്ങളുടെ വർഷമായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top