26 April Friday

ഭക്ഷ്യവിഷബാധ എങ്ങനെ തടയാം 
 - ഡോ. പി സുധീർബാബു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ ഭക്ഷണരീതിയും മാറുന്നുണ്ട്. വിഭവങ്ങളുടെ കാര്യത്തിൽ മാത്രമല്ല, സംസ്കരണ രീതിയിലും വലിയ വ്യതിയാനം കാണാം. ഷവർമയും അൽഫാമും തന്തൂരിയുമെല്ലാം നഗരങ്ങൾക്കപ്പുറം നാട്ടിൽപുറത്തെയും ഇഷ്ടവിഭവങ്ങളായി മാറി. നേരെമറിച്ച് നമ്മുടെ പരമ്പരാഗത വിഭവങ്ങളായ ദോശയും ഇഡലിയും മറ്റും ഉണ്ടാക്കി കഴിക്കുന്നതിനുള്ള മാവുമുതൽ റെഡി ടു ഈറ്റ്‌ ആയ ചപ്പാത്തിവരെയുള്ളവയുടെ വിപണി അനസ്യൂതം വളരുകയുമാണ്.  ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്കരിച്ച ഭക്ഷ്യവിഭവങ്ങളുടെ വിപണി വളർച്ച അതിവേഗത്തിലാണ് കേരളത്തിൽ സംഭവിക്കുന്നത്. ഉയർന്ന വാങ്ങൽശേഷിയും അർധനഗര സ്വഭാവവുമുള്ള വിപണന കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നതും ഈ വളർച്ചയെ സഹായിക്കുന്നു.വിപണി വളരുന്നതിനനുസരിച്ച് ഭക്ഷ്യവിഷബാധയുടെ എണ്ണവും വർധിക്കുന്നുവെന്നതാണ് വസ്തുത. ഭക്ഷ്യവിഷബാധയുടെയും മായം കലർത്തലിന്റെയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള സ്വാഭാവിക ഉത്തരവാദിത്വം സർക്കാരിൽ വന്നുചേരുകയും ചെയ്യുന്നു.

കേരളത്തിൽ ജീവിക്കുന്ന നമുക്ക് ഹോട്ടൽ ഭക്ഷണമെന്നത് ഒരു പുതുമയല്ല. എന്നാൽ, ഹോട്ടൽ ഭക്ഷണം കഴിക്കുന്നതിലൂടെ മരണകാരണംവരെയാകുന്ന ഭക്ഷ്യവിഷബാധയാകുന്നത്‌ ഒരു സമീപകാല വർത്തമാനമാണ്. വിദേശരാജ്യങ്ങളിൽ സുലഭമായി വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങളോട്‌ ആ നാടുകളിൽനിന്ന് മടങ്ങിവരുന്ന മലയാളിക്ക് ആഭിമുഖ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഉത്തരേന്ത്യയിൽനിന്ന് മടങ്ങിവരുന്നവർ റൊട്ടിയും പനീർ ബട്ടർ മസാലയും അറബ് രാജ്യങ്ങളിൽനിന്ന് എത്തുന്നവർ ഷവർമയും കഴിക്കാൻ ആഗ്രഹിക്കുന്നത് ഇതിനാലാണ്. ഈ ഭക്ഷണങ്ങൾ നമ്മുടെ സ്വന്തം ഭക്ഷണമായി മാറുകയും ചെയ്യുന്നു. 

ഇത്തരം പറിച്ചുനടൽമൂലം മനഃപൂർവമല്ലാത്ത നരഹത്യകളും സ്വാഭാവികമായി ഉണ്ടാകുന്നുവെന്നതാണ് വസ്തുത. ഉൽപ്പന്ന നിർമാണത്തിൽ നൂറ്റാണ്ടുകളുടെ പരിചയമുള്ള രാജ്യങ്ങളിലെ നിർമാണരീതിയല്ല പലപ്പോഴും നാം പിന്തുടരുന്നത്. ഷവർമയുടെ കാര്യംതന്നെ ഉദാഹരണമായെടുക്കാം. അതിനൊപ്പം കഴിക്കുന്ന ‘മയോണൈസാ’ണ് പ്രധാനമായും പ്രശ്നം സൃഷ്ടിക്കുന്നത്. പച്ച മുട്ടയുടെ ഉപഭോഗം സാൽമണൊല്ലമൂലമുള്ള വിഷബാധയ്ക്ക് കാരണമായി മാറുന്നു. പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കുകയും ശീതീകരണ സംവിധാനത്തിൽ പരമാവധി ഒന്നോ രണ്ടോ ദിവസംമാത്രം വച്ച്‌ ഉപയോഗിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ ഭക്ഷ്യവിഷബാധ ഒഴിവാക്കപ്പെടുന്നു. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അലക്ഷ്യമായി ഭക്ഷ്യസംസ്കരണം നടത്തുന്ന രീതിയിൽനിന്ന് നാം വളരെ മുമ്പോട്ടു പോകേണ്ടതുണ്ട്. മാംസാഹാരം നന്നായി പാകം ചെയ്തുവെന്ന് ഉറപ്പുവരുത്തുകയും മാംസത്തിന്റെ ഉൾഭാഗം 75 ഡിഗ്രി വരെ ചൂടാകുകയും ചെയ്താൽ രോഗാണു സാന്നിധ്യം പൂർണമായും ഒഴിവാക്കാൻ കഴിയും. കൈകാര്യം ചെയ്യുന്ന ആൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഗുണനിലവാരമുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുകയും വേണം.


 

വികേന്ദ്രീകൃത സംസ്കരണ മേഖലയിലുള്ള ഹോട്ടലുകളിൽനിന്ന്‌ തികച്ചും വ്യത്യസ്തമാണ് കേന്ദ്രീകൃത സ്വഭാവമുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലുള്ളത്‌. വിപുലമായ വിപണി ലക്ഷ്യമിട്ട്‌  പുറത്തിറക്കുന്ന ഭക്ഷ്യവിഭവത്തിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളുടെ അമിത സാന്നിധ്യം, അനുവദനീയമായതിൽ കൂടുതൽ കീടനാശിനികളുടെ അംശം എന്നിവ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്നു. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് ആക്ട് അനുസരിച്ച് നിലവിൽ വന്ന സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക ഏജൻസി. ഒരു കേന്ദ്ര നിയമത്തിന് കീഴിൽ കേന്ദ്ര-, സംസ്ഥാന സർക്കാരുകളുടെ സംയുക്ത നിയന്ത്രണത്തിന്‌  ഉതകുന്ന രീതിയിലാണ്‌ ഈ ഏജൻസിയുടെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷ്യവ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തന വൈപുല്യം അനുസരിച്ചാണ് അതോറിറ്റിയുടെ ഘടന വിഭാവനം ചെയ്‌തിരിക്കുന്നത്. പ്രതിവർഷ വിറ്റുവരവ്‌ 12 ലക്ഷംവരെയുള്ള സ്ഥാപനങ്ങൾക്ക്‌ എഫ്‌എസ്‌എസ്‌എഐ രജിസ്‌ട്രേഷൻ മാത്രമാണ്‌ നിഷ്‌കർഷിക്കുന്നത്‌. 12 ലക്ഷംമുതൽ 20 കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് സംസ്ഥാന ലൈസൻസും 20 കോടി രൂപയിലധികം വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ലൈസൻസും നിഷ്കർഷിക്കുന്നു.

മേൽ സൂചിപ്പിച്ച ഘടനയിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ചിന്നിച്ചിതറി കിടക്കുന്ന ആയിരക്കണക്കിന് ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ നിയന്ത്രണമെന്ന ഭാരിച്ച ചുമതല സംസ്ഥാന സർക്കാരുകളുടെ ചുമലിലാണ്.  വിപുലമായ സംവിധാനങ്ങളുടെ അനിവാര്യത ഈ മേഖലയിലുണ്ട്. കേവലം ഒരു പതിറ്റാണ്ടിനു മുമ്പുമാത്രം നിലവിൽ വന്ന ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്‌ പരിമിതമായ ഔദ്യോഗിക സംവിധാനങ്ങൾ മാത്രമാണ്‌ ഇന്ന് കേരളത്തിലുള്ളത്. ഒരു നിയോജക മണ്ഡലത്തിൽ ഒരു ഫുഡ് സേഫ്റ്റി ഓഫീസറാണ്‌  നിലവിലുള്ളത്. നൂറുകണക്കിന് ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഗുണനിലവാരവും നിയന്ത്രണവും മറ്റു പരിശോധനകളും നടപ്പാക്കാൻ ഈ സംവിധാനം തികച്ചും അപര്യാപ്‌തമാണ്. അതേസമയംതന്നെ ഈ മേഖലയിൽ മുൻകാലങ്ങളിൽ ഇടപെട്ടിരുന്ന ആരോഗ്യവിഭാഗത്തിലും പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന  ക്ഷീരവികസന വകുപ്പിലും താരതമ്യേന മനുഷ്യവിഭവശേഷി ലഭ്യവുമാണ്. എന്നാൽ, പിഴ ചുമത്തുന്നതിനുള്ള പരിമിതമായ അധികാരം മാത്രമാണ്‌ ഈ വകുപ്പുകൾക്കുള്ളത്‌.

മേൽ സൂചിപ്പിച്ച വസ്തുതകളിൽനിന്ന് ഘടനാപരമായ ഒരു പൊളിച്ചെഴുത്ത് ഈ മേഖലയിൽ അനിവാര്യമാണെന്ന് കാണാം. ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. നിയമപരമായ അധികാരം മറ്റു വകുപ്പുകൾക്കുകൂടി നൽകുകയോ പുനരേകീകരണത്തിലൂടെയോ തസ്തിക നിർമാണത്തിലൂടെയോ ശാക്തീകരണം സാധ്യമാക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്ഷ്യസംസ്‌കരണ മേഖലയുടെ വളർച്ചയെന്നത് വികസനത്തിന്റെയും നഗരവൽക്കരണത്തിന്റെയും നേർസൂചകമാണ്. അതിനനുസരിച്ചുള്ള നിയന്ത്രണ സംവിധാനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്.

(കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്‌ സർവകലാശാല രജിസ്‌ട്രാറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top