14 August Sunday

പരീക്ഷയിലെ ഫോക്കസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

2022ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ ഫോക്കസ് ഏരിയ സംബന്ധമായി സർക്കാരെടുത്ത തീരുമാനത്തിനെതിരെ ശക്തമായ പ്രചാരണങ്ങൾ നടന്നതാണ്. അതിനൊന്നും പ്രസക്തിയില്ലെന്നും വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിലുൾപ്പെടെ വ്യക്തമാക്കിയിരുന്നു. അത് ശരിയാണെന്ന് പരീക്ഷാഫലങ്ങൾ തെളിയിക്കുന്നു.

കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിലെ മറ്റ് പരീക്ഷാബോർഡുകളെല്ലാം പരീക്ഷ നടത്താതെ ചില പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം റിസൽട്ട്‌ നിശ്ചയിക്കാനുള്ള തീരുമാനമെടുത്തപ്പോൾ അതിൽനിന്ന് വ്യത്യസ്‌തമായി കേരളം പരീക്ഷ നടത്തി ഫലംപ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകാനായിരുന്നു ഉള്ളടക്കത്തിൽ കുറവുവരുത്തുകയും പരീക്ഷയിൽ ഉദാരസമീപനം സ്വീകരിക്കുകയും ചെയ്തത്. എന്നാൽ, പ്രതീക്ഷിക്കാത്തവിധം ‘ഗ്രേഡ് ഇൻഫ്ലേഷൻ' എന്നു പറയാവുന്ന തരത്തിൽ ഉയർന്ന ഗ്രേഡുകാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. തുടർപഠനത്തിനുള്ള പ്രവേശന നടപടികളിൽ പ്രതിസന്ധികളുമുണ്ടായി. അത്തരം കാര്യങ്ങൾകൂടി കണക്കിലെടുത്താണ് 2022ലെ പരീക്ഷാമാനദണ്ഡങ്ങൾ നിശ്ചയിച്ചത്. മാധ്യമങ്ങളുൾപ്പെടെ അതിനെതിരെ ആശങ്കകളുയർത്തി രംഗത്ത്‌ വന്നെങ്കിലും അതിന്‌ പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയിരുന്നതാണ്.

ഇത്തവണ എസ്എസ്എൽസിയുടെ വിജയശതമാനം മുൻവർഷത്തേതിൽനിന്ന് വലിയ വ്യത്യാസം വന്നിട്ടില്ല. എന്നാൽ, ഫുൾ എപ്ലസ്‌ നേടിയവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. അത് 2020ലെ ഫലത്തിനേക്കാൾ കൂടിയിട്ടുമുണ്ട്. ഗ്രേസ് മാർക്ക് നൽകിയില്ലെങ്കിലും 50 ശതമാനം അധിക ചോദ്യങ്ങൾ നൽകിയതിന്റെ ആനുകൂല്യം കുറച്ചുപേർക്കെങ്കിലും മികച്ച ഫലത്തിലേക്ക്‌ എത്താൻ സഹായകമായി എന്നു കരുതാം. ഹയർ സെക്കൻഡറിയിലെ വിജയശതമാനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ടായെങ്കിലും അതിനുമുമ്പുള്ള വർഷങ്ങളിലെ ശരാശരി വിജയശതമാനം ഇത്തവണയുമുണ്ട്. ഗ്രേസ് മാർക്കില്ലാതെയാണ് ഹയർ സെക്കൻഡറി പരീക്ഷാഫലവും വന്നിട്ടുള്ളത്. ഫുൾ എ പ്ലസ് എണ്ണത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ടായെങ്കിലും അതിനുമുമ്പുള്ള കണക്കുകളേക്കാൾ വളരെ കൂടുതൽതന്നെയാണ് ഇത്തവണയുമുണ്ടായത്. ഒന്നാംവർഷ പരീക്ഷാഫലത്തിലെ വർധനയാണ് അതിന് കാരണമെന്നും കാണാം.

പരീക്ഷകളുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതായ നിരവധി വസ്‌തുതകളുണ്ട്. ഒരു പരീക്ഷാ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയും മൂല്യവും ഉറപ്പ്‌ വരുത്തേണ്ടത്‌ എങ്ങനെ എന്നത് അതിലൊന്നാണ്. വിവിധ പരീക്ഷാബോർഡുകളിൽനിന്ന് സർട്ടിഫിക്കറ്റുകളുമായി പൊതുമത്സരത്തിന് ഇറങ്ങുന്നവരുടെ മെറിറ്റ് അത്തരം സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽമാത്രം എങ്ങനെ നിശ്ചയിക്കാൻ കഴിയുമെന്നതാണ് അതിലെ പ്രധാനചോദ്യം. കേരളത്തിലെ എൻജിനിയറിങ്‌ എൻട്രൻസിന് വിവിധ ബോർഡുകളിൽ പഠിച്ചവരുടെ സ്കോറുകൾ സ്റ്റാറ്റിസ്റ്റിക്സ് ഫോർമുലയനുസരിച്ച് സമീകരണത്തിന് വിധേയമാക്കുന്നുണ്ട്. നിരവധി വർഷങ്ങളായി അത് തുടങ്ങിയിട്ട്. ബോർഡ് പരീക്ഷയിൽ ഓരോ വിഷയത്തിനും ലഭിച്ച സ്റ്റേറ്റ് ആവറേജും വിദ്യാർഥിക്ക് ലഭിച്ച സ്കോറും തമ്മിലുള്ള വ്യത്യാസമാണ് മെറിറ്റിന് പരിഗണിക്കുന്ന ഘടകങ്ങളിലൊന്ന്. വിജയശതമാനം കൂടിയാലും സ്റ്റേറ്റ് ആവറേജ് കൂടണമെന്നില്ല.

എന്നാൽ, വിജയിക്കുന്നവരിൽ കുറച്ചധികംപേർക്ക് ഉയർന്ന സ്‌കോർ ലഭിച്ചാൽ അതേ വിഷയത്തിന്റെ സ്റ്റേറ്റ് ആവറേജ് വർധിക്കാം. പ്രത്യേക കാരണങ്ങളാൽ ഉദാരസമീപനം സ്വീകരിക്കുന്നതിന്റെ പേരിൽ അർഹിക്കാത്തവർക്ക് ഉയർന്ന സ്കോർ ലഭിക്കുന്നത് സ്റ്റേറ്റ് ആവറേജ് വർധിക്കുന്നതിന് ഇടയാക്കുകയും അത്തരം സ്കോറിന് അർഹതയുള്ള മിടുക്കരായ വിദ്യാർഥികൾ മാർക്ക് സമീകരണത്തിൽ പിന്നിലാവുകയും ചെയ്യും. ഇത് പരീക്ഷാബോർഡുകളുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നതാണ് വസ്തുത. ഉയർന്ന ഗ്രേഡ് കിട്ടിയിട്ടുള്ള എല്ലാവരും ഒരുപോലെ മിടുക്കരാവുകയും അവരുടെ എണ്ണം വലിയതോതിൽ കൂടുകയും ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യം പലരും ഉന്നയിച്ചേക്കാം. നിലവിലുള്ള രീതിയിൽ അവർക്കെല്ലാം ഒരേ വെയിറ്റേജ് മാത്രമേ കിട്ടുകയുള്ളൂവെന്നതാണ് വസ്തുത. മിനിമം യോഗ്യതയ്‌ക്കപ്പുറം പഠിക്കുന്ന കോഴ്സിന് പ്രാധാന്യമില്ലെന്നു വന്നാൽ വിദ്യാലയങ്ങളുടെയും പഠനപ്രവർത്തനങ്ങളുടെയും പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുകയും എൻട്രൻസ് കോച്ചിങ്‌ രീതികൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്യും. ബിരുദതലംമുതൽ എൻട്രൻസ് പരീക്ഷയെഴുതി പ്രവേശനം നേടണമെന്ന 2020ലെ പുതിയ വിദ്യാഭ്യാസനയ (എൻഇപി) ത്തിലെ വ്യവസ്ഥ ഒരു മുന്നറിയിപ്പാണ്. ഭാവിയിൽ പ്ലസ് വൺ അഡ്മിഷനും അങ്ങനെ നടത്തണമെന്ന് കേന്ദ്രം നിർദേശിച്ചാൽ അതിശയിക്കേണ്ടതില്ല. അനുഭവാധിഷ്ഠിത പഠനമെന്ന കാഴ്ചപ്പാടിന് അർഥമില്ലാതാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.

മെച്ചപ്പെട്ട പഠനസാഹചര്യം ലഭ്യമാകാത്തതിനാൽ പിന്തള്ളപ്പെട്ട് പോകുന്ന വിദ്യാർഥികളെക്കൂടി പരിഗണിച്ച് പഠനഭാരത്തിലും പരീക്ഷാരീതിയിലും ഇളവ്‌ അനുദിക്കണമെന്നതാണ് മറ്റൊരു കൂട്ടരുടെ വാദം. വിദ്യാർഥികളുടെ അവകാശവുമായി ബന്ധപ്പെട്ടും അത്തരം ആവശ്യങ്ങളുയർന്നുവന്നു. കുറച്ചുപേരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പഠിക്കുന്ന എല്ലാവരുടെയും പഠനവും പരീക്ഷയും എളുപ്പമാക്കിയാൽ അത് ഗുണനിലവാരത്തെ ബാധിക്കുകയും ‘ഗ്രേഡ് ഇൻഫ്ലേഷൻ' എന്ന അവസ്ഥയ്‌ക്ക് കാരണമാകുകയും ചെയ്യും. പഠനസാഹചര്യങ്ങൾ മെച്ചമല്ലാത്തവരെ ശാക്തീകരിക്കുകയാണ് ശരിയായ മാർഗം. പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവും പരാതികളില്ലാതെ നടന്നാൽ വിദ്യാഭ്യാസമേഖല മികച്ചതാണെന്ന പൊതുധാരണ ഇപ്പോഴും ശക്തമായി തുടരുന്നു. പരീക്ഷയ്‌ക്കുവേണ്ടിയുള്ള ഫോക്കസിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയിൽ കാണാനും അതിന്റെ ഒരു ഭാഗമായി പരീക്ഷയെ കാണാനും കഴിയുക എന്നതാണ് ഗുണമേന്മയ്‌ക്ക് ഊന്നൽ നൽകുന്നവർ ശ്രദ്ധിക്കേണ്ടത്.

പരീക്ഷയെ ഫോക്കസ് ചെയ്‌തുള്ള ചർച്ചയും വിവാദങ്ങളും അക്കാദമികമായി എന്തുമാത്രം ഗുണം ചെയ്യുമെന്ന് വിലയിരുത്തേണ്ടതാണ് പ്രധാനകാര്യം. പ്രത്യേകിച്ചും യോഗ്യതാമാർക്കുകൾക്കപ്പുറം പ്രവേശനപരീക്ഷകൾ നടപ്പാകുമ്പോൾ. അതിലെ ഗുണവും ദോഷവും ചർച്ചചെയ്യാൻ തയ്യാറാകാതെ യോഗ്യതാപരീക്ഷ എഴുതുന്ന ബഹുഭൂരിപക്ഷത്തിനും ഫുൾമാർക്കും ഫുൾ എപ്ലസും കിട്ടുന്നതാണ് പ്രധാനമെന്ന വാദത്തിന് പ്രസക്തിയില്ല. കഴിഞ്ഞവർഷം പൊതുപരീക്ഷകൾ നടത്തിയ ഏക സംസ്ഥാനം കേരളമായതിനാൽ നീറ്റ്, എൻജിനിയറിങ്‌ പ്രവേശന പരീക്ഷകളിൽ കേരള സിലബസുകാരെ അതെത്രത്തോളം മുന്നിലെത്തിച്ചെന്നത് പരിശോധനാർഹമാണ്. പാഠ്യപദ്ധതിയുടെയും മൂല്യനിർണയത്തിന്റെയും ഫോക്കസുകളിൽ മാറ്റം അനിവാര്യമാണ്. വിഷയമേഖല ഏതായാലും വിജ്ഞാനത്തെ അവലംബിക്കുന്ന ഉൽപ്പാദനവും ഉപഭോഗവുമെന്ന ഫോക്കസിലേക്ക് വിദ്യാഭ്യാസം മാറേണ്ട കാലത്ത് പരീക്ഷയിലെ ഫോക്കസിന് മാറ്റങ്ങൾ അനിവാര്യമാണ്. പരീക്ഷയ്‌ക്കുവേണ്ടിയുള്ള ഫോക്കസിൽനിന്ന് വ്യത്യസ്ത‌‌മായി വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയിൽ കാണാനും അതിന്റെ ഒരു ഭാഗമായി പരീക്ഷയെ കാണാനും കഴിയുക എന്നതാണ് ഗുണമേന്മയ്‌ക്ക് ഊന്നൽ നൽകുന്നവർ ശ്രദ്ധിക്കേണ്ടത്.

(ഹയർ സെക്കൻഡറി വിഭാഗം ജോയിന്റ്‌ ഡയറക്‌ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top