23 February Friday

പലസ്തീൻ പ്രശ്നത്തിന്റെ
 അടിവേരുകൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട് ഹമാസ് നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഇതിന് പിന്നാലെ  ഇസ്രയേൽ ഗാസയിലും  വെസ്റ്റ്‌ ബാങ്കിലും തുടർച്ചയായ ആക്രമണത്തിലാണ്. ആശുപത്രിക്കുവരെ ബോംബിട്ട് നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തി. ഒരു ജനതയെയാകെ ഉന്മൂലനം ചെയ്യാനുള്ള സന്നാഹങ്ങളുമായാണ് ഇസ്രയേലും പാശ്ചാത്യശക്തികളും മുന്നോട്ടുപോകുന്നത്.

അഴിമതിയിൽ മുങ്ങിക്കുളിച്ച നെത്യനാഹു സർക്കാരിനെതിരെ ഇസ്രയേലിൽ വലിയ പ്രക്ഷോഭം നടക്കുകയാണ്. ഈ പ്രതിഷേധത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ പലസ്തീൻ ജനതയെ ആക്രമിക്കുന്നു. പലസ്തീനികളെ പുറത്താക്കുന്നതിന് ജൂത സായുധസംഘടനകൾക്ക് പിന്തുണ നൽകുകയാണ്. റംസാൻ സമയത്ത് ജറുസലേമിലെ അൽ അഖ്സാ മസ്ജിദിൽ ഇസ്രയേൽ സായുധസേന ആക്രമണം നടത്തി. ഒരു ദിവസം ഒരു  പലസ്തീനിയെങ്കിലും കൊല്ലപ്പെടുകയാണ്. ഈ സാഹചര്യമാണ് ഹമാസിന്റെ ആക്രമണത്തിന് അടിസ്ഥാനമായത്.

ഈ മേഖലയുടെ ചരിത്രം അറിയുമ്പോഴാണ് ഇതിന്റെ അടിവേര് മനസ്സിലാക്കാനാകുക. ലോകത്തിലെ ഏറ്റവും പ്രാചീനമായ മതങ്ങളിലൊന്നാണ് ജൂതമതം. ഇന്നത്തെ പലസ്തീനൊക്കെ ഉൾപ്പെടുന്ന കാനാൻ പ്രദേശമായിരുന്നു അവരുടെ വാസസ്ഥലം. അലക്സാണ്ടറുടെ ആക്രമണത്തിനെതിരെ ഇവിടെ പ്രതിരോധം ഉയർന്നിരുന്നു. റോമാസാമ്രാജ്യത്തിന്റെ ആക്രമണത്തിലാകട്ടെ ജറുസലേം നഗരംതന്നെ തകർന്നുപോയി. അന്ന് തകർക്കപ്പെട്ട ജറുസലേം  ദേവാലയത്തിന്റെ  ഭാഗമാണ് ഇപ്പോൾ അവിടെ കാണുന്ന പടിഞ്ഞാറൻ ചുമർ. ഇനി വരാനുള്ള മിശിഹ ജന്മമെടുത്തിട്ടേ ഇനി യഹൂദ ദേവാലയം നിർമിക്കൂ എന്ന വിശ്വാസത്തോടെ അവർ കാത്തിരിക്കുകയാണ്. റോമൻ ആക്രമണത്തെത്തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർ കുടിയേറി. കൊടുങ്ങല്ലൂരിലും മാളയിലുമെല്ലാം ഇവരെത്തിച്ചേർന്നു. ഏറെ സഹിഷ്ണുതയോടെ നമ്മുടെ നാട് അവരെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജൂതശാസനംപോലുള്ള രേഖകൾ.

ക്രിസ്തുമതം രൂപപ്പെട്ടതും ഇതേമേഖലയിലാണ്. അതുമായി ബന്ധപ്പെട്ട ജറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളും അടയാളങ്ങളും ഈ മണ്ണിലുണ്ട്. ഏഴാം നൂറ്റാണ്ടോടുകൂടി രൂപപ്പെട്ട ഇസ്ലാംമതത്തിന്റെ വിശുദ്ധ പ്രദേശങ്ങളും പലസ്തീനിലുണ്ട്. ഈ മൂന്നു മതങ്ങളുടെയും ആവിർഭാവവും വളർച്ചയും എല്ലാം കണ്ട നാടാണിത്. ഇവരെല്ലാം പിൻപറ്റുന്നത് എബ്രഹാമിനെയാണ്. ഒരു പൂർവികനിൽനിന്ന് കൈവഴികളായി പിരിഞ്ഞ മതങ്ങളാണ് ജൂതമതവും ക്രിസ്തുമതവും ഇസ്ലാം മതവുമെന്നാണ് വിശ്വാസികൾ കാണുന്നത്. യേശുവിന്റെ കുരിശിലേറ്റലിനു പിന്നിൽ ജൂത പ്രമാണിമാർ ആയിരുന്നുവെന്ന വിശ്വാസവും നിലവിലുണ്ട്.


 

മൂന്നു മതങ്ങളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം 1517ലെ ഓട്ടോമൻ ആക്രമണത്തോടുകൂടിയാണ് പലതായി വിഭജിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പോയ യഹൂദർ അവരുടെ ആരാധനാ പ്രദേശമെന്ന നിലയിൽ ജറുസലേമിലെ പഴയ ദേവാലയങ്ങളെ കാണുന്നുണ്ടായിരുന്നു. അവിടെ വരാനും ആരാധന നടത്താനും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ആ ഘട്ടത്തിൽ രാഷ്ട്രനിർമാണമെന്ന കാഴ്ചപ്പാടേ ഇവിടെ വരുന്നവർക്കുണ്ടായിരുന്നില്ല.

മതവിശ്വാസത്തിന്റെ പരിഗണനകളില്ലാതെ മതനിരപേക്ഷമായി ജീവിക്കുകയെന്ന കാഴ്ചപ്പാട് ഫ്രഞ്ച് വിപ്ലവം കൊളുത്തി വിട്ടു. സർ ചക്രവർത്തിമാരുടെ റഷ്യ പോലുള്ള ഇടങ്ങളിൽ ജൂതവിഭാഗത്തിന് നിയന്ത്രണമുണ്ടായിരുന്നു. ഇതിനെതിരെ ചില ജൂത സംഘടനകൾ രംഗത്തുവന്നു. 1882ൽ ലിയോപിൻസ്കർ പ്രസിദ്ധീകരിച്ച ഓട്ടോ ഇമാൻസിപ്പേഷൻ എന്ന ഗ്രന്ഥത്തിൽ  ജൂതർക്കായൊരു രാജ്യം എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ 500 യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട്  ബില്യ എന്ന തീവ്രവാദ സംഘടന രൂപീകരിക്കുകയും പലസ്തീനിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. തങ്ങളുടേതായ ഒരു ചെറു നഗരത്തിന് അവിടെ അവർ രൂപംകൊടുത്തു. 

1885ൽ തിയോഡർ ഹെർസിൻ ജൂതരാജ്യം എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നു. സൊസൈറ്റി ഓഫ് ജ്യൂസ് എന്ന ആശയത്തിന് അദ്ദേഹം രൂപം നൽകി. പലസ്തീനിലോ അർജന്റീനയിലോ ഒരു രാജ്യം എന്ന നിലപാടായിരുന്നു ഇത്. പലസ്തീനിൽ രാഷ്ട്രമെന്ന നിർബന്ധബുദ്ധി ഇക്കാലത്തുണ്ടായിരുന്നില്ല. ഗ്രീസുമായുള്ള യുദ്ധത്തിൽ ഉസ്മാനി സാമ്രാജ്യം സാമ്പത്തികമായി പ്രതിസന്ധിയിലായി. സുൽത്താൻ അബ്ദുൾ ഹമീദിന് ഭീമമായ ഒരു തുക നൽകി പകരമായി ജൂത കുടിയേറ്റത്തിന് അനുമതി വാങ്ങാനുള്ള ശ്രമമുണ്ടായെങ്കിലും സുൽത്താൻ വഴങ്ങിയില്ല.

1897ൽ സ്വിറ്റ്സർലൻഡിലെ ബെയ്സൺ എന്ന സ്ഥലത്തുവച്ച് ഒരു ജൂതരാഷ്ട്രമെന്ന വാദം മുന്നോട്ടുവച്ചുകൊണ്ട് അന്തർദേശീയ സമ്മേളനം സംഘടിപ്പിച്ചു. സിയോണിസ്റ്റ് സംഘടന കെട്ടിപ്പടുത്ത് ലോകത്തെമ്പാടുമുള്ള ജൂതന്മാരെ ഒറ്റക്കൊടിക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യം ഇതിൽ മുന്നോട്ടുവച്ചു, ഒപ്പം പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ജൂത കുടിയേറ്റവും പ്രഖ്യാപിച്ചു. കുടിയേറ്റത്തിന് തടസ്സമായി നിൽക്കുന്ന ഉസ്മാനി സാമ്രാജ്യത്വത്തെ തകർക്കുകയെന്നതും ലക്ഷ്യമായി കണ്ടു. 

1898ൽ  ലണ്ടനിൽ ചേർന്ന സിയോണിസ്റ്റ് കോൺഗ്രസ് തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ബ്രിട്ടന്റെ സഹായവും തേടി. അങ്ങനെ വടക്കൻ പലസ്തീനിൽ ബ്രിട്ടന്റെ ഇടപെടലിലൂടെ ജൂത കുടിയേറ്റം ആരംഭിക്കുന്നു. തുർക്കിയിൽ അധികാരത്തിൽ വന്ന അൽത്താത്തുർക്ക് ശക്തമായ പാശ്ചാത്യ സമ്മർദത്തിന്റെകൂടി ഭാഗമായി ജൂത കുടിയേറ്റത്തിന് നിയമം പാസാക്കുന്നു. 1902ൽ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജൂതരാഷ്ട്രം ഉണ്ടാക്കാനുള്ള ചില ചർച്ചകൾ ഉയർന്നുവന്നെങ്കിലും അവ നടന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സൊസൈറ്റി ഓഫ് ജ്യൂസ് എന്ന ലോക സിയോണിസ്റ്റ് സംഘടന ശക്തമായി. പലസ്തീനിലെ സ്ഥലം വിലയ്‌ക്ക് വാങ്ങുന്നതിനായി ജൂത ദേശീയ ഫണ്ടും ഉണ്ടാകുന്നുണ്ട്.
ഒന്നാം ലോകയുദ്ധത്തിൽ സിയോണിസ്റ്റ് പ്രസ്ഥാനം മൂന്നു ഭാഗമായി മാറി. അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരും  മധ്യരാജ്യ ശക്തികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരും ഇരു സഖ്യങ്ങളിലും പെടാത്ത രാജ്യങ്ങളിൽ താമസിക്കുന്നവരുമായി അവർ മാറി. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം സാമ്പത്തികമായുൾപ്പെടെ സ്വാധീനമുള്ള വിഭാഗമായിരുന്നു ജൂതന്മാർ. അവർ ജൂതരാഷ്ട്രത്തിനുവേണ്ടിയുള്ള ഇടപെടൽ ശക്തിപ്പെടുത്തി.

ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ അറബ് രാജ്യങ്ങൾ പലതായി മാറി. പലസ്തീൻ ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ബ്രിട്ടന്റെ ഒരുതരി മണ്ണുപോലും നൽകാതെ അറബികൾ താമസിക്കുന്ന സ്ഥലം ജൂതന്മാർക്ക് നൽകുന്ന കൊടിയ പാതകം ബ്രിട്ടൻ മുന്നോട്ടുവച്ചു.

അന്ന് ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യയിലേക്കുള്ള മാർഗം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയും സൂയസ് കനാൽ മേഖലയിൽ അധിനിവേശം ഊട്ടി ഉറപ്പിക്കുന്നതിനും ജൂതരാഷ്ട്രമെന്ന ആശയത്തിനും ബ്രിട്ടൻ അനുമതി നൽകി. 1838ൽ ജറുസലേമിൽ ബ്രിട്ടൻ തങ്ങളുടെ കോൺസുലേറ്റ് സ്ഥാപിച്ചു. ഇതിൽനിന്ന്‌ കോൺസുലേറ്റ് നൽകിയ ആദ്യ നിർദേശം മറ്റ് രാജ്യങ്ങളിൽനിന്ന്‌ കുടിയേറുന്ന ജൂതന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ്. 1917 നവംബർ രണ്ടിന്‌  ബാൽഫോർ പ്രഖ്യാപനം പുറത്തിറങ്ങി. പലസ്തീനിൽ ജൂതന്മാർക്കൊരു രാഷ്ട്രം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ജൂതന്മാരുടെ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക വകുപ്പും ഇംഗ്ലണ്ടിൽ രൂപീകരിച്ചു. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ അറബ് രാജ്യങ്ങൾ പലതായി മാറി. പലസ്തീൻ ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ബ്രിട്ടന്റെ ഒരുതരി മണ്ണുപോലും നൽകാതെ അറബികൾ താമസിക്കുന്ന സ്ഥലം ജൂതന്മാർക്ക് നൽകുന്ന കൊടിയ പാതകം ബ്രിട്ടൻ മുന്നോട്ടുവച്ചു. മധ്യേഷ്യയെ കലുഷിതമാക്കിയ ഇന്നത്തെ അവസ്ഥ അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അതായത്, സാമ്രാജ്യത്വ താൽപ്പര്യം മധ്യേഷ്യയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചു.
നേരത്തേ ജൂതവിഭാഗങ്ങളുടെ ആരാധനയ്ക്കും വന്നുപോക്കിനുമെല്ലാം എല്ലാ സഹായവും ചെയ്തിരുന്ന അറബ് ജനതയെ ഈ നടപടി ഞെട്ടിച്ചു. 1919 ജനുവരി 27ന് അറബ്–- പലസ്തീൻ സമ്മേളനം വിളിച്ചുകൂട്ടി യൂറോപ്പിന്റെ അറബ് വിരുദ്ധ തീരുമാനങ്ങൾക്കെതിരെ അവർ പ്രതികരിച്ചു. ഈ സമ്മേളനത്തിൽ പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമായി പ്രവർത്തിക്കണമെന്നും അവിടെ ജൂതരാഷ്ട്രം സ്ഥാപിക്കുന്നത് തടയണമെന്നും നിശ്ചയിച്ചു. അങ്ങനെ സാമ്രാജ്യത്വ ഗൂഢാലോചന പലസ്തീൻ മണ്ണിനെ കലുഷിതമാക്കി.

ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന ഈ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അറബ് ജനത പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ് സൈന്യം പലസ്തീൻ ആക്രമിച്ച് ആ ഭൂമി സയോണിസ്റ്റുകൾക്ക് നൽകുന്ന സ്ഥിതിയുണ്ടായത്. ജറുസലേം നഗരത്തിന്റെ ഭരണം ജൂതന്മാർ ഉൾക്കൊള്ളുന്ന ഒരു സമിതിയെ ഏൽപ്പിച്ചുകൊണ്ട് ജൂതന്മാരുടെ അധിനിവേശം ഔദ്യോഗികമായി അംഗീകരിക്കുന്ന നടപടിയും ബ്രിട്ടൻ സ്വീകരിച്ചു. സ്വന്തമായി എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാൻപോലും പറ്റാതെ ജനിച്ച ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ പലസ്തീൻ ജനതയ്ക്കുണ്ടായി. വിവിധ മതവിശ്വാസികളായ പലസ്തീനികൾ സ്വന്തം മണ്ണിൽ അന്യരായി. വിവിധ രാജ്യങ്ങളിലെ പൗരന്മാരായി ആ നാട്ടിൽ ജനിച്ചുവളർന്ന ജൂതന്മാർക്ക് പുതിയ നാടുമുണ്ടായി.

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top