26 April Friday

‘ഞമ്മക്കൊരു കൊയപ്പൂല്യാ’... പരാജയപ്പെടാനും ശീലിക്കണം

സോണി ജോൺUpdated: Saturday Aug 1, 2020


കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ ഏറെ ആസ്വദിച്ച വാക്കുകളായിരുന്നു കടലാസ്‌ പൂക്കളുണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട നാലാംക്ലാസുകാരൻ അബ്ദുൽ ഫായിസിന്റേത്. മഹാമാരിയോടുള്ള പോരിന്റെ ഇക്കാലത്ത് മലയാളികൾക്ക് ആത്മവിശ്വാസത്തിന്റെ പുതു ശബ്ദമായിരുന്നു ശുദ്ധ ഏറനാടൻ ചേലുള്ള ആ വാക്കുകൾ. ഒരുപക്ഷേ, കുഞ്ഞു ഫായിസിന്റെ നിഷ്കളങ്കതയും സ്വാഭാവികമായ പറച്ചിലുമായിരിക്കാം വെറും രണ്ടു മിനിറ്റും മൂന്ന് സെക്കൻഡുമെടുത്ത ആ വീഡിയോക്ക് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണം. എന്നാൽ, ആ വാക്കുകളിൽ മലയാളികൾ മറന്നുപോയതോ ഏറെക്കാലമായി പഠിക്കാൻ ശ്രമിക്കാത്തതോ ആയ ഒരു വലിയ പാഠം അടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ലോക്ഡൗൺകാലത്ത് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ജൂലൈ 10 വരെ 66 കുട്ടികളാണ്‌ മാനസികസമ്മർദം താങ്ങാൻ കഴിയാതെ ആത്മഹത്യയിൽ അഭയംതേടിയത്. നാളെയുടെ വാഗ്ദാനങ്ങളാകേണ്ടിയിരുന്ന ഈ കുട്ടികളുടെ ആത്മഹത്യ സാക്ഷരവും പരിഷ്കൃതവുമെന്ന് നാം കരുതുന്ന ഒരു സമൂഹത്തിന് ഒട്ടും സ്വീകാര്യമായ ഒന്നല്ല. ജീവിതവീഥിയിൽ കുട്ടികളെ വിജയതീരത്ത്‌ എത്തിക്കാൻ പെടാപാടുപെട്ട് വിജയകഥകൾമാത്രം ഓതിക്കൊടുക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന ചെറിയ തിരിച്ചടികളെപ്പോലും മറികടക്കാനുള്ള മാനസികാവസ്ഥ കുട്ടികൾക്ക് സൃഷ്ടിച്ചുകൊടുക്കുന്നതിൽ നമ്മൾ പരാജിതരാകുന്നു എന്ന വസ്തുതയിലേക്കാണ് ഇത്‌ വിരൽചൂണ്ടുന്നത്. ഇവിടെയാണ് കടലാസുപൂക്കൾ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെടുമ്പോഴും ആത്മവിശ്വാസത്തോടെ ‘ഇന്റത് റെഡ്യായീല്യ', ‘ഞമ്മക്കൊരു കൊയപ്പൂല്യാ' എന്ന ഫായിസിന്റെ വാക്കുകളുടെ പ്രാധാന്യം.

പലപ്പോഴും പരാജയഭീതിയാണ്‌ മനുഷ്യർക്ക്‌ ലക്ഷ്യത്തിലെത്തുന്നതിനുള്ള വിലങ്ങുതടിയായി നിൽക്കുന്നത്. അത്തരമൊരു ഭീതി അവരുടെ പ്രവർത്തനമികവിനെ അകാരണമായി പിന്നോട്ടടിക്കുന്നു. ഭയങ്ങളോ മുൻവിധികളോ ഇല്ലാതെ കഴിവിനൊത്ത മികച്ച പ്രകടനം നടത്താനാണ് കുട്ടികളെ ശീലിപ്പിക്കേണ്ടത്. പരാജയത്തെ ആത്മവിശ്വാസത്തോടെയും സമഭാവനയോടെയും സ്വീകരിക്കാനും അത്  വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന ഉൾക്കാഴ്ച പകർന്നുനൽകാനും നമുക്ക് കഴിയേണ്ടതുണ്ട്. എവറസ്റ്റ്‌ കീഴടക്കിയ ടെൻസിങ്‌ നോർഗെയുടെയും എഡ്മണ്ട് ഹിലാരിയുടെയും വിജയകഥ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന നമ്മൾ അതിനുമുമ്പ്‌ അവർ നടത്തിയ തീവ്രശ്രമങ്ങളെയും അവരുടെ പരാജയങ്ങളെയുംകുറിച്ചുകൂടി പറഞ്ഞുകൊടുക്കണമെന്നു സാരം. വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരു വശവുമാണെന്നും ഇവ രണ്ടിനും ജീവിതത്തിൽ തുല്യസാധ്യതകളുണ്ടെന്നും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ പരാജയപ്പെടാനും കുട്ടികൾ ശീലിക്കണമെന്നർഥം. ഇവിടെയാണ് ഫായിസിന്റെ വാക്കുകളുടെ പ്രാധാന്യം കുടികൊള്ളുന്നത്. കാര്യങ്ങൾ ഇപ്പോൾ ശരിയായില്ലെങ്കിലും ഇനിയുമവസരങ്ങളുണ്ടെന്ന പ്രത്യാശയുടെ പ്രതിധ്വനികൂടിയാണവ.

(ഇരിങ്ങാലക്കുട ക്രൈ‌സ്റ്റ്‌ കോളേജ്‌ അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top