29 March Friday

മാധ്യമങ്ങൾ കുടപിടിക്കുന്നത്‌ ആർക്കുവേണ്ടി?

സാജൻ എവുജിൻUpdated: Monday Nov 22, 2021

നിശ്‌ചയദാർഢ്യത്തോടെ കർഷകർ സധീരം നടത്തുന്ന പോരാട്ടത്തിന്റെ ഫലമായി കാർഷികനിയമങ്ങൾ കേന്ദ്രം പിൻവലിക്കുന്നതിൽ ദുഃഖിതരായ കുറെപ്പേരുണ്ട്‌. നമ്മുടെ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഒരുവിഭാഗവും ഇക്കൂട്ടത്തിൽപ്പെടുന്നു. നിർണായകഘട്ടങ്ങളിൽ സമരത്തെ അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്‌ത ഇവർ ഇപ്പോഴും വികലവാദങ്ങളുമായി രംഗത്തുണ്ട്‌. ‘സമരവിജയം പ്രതിപക്ഷത്തിനും തിരിച്ചടി’ എന്ന ആഖ്യാനം ഇത്തരം കേന്ദ്രങ്ങളിൽനിന്ന്‌ ഉയരുന്നു. സമരവിജയം കോൺഗ്രസിന്‌ തിരിച്ചടിയാണെന്നതിൽ തർക്കമില്ല.  കോൺഗ്രസ്‌ നടപ്പാക്കാൻ മോഹിച്ച പരിഷ്‌കാരങ്ങളാണ്‌ ബിജെപി സർക്കാർ കൊണ്ടുവന്നത്‌. അതുകൊണ്ടുതന്നെ സമരത്തോട്‌ കോൺഗ്രസ്‌ ഒരിക്കലും  നിഷ്‌കളങ്കമായ മമത കാട്ടിയിട്ടില്ല. ജനവികാരം കാർഷികനിയമങ്ങൾക്ക്‌ എതിരാണെന്ന്‌ മനസ്സിലായപ്പോൾ ചില നാടകങ്ങൾ നടത്തിയെന്നുമാത്രം.

കാർഷികനിയമങ്ങൾ ഒറ്റപ്പെട്ട പരിഷ്‌കാരമായിരുന്നില്ല. കോവിഡ്‌ മഹാമാരിയും അടച്ചിടലും മറയാക്കി സർവമേഖലയിലും ഉദാരവൽക്കരണം ലക്ഷ്യമിട്ട്‌ കൊണ്ടുവന്ന ‘ആത്മനിർഭർ പദ്ധതി’യുടെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമനാണ്‌ കാർഷികപരിഷ്‌കാരങ്ങളും പ്രഖ്യാപിച്ചത്‌. തൊഴിൽനിയമങ്ങൾ അട്ടിമറിക്കാനുള്ള നാല്‌ കോഡ്‌, ദേശീയ ആസ്‌തി വിറ്റഴിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം എന്നിവയ്‌ക്ക്‌ സമാന്തരമായാണ്‌ കാർഷികമേഖലയും കോർപറേറ്റുകൾക്ക്‌ തീറെഴുതാൻ ശ്രമിച്ചത്‌. രാജ്യത്ത്‌ സാമ്പത്തിക ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും തുടക്കമിട്ട കോൺഗ്രസിന്‌ കാർഷികമേഖലയുടെ കോർപറേറ്റുവൽക്കരണത്തെ എതിർക്കാൻ കഴിയില്ലെന്ന്‌ ബിജെപിക്ക്‌ അറിയാമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ഇറക്കിയ പ്രകടനപത്രികയിൽ വാഗ്‌ദാനംചെയ്‌ത കാര്യങ്ങളാണ്‌ മോദി സർക്കാരിന്റെ കാർഷികനിയമങ്ങളുടെ ഉള്ളടക്കം. കർഷകർക്ക്‌ ന്യായമായ മിനിമം താങ്ങുവില (എംഎസ്‌പി)ഉറപ്പാക്കണമെന്ന്‌ ശുപാർശ ചെയ്‌ത്‌ സ്വാമിനാഥൻ കമീഷൻ ശുപാർശകൾ സമർപ്പിച്ചത്‌ യുപിഎ സർക്കാരിന്റെ കാലത്താണ്‌.

മൻമോഹൻസിങ്‌ സർക്കാർ ഇതു നടപ്പാക്കിയില്ലെന്നുമാത്രമല്ല, കാർഷികപ്രതിസന്ധി രൂക്ഷമാക്കുന്ന സാമ്പത്തികപരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്‌തു. 2014ൽ മോദിസർക്കാർ അധികാരത്തിൽവന്നത്‌ സ്വാമിനാഥൻ കമീഷൻ ശുപാർശ നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌. ഭരണംകിട്ടിയശേഷം ബിജെപിയും കർഷകരെ വിസ്‌മരിച്ചു. ന്യായമായ എംഎസ്‌പി ഉറപ്പാക്കുക, കാർഷികകടങ്ങൾ ഒറ്റത്തവണത്തേക്ക്‌ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഒന്നാം മോദിസർക്കാരിന്റെ കാലത്ത്‌ അഖിലേന്ത്യ കിസാൻസഭ വിപുലവും ദീർഘവുമായ പോരാട്ടങ്ങൾ നടത്തി. ഇടതുപക്ഷപാർടികൾ മാത്രമാണ്‌ ഈ പോരാട്ടങ്ങൾക്ക്‌ പിന്തുണയും കരുത്തും പകർന്നത്‌. 2015ൽ മോദിസർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസിനെതിരായ പോരാട്ടം നയിച്ചതും അഖിലേന്ത്യ കിസാൻസഭയും ഇടതുപക്ഷവുമാണ്‌.  രാജ്യത്താകെ കർഷകരോഷം  അലയടിക്കുകയും അക്കൊല്ലം  ഡൽഹി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെടുകയും ചെയ്‌തതോടെ സർക്കാർ ഓർഡിനൻസ്‌ പിൻവലിച്ചു. 2018ൽ രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതും കർഷകപ്രക്ഷോഭത്തിന്റെ പശ്‌ചാത്തലത്തിലാണ്‌.

മോഹനവാഗ്‌ദാനങ്ങൾ നൽകിയും തീവ്രവർഗീയപ്രചാരണം നടത്തിയും വീണ്ടും അധികാരം പിടിച്ച ബിജെപി തരംകിട്ടിയപ്പോൾ കർഷകരെ വീണ്ടും വഞ്ചിച്ചു. ഇതിനെതിരെ സംഘടിച്ച കർഷകർ രൂപീകരിച്ച സംയുക്ത കിസാൻമോർച്ച(എസ്‌കെഎം) സമരവേദികളിൽ  രാഷ്ട്രീയപാർടികളുടെ സാന്നിധ്യം ഒഴിവാക്കാൻ തീരുമാനിച്ചു. പ്രതിപക്ഷപാർടികളെ സഹകരിപ്പിക്കാൻ തീരുമാനിച്ചാൽ സ്വാഭാവികമായും കോൺഗ്രസിനെ ഒഴിവാക്കാൻ കഴിയില്ല. കോൺഗ്രസ്‌ പങ്കാളിത്തമുള്ള സമരം ഒരിക്കലും വിജയിക്കില്ലെന്ന്‌ കർഷകർക്ക്‌ ബോധ്യമുണ്ട്‌. കർഷകർ എന്തിനെയാണോ എതിർക്കുന്നത്‌ അതിനെ ആശയപരമായി അനുകൂലിക്കുന്ന രാഷ്ട്രീയപാർടിയെ കൂടെനിർത്തിയുള്ള സമരം എങ്ങനെ വിജയിക്കും?

അതേസമയം, പുറത്തുനിന്ന്‌ സമരത്തിനു പിന്തുണ സംഘടിപ്പിക്കാൻ കോൺഗ്രസിന്‌ കഴിയുമായിരുന്നു. അവർക്ക്‌ സ്വാധീനമുള്ള ഒരിടത്തും കോൺഗ്രസ്‌ നേതാക്കൾ സമരത്തെ പിന്തുണച്ചില്ല. പഞ്ചാബിൽ കർഷകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ കേന്ദ്രസർക്കാരിൽ പങ്കാളിയായിരുന്ന ശിരോമണി അകാലിദൾ(എസ്‌എഡി) എൻഡിഎ വിട്ടു. കാർഷികനിയമങ്ങളെ എതിർത്തില്ലെങ്കിൽ നിലനിൽപ്പ്‌ അപകടത്തിലാകുമെന്ന്‌ കണ്ടപ്പോഴാണ്‌ അമരീന്ദർസിങ്‌ സർക്കാർ കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്‌. ഇപ്പോൾ ബിജെപിയുമായി കൈകോർക്കാൻ അമരീന്ദർസിങ്‌ ശ്രമിക്കുന്നതിൽനിന്ന്‌  കാര്യങ്ങൾ വ്യക്തമാണ്‌. അധികാരമോഹം  മാത്രമുള്ള കോൺഗ്രസിന്‌ ഒരിക്കലും ശിങ്കിടിമുതലാളിത്തത്തെ പിണക്കാൻ കഴിയില്ല. 

ഈ വസ്‌തുതകൾ മറച്ചുപിടിക്കാനും കർഷകസമരത്തിന്‌ കൃത്യമായ ദിശാബോധവും പിന്തുണയും നൽകിയ ഇടതുപക്ഷത്തെ തമസ്‌കരിക്കാനുമാണ്‌ വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. ലഖിംപുർ ഖേരിയിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ സന്ദർശനത്തെ മാധ്യമങ്ങൾ പർവതീകരിച്ചു.  എന്നാൽ, ഹരിയാനയിലെ കർണാലിൽ പൊലീസ്‌ മർദനത്തിൽ സുശീൽ കാജൽ എന്ന കർഷകൻ കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ്‌ ഉറക്കത്തിലായിരുന്നു. കാജലിന്റെ വീട്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വി ശിവദാസൻ എംപി എന്നിവരും അഖിലേന്ത്യ കിസാൻസഭ നേതാക്കളും സന്ദർശിച്ചു.  ഈ സന്ദർശനം  മാധ്യമങ്ങൾ പൊതുവെ അവഗണിച്ചു. കാർഷികനിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്തപ്രസ്‌താവന ഇറക്കാൻ പ്രതിപക്ഷത്തിന്‌ പ്രേരണ നൽകിയത്‌ ഇടതുപക്ഷ പാർടികളാണ്‌. സമരത്തിൽ ഇടതുപക്ഷത്തിന്റെ നിർണായക നേതൃത്വം കേന്ദ്രസർക്കാരും ബിജെപിയും തിരിച്ചറിഞ്ഞിരുന്നു. ഒരുഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഇക്കാര്യം പറഞ്ഞു.

നവഉദാരനയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പ്‌ അസാധ്യമാണെന്ന വാദം പൊളിഞ്ഞതിലുള്ള അങ്കലാപ്പ്‌ വലതുപക്ഷ കേന്ദ്രങ്ങൾക്കുണ്ട്‌. ‘പ്രതിപക്ഷത്തിനും തിരിച്ചടി’യെന്ന മട്ടിലുള്ള ആഖ്യാനങ്ങൾ അതിനാൽതന്നെ ബോധപൂർവമാണ്‌. ബിജെപിയുടെ പ്രതിപക്ഷം കോൺഗ്രസ്‌ മാത്രമാണെന്ന പ്രതീതി നിലനിർത്തേണ്ടത്‌ കോർപറേറ്റുകളുടെയും ആവശ്യമാണ്‌. ഇതിനുള്ള കളമൊരുക്കാനാണ്‌ അവർ മാധ്യമങ്ങളുടെ സഹായം തേടുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്ക്‌ പരിശോധിക്കാം. മത്സരിച്ച 436 സീറ്റിൽ 303 ഇടത്താണ്‌ ബിജെപി ജയിച്ചത്‌. 191 സീറ്റിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മുഖ്യമത്സരം. ഇതിൽ 175 സീറ്റിലും ബിജെപി ജയിച്ചു–-92 ശതമാനം ജയം. കോൺഗ്രസിതര പാർടികൾക്കെതിരെ ബിജെപിയുടെ വിജയശതമാനം 52 മാത്രമാണ്‌. കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബിജെപിയുടെ വിജയം 82 ശതമാനമായിരുന്നു. അഞ്ച്‌ സംസ്ഥാനത്ത്‌ ഇക്കൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ മുഖ്യഎതിരാളിയായ അസമിലും പുതുച്ചേരിയിലും മാത്രമാണ്‌ ബിജെപിക്ക്‌ ഭരണം ലഭിച്ചത്‌. ‘പ്രതിപക്ഷ’മായി കോൺഗ്രസിനെ കാണാൻ ആരാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ വ്യക്തം. ഈ ആഗ്രഹത്തിന്‌ കുടപിടിച്ചുകൊടുക്കുകയാണ്‌ മാധ്യമങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top