29 March Friday

കൊടുങ്കാറ്റാകുന്ന 
കർഷകപ്രതിഷേധം

എളമരം കരീംUpdated: Monday Sep 27, 2021

രാജ്യത്തെ കർഷകസംഘടനകൾ ആഹ്വാനംചെയ്‌ത തിങ്കളാഴ്‌ചത്തെ ഭാരത ബന്ദ് മോദി സർക്കാരിന്റെ കർഷക‐തൊഴിലാളി ദ്രോഹ നടപടികൾക്കെതിരായ കൊടുങ്കാറ്റായി മാറും. കർഷകർ നടത്തുന്ന ജീവന്മരണ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ജനങ്ങളാകെ രോഷാകുലരാണ്. 500 കർഷകസംഘടനയാണ് നേതൃത്വം നൽകുന്നത്. പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷികനിയമം പിൻവലിക്കുക, വൈദ്യുതിനിയമ ഭേദഗതി ഉപേക്ഷിക്കുക എന്നതാണ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. പ്രക്ഷോഭത്തിന്  10 ദേശീയ ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച കേരളത്തിൽ ഹർത്താൽ ആചരിക്കാൻ എൽഡിഎഫും യുഡിഎഫും ട്രേഡ് യൂണിയനുകളുടെ  സംയുക്തസമിതിയും ആഹ്വാനം നൽകി. കർഷകരും തൊഴിലാളികളും ഹർത്താൽ വിജയിപ്പിക്കാൻ സജീവമായി രംഗത്തുണ്ട്. നവ‐ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായാണ് കാർഷികമേഖല കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുന്ന മൂന്ന്‌ നിയമം മോദി സർക്കാർ പാസാക്കിയത്. ഫാർമേഴ്‌സ് എംപവർമെന്റ് ആൻഡ്‌ എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്‌ഷൻ അഷ്വറൻസ് ആൻഡ്‌ ഫാം സർവീസ് ആക്ട്‌, ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ്‌ കൊമേഴ്സ് പ്രൊമോഷണൽ ആൻഡ്‌ ഫെസിലിറ്റേഷൻ ആക്‌ട്‌, എസൻഷ്യൽ കമ്മോഡിറ്റീസ് (അമെന്റ്മെന്റ്) ആക്‌ട്‌ എന്നിവയാണ് കർഷകരുടെയും പാർലമെന്റിലെ പ്രതിപക്ഷ പാർടികളുടെയും എതിർപ്പ്‌ വകവയ്‌ക്കാതെ പാസാക്കിയെടുത്തത്. പാർലമെന്റ് നടപടിച്ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽ പറത്തി നിയമങ്ങൾ പാസാക്കുന്നതിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്‌തു. സമരം ആരംഭിച്ച കർഷകർക്കുനേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു. പൊലീസിന്റെ ബലപ്രയോഗവും കള്ളക്കേസുകളും നുണപ്രചാരവും വകവയ്‌ക്കാതെ  ഒമ്പതു മാസമായി കർഷകർ സമരത്തിൽ ഉറച്ചുനിൽക്കുകയാണ്.

കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം കുത്തകകളുടെ നിയന്ത്രണത്തിലാക്കുന്നതാണ് ഒന്നാമത്തെ നിയമം. നിലവിലുണ്ടായിരുന്ന സംഭരണ സംവിധാനവും താങ്ങുവിലയും ഇല്ലാതാകും. സ്വതന്ത്രവ്യാപാരം കർഷകർക്ക് ഗുണം ചെയ്യുമെന്ന സർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഉൽപ്പന്നങ്ങൾ കുറഞ്ഞവിലയ്‌ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. കർഷകർ കടക്കെണിയിലാകും. അവരുടെ കൃഷിഭൂമി ജപ്തി ചെയ്യപ്പെടും. ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും മുമ്പിലുണ്ടാകില്ല. ഉദാരവൽക്കരണനയത്തിന്റെ ഭാഗമായി സബ്സിഡികൾ വെട്ടിക്കുറച്ചതിന്റെ ഫലമായി കൃഷിച്ചെലവ് ഉയരുകയും ഉൽപ്പന്നങ്ങൾക്ക്  വില ലഭിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി 1991നു ശേഷം നാലുലക്ഷം കർഷകരാണ് രാജ്യത്താകെ ആത്മഹത്യ ചെയ്തത്. 1991‐2011ൽ  15 ദശലക്ഷം കർഷകരാണ് കൃഷി ഉപേക്ഷിച്ചത്. അവശ്യവസ്‌തുക്കൾ‐ അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ്, ഉള്ളി, പയർ വർഗങ്ങൾ‐ വൻതോതിൽ സംഭരിച്ച് പൂഴ്ത്തിവച്ച്  ജനങ്ങളെ കൊള്ളയടിക്കാൻ കുത്തകവ്യാപാരികൾക്ക് സൗകര്യം നൽകുന്നതാണ് മൂന്നാമത്തെ നിയമം. വിലക്കയറ്റം രൂക്ഷമാകും. ദരിദ്രജനത അക്ഷരാർഥത്തിൽ പട്ടിണിയിലാകും.

വൈദ്യുതി വിതരണമേഖല സ്വകാര്യകുത്തകകളെ ഏൽപ്പിക്കുന്ന നിയമം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഈ നീക്കം വൈദ്യുതനിരക്ക് കുത്തനെ ഉയർത്തും. കൃഷിക്കും വീട്ടാവശ്യത്തിനും മറ്റുമുള്ള സബ്സിഡികൾ ഇല്ലാതാക്കും. കർഷകരുടെ നടുവൊടിക്കുന്ന നിയമമാണ്‌ ഇത്. കർഷകസമരത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും ചെറുകിട കർഷകരാണ്. ധനിക കർഷകരിൽ ഒരുവിഭാഗവുംകൂടി അണിനിരന്നതോടെ സമരം കരുത്താർജിച്ചു. എന്നിട്ടും ഒരു പ്രാവശ്യംപോലും പ്രധാനമന്ത്രി കർഷക സംഘടനകളുമായി ചർച്ച നടത്തിയില്ല. കർഷകരെ  ശ്രദ്ധിക്കാത്ത കേന്ദ്രത്തിന്റെ ധിക്കാരത്തെ വെല്ലുവിളിച്ചാണ് വീണ്ടും ഭാരത ബന്ദിന് ആഹ്വാനം നൽകിയത്.

മോദി സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളെയും പൊതുമേഖലാ സ്വകാര്യവൽക്കരണത്തെയും ശക്തിയുക്തം എതിർത്തുകൊണ്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കുത്തകകൾക്കുവേണ്ടിയാണ് 29 തൊഴിൽ നിയമം നാല്‌ ലേബർ കോഡാക്കിയത്.  പാർലമെന്റ് പാസാക്കിയ നാല്‌ ലേബർ കോഡ്‌ തൊഴിലാളികളുടെ മൗലികാവകാശങ്ങൾ തകർക്കുന്നു. ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള നടപടികൾ സങ്കീർണമാക്കി. കൂട്ടായ വിലപേശലിനുള്ള അവകാശം  നിഷേധിച്ചു. ഐഎൽഒയും ഇന്ത്യൻ ലേബർ കോൺഫറൻസും അംഗീകരിച്ച മിനിമം വേതനതത്ത്വം അട്ടിമറിച്ചു. തൊഴിലാളികളുടെ കുറഞ്ഞ കൂലിയായി 202 രൂപയാണ് നിശ്ചയിച്ചത്.  അസംഘടിത പരമ്പരാഗത തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷയും നിയമത്തിൽ ഇല്ല. വ്യവസായ മുതലാളിവർഗ താൽപ്പര്യംമാത്രം നോക്കിയാണ് മോദി സർക്കാർ ലേബർ കോഡുകൾ കൊണ്ടുവന്നത്. ഭാവി തലമുറയ്ക്ക് ഒരു വ്യവസായത്തിലും സ്ഥിരംജോലി ലഭിക്കാത്തവിധം ഫിക്സഡ് ടേം എംപ്ലോയ്മെന്റ് എന്ന പുതിയ തൊഴിൽ സമ്പ്രദായം ഏർപ്പെടുത്തി. വ്യവസായമേഖലയിൽ തൊഴിൽ നിയമങ്ങൾ നടപ്പാകുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ലേബർ ഇൻസ്പെക്ടർമാരുടെ ഇൻസ്പെക്ഷൻ ഒഴിവാക്കി.

1991ൽ ആഗോളവൽക്കരണനയം ആരംഭിച്ചതുമുതൽ തുടങ്ങിയതാണ് പൊതുമേഖലാ ഓഹരിവിൽപ്പന.  2014ൽ ബിജെപി അധികാരത്തിൽ വന്നശേഷം തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും ചുളുവിലയ്‌ക്ക് വിൽക്കാൻ തുടങ്ങി. 2020‐21ൽ 1.2 ലക്ഷം കോടി രൂപയും 2021 ‐22ൽ 1.75 ലക്ഷം കോടി രൂപയും  ഓഹരി വിൽപ്പനയിലൂടെ സംഭരിക്കാനായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. കോവിഡ് പ്രതിസന്ധി കാരണവും തൊഴിലാളികളുടെ എതിർപ്പ് കാരണവും ഉദ്ദേശിച്ച രൂപത്തിൽ വിൽപ്പന നടന്നില്ല. അടുത്തകാലത്തായി കേന്ദ്ര സർക്കാരിന്റെ നികുതിയേതര വരുമാനത്തിൽ പൊതുമേഖലാ ഓഹരിവിൽപ്പന മുഖ്യ ഇനമാണ്. 2018ൽ ഒരു ലക്ഷം കോടി, 2019ൽ 85,000 കോടി, 2020ൽ 50,300 കോടി  എന്നിങ്ങനെയായിരുന്നു ഓഹരിവിൽപ്പന.

ബിപിസിഎൽ കമ്പനി, കൽക്കരി ഖനി, വിമാനത്താവളങ്ങൾ,  തുറമുഖങ്ങൾ, റെയിൽവേ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരണ ഭീഷണിയിലാണ്.  ഇലക്ട്രിക്കൽ‐നോൺ ഇലക്ട്രിക്കൽ യന്ത്രോൽപ്പാദനം, രാസവസ്തു ഉൽപ്പാദനം, രാസവളം, കപ്പൽ, വിമാനം, റെയിൽ എൻജിൻ ഉൽപ്പാദനം, ഹെവി മെഷിനറി എന്നിവയും സേവനമേഖലയിലെ വൈദ്യുതി, കൽക്കരി, എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ടെലികോം, പ്രരിരോധം, ഇലക്ട്രാണിക്‌സ്, ഫാർമസ്യൂട്ടിക്കൽ എന്നിവയും സ്വകാര്യവൽക്കരിക്കുന്നു.

ഇതിനെയെല്ലാം കടത്തിവെട്ടുന്നതാണ്, കഴിഞ്ഞ ആഗസ്‌ത്‌ 23ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച നാഷണൽ മോണട്ടൈസേഷൻ പൈപ്പ് ലൈൻ പദ്ധതി. ലക്ഷക്കണക്കിന് കോടികൾ മുടക്കി വികസിപ്പിച്ച ആസ്തികൾ, സ്വകാര്യ കുത്തകകളെ ഏൽപ്പിക്കാനാണ്‌  ഈ പദ്ധതി. ജനറൽ ഇൻഷുറൻസ് കോർപറേഷൻ, 41 ഓർഡനൻസ് ഫാക്ടറി എന്നിവയും സ്വകാര്യവൽക്കരിക്കുന്നു. ദേശസാൽക്കൃത ബാങ്കുകൾ ചിലത്‌ ഉടൻ സ്വകാര്യവൽക്കരിക്കും. മോഡിയെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന ബിജെപി സർക്കാരിന്റെ ‘രാജ്യസ്നേഹ’ത്തിന്റെ മോഡലാണ്‌ ഇത്.

പെട്രോൾ‐ഡീസൽ പാചകവാതക വിലകൾ, ദിവസേനയെന്നോണം ഉയരുകയാണ്. മോട്ടോർ  തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. പാചകവാതക സബ്സിഡി നൽകുന്നില്ല. ഇന്ധനങ്ങൾക്കുമേൽ വലിയ നികുതി ചുമത്തി ലക്ഷക്കണക്കിനു കോടി രൂപയാണ് കേന്ദ്ര സർക്കാർ കൈക്കലാക്കുന്നത്. ഭാരത്‌ ബന്ദ് വിജയിപ്പിക്കാൻ രംഗത്തിറങ്ങുന്ന തൊഴിലാളി സംഘടനകൾ മേൽപ്പറഞ്ഞ പ്രശ്നമെല്ലാം ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തും. കേരളം സമ്പൂർണ ഹർത്താൽ ആചരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും പ്രതിഷേധസമരം. വർഗീയതയെ ആയുധമാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് എക്കാലവും ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകാനാകില്ലെന്ന് ‘സെപ്തംബർ 27’ മോദിയെ പഠിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top