17 August Wednesday

അവർ നിങ്ങളുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യും

പ്രേംകുമാർUpdated: Thursday Dec 2, 2021

സർവപ്രതികൂല ഘടകങ്ങളെയും പ്രതിരോധങ്ങളെയും അവഗണിച്ച്‌ രാജ്യതലസ്ഥാനത്ത് കർഷകർ നടത്തിയ പ്രക്ഷോഭത്തിന്റെ വിജയം സമാനതകളില്ലാത്തതാണ്‌. കർഷകരുടെ നിശ്ചയദാർഢ്യത്തോടുള്ള പോരാട്ടത്തിന്റെ വിജയംതന്നെയാണ്‌ ഇത്. രാഷ്ട്രീയ–-സാമൂഹ്യ–-കാർഷിക മേഖലയിലെല്ലാം ഈ സമരവിജയം ഇടംപിടിച്ചു. പാർലമെന്റിൽ ഭരണകക്ഷിയുടെ ഭൂരിപക്ഷം ഉപയോഗിച്ച്‌ പാസാക്കിയെടുത്ത ജനവിരുദ്ധ കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതമായി. സമരം ചെയ്യുന്ന കർഷകരെ അവഗണിച്ചാൽ അവർ താനെ പിരിഞ്ഞുപോകുമെന്ന മനോഭാവത്തിലയിരുന്നു മോദി ഭരണകൂടം. എന്നാൽ, ആവശ്യം അംഗീകരിക്കുംവരെ ജീവൻ ത്യജിച്ചും സമരം ചെയ്യാൻ കർഷകർ സന്നദ്ധരായി. സ്ത്രീകളും കുട്ടികളും വയോധികരുമെല്ലാം ഒരേ ലക്ഷ്യത്തിനായി ഒറ്റക്കെട്ടായി അണിചേർന്നു. കടത്തിൽ ജനിക്കുകയും കടത്തിൽ ജീവിക്കുകയും കടംകയറി മരിക്കേണ്ടിവരികയും ചെയ്യുന്ന ഗ്രാമീണ കർഷകനോട് ഡൽഹിയിലെ കമ്പോളത്തിലേക്ക്‌ വിളവുകളുമായി വരൂ എന്ന ക്രൂരമായ ഫലിതമാണ്‌ കേന്ദ്രം പറഞ്ഞത്‌. കർഷകരുടെ വിഷമതകളെ നമുക്ക് കണ്ടില്ലെന്നു നടിക്കാം. കണ്ണടച്ചിരുട്ടാക്കാം. പതിവ് ആഘോഷങ്ങളിൽ മുഴുകാം. പക്ഷേ, കാർഷിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ എല്ലാവരും അനുഭവിക്കേണ്ടിവരുമെന്ന സത്യം മറന്നുപോകരുത്. നിയമം പിൻവലിച്ചെങ്കിലും താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതടക്കം മറ്റ്‌ ആവശ്യങ്ങൾകൂടി അംഗീകരിച്ച്‌ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്‌. അതിനായി പോരാട്ടം തുടരുകയാണ്‌.

ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികവും മുഖ്യഉപജീവനമാർഗമായി കാണുന്നത്‌ ഇന്നും കൃഷിതന്നെ. അതിനാൽത്തന്നെ കാർഷികമേഖലയിൽ വരുത്തുന്ന പരിഷ്കാരങ്ങളും നിയമനിർമാണങ്ങളുമെല്ലാം കോടിക്കണക്കിന് മനുഷ്യരെ നേരിട്ടു ബാധിക്കും. കൃഷിയുടെ ജൈവികത മനസ്സിലേറുന്ന പാരമ്പര്യ കർഷകനെ സംബന്ധിച്ചിടത്തോളം കൃഷി തൊഴിൽ മാത്രമല്ല, ജീവിതശൈലിയും സംസ്കാരവും കൂടിയാണ്. പക്ഷേ, എല്ലാക്കാലത്തും കർഷകൻ അവഗണിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ചൂഷണവിധേയരാകുന്നു. കൃഷിക്കാരുടെ വോട്ട് നേടി അധികാരത്തിൽ എത്തിയശേഷം കർഷക വിരുദ്ധനയങ്ങൾ നടപ്പാക്കുന്നതിലെ വഞ്ചന പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

സ്വന്തമായി ഭൂമിയില്ലാത്തവരും ഒരൽപ്പ ഭൂമി മാത്രം സ്വന്തമായുള്ളവരും ഭൂമി പാട്ടത്തിനെടുത്തും വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന യഥാർഥ കർഷകരെക്കുറിച്ചാണ് നാം പറയുന്നത്‌. വൻകിട കൃഷിക്കാരെ കുറിച്ചല്ല. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിതസ്വപ്നങ്ങൾ നെയ്യുന്ന സാധാരണ കർഷകർ. പളപളപ്പുള്ള വിലകൂടിയ വസ്ത്രങ്ങൾ അണിയുന്നവരല്ല അവർ. ആർഭാടജീവിതത്തിന്റെ അടയാളമൊന്നും അവരിൽ ഉണ്ടാകില്ല. അതൊന്നും സ്വപ്നംകാണാൻ പോലും കഴിയാത്ത ഹതഭാഗ്യരാണ്‌ അവർ. കൊഴുപ്പേറിയ ഭക്ഷണം കഴിച്ച് ദുർമേദസ് കയറി കൊഴുത്ത രൂപങ്ങളല്ല. ചേറും ചെളിയും കറയും പറ്റിയ മുഷിഞ്ഞരൂപങ്ങൾ. മഞ്ഞും മഴയും തീവെയിലുമേറ്റ് കരിഞ്ഞുണങ്ങിയ രൂപങ്ങൾ. പക്ഷേ, കഠിനാധ്വാനത്തിന്റെ കരുത്തുറ്റ കാരിരുമ്പുപോലുള്ളവർ. ഓർക്കുക, ഒരുവേള അവർ മണ്ണിൽനിന്ന് തങ്ങളുടെ കൈകൾ പിൻവലിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും. അത്രമേൽ വിലമതിക്കപ്പെടേണ്ടവരാണ്‌ അവർ. പക്ഷേ, ഇന്ത്യ ഒരു കാർഷികരാജ്യമാണെന്നും ഇന്ത്യയുടേത് മഹത്തായ കാർഷിക സംസ്കാരമാണെന്നുമൊക്കെയുള്ള പാഠപുസ്തകപ്പെരുമയ്ക്കപ്പുറം ഭരണകൂടങ്ങളുടെ ക്രൂരമായ അവഗണന പേറുന്ന വിഭാഗമായി കർഷകർ മാറി.


 

കാലംതെറ്റിയെത്തുന്ന മഴയും വേനലും വന്യജീവി ആക്രമണങ്ങളുമൊക്കെ കർഷകജീവിതം ദുരിതപൂർണമാക്കുന്നു. വിത്തിനും വളത്തിനുമൊക്കെ സബ്സിഡികൾ നിർത്തലാക്കിയതും വിലകൂട്ടിയതുമൊക്കെ വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് വഴങ്ങിയും കൃഷിയിറക്കുന്ന കർഷകരെ ബാധിക്കുന്നു. ആദായമൊന്നും ലഭിക്കാതെ നിരന്തരം തിരിച്ചടി മാത്രം അഭിമുഖീകരിക്കേണ്ടി വരുന്നതോടെ അവർ പ്രതിസന്ധിയിലാകുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിലും കീടബാധകളിലും ആ സ്വപ്നങ്ങളെല്ലാം കരിഞ്ഞുണങ്ങുന്നു. ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, വിളകൾ വാങ്ങി സംഭരിക്കാതെ അധികാരികൾ കാട്ടുന്ന അനാസ്ഥ, ബാങ്കുകളുടെ ജപ്തിഭീഷണി, താങ്ങാകേണ്ട ഭരണകൂടങ്ങളുടെ നിസ്സംഗത, അധികാരികളുടെയും പൊതുസമൂഹത്തിന്റെയും അവഗണന –- എല്ലാം തുടരുന്നു. ഒടുവിൽ മനസ്സ്‌ തകർന്ന് ഒരുമുഴം കയറിലോ കീടനാശിനിയിലോ ജീവിതമൊടുക്കാൻ നിർബന്ധിതരാകുന്നു.

ഒരു ഇന്ത്യ, ഒറ്റ വിപണിയെന്ന മുദ്രാവാക്യം മുമ്പ് പലപ്പോഴായി ഉയർത്തിയ ഏകരാഷ്ട്രവാദത്തിന്റെ തുടർച്ചയാണ്. ഇതിൽ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ഭൂരിപക്ഷംപേരും അജ്ഞരാണ്. ഈ അജ്ഞതയാണ് എല്ലാക്കാലവും ഭരണാധികാരികളുടെ ആത്മവീര്യം വർധിപ്പിക്കുന്നത്. എന്നാൽ, കണ്ണീരുണങ്ങാത്ത പാടങ്ങളും നിലയ്ക്കാത്ത വിലാപങ്ങളും അന്തപ്പുരങ്ങൾ ഭേദിച്ചെത്തി ഇനിയും ഇത്തരം ഭരണാധിപന്മാരുടെ ഉറക്കംകെടുത്തുക തന്നെ ചെയ്യും.

കുത്തകകളെ പിന്തുണയ്ക്കുന്നവരുടെ പുരമെരിക്കാൻ പാകത്തിലുള്ള പ്രതിഷേധാഗ്നിയുടെ ജ്വാല ഒരിക്കലും കെട്ടുപോകാതെ സൂക്ഷിക്കേണ്ട കടമ നമ്മുടേതാണ്. സമരങ്ങൾ തോൽക്കാനുള്ളതല്ലെന്ന ബോധ്യം വരുംകാല ജനതയ്ക്ക് പകരണം. അത്തരം ബോധ്യങ്ങളുടെ രൂപപ്പെടലിലേക്കാണ് കർഷക സമരത്തിന്റെ വിജയം പടരേണ്ടത്‌. ‘കർഷകനെ പരിഗണിക്കുന്നതിനേക്കാൾ കോർപ്പറേറ്റുകളെ പുണരുന്നതാണ് ഉത്തമമെന്ന' പുത്തൻപാഠം ഭരണാധികാരികൾ ഇനിയെങ്കിലും ഉപേക്ഷിക്കണം.കൃഷിക്ക് അനുകൂല അവസ്ഥയുണ്ടാക്കി ഉൽപ്പന്നങ്ങൾക്ക് താങ്ങുവിലയും കർഷകന് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന സുതാര്യമായ നിയമങ്ങളും വ്യവസ്ഥകളുമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top