27 April Saturday

പെഗാസസിൽ കുരുങ്ങി മോഡി സർക്കാർ

എം പ്രശാന്ത്Updated: Saturday Jul 31, 2021

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാകുന്ന ഒട്ടനവധി വിഷയം പ്രതിപക്ഷ പാർടികൾക്ക്‌ മുന്നിലുണ്ടായിരുന്നു. കോവിഡ്‌ രണ്ടാം വ്യാപനത്തിൽ പ്രതിരോധ നടപടികളിലുണ്ടായ ഗുരുതര വീഴ്‌ച, സെഞ്ചുറി കടന്ന്‌ മുന്നേറുന്ന പെട്രോൾ–- ഡീസൽ വില, എട്ടുമാസത്തിലേറെയായി തുടരുന്ന കർഷകസമരം, കോവിഡ്‌ അടച്ചിടൽ സമ്പദ്‌വ്യവസ്ഥയ്‌ക്കേൽപ്പിച്ച ആഘാതം, അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം തുടങ്ങി കേന്ദ്രം പൂർണ പരാജയമായ വിഷയങ്ങളുടെ പട്ടിക നീളും. റഫേൽ അഴിമതിയിൽ ഫ്രാൻസ്‌ പ്രഖ്യാപിച്ച അന്വേഷണവും മോഡി സർക്കാരിന്‌ പ്രതിസന്ധിയായി. കോവിഡും ഇന്ധനവിലക്കയറ്റവും കർഷകസമരവും പ്രധാനവിഷയങ്ങളായി ഉയർത്താൻ സമ്മേളനത്തിന്‌ മുന്നോടിയായി ചേർന്ന പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ ധാരണയാകുകയും ചെയ്‌തു. പ്രതിപക്ഷം ഏതുവിഷയം ഉയർത്തിയാലും ചർച്ചയ്‌ക്കും മറുപടിക്കും ഒരുക്കമാണെന്ന്‌ സർക്കാരും പ്രഖ്യാപിച്ചു.

എന്നാൽ, ജൂലൈ 18ന്‌ പെഗാസസ്‌ ഫോൺ ചോർത്തൽ വിഷയത്തിലുണ്ടായ അപ്രതീക്ഷിത വെളിപ്പെടുത്തൽ സർക്കാരിന്റെ കണക്കുകൂട്ടലുകളെ പൊളിച്ചു. ഇരുസഭയിലും ആദ്യ ദിവസംമുതൽ പെഗാസസ്‌ ചോർത്തൽ മുഖ്യവിഷയമായി ഉയർന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊണ്ടതോടെ സർക്കാർ പതറി. കേന്ദ്ര ഐടി–- ഇലക്ട്രോണിക്‌സ്‌ മന്ത്രി അശ്വനി വൈഷ്‌ണവ്‌, പെഗാസസ്‌ വിഷയത്തിൽ നടത്തിയ പ്രസ്‌താവന തീർത്തും ദുർബലമായി. ഏതെങ്കിലും ഇന്ത്യൻ ഏജൻസി ഇസ്രയേലിൽനിന്ന്‌ പെഗാസസ്‌ ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയോ ഇല്ലയോ എന്ന്‌ വിശദീകരിക്കാൻപോലും മന്ത്രിക്കായില്ല. ഇന്ത്യയിൽ നിയമവിരുദ്ധ നിരീക്ഷണം സാധ്യമല്ലെന്നും മാധ്യമറിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്നും പറഞ്ഞ്‌ രക്ഷപ്പെടാനായിരുന്നു മന്ത്രിയുടെ ശ്രമം. രാജ്യസഭയിൽ പ്രസ്‌താവന നടത്തി മണിക്കൂറുകൾക്കകം ചോർത്തൽ പട്ടികയിൽ മന്ത്രി അശ്വനി വൈഷ്‌ണവിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിന്‌ കൂടുതൽ നാണക്കേടായി. വിഷയത്തിൽ ചർച്ചയും അന്വേഷണപ്രഖ്യാപനവുമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. എന്നാൽ, ചർച്ചപോലും സാധ്യമല്ലെന്ന നിഷേധാത്മക നിലപാടിലാണ്‌ മോഡി സർക്കാർ. പെഗാസസ്‌ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ വർഷകാല സമ്മേളനത്തിന്റെ ആദ്യ രണ്ടാഴ്‌ചയും പൂർണമായി സ്തംഭിച്ചു. സർക്കാരിന്‌ ആവശ്യമായ ചില ബില്ലുകൾ ചർച്ചകൂടാതെ പാസാക്കി അടുത്തയാഴ്‌ചയോടെ സമ്മേളനം അവസാനിപ്പിക്കാൻ നീക്കമുള്ളതായും റിപ്പോർട്ടുകളുണ്ട്‌.

പെഗാസസ്‌ വിഷയത്തിൽ ‘ദി വയർ’ ഓരോ ദിവസവും പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകൾ സർക്കാരിന്‌ കൂടുതൽ ക്ഷീണമായി. കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷത്തെ ഉന്നത നേതാക്കൾ, സംഘപരിവാർ നേതാക്കൾ, സുപ്രീംകോടതി ജഡ്‌ജി, തെരഞ്ഞെടുപ്പ്‌ കമീഷണർ, സിബിഐ മേധാവിയടക്കം ഏജൻസിയിലെ ഉന്നതർ, സൈനിക–-ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, വ്യവസായ പ്രമുഖർ തുടങ്ങി പുറത്തുവന്ന പേരുകൾ കണ്ട്‌ രാജ്യമാകെ ഞെട്ടി. ‘ബിഗ്‌ ബ്രദർ‘ നിരീക്ഷിക്കാത്തതായി ആരുമില്ലെന്ന അടക്കം പറച്ചിൽ സംഘപരിവാർ ക്യാമ്പിലടക്കം ഉയർന്നു.


 

രാഷ്ട്രത്തലവൻമാരടക്കം അര ലക്ഷത്തിലേറെ പേരാണ്‌ പെഗാസസ്‌ പട്ടികയിലുള്ളത്‌. ഇന്ത്യയിൽനിന്ന്‌ മുന്നൂറിലേറെ പേരുണ്ട്‌. മാധ്യമറിപ്പോർട്ടുകൾ കേന്ദ്രം നിഷേധിക്കുമ്പോഴും പെഗാസസ്‌ നിർമാതാക്കളായ എൻഎസ്‌ഒ നിഷേധിച്ചിട്ടില്ലെന്നത്‌ ശ്രദ്ധേയം. മാത്രമല്ല, ഫ്രാൻസിന്റെ പരാതിയെത്തുടർന്ന്‌ ഇസ്രയേൽ എൻഎസ്‌ഒയ്‌ക്കെതിരായി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പെഗാസസ്‌ ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ഇസ്രയേൽ ഫ്രാൻസിനെ അറിയിച്ചിട്ടുണ്ട്‌. വിദേശരാജ്യങ്ങൾ ഇത്രയേറെ ഗൗരവത്തിൽ പരിഗണിക്കുന്ന വെളിപ്പെടുത്തലിനെയാണ്‌ പരമാവധി മൂടിവച്ച്‌ ചർച്ചതന്നെ ഇല്ലാതാക്കാൻ മോഡി സർക്കാർ ശ്രമിക്കുന്നത്‌.

സ്‌റ്റാൻഡിങ്‌ കമ്മിറ്റിയിലും
 നിഷേധനിലപാട്‌
ലോക്‌സഭയിലും രാജ്യസഭയിലും മാത്രമല്ല, പാർലമെന്റിന്റെ ഐടി സ്‌റ്റാൻഡിങ്‌ കമ്മിറ്റിയിലും പെഗാസസ്‌ വിഷയം ചർച്ചയാകാതിരിക്കാൻ ഭരണപക്ഷം കിണഞ്ഞുശ്രമിച്ചു. ബുധനാഴ്‌ച ഐടി സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചേർന്നപ്പോൾ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഡാറ്റാ സുരക്ഷയും സ്വകാര്യതയും എന്ന വിഷയം അജൻഡയിൽ ഉൾപ്പെട്ടിരുന്നു. ആഭ്യന്തരം, ഐടി–- ഇലക്ട്രോണിക്‌സ്‌, ടെലികോം മന്ത്രാലയങ്ങളുടെ പ്രതിനിധികളെയും യോഗത്തിലേക്ക്‌ വിളിച്ചിരുന്നു. പെഗാസസ്‌ വിഷയം ചർച്ചയാക്കാനാണ്‌ കമ്മിറ്റി അധ്യക്ഷനായ ശശി തരൂരിന്റെ നീക്കമെന്ന്‌ ബിജെപി ആശങ്കപ്പെട്ടു. കമ്മിറ്റി ചേർന്നുതുടങ്ങിയപ്പോൾത്തന്നെ ബിജെപി അംഗങ്ങൾ പ്രകോപനമുദ്രാവാക്യങ്ങൾ മുഴക്കി അലങ്കോലപ്പെടുത്തി. അധ്യക്ഷൻ അജൻഡ മുൻകൂട്ടി അറിയിക്കുന്നില്ലെന്നും മറ്റുമായിരുന്നു ബിജെപിയുടെ ആക്ഷേപം. തുടർന്ന്‌, രജിസ്‌റ്ററിൽ ഒപ്പുവയ്‌ക്കാതെ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി. ഇതോടെ മുപ്പതംഗ സമിതി ക്വാറം തികയാതെ പിരിഞ്ഞു. കമ്മിറ്റി ചേരാനായില്ലെന്നു മാത്രമല്ല, ഹാജരാകാൻ നിർദേശിക്കപ്പെട്ടിരുന്ന ആഭ്യന്തരം അടക്കമുള്ള മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എത്തിയതുമില്ല. ഇതും കേന്ദ്ര നിർദേശപ്രകാരമാണെന്ന്‌ വ്യക്തം. സ്‌റ്റാൻഡിങ്‌ കമ്മിറ്റിയിൽപോലും ബിജെപി അംഗങ്ങൾ കാട്ടുന്ന അസ്വസ്ഥത പെഗാസസ്‌ വിഷയത്തിൽ മോഡി സർക്കാരിന്‌ ഒട്ടേറെ കാര്യങ്ങൾ ഒളിച്ചുവയ്‌ക്കാനുണ്ടെന്നതിന്‌ തെളിവാണ്‌.

സഭാധ്യക്ഷൻമാരുടെ പക്ഷപാതിത്വം
ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാധ്യക്ഷനും പൊതുവിൽ സർക്കാരിന്‌ അനുകൂലനിലപാട്‌ എടുക്കുന്നതിൽ അസ്വഭാവികതയില്ല. എന്നാൽ, രണ്ടാം മോഡിസർക്കാരിൽ അധ്യക്ഷൻമാരുടെ പക്ഷപാതിത്വം എല്ലാ സീമയും ലംഘിക്കുകയാണ്‌. ഏകപക്ഷീയമായി നടപടികൾ കൊണ്ടുപോകാനാണ്‌ അധ്യക്ഷൻമാരുടെ ശ്രമം. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടുകൂടി കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ കാർഷിക ബില്ലുകൾ ശബ്‌ദവോട്ടോടെ പാസാക്കിയത്‌ അധ്യക്ഷൻമാരുടെ പക്ഷപാതിത്വത്തിന്‌ ഉദാഹരണം. അതേ പക്ഷപാതിത്വം മാറ്റമില്ലാതെ തുടരുകയാണ്‌. പെഗാസസ്‌, കർഷകപ്രക്ഷോഭം, ഇന്ധനവില തുടങ്ങി നിരവധിയായ വിഷയങ്ങളിൽ പ്രതിപക്ഷം തുടർച്ചയായി അടിയന്തരപ്രമേയ നോട്ടീസ്‌ നൽകിയിട്ടും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നതിനെ മോശം പ്രവണതയായി ചിത്രീകരിക്കാനുമാണ്‌ ലോക്‌സഭാ സ്‌പീക്കറുടെയും രാജ്യസഭാധ്യക്ഷന്റെയും ശ്രമം. ലോക്‌സഭയിൽ പ്രതിപക്ഷത്തെ 13 എംപിമാരെ സ്‌പീക്കർ ഓം ബിർള താക്കീത്‌ ചെയ്‌തു. എന്നാൽ, പെഗാസസ്‌ വിഷയത്തിൽ ചർച്ചയ്‌ക്ക്‌ സന്നദ്ധമാകാൻ ഒരു ഘട്ടത്തിൽപ്പോലും സർക്കാരിന്‌ നിർദേശം നൽകാൻ സഭാധ്യക്ഷൻമാർ തയ്യാറായില്ല. ബില്ലുകൾ ചർച്ചകൂടാതെ പാസാക്കുന്ന കാര്യത്തിലും സർക്കാരിനൊപ്പമാണ്‌ സഭാധ്യക്ഷൻമാർ. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ധനവിനിയോഗ ബില്ലുകളടക്കം നിരവധി ബില്ലുകൾ ഇരുസഭയും ചർച്ചകൂടാതെ പാസാക്കി.

കിസാൻ പാർലമെന്റ്‌
പെഗാസസ്‌ വിഷയത്തിൽ പാർലമെന്റ്‌ തുടർച്ചയായി സ്‌തംഭിക്കുമ്പോൾ വിളിപ്പാടകലെ ജന്ദർമന്ദറിൽ കിസാൻ പാർലമെന്റ്‌ എല്ലാ ദിവസവും ചേർന്ന്‌ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തു. പാർലമെന്റ്‌ സമ്മേളിക്കുന്ന എല്ലാ ദിവസവും കിസാൻ പാർലമെന്റുമുണ്ട്‌. കിസാൻസഭയടക്കം വിവിധ സംഘടനയെ പ്രതിനിധാനംചെയ്‌ത്‌ ഇരുനൂറുവീതം കർഷകർ പങ്കെടുക്കുന്നുണ്ട്‌. സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ഒക്കെയായി പാർലമെന്റിലെ നടപടിക്രമങ്ങൾക്ക്‌ സമാനമാണ്‌ വിവിധ സെഷനിലായി ചേരുന്ന കിസാൻ പാർലമെന്റ്‌. മന്ത്രിമാരുടെ വേഷവും കർഷകർക്കുതന്നെ. കിസാൻ പാർലമെന്റിൽ ‘കൃഷി മന്ത്രി’ രാജിപ്രഖ്യാപനം നടത്തിയത്‌ ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി. വനിതാ കർഷകർ മാത്രമായും ഒരു ദിവസം ചേർന്നു. പാർലമെന്റിൽ ചർച്ചകൾക്ക്‌ മുഖംതിരിഞ്ഞു നിൽക്കുന്ന മോഡി സർക്കാരിന്‌ വിരുദ്ധമായി ജനാധിപത്യത്തിന്റെ നല്ല പാഠങ്ങൾ പകരുകകൂടിയാണ്‌ കിസാൻ പാർലമെന്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top