29 March Friday

കർഷകസമരം ദേശീയ രാഷ്ട്രീയത്തിലെ വഴിത്തിരിവ് - പി കൃഷ്‌ണപ്രസാദ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022

രാജ്യത്ത്‌ തുടർന്നുകൊണ്ടിരിക്കുന്ന കർഷകസമരം ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള രാഷ്ട്രീയ സംവാദങ്ങളെത്തന്നെ മാറ്റിമറിച്ചു. സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനു കീഴിൽ ഇന്ത്യയിൽ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ പ്രക്രിയക്ക്‌ ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി അതിർത്തിയിലെ കർഷകസമരത്തിന്റെ വിജയം. കർഷകരുടെ യോജിച്ച സമരത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നതിനുശേഷം പ്രധാന ഭരണകക്ഷിയായ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ അനുകൂല മാധ്യമങ്ങളിൽനിന്ന് ശക്തമായ വിമർശം ഏറ്റുവാങ്ങുകയാണ്‌. കർഷകരുടെ സംയുക്ത സമരം പെട്ടെന്ന്‌ ഉയർന്നുവന്നതോ യാദൃച്ഛികമോ ആയിരുന്നില്ല. നവ ഉദാരവൽക്കരണ പരിഷ്‌കാരങ്ങൾക്കെതിരെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള തൊഴിലാളിവർഗവും കർഷകപ്രസ്ഥാനവും സ്ഥിരവും ബോധപൂർവവുമായി നടത്തിക്കൊണ്ടിരുന്ന സമരങ്ങളുടെ തുടർച്ചയായിരുന്നു. 1991-ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നരസിംഹ റാവു സർക്കാരിന്റെ കാലത്താണ് ഉദാരവൽക്കരണം ആരംഭിച്ചത്. 1994-ൽ ലോകവ്യാപാര കരാറിൽ (ഡബ്ല്യുടിഒ) കരാരിൽ ഒപ്പിട്ടു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തൊഴിലാളിവർഗവും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയും ഉദാരവൽക്കരണ നയങ്ങൾക്കെതിരെ തുടർച്ചയായി സമരങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അവരുടെ നേതൃത്വത്തിൽ ഇരുപതോളം അഖിലേന്ത്യാ പൊതുപണിമുടക്കുകൾ സംഘടിപ്പിച്ചു. അടുത്തിടെ നടന്നതുൾപ്പെടെ പല പണിമുടക്കും കർഷക പ്രസ്ഥാനത്തിന്റെ സജീവ പിന്തുണയോടെയായിരുന്നു.

പരിഷ്‌കാരങ്ങൾ പുതിയ സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്ന മിഥ്യാധാരണ അടുത്തകാലംവരെ കർഷകർക്കിടയിൽ, പ്രത്യേകിച്ച് സമ്പന്നരായ കർഷകർക്കിടയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ അനുഭവത്തിലൂടെ തെളിയിക്കപ്പെട്ട അത്തരം ആശയക്കുഴപ്പം ഇപ്പോൾ അവശേഷിക്കുന്നില്ല. ഈ പുതിയ തിരിച്ചറിവ് കർഷകർക്ക് ഐക്യത്തോടെ സമരം നടത്താനും നവ ഉദാരവൽക്കരണ ശക്തികൾക്കെതിരെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സജീവമായ പിന്തുണയോടെ ശ്രദ്ധേയമായ വിജയം നേടാനും സഹായിച്ചു. ഇതൊരു നിർണായക നേട്ടമാണ്. സാമ്രാജ്യത്വവും മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളും തമ്മിൽ അന്തർദേശീയ തലത്തിൽ വൈരുധ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ സമീപകാല സമരങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ലോക മുതലാളിത്ത വ്യവസ്ഥ വ്യവസ്ഥാപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌. 2008-ൽ അമേരിക്കയിൽ കടുത്ത പ്രതിസന്ധിക്കുശേഷം ലോകസമ്പദ്‌ വ്യവസ്ഥ വലിയ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. മാന്ദ്യം കൂടുതൽ തീവ്രമായി ഇന്ത്യയിലും വലിയ സ്വാധീനം ചെലുത്തുന്നു. പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കുന്നത്‌ ഭരണവർഗ സഖ്യങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനാൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, അനിയന്ത്രിതമായ വിലക്കയറ്റം, സാമൂഹ്യസുരക്ഷാ നടപടികളുടെ അഭാവം ഭക്ഷ്യസുരക്ഷ, സാർവത്രിക ആരോഗ്യം.


 

-വിദ്യാഭ്യാസം എന്നിവയെ അപകടപ്പെടുത്തുന്നു. പൊതുവിതരണ സംവിധാനവും ഫലപ്രദമായി നടപ്പാക്കാനാകുന്നില്ല. പല സംസ്ഥാന സർക്കാരും ജീവനക്കാർക്ക് ശമ്പളവും പെൻഷനും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ കടുത്ത പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. കർഷക സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണഫലം ഇന്ത്യയിൽ ഉയർന്നുവരുന്ന തൊഴിലാളി- കർഷകസഖ്യമാണ്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും നിർണായകമായ രാഷ്ട്രീയ പ്രശ്‌നമായി കാർഷിക പ്രശ്‌നത്തെ ഉയർത്തിക്കൊണ്ടുവരാനായി. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ആദ്യമായി ദേശീയ രാഷ്ട്രീയത്തിൽ ഭരണവർഗ സഖ്യവും തൊഴിലാളികളുടെയും കർഷകരുടെയും ഐക്യപ്രക്ഷോഭവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു സാക്ഷ്യംവഹിച്ചേക്കാം. ഈ വൈരുധ്യം ദേശീയ രാഷ്ട്രീയത്തിന്റെ ഭാവിസ്വഭാവം തീരുമാനിക്കും.

ഇന്ത്യയിലെ കാർഷിക പ്രതിസന്ധി പ്രധാനമായും നിലനിൽക്കുന്നത് മുതലാളിത്ത വികസനഘട്ടത്തിൽ പൂർത്തീകരിക്കാത്ത കാർഷിക പരിഷ്കാരങ്ങളുടെ മൂന്നു വശംമൂലമാണ്. ഒന്നാമതായി- അർഹതപ്പെട്ടവർക്ക്‌ ഭൂമി വിതരണം ചെയ്‌ത്‌ ഭൂപരിഷ്കരണം പൂർത്തീകരിക്കാത്തത്, രണ്ടാമത് -സംസ്‌കരണത്തിനും മൂല്യവർധനയ്ക്കുംവേണ്ടിയുള്ള കാർഷികാധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കാത്തത്‌, മൂന്നാമത് - കാർഷികോൽപ്പന്നങ്ങൾക്ക് ആദായകരമായ വില, സുസ്ഥിരമായ തൊഴിൽ, കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം എന്നിവ ഉറപ്പാക്കി ആഭ്യന്തരവിപണി സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ഭൂപരിഷ്‌കരണം നടപ്പാക്കിയ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുംപോലും അവസാന രണ്ട്‌ കടമ സമഗ്രമായി ഏറ്റെടുത്തു നടപ്പാക്കിയിട്ടില്ല. ഇത്‌ ഇന്ത്യൻ, വിദേശ കോർപറേറ്റ് ശക്തികൾക്ക്‌ കാർഷിക വ്യാപാരത്തിലും കാർഷിക സംസ്കരണത്തിലും ആധിപത്യം സ്ഥാപിക്കാനും യഥാർഥ വിലയും മിനിമംകൂലിയും നിഷേധിച്ചുകൊണ്ട് കർഷകരെ കഠിനമായി ചൂഷണം ചെയ്യാനും സഹായകരമാക്കുന്നു. കർഷകരെ കടുത്ത കടബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടതിന്റെയും കർഷകരെ ദരിദ്രരാക്കുന്നതിന്റെയും പിന്നിലെ കാരണമിതാണ്‌. ഒപ്പം ഗ്രാമങ്ങളിൽനിന്ന്‌ നഗരങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റത്തിനും വഴിവച്ചു. 

കോർപറേറ്റ് ചൂഷണം തടയാനുള്ള കാർഷിക പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനുപകരം ബിജെപി-–-ആർഎസ്എസ് നേതൃത്വത്തിലുള്ള മോദി സർക്കാർ -നവ ഉദാരവൽക്കരണത്തിനും സാമ്രാജ്യത്വശക്തികൾക്കും കീഴടങ്ങി ഇന്ത്യൻ കാർഷികമേഖലയെ വലിയതോതിലുള്ള കോർപറേറ്റുവൽക്കരണത്തിലേക്ക്‌ തള്ളിവിട്ടു. ഭൂപരിഷ്‌കരണത്തിനും കർഷകർക്കിടയിൽ കൃഷിഭൂമി പുനർവിതരണം ചെയ്യാനും ചരിത്രത്തിലൊരിക്കലും ബിജെപി–--ആർഎസ്എസ് കൂട്ടുകെട്ട് നിലകൊണ്ടിട്ടില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളൊന്നും ഇതുവരെ ഈ ദൗത്യം ഏറ്റെടുത്തിട്ടില്ല. മിനിമംകൂലി പോലും നിഷേധിക്കുന്ന തൊഴിലാളി വിരുദ്ധമായ നാല്‌ ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരണത്തിനായി നടപ്പാക്കുന്ന ദേശീയ ധനസമ്പാദന പൈപ്പ്‌ലൈൻ പദ്ധതി നിർത്തലാക്കുക, കർഷകർക്ക് ആദായവിലയും കർഷകത്തൊഴിലാളികൾക്ക് സുസ്ഥിരമായ തൊഴിലിനൊപ്പം മിനിമം വേതനവും ഉറപ്പുവരുത്തുകയെന്നത്‌ ഇന്ന് മുഴുവൻ കർഷകരുടെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും പ്രധാന ആവശ്യങ്ങളായി മാറി. നവലിബറൽ ശക്തികൾക്കെതിരായ പോരാട്ടം ഏറ്റെടുക്കാൻ മൂന്ന് പ്രധാന ഉൽപ്പാദക വർഗങ്ങളായ- തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർ ഇന്ന് ഒറ്റക്കെട്ടാണ്.

കർഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിൽ, സമരത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്, അത് കോർപറേറ്റുവിരുദ്ധ ജനകീയ ഐക്യം രൂപപ്പെടുത്തിയെന്നതാണ്. അദാനി സൂപ്പർ മാർക്കറ്റുകൾ, റിലയൻസ് പെട്രോൾ പമ്പുകൾ, ജിയോ സിംകാർഡുകൾ ബഹിഷ്‌കരിക്കാനും ടോൾ പ്ലാസകൾ മോചിപ്പിക്കാനും ആഹ്വാനം ചെയ്‌തതുമാണ്‌ സമരക്കാരെ കോർപറേറ്റുശക്തികളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിൽ എത്തിച്ചത്. തങ്ങളെ ചൂഷണം ചെയ്യുന്ന യഥാർഥ വർഗശത്രുക്കളെ തിരിച്ചറിയാൻ ഈ സമര രൂപങ്ങൾ കർഷകരെ സഹായിച്ചിട്ടുണ്ട്. നവലിബറൽ ശക്തികൾക്കും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യയിലുടനീളം ഈ സമരം വ്യാപിക്കേണ്ടതുണ്ട്. ബിജെപി-–-ആർഎസ്എസ് കൂട്ടുകെട്ടിന്റെ വർഗീയവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തെ ചെറുക്കുന്നതിന്‌ കർഷകരുടെ യോജിച്ച സമരത്തിലുടെ സാധിച്ചെന്നതും പ്രധാന നേട്ടമാണ്‌. യഥാർഥ വർഗ, ഉപജീവന പ്രശ്നങ്ങൾ മുഖ്യധാരാ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച സമരത്തിലൂടെ സാധിച്ചു. ഇത് ഒരുതരത്തിലും ചെറിയ കാര്യമല്ല. യഥാർഥ ഉപജീവനപ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗസമരങ്ങൾക്കു മാത്രമേ വർഗീയവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാൻ കഴിയൂ. ജനങ്ങളെ വർഗീയ, ജാതി അടിസ്ഥാനത്തിൽ വിഭജിച്ച്‌ നേട്ടം കൊയ്യാനുളള ബിജെപി രാഷ്ട്രീയത്തിനെതിരെ വരുംദിവസങ്ങളിൽ ദേശീയ തലത്തിൽ അടിസ്ഥാന വർഗങ്ങൾ ശ്രദ്ധേയമായ മുന്നേറ്റം നടത്തും. ചൂഷിത വിഭാഗങ്ങളെ വിഭജിക്കാൻ കോർപറേറ്റുശക്തികൾ വളരെയധികം ആശ്രയിക്കുന്ന ആധുനിക ഇന്ത്യയിൽ വർഗീയ രാഷ്ട്രീയത്തിന്റെ അവസാനത്തിന്റെ തുടക്കമാണ്‌ ഇത്. വലതുപക്ഷ രാഷ്ട്രീയ പാർടികൾ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി പ്രയോഗിക്കുന്ന തീവ്രവും മൃദുവായതുമായ വർഗീയ രാഷ്ട്രീയത്തെ ഈ ഉയർന്നുവരുന്ന പ്രശ്നാധിഷ്ഠിത വർഗസമരങ്ങളും പ്രസ്ഥാനങ്ങളും പരാജയപ്പെടുത്തും.

കർഷകരുടെയും തൊഴിലാളികളുടെയും ഐക്യവും കോർപറേറ്റുശക്തികൾക്ക്‌ എതിരായ ജനങ്ങളുടെ ഐക്യവും കോർപറേറ്റ്, വർഗീയ ശക്തികൾക്കെതിരായ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ വലിയ ഐക്യവുമാണ് ഇന്ന് ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തിന്റെ നെടുംതൂൺ. ഈ പുതിയ സാഹചര്യത്തോട് വ്യത്യസ്ത രാഷ്ട്രീയ പാർടികൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഏറ്റവും നിർണായകമായ വശം. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ ഒറ്റപ്പെടലും കാരണം ബിജെപിക്ക്‌ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവരും. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഒരു ദേശീയ ബദൽ എങ്ങനെ രൂപപ്പെടുമെന്നത് ഉൽപ്പാദക വർഗങ്ങളുടെ വർധിച്ചുവരുന്ന സമരങ്ങളെ ആശ്രയിച്ചിരിക്കും. സാമ്രാജ്യത്വ ചൂഷണത്തിൽനിന്ന് മുഴുവൻ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിലാളിവർഗവും കർഷകരും  ഒന്നിക്കുകയും ശക്തമായ പോരാട്ടങ്ങൾ അഴിച്ചുവിടുകയും വേണം. സംയുക്ത കർഷകമോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയും തമ്മിലുള്ള ഏകോപനം സംസ്ഥാന-, ജില്ലാ തലങ്ങളിലേക്കും തുടർന്ന്‌ ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമത്തിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുകയെന്നതാണ് തൊഴിലാളി-–-കർഷക ഐക്യത്തെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും വലിയ ഐക്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള വഴി.

(അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top