കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചയാകാൻ ഒരു നടന്റെ പരാമർശം വേണ്ടിവന്നുവെന്ന് ചിലർ തട്ടിവിടുന്നു. ഇത്തരക്കാരുടെ ഓർമക്കുറവ് അതിശയകരമാണ്. വിഖ്യാത മാധ്യമപ്രവർത്തകൻ പി സായിനാഥ് കർഷകപ്രശ്‌നങ്ങൾ മനസ്സിലാക്കാനും റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലും സഞ്ചരിച്ച വ്യക്തിയാണ്. കാൽനൂറ്റാണ്ടായി അദ്ദേഹം കർഷകരും കാർഷികമേഖലയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. സായിനാഥ് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: രാജ്യത്തെ ഏതു ഗ്രാമത്തിൽ ചെന്നാലും അവിടത്തെ കർഷകർ രണ്ടു കാര്യം കേട്ടിട്ടുള്ളവരാണ്. ഒന്ന്, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്. രണ്ട്, മഹാരാഷ്‌ട്രയിലെ കർഷകരുടെ ലോങ്‌മാർച്ച്.
കർഷകരുടെ ദുരിതങ്ങൾ കണക്കിലെടുത്ത്, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രൊഫ. എം എസ് സ്വാമിനാഥൻ അധ്യക്ഷനായി ദേശീയ കർഷക കമീഷൻ രൂപീകരിച്ചത് 2004 നവംബറിലാണ്. ഒരു മാസത്തിനകം കമീഷൻ ആദ്യ റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകി. ഇതിനു തുടർച്ചയായി 2005 ആഗസ്‌ത്, ഡിസംബർ, 2006 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി നാലു റിപ്പോർട്ടു കൂടി സമർപ്പിച്ചു. കാർഷികവിളകൾക്ക് മൊത്തം ഉൽപ്പാദനച്ചെലവ് കണക്കാക്കി അതിന്റെ 50 ശതമാനംകൂടി ചേർത്ത് മിനിമം താങ്ങുവില ഉറപ്പാക്കുക, പൊതുസംഭരണം കാര്യക്ഷമവും വിപുലവുമാക്കുക, സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കുക, മിച്ചഭൂമി കർഷകന് വിതരണം ചെയ്യുക, എല്ലാ വിളകൾക്കും ഇൻഷുറൻസ് ബാധകമാക്കുക, കർഷകരിലെ ആത്മഹത്യാ പ്രവണത തടയാൻ സാമൂഹ്യ ഇടപെടൽ നടത്തുക തുടങ്ങിയ നിർദേശങ്ങൾ ഈ റിപ്പോർട്ടുകളുടെ കാതലാണ്.
ഇടതുപക്ഷ പാർടികളുടെ സമ്മർദത്തെ തുടർന്ന് ഒന്നാം യുപിഎ സർക്കാർ ഈ ശുപാർശകൾ പരിമിതമായി നടപ്പാക്കി. രണ്ടാം യുപിഎ സർക്കാർ ധന–-കാർഷിക മേഖലകളിൽ ഉദാരവൽക്കരണം തീവ്രമാക്കിയതോടെ കർഷകരുടെ വരുമാനം ഇടിയുകയും കർഷകകുടുംബങ്ങൾ വ്യാപകമായി കടക്കെണിയിൽ കുടുങ്ങുകയും ചെയ്‌തു. 1995–- 2014 കാലത്ത് മൂന്നരലക്ഷത്തോളം കർഷകർ രാജ്യത്ത് ജീവനൊടുക്കിയെന്നാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണക്ക്. ഇത്തരത്തിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ കഴിയവെയാണ് 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി മോഹന വാഗ്‌ദാനം നൽകിയത്. ബിജെപിക്ക് അധികാരം ലഭിച്ചാൽ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം മിനിമം താങ്ങുവില നൽകുമെന്നായിരുന്നു പ്രഖ്യാപനം. വർഗീയ ധ്രുവീകരണത്തോടൊപ്പം ഈ വാഗ്‌ദാനവും, 2014ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി കസേരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
അധികാരം ലഭിച്ചതോടെ മോദിയും കൂട്ടരും കർഷകർക്ക് നൽകിയ വാഗ്‌ദാനം മറന്നുവെന്ന് മാത്രമല്ല, കാർഷികഭൂമി കോർപറേറ്റുകൾക്ക് അടിയറ വയ്‌ക്കാനുള്ള നിയമഭേദഗതിയുമായി രംഗത്തുവരികയും ചെയ്‌തു. വാണിജ്യാവശ്യങ്ങൾക്കായി കൃഷിഭൂമി ഏറ്റെടുക്കുമ്പോൾ കർഷകർക്ക് ന്യായവില ഉറപ്പു നൽകുന്നത് അട്ടിമറിക്കാനായിരുന്നു ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി. 2015ലെ പുതുവർഷദിനത്തിൽ ഇതിനായി ഇറക്കിയ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസിനെതിരെ രാജ്യമെമ്പാടും കർഷകരോഷം അലയടിച്ചു. 2015ലെ ബിഹാർ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതോടെ ഈ ഓർഡിനൻസ് പിൻവലിച്ചു. അതേസമയം കാർഷികവിളകൾക്ക് ന്യായവില കിട്ടാത്തത് നീറുന്ന പ്രശ്‌നമായി തുടർന്നു. 2015–-18 കാലത്ത് മഹാരാഷ്‌ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകരുടെ അതിശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. മധ്യപ്രദേശിലെ മന്ദ്‌സോറിൽ വിളകൾക്ക് ന്യായവില ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ കർഷകർക്കുനേരെ 2017 ജൂണിൽ പൊലീസ് നടത്തിയ വെടിവയ്‌പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. 2017 നവംബറിൽ ഡൽഹിയിൽ പതിനായിരക്കണക്കിന് കർഷകർ പങ്കെടുത്ത പാർലമെന്റ് ചേർന്നു. ആദായകരമായ മിനിമം താങ്ങുവില ഉറപ്പാക്കുക, കാർഷികകടങ്ങൾ എഴുതിത്തള്ളുക എന്നിവ നടപ്പാക്കാൻ ആവശ്യപ്പെടുന്ന ബില്ലുകൾക്ക് കർഷകപാർലമെന്റ് രൂപം നൽകി. ഈ ബിൽ പരിഷ്‌കരിക്കാൻ രാജ്യമെമ്പാടുമായി 500 സെമിനാർ നടത്തി. രാജ്യസഭയിൽ കെ കെ രാഗേഷും ലോക്‌സഭയിൽ രാജുഷെട്ടിയും സ്വകാര്യബില്ലായി ഇത് അവതരിപ്പിച്ചു.
സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ താനെ, പാൽഗഢ് ജില്ലകളിലെ കർഷകർ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ മുംബൈയിലേക്ക് 200 കിലോമീറ്റർ ലോങ് മാർച്ച് നടത്തിയത് 2018 മാർച്ചിലാണ്. മൂന്നു വർഷമായി മഹാരാഷ്‌ട്രയിൽ ഉടനീളം നടത്തിവന്ന പ്രക്ഷോഭങ്ങളുടെ തുടർച്ച എന്ന നിലയിലാണ് ലോങ് മാർച്ച് സംഘടിപ്പിച്ചത്. 2018 അവസാനം നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെടാൻ മുഖ്യകാരണം കർഷകരോഷമായിരുന്നു. ഇതേത്തുടർന്ന് 2019ലെ ഇടക്കാല ബജറ്റിൽ മോദിസർക്കാർ ‘കർഷകപ്രേമം’ നടിച്ച് വാഗ്‌ദാനങ്ങൾ നൽകി.
ഭരണം നിലനിർത്താനായ ബിജെപി 2020ൽ കോവിഡിന്റെ മറവിൽ കാർഷികമേഖലയാകെ കോർപറേറ്റുവൽക്കരിക്കാൻ നടത്തിയ നിയമപരിഷ്‌കാരങ്ങളും ഇതിനെതിരായി കർഷകർ ഉയർത്തിയ മഹാപ്രതിരോധവും സമീപകാല അനുഭവമാണ്. ഒരു വർഷത്തിലേറെ ലക്ഷക്കണക്കിന് കർഷകർ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിനു മുന്നിൽ മോദിസർക്കാർ മാപ്പുപറഞ്ഞ് പിൻവാങ്ങിയതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാർഥ കാരണം മറച്ചുവച്ച് ഇതിനൊക്കെ ഉത്തരവാദികളായവരെ വെള്ളപൂശാൻ സഹായിക്കുന്ന വിധത്തിലാണ് ചിലർ മാനത്തുനിന്ന് പൊട്ടിവീണ മട്ടിൽ പ്രസ്‌താവനകൾ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..