04 October Tuesday
ഇന്ന്‌ അഖിലേന്ത്യാ 
പ്രതിഷേധം

രാജ്യം പ്രക്ഷോഭഭരിതം

എൻ ചന്ദ്രൻUpdated: Monday Aug 1, 2022

രാജ്യം പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് നീങ്ങുകയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കർഷകത്തൊഴിലാളികളടക്കമുള്ള ജനവിഭാഗങ്ങളുടെ ജീവിതം നിഷേധിക്കുന്ന നയങ്ങളും നടപടികളുമായി മുന്നോട്ടുപോകുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിശാലമായ കർഷകത്തൊഴിലാളി ഐക്യം പ്രക്ഷോഭ പന്ഥാവിലേക്ക് മുന്നേറുന്നു. ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ, ഭാരതീയ ഖേട് മസ്ദൂർ യൂണിയൻ, ഓൾ ഇന്ത്യ അഗ്രികൾച്ചറൽ ആൻഡ്‌ റൂറൽ ലേബർ അസോസിയേഷൻ, ഓൾ ഇന്ത്യ സംയുക്ത് കിസാൻ സഭ, ഓൾ ഇന്ത്യ അഗ്രഗാമി കൃഷി ശ്രമിക് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്ത കൺവൻഷനിൽ രാജ്യത്തെ കർഷകത്തൊഴിലാളികളുടെ ഇരുപത്തെട്ടിന ആവശ്യം കേന്ദ്രസർക്കാരിനു മുന്നിലേക്ക് വച്ചു. കർഷകത്തൊഴിലാളികളുടെ വേതനം, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ തുടങ്ങിയുള്ള എല്ലാ ആവശ്യങ്ങളോടും കേന്ദ്ര സർക്കാർ മുഖംതിരിഞ്ഞിരിപ്പാണ്.

കർഷകത്തൊഴിലാളികൾക്കായി ഒരു പ്രത്യേക നിയമനിർമാണത്തിന് കേന്ദ്രസർക്കാർ തയ്യാറായാൽ മാത്രമേ ഇന്നുള്ള ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ. കർഷകത്തൊഴിലാളികളുടെ പ്രധാനപ്പെട്ട ആവശ്യം സാക്ഷാൽക്കരിക്കുന്നതുവരെ രാജ്യം പ്രക്ഷോഭഭരിതമായിരിക്കും. ആഗസ്ത് ഒന്നിന്റെ അഖിലേന്ത്യാ പ്രതിഷേധദിനത്തിൽ കർഷകത്തൊഴിലാളി സംഘടനകൾ സംയുക്ത പ്രക്ഷോഭത്തിന്റെ പുതിയ ചരിത്രം കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കർഷകത്തൊഴിലാളിവിരുദ്ധ നയങ്ങളും നിലപാടും തിരുത്തിക്കുറിക്കുന്നതുവരെ തുടരുന്ന മഹാപ്രക്ഷോഭത്തിനാണ്  തുടക്കമാകുന്നത്.

കൂലിക്ക് തൊഴിലെടുക്കുന്നവരാണ് കർഷകത്തൊഴിലാളികൾ. ജനസംഖ്യയിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാണ് ഈ മേഖലയിലുള്ളത്. കാർഷികമേഖല പ്രതിസന്ധിയിലായതും ഗ്രാമീണ ഇന്ത്യയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും കർഷകത്തൊഴിലാളികളുടെ ജീവിതത്തെ നരകതുല്യമാക്കുന്നു. കൂടാതെ, ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. 2001-–-2011 കാലയളവിൽ  കർഷകത്തൊഴിലാളികളുടെ എണ്ണം 30 ദശലക്ഷമാണ് വർധിച്ചത്. അപ്പോൾ, കർഷകരുടെ എണ്ണത്തിൽ ഒമ്പത്‌ ദശലക്ഷത്തിന്റെ  കുറവുണ്ടായി. കൃഷിക്കാരേക്കാൾ കൂടുതലാണ് കർഷകത്തൊഴിലാളികളുടെ എണ്ണം. ചെറുകിട കൃഷിക്കാർ കടം തീർക്കാനായി സ്വന്തം ഭൂമി വിറ്റ് കർഷകത്തൊഴിലാളികളായി മാറുമ്പോൾ കാർഷികമേഖലയിലെ കൂലിപ്പണിക്കാരുടെ എണ്ണം   വർധിക്കുന്നു.  അനിയന്ത്രിതമായ യന്ത്രവൽക്കരണവും തൊഴിലാളികളെ മാറ്റിനിർത്തിയുള്ള സാങ്കേതികവിദ്യയുടെ വിവേചനരഹിതമായ ഉപയോഗവുംമൂലം കാർഷികമേഖലയിലെ തൊഴിൽദിനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. 

വടക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ  കർഷകരുമായി ഒരു ചർച്ചയും കൂടാതെ നെൽക്കൃഷിക്ക് നിശ്ചിത നിരക്ക് കൂലിയായി നൽകാനുള്ള ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഭൂപ്രഭുത്വകാലത്തെ തൊഴിൽസംസ്‌കാരത്തെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു. രാജ്യത്ത് കാർഷികമേഖലയിലെ മിനിമംകൂലി യഥാസമയം പരിഷ്‌കരിക്കപ്പെടുകയാണെങ്കിൽ ഇത്തരം ഉത്തരവുകളുടെ ആവശ്യകതയുണ്ടാകില്ല. തൊഴിലാളികൾക്ക് മാന്യമായ കൂലി നൽകാൻ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള കൂലി നിരക്കുകൾ നടപ്പാക്കാൻപ്പോലും രാജ്യത്ത് സംവിധാനങ്ങളില്ല എന്നതാണ് അവസ്ഥ. മിക്കവാറും സംസ്ഥാനങ്ങളിൽ ഭൂപരിഷ്‌കരണം നടക്കാത്തതിനാൽ കർഷകത്തൊഴിലാളികൾ  ഭൂവിഹിതത്തിനായി കാത്തിരിക്കുകയാണ്. ഭൂപരിഷ്‌കരണമെന്ന അജൻഡ മുന്നോട്ടുവയ്‌ക്കാൻ തൊഴിലാളിവിരുദ്ധ താൽപ്പര്യമുള്ള ഭരണകൂടം തയ്യാറാകുന്നില്ല. പകരം കോർപറേറ്റുകൾക്ക് ഭൂമി പതിച്ചുനൽകുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. 


 

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ, സാമ്രാജ്യത്വ പാദസേവകരായി ഉദാരവൽക്കരണ- സ്വകാര്യവൽക്കരണ നയങ്ങൾ കൂടുതൽ രൂക്ഷമായി അടിച്ചേൽപ്പിക്കുന്നു. കർഷകത്തൊഴിലാളികളടക്കമുള്ള ദുർബല ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന രീതിയിൽ സാമൂഹ്യക്ഷേമ പദ്ധതികളടക്കമുള്ള കരുതൽ നടപടികൾ കേരളത്തിൽ മാത്രമാണുള്ളത്. കേന്ദ്ര സർക്കാരിന്റെയും വലതുപക്ഷ ശക്തികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും ജനവിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ നയങ്ങൾ ഗ്രാമ-–-നഗര പ്രദേശങ്ങളിലെ ദരിദ്രജനവിഭാഗങ്ങളുടെ ജീവിതാവസ്ഥയെ പ്രതിസന്ധിയിലേക്ക് വലിച്ചെറിയുന്നു.

ദരിദ്രജനവിഭാഗങ്ങൾക്ക് രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പുവരെ ഇല്ലാതാക്കുന്ന മനോഭാവമാണ് കേന്ദ്രസർക്കാരിനുള്ളത്. തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. അതോടൊപ്പം ആർഎസ്എസ്–- സംഘപരിവാർ നടപ്പാക്കുന്ന ആക്രമണോത്സുകത കൂടിയാകുമ്പോൾ ജീവിതം വഴിമുട്ടുകയാണ്.  
കർഷകത്തൊഴിലാളികൾ മുന്നോട്ടുവയ്‌ക്കുന്ന ഇരുപത്തെട്ടിന ആവശ്യത്തിൽ പലതും കേരളത്തിൽ പ്രസക്തമല്ലാത്ത മുദ്രാവാക്യങ്ങളാണ്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന ഇടതുപക്ഷ സർക്കാരുകൾ കാലാകാലങ്ങളിൽ തൊഴിലാളികളുടെ ജീവിതത്തിന് കൈത്താങ്ങായി മാറിയിട്ടുണ്ട്. ഭൂപരിഷ്‌കരണം നടപ്പാക്കിയതും കർഷകത്തൊഴിലാളി പെൻഷനും മറ്റ് സാമൂഹ്യക്ഷേമ സംവിധാനങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയതും ഭവനരഹിതർക്ക് ലൈഫ്മിഷൻ വഴി പാർപ്പിടം ഒരുക്കിയും അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള നടപടികൾ കൈക്കൊണ്ടും പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് വാതിൽപ്പടി സേവനം ഒരുക്കിയും ഇടതുപക്ഷ സർക്കാർ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നു. എന്നാൽ, കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും കർഷകത്തൊഴിലാളികളുടെ ജീവിതത്തെ പരിഗണിക്കുന്നതേയില്ല.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഉദാരവൽക്കരണ - സ്വകാര്യവൽക്കരണ നയങ്ങളും കോർപറേറ്റ് സേവയും ഹിന്ദുത്വ അജൻഡയും കർഷകത്തൊഴിലാളികളുടെയും ഗ്രാമീണ ദരിദ്രരുടെയും ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ, യോജിച്ച പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ചെറുത്തുനിൽപ്പ് പടുത്തുയർത്താൻ സാധിക്കുകയുള്ളൂ. എന്നാൽ,  അത്തരത്തിലുള്ള കൂട്ടായ്മ ഉയർന്നുവരാതിരിക്കാൻ ദുരിതമനുഭവിക്കുന്ന ജനതയെ പല സ്വത്വങ്ങളാക്കി വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെയും അവരുടെ ഭരണത്തിന്റെയും ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങളെ മനസ്സിലാക്കി, പ്രതിരോധിച്ചുകൊണ്ട് കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളെയെല്ലാം തൊഴിലാളികളുടെ പൊതുവായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ യോജിപ്പിക്കാനും സമരശക്തിയാക്കി മാറ്റാനുമാണ് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്.  തിങ്കളാഴ്‌ചത്തെ അഖിലേന്ത്യാ പ്രതിഷേധത്തിൽ എല്ലാ സംസ്ഥാനത്തും കർഷകത്തൊഴിലാളികൾ സമരപഥത്തിലേക്കിറങ്ങും. കണ്ണുതുറക്കാത്ത കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ഇരമ്പിയാർക്കും.

(കെഎസ്‌കെടിയു ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top