26 April Friday

ഇതാണ്‌ കർഷകസമരത്തിന്‌ ഊർജം

സാജൻ എവുജിൻUpdated: Thursday Sep 2, 2021

പൊലീസിന്റെ ഭീകര മർദനമേറ്റ്‌ വാരിയെല്ല്‌ തകർന്ന രഖ്‌ബീർ സിങ്‌ മറ്റ് കർഷകർക്കൊപ്പം സംഭവം വിവരിക്കുന്നു ഫോട്ടോ കെ എം വാസുദേവൻ

ഡൽഹിയിൽനിന്ന്‌ ഗാസിയാബാദ്‌ വഴിയാണ്‌ കർണാലിലേക്ക്‌ പോയത്‌. കഴിഞ്ഞ വർഷം കലാപത്തിൽ കത്തിയെരിഞ്ഞ വടക്കുകിഴക്കൻ ഡൽഹിയിലെ പ്രദേശങ്ങളിൽ ദുരിതങ്ങൾക്കിടയിലും തിരക്കേറിയ ജീവിതം തിരിച്ചെത്തിയിരിക്കുന്നു. ഉത്തർപ്രദേശ്‌ അതിർത്തിയിലേക്ക്‌ കടന്നതോടെ ദേശീയപാതയിലാകെ കല്ലും കുഴികളുമായി. യാത്ര അസാധ്യമാക്കുംവിധം റോഡ്‌ പൊളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങൾ നിറഞ്ഞ പരസ്യബാനറുകൾക്കിടയിലൂടെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര. ഹരിയാനയിലെ കുണ്ട്‌ലിയിൽ എത്തുന്നതുവരെ ഈ അവസ്ഥ തുടർന്നു. സിൻഘുവിലെ 18 കിലോമീറ്റർ ദൈർഘ്യമുള്ള കർഷകസമരകേന്ദ്രത്തിന്റെ പ്രതിഫലനങ്ങൾ കുണ്ട്‌ലിയിലും കാണാം. പത്താം മാസത്തിലേക്ക്‌ കടന്ന സമരം മണ്ണിൽ നന്നായി വേരുപിടിച്ചു കഴിഞ്ഞു. സമരത്തെ നിത്യജീവിതത്തിന്റെ ഭാഗമെന്നോണം കർഷകരും നാട്ടുകാരും സ്വീകരിച്ചിരിക്കുന്നു. മഴയും മഞ്ഞും പൊള്ളുന്ന ചൂടും പ്രക്ഷോഭകർക്ക്‌ പൂമാല പോലെയായി.

കർണാലിൽ പൊലീസിന്റെ ഭീകരമർദനത്തിൽ കൊല്ലപ്പെട്ട കർഷകസമര ഭടൻ സുശീൽ കാജലിന്റെ കുടുംബത്തിനു അടിയന്തരസഹായം കൈമാറാൻ പോയ അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദിനൊപ്പമാണ്‌ ഞങ്ങൾ കുറച്ച്‌ മാധ്യമപ്രവർത്തകരുടെ യാത്ര. പാനിപ്പത്തിൽവച്ച്‌ കിസാൻസഭ ഹരിയാന സംസ്ഥാന സെക്രട്ടറി സുമീത്‌ സിങ്‌,  ജില്ലാസെക്രട്ടറി ഡോ. സുരേന്ദ്ര മലിക്‌ എന്നിവർ ഒപ്പം ചേർന്നു. പിന്നീട്‌ വഴിമധ്യേ കൂടുതൽ കിസാൻസഭ നേതാക്കളെത്തി. ബികെയു(ചദുനി) വിഭാഗത്തിനു താരതമ്യേന ശക്തി കൂടുതലുള്ള ജില്ലയാണ്‌ കർണാൽ. കൊല്ലപ്പെട്ട സുശീൽ ബികെയു പ്രവർത്തകനുമായിരുന്നു. സുശീലിന്റെ ഗ്രാമമായ റായ്‌പുർ ജത്തനിൽ എത്തിയപ്പോഴേയ്‌ക്കും നാൽപ്പതോളം കിസാൻസഭ നേതാക്കളും പ്രവർത്തകരും ഒത്തുകൂടിയിട്ടുണ്ടായിരുന്നു. ഗ്രാമത്തിലെ മുതിർന്ന കർഷകർ അവരുടെ തീരാദുഃഖത്തിനിടയിലും കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു. കർഷകസമരത്തിന്റെ ഓരോ വിശദാംശവും അവർക്കറിയാം. സുശീലിനെക്കുറിച്ചും അവർ ഒരുപാട്‌ പറഞ്ഞു. ഒന്നരഏക്കറിൽ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്ന കുടുംബത്തിന്റെ നായകനായിരുന്ന സുശീൽ കാർഷികനിയമങ്ങളുടെ പ്രത്യാഘാതത്തിൽ ആകുലനായിരുന്നു. ഡൽഹി അതിർത്തിയിലെ സമരകേന്ദ്രത്തിൽ സുശീൽ പലവട്ടം വളന്റിയറായി പ്രവർത്തിച്ചു. കർണാൽ ബസ്‌താരയിൽ കഴിഞ്ഞ 28നു മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന പരിപാടിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത സുശീൽ ദേഹമാസകലം അടിയേറ്റാണ്‌ വീട്ടിൽ തിരിച്ചെത്തിയത്‌. ആശുപത്രിയിൽ പോകാൻകഴിയാത്തവിധം പ്രദേശമാകെ പൊലീസ്‌ വളഞ്ഞിരുന്നുവെന്ന്‌ കർഷകർ പറഞ്ഞു. 

സുശീലിന്റെ ഭാര്യ സുദേഷ്‌ ദേവിയും വീട്ടിലെ ഇതര സ്‌ത്രീകളും അതിശയിപ്പിക്കുന്ന വിധത്തിലാണ്‌ കർഷകസമരത്തെക്കുറിച്ച്‌ സംസാരിച്ചത്‌. സർക്കാരാണ്‌ തങ്ങളെ നിരാലംബരാക്കിയത്‌. പുതിയ കാർഷികനിയമങ്ങൾ നടപ്പാക്കുന്നത്‌ കർഷകകുടുംബങ്ങളെ തകർക്കും. വിളകൾക്ക്‌ മിനിമം താങ്ങുവിലയില്ല. സമരം ചെയ്യാതെ വഴിയില്ല. സമരം ചെയ്യുന്നവരുടെ തല അടിച്ചുപൊട്ടിക്കാൻ ആർക്കാണ്‌ അധികാരം? സുശീലിന്റെ മരണശേഷം സർക്കാർ പ്രതിനിധികൾ ഒരാളും എത്തിയിട്ടില്ല. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ പൊലീസ്‌ കള്ളക്കഥയും പറയുന്നു. ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുത്‌–-സുദേഷി ദേവിയും ബന്ധുക്കളായ സവിത, മിന്ന എന്നിവരും പറഞ്ഞു. സുശീലിന്റെ എൺപതുകാരിയായ അമ്മ മൂർത്തി മകന്റെ അവസാനമണിക്കൂറുകളെക്കുറിച്ച്‌ സംസാരിച്ചു. വേദനകൾക്കിടയിലും എല്ലാവരുടെയും മുഖത്ത്‌ നിശ്‌ചയദാർഢ്യം.

ഞങ്ങൾ ഇറങ്ങവെ ഉത്തരാഖണ്ഡിൽനിന്നുള്ള കർഷകനേതാക്കളെത്തി. സുശീലിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നൂറുകണക്കിനു കിലോമീറ്റർ താണ്ടി അവർ എത്തിയിരിക്കയാണ്‌. ഈ ഐക്യദാർഢ്യമാണ്‌ കർഷകസമരത്തിന്റെ ഊർജം. ചിലർ പറയുന്നതുപോലെ പഞ്ചാബുകാരുടെയോ വിഘടനവാദികളുടെയോ സമരമല്ല നടക്കുന്നത്‌.

ഞങ്ങൾ, മൂന്ന്‌ ദിവസംമുമ്പ്‌ പൊലീസിന്റെ നരനായാട്ട്‌ നടന്ന ബസ്‌താര ടോൾപ്ലാസയിലെത്തി. അവിടെ സമരം സജീവമാണ്‌. പഞ്ചാബിലും ഹരിയാനയിലും ടോൾഗേറ്റുകളുടെ പ്രവർത്തനം നാമമാത്രമായിട്ട്‌ മാസങ്ങളായി. പഞ്ചാബിൽ എല്ലാ ടോൾഗേറ്റുകളുടെയും നിയന്ത്രണം കർഷകർ ഏറ്റെടുത്ത്‌ വാഹനങ്ങളെ സ്വതന്ത്രമായി കടത്തിവിടുന്നു. ഹരിയാനയിൽ നഗരമേഖലകളിൽ ചുരുക്കം ചിലതുമാത്രം പ്രവർത്തിക്കുന്നു. ബസ്‌താര ടോൾപ്ലാസയും കർഷകരുടെ നിയന്ത്രണത്തിലാണ്‌. ടോൾപിരിവില്ല. രണ്ട്‌ സുരക്ഷാജീവനക്കാരുണ്ട്‌. അവർക്ക്‌ കർഷകരാണ്‌ ചായ അടക്കം നൽകുന്നത്‌.

പ്രക്ഷോഭകർക്കിടയിൽ കൈയിൽ ബാൻഡേജിട്ട വയോധികനെ കണ്ടു. പേര്‌ രഖ്‌ബീർ സിങ്‌. പൊലീസിന്റെ അടിയേറ്റ്‌ കൈ ഒടിഞ്ഞിട്ടും അദ്ദേഹം സമരകേന്ദ്രത്തിൽ തുടരുന്നു. അടുത്തുണ്ടായിരുന്ന മറ്റൊരു കർഷകൻ രഖ്‌ബീറിന്റെ പൈജാമ ഉയർത്തിക്കാണിച്ചു. വാരിയെല്ലിന്റെ ഭാഗം അടിയേറ്റ്‌ കരുവാളിച്ചിരിക്കുന്നു. കർഷകജീവിതത്തിന്റെ താളം തിരിച്ചുപിടിക്കാൻ എത്രയോ സഹനങ്ങൾ. കഴിഞ്ഞ നവംബർ 26നു കർഷകർ ഡൽഹിയിലേക്ക്‌ മാർച്ച്‌ ചെയ്‌ത്‌ വന്നപ്പോൾ ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ച്‌ പിരിച്ചുവിടാൻ കേന്ദ്ര–-ഹരിയാന സർക്കാരുകൾ നടത്തിയ ശ്രമം പരാജയപ്പെട്ടതിനു മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ട. സമരത്തെ അടിച്ചൊതുക്കാൻ സർക്കാർ നടത്തിയ ഓരോ ശ്രമവും വിഫലമായി. റിപ്പബ്ലിക് ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന്‌ കള്ളക്കേസ്‌ എടുത്ത്‌ സമരം പൊളിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

  കോവിഡിന്റെ തരംഗങ്ങൾ അതിജീവിച്ച്‌ കർഷകസമരം മുന്നോട്ടുപോകുന്നത്‌ ഗ്രാമങ്ങളിൽനിന്ന്‌ ലഭിക്കുന്ന പിന്തുണയുടെ കരുത്തിലാണ്‌. രാജ്യത്തെ ആയിരക്കണക്കിനു ഗ്രാമങ്ങളിൽനിന്ന്‌ അവർക്ക്‌ ഭക്ഷണവും കരുതലും ലഭിക്കുന്നു. സെപ്‌തംബർ അഞ്ചിനു മുസഫർനഗറിൽ നടക്കുന്ന കർഷകറാലിയാണ്‌ ഇപ്പോൾ ഉത്തരേന്ത്യൻ കർഷകർക്കിടയിലെ ചർച്ചാവിഷയം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ നുണക്കഥകൾ പ്രചരിപ്പിച്ച്‌ മുസഫർനഗറിൽ തീപടർത്തിയ വർഗീയകലാപമാണ്‌ ഉത്തർപ്രദേശിൽ ജനവിധിയെ അട്ടിമറിച്ചത്‌. അതേമണ്ണിൽ കോർപറേറ്റ്‌ ശിങ്കിടിഭരണത്തിനെതിരെ ലക്ഷക്കണക്കിനു കർഷകർ ഒത്തുചേരും. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ്‌ പ്രധാനമായും കർഷകർ വൻതോതിൽ എത്തുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ പ്രതിനിധികളെത്തും. മുസഫർനഗർ റാലിക്കുശേഷം 25ന്റെ ഭാരത്‌ ബന്ദാണ്‌ നിർണായകമാവുക. ട്രേഡ്‌ യൂണിയനുകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നത്‌ അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ 20 മുതൽ 30 വരെ പ്രക്ഷോഭത്തിനു 19 പ്രതിപക്ഷപാർടി ആഹ്വാനം ചെയ്‌തിരിക്കുന്നതും കർഷകമുന്നേറ്റത്തിന്‌ ഗതിവേഗം പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top