29 November Wednesday
ഇന്ന്‌ ചിങ്ങം ഒന്ന്‌ കർഷകദിനം

പ്രതീക്ഷയുടെ പുലരി - ആലങ്കോട്‌ ലീലാകൃഷ്‌ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023

വീണ്ടും ചിങ്ങം ഒന്ന്‌ പിറന്നു. കേരളീയ ജീവിതത്തിൽ പണ്ടുകാലംമുതലേ കാർഷിക പ്രതീക്ഷകളുടെ പൊൻപുലരിയാണ്‌ ചിങ്ങം ഒന്ന്‌. ഇന്ന്‌ കർഷകദിനമായും  ആഘോഷിക്കുന്നു. നമ്മുടെ കൊല്ലവർഷം ആരംഭവുമാണ്‌ ചിങ്ങം ഒന്ന്‌. നെൽക്കർഷകരെ സംബന്ധിച്ച്‌ ഇരുപ്പൂനിലങ്ങളിൽ കന്നിവിള കൊയ്യുന്ന മാസമാണ്‌ ചിങ്ങം. നിറപുത്തരി ആഘോഷിച്ച്‌ ഇല്ലവും വല്ലവും പത്തായവും നിറച്ച്‌ പൊൻതിരുവോണം കൊണ്ടാടുന്ന മാസം. അടുത്തവിളവിന്‌ വിത്തിറക്കുന്നതും ചിങ്ങത്തിലാണ്‌. കാർഷികസമൃദ്ധിയുടെയും പുതിയ പ്രതീക്ഷയുടെയും അനുഭവങ്ങൾ ഒന്നിച്ചുവരുന്ന മാസം ആയതുകൊണ്ടാകാം ചിങ്ങം ഒന്ന്‌ കർഷകദിനമായി സങ്കൽപ്പിച്ചത്‌.

വാഴക്കൃഷിക്കാരെ സംബന്ധിച്ച്‌ ഓണവാഴകൾ മൂത്തുപഴുക്കുന്ന കാലവുമാണ്‌ ചിങ്ങം. എന്റെ കുട്ടിക്കാലത്തൊക്കെ ഓണവാഴകൾ കൂട്ടത്തോടെ കുലച്ചുനിൽക്കുന്ന വാഴത്തോട്ടങ്ങൾ കുഞ്ചൻ നമ്പ്യാർ പാടിയതുപോലെ ‘കണ്ടാൽ പവിഴവും പച്ചരത്‌നക്കല്ലുമൊക്കെ ഒന്നിച്ചുകോർത്തുള്ള മാലകൾകൊണ്ടു വിതാനിച്ച ദിക്കായി’ നിൽക്കുന്നത്‌ ചോതോഹരമായ ഓണക്കാഴ്‌ച ആയിരുന്നു.

യന്ത്രങ്ങൾ വയലുകൾ കീഴടക്കിയിട്ടില്ലാത്ത കാലമായിരുന്നു. കാളകളും കർഷകരും ഏകോദര സഹോദരങ്ങളെപ്പോലെ ഈർച്ചക്കണ്ടങ്ങളിലെ ചേറിലും ചെളിയിലും കെട്ടിപ്പുണർന്നുനിന്ന കാലം. ഓണത്തിന്‌ തൃക്കേട്ട നാൾതൊട്ട്‌ ‘കന്നും കാലായ’പ്പണിയും നിർത്തി, കാളകളെയെല്ലാം കുളിപ്പിച്ചു കുട്ടപ്പൻമാരാക്കി അവർക്കും ഓണം ആഘോഷിക്കാൻ അവസരം കൊടുത്തിരുന്നത്‌ ഓർമ വരുന്നു.

പ്രകൃതിയും മനുഷ്യരും മൃഗങ്ങളും ഒന്നായിരുന്ന ഒരസാധാരണ ഗ്രാമീണ കാർഷികവ്യവസ്ഥയുടെ സമത്വസുന്ദരമായ സ്‌നേഹോത്സവം അന്ന്‌ ചിങ്ങം സമ്മാനിച്ചു. മഴയെമാത്രം ആശ്രയിച്ചാണ്‌ അന്നൊക്കെ കാർഷികജീവിതം പുലർന്നത്‌. ഗ്രാമത്തിലെ കർഷകർ ഇപ്പോഴും ഞാറ്റുവേലച്ചൊല്ലുകൾ പറയും–- ‘തിരുവാതിര തിരിമുറിയാതെ’, ‘മകയിരം മാരിപെയ്യും’, ‘പൂയം പൂഴി വാരിയിടുംപോലെ’ എന്നിങ്ങനെ. എന്നാൽ, മഴ ഈ നാട്ടുചൊല്ലുകളെയും കണക്കുകൂട്ടലുകളെയൊന്നും അനുസരിക്കാതായിട്ട്‌ കാലം കുറെയായി. ഇത്തവണ ചിങ്ങം ഒന്നിന്‌ വേനൽക്കാലംപോലെ വെയിലും ചൂടുമാണ്‌. എന്റെ ഉമ്മറത്തിരുന്നാൽ നേരെ കാണാവുന്ന വിശാലമായ പാടം കർഷകരും വിളവുമില്ലാതെ വിജനമാണ്‌.


 

കർഷകനിലങ്ങൾ വിജനമാകുന്നത്‌ വരാനിരിക്കുന്ന മഹാവിപത്തിന്റെ സൂചനയും മുന്നറിയിപ്പുമാണ്‌. ഹാർഡ്‌ ഡിസ്‌കും കംപ്യൂട്ടർ ചിപ്പും തിന്ന്‌ ലോകത്തൊരു മനുഷ്യനും ജീവിക്കുന്നില്ല. ലോകത്തെമ്പാടുമുള്ള 500 ദശലക്ഷത്തോളം ചെറുകിട നാമമാത്ര കൃഷിക്കാരുടെ കഠിനമായ അധ്വാനത്തിന്റെ ഫലമായാണ്‌ ഇന്ന്‌ മറ്റു മനുഷ്യർ ഭക്ഷണം കഴിക്കുന്നത്‌. നമ്മുടെ പട്ടിണി മാറ്റുന്ന ആ കർഷക സമൂഹമാകട്ടെ, മിക്കവരും പട്ടിണിക്കാരുമാണ്‌. ദരിദ്രരും അന്യഥാ നിരാശ്രയരുമായ ഈ കർഷകരെയും കർഷകത്തൊഴിലാളികളെയും നിരന്തരം ചൂഷണംചെയ്‌താണ്‌ ലോകത്ത്‌ വൻകിട കാർഷിക വ്യവസായങ്ങൾ തഴച്ചുവളരുന്നത്‌. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന വൻകിട കാർഷിക വ്യവസായ ശൃംഖലകൾ ലോകത്തെമ്പാടുമുള്ള കൃഷിഭൂമികളെയും വിളവുകളെയും നിയന്ത്രിക്കുകയും കൃഷിക്കാരനു കിട്ടേണ്ട അധ്വാനവിഹിത ഫലം ചൂഷണംചെയ്‌ത്‌ കൊള്ളലാഭം നേടുന്ന അവസ്ഥയുമുണ്ട്‌. അതിന്റെ നഗ്നരൂപമാണ്‌ ഇന്ത്യയിൽ മോദി സർക്കാർ കൊണ്ടുവന്ന രണ്ട്‌ കാർഷികനിയമത്തിലും നമ്മൾ കണ്ടത്‌. കർഷക– കർഷകത്തൊഴിലാളി വർഗ സമൂഹത്തിന്റെ ജീവന്മരണ സമരം തൽക്കാലം അതിനു തടയിട്ടെങ്കിലും ആ കരിനിഴലുകൾ ഈ ചിങ്ങം ഒന്നിനും ഒഴിഞ്ഞുപോയിട്ടില്ല.

കേരളത്തിൽ പക്ഷേ സ്ഥിതി വ്യത്യസ്‌തമാണ്‌. രണ്ട്‌ മഹാപ്രളയങ്ങളും കോവിഡ്‌ മഹാമാരിയും അടിത്തറ തകർത്തുകളഞ്ഞ കാർഷിക–- സാമൂഹ്യ സാഹചര്യങ്ങളിലും കർഷകന്റെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ സർക്കാർ കരുതൽ എടുക്കുന്നുണ്ട്‌. കൃഷിഭൂമി കർഷകനു നേടിക്കൊടുത്ത വമ്പിച്ച കർഷക സമരങ്ങളിലൂടെയാണ്‌ കേരളത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചത്‌. ആ കടപ്പാട്‌ നമ്മുടെ ഇടതുപക്ഷ സർക്കാരുകൾ കർഷകസമൂഹത്തോട്‌ എന്നും പുലർത്തിപ്പോരാറുണ്ട്‌. ഭക്ഷ്യവിളകളിൽനിന്ന്‌ ഭക്ഷ്യഇതര നാണ്യവിളകളിലേക്ക്‌ മാറിപ്പോയ കേരളത്തിലെ കർഷകരെ വലിയ തോതിൽ ഭക്ഷ്യവിളകളിലേക്ക്‌ തന്നെ തിരിച്ചുകൊണ്ടുവരാൻ സർക്കാരിന്റെ നിരന്തര ഇടപെടലുകൾ കൊണ്ട്‌ സാധിച്ചിട്ടുണ്ട്‌. ഇപ്പോൾ നമ്മുടെ ഭൂവിനിയോഗ രീതിയിലും വിളക്രമത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശുഭസൂചകമാണ്‌. ഭക്ഷ്യഭദ്രത, ഭക്ഷ്യസുരക്ഷ, പോഷകലഭ്യത ഉറപ്പാക്കാനായി  പ്രാദേശിക കാർഷികവ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനാണ്‌ കുറച്ചുകാലമായി നമ്മുടെ കൃഷിവകുപ്പും സർക്കാരും ശ്രദ്ധിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ പച്ചക്കറിവിളവിലും നെൽക്കൃഷിയിലും ഉണ്ടായ വലിയ വർധന അതിന്റെ ഫലമാണ്‌. എങ്കിലും പുതുതലമുറയെ കൃഷിയിലേക്ക്‌ ആകർഷിക്കാനുള്ള  പരിശ്രമങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഭക്ഷ്യവിപണിക്ക്‌ ആവശ്യമായ വിഭവങ്ങൾ മുൻകൂട്ടിക്കണ്ട്‌ കൃഷിയിറക്കാനുള്ള അറിവും സ്വാതന്ത്ര്യവും കർഷകനുണ്ടാകണം. പാരമ്പര്യ കൃഷിരീതികൾ ആധുനിക രീതിയിൽ പരിഷ്‌കരിക്കപ്പെടണം. സാങ്കേതികവിദ്യകൾ കൂടുതൽ വിളവുണ്ടാക്കാൻ പാകത്തിൽ ഉപയോഗപ്പെടുത്തണം. അത്‌ പരിസ്ഥിതി സൗഹൃദത്തിൽ ഊന്നിയതുമാകണം. വിളവും ലാഭവും കൂടുതൽ കിട്ടാൻവേണ്ടി മണ്ണിനെ ഭാവിയിൽ വന്ധ്യമാക്കിത്തീർക്കുന്ന വിധത്തിലുള്ള വികസിത മുതലാളിത്തരീതികൾക്ക്‌ ബദലായി, അടിസ്ഥാന കർഷകനോടും മണ്ണിനോടും സൗഹൃദം പുലർത്തുന്ന പുതിയൊരു കർഷക–- തൊഴിലാളിപക്ഷ കൃഷിവികസന സങ്കൽപ്പം ഉണ്ടായിവരണം.


 

മണ്ണിനെ വൻകിട ലാഭങ്ങൾക്കുവേണ്ടി വലിയതോതിൽ ചൂഷണം ചെയ്യുന്നത്‌ അടിസ്ഥാനപരമായി തൊഴിലാളിവിരുദ്ധ സമീപനമാണെന്ന്‌ കാൾ മാർക്‌സ്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മണ്ണും പ്രകൃതിയും പണിയെടുക്കുന്ന മനുഷ്യവർഗത്തിന്‌ എന്നും ആവശ്യമുള്ള അസംസ്‌കൃത വിഭവങ്ങളാണ്‌. തൊഴിലാളി, പരിസ്ഥിതി, ഉപയോക്താവ്‌ എന്നീ മൂന്ന്‌ അടിസ്ഥാന ഘടകങ്ങളെയും സമതുലിതാവസ്ഥയിൽ സുസ്ഥിരവും സംതൃപ്‌തവും സംരക്ഷിതവുമാക്കുന്ന കർഷകപക്ഷ വികസനസങ്കൽപ്പം കാർഷിക മേഖലയിൽ വികസിച്ചുവരേണ്ടതുണ്ട്‌. അപ്പോഴേ നമ്മുടെ ചിങ്ങം ഒന്നിന്റെ കർഷകദിന സങ്കൽപ്പം അർഥപൂർണമാകുകയുള്ളൂ.

ആധുനിക വികസന മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ ആർത്തിയും വിഭവങ്ങൾക്കുമേലുള്ള ആസൂത്രിതമായ അധിനിവേശങ്ങളും ചെറുക്കുന്ന പുതിയ കർഷക–- കർഷകത്തൊഴിലാളി ബദൽ വ്യവസ്ഥയ്‌ക്കുവേണ്ടിയുള്ള അവസാനിക്കാത്ത സമരപ്രതീക്ഷകളുടെ ദിനംകൂടിയായി ചിങ്ങം ഒന്നിനെ കാണാൻ കഴിയട്ടെ. അപ്പോഴേ ചിങ്ങം സ്വപ്‌നംകാണുന്ന സമത്വാധിഷ്ഠിതമായ പൊന്നോണവ്യവസ്ഥകൾ അടിച്ചമർത്തപ്പെട്ടവരുടെ  പാതാളങ്ങൾ ഭേദിച്ച്‌ മണ്ണിൽ സാക്ഷാൽക്കരിക്കപ്പെടുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top