15 August Monday

ട്രംപിന്റെ പാതയിൽ മോദിയും

എസ് ശർമUpdated: Wednesday Dec 1, 2021

രാജ്യതാൽപ്പര്യത്തിനു വിരുദ്ധമായ മൂന്ന്‌ കാർഷികനിയമവും പിൻവലിക്കുന്ന ബിൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കി. കർഷകർ ഒരു വർഷം നടത്തിയ ഐതിഹാസിക സമരത്തിനുശേഷമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കർഷകരുടെ പോരാട്ടവീര്യത്തിനുമുന്നിൽ കീഴടങ്ങിയത്.  ജനാധിപത്യക്രമത്തെ അട്ടിമറിച്ച്‌  2020 സെപ്തംബർ 20ന്‌ രാജ്യസഭയിൽ കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് നിയമവും പിൻവലിപ്പിക്കാൻ കർഷകർ നടത്തിയ സഹനസമരത്തിന്‌ കഴിഞ്ഞിരിക്കുന്നു.  ജനാധിപത്യവിരുദ്ധമായി നിയമങ്ങൾ പാസാക്കിയതും മിനിമം താങ്ങുവിലയെന്ന കർഷകരുടെ ആവശ്യം ലോക്‌സഭയിൽ  ഉയരുന്നത് ഒഴിവാക്കാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ  നാല്‌ മിനിറ്റിലാണ്‌ നിയമം പിൻവലിക്കുന്ന ബിൽ പാസാക്കിയത്.

സ്വതന്ത്ര ഇന്ത്യയിൽ മാത്രമല്ല, ലോകചരിത്രത്തിൽത്തന്നെയും ഇത്തരം പോരാട്ടങ്ങൾ വിരളമാണ്. ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ചുകൊണ്ടായിരുന്നു കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിയമനിർമാണം. കരിനിയമങ്ങൾക്കെതിരെ  നമ്മുടെ സംസ്ഥാനം മുൻകൈയെടുത്തത് തടയിടാൻ  കേന്ദ്രം നടത്തിയ എല്ലാ നീക്കത്തെയും വിഫലമാക്കാൻ  മുഖ്യമന്ത്രി പിണറായി വിജയന്റെ  കരുത്തുറ്റ നേതൃത്വത്തിനായി. കാർഷിക നിയമത്തിനെതിരെയുള്ള പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. ബിജെപി പ്രതിനിധിക്കും പ്രമേയത്തെ എതിർക്കാനായില്ല.

കഴിഞ്ഞവർഷം നവംബർ 25ന് രാജ്യത്തെ കർഷകർ പ്രഖ്യാപിച്ച ഡൽഹി ചലോ സമരം ആരംഭത്തിൽത്തന്നെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമമുണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച്‌ ഡൽഹിയിൽ പ്രവേശിച്ച സമരം വിജയിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി  എഴുനൂറിലധികം കർഷകർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. ഏറ്റവും ക്രൂരമായ സംഭവമായിരുന്നു ലഖിംപുർ ഖേരിയിലേത്. കേന്ദ്ര ഭരണകൂടത്തിനുവേണ്ടി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായിരുന്നു കർഷകഹത്യ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ സമരജീവികളെന്ന് ആക്ഷേപിച്ചും സമരം അട്ടിമറിക്കാൻ യുപി മുഖ്യമന്ത്രിയെപ്പോലുള്ളവരെ  രംഗത്തിറക്കിയും കോർപറേറ്റുകളെ സംപ്രീതരാക്കാൻ ആത്മാർഥ ശ്രമം നടത്തി. പാതയിൽ കിടങ്ങ് കുഴിച്ചും ആണികൾ നിരത്തിയും ഗുണ്ടകളെ ഇറക്കിയും സമരം നേരിടാൻ നടത്തിയ  ശ്രമം വിഫലമാക്കി കർഷകർ കരുത്തുതെളിയിച്ചു.


 

സിൻഘുവിൽ നടന്ന വെടിവയ്പും ഹരിയാന, യുപി എന്നിവിടങ്ങളിലെ പൊലീസ് നരനായാട്ടും അതിജീവിച്ച് സമരം വിജയിപ്പിക്കാൻ കർഷകർക്ക് കരുത്തുപകർന്നത്  ഐക്യവും കർഷക–തൊഴിലാളി സഖ്യവുമാണ്. ഖലിസ്ഥാൻ വാദികളെന്നും രാജ്യദ്രോഹികളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ഭിന്നിപ്പിക്കാൻ കേന്ദ്രം നടത്തിയ കുതന്ത്രം വിലപ്പോയില്ല.

വൈകിയ വേളയിലാണെങ്കിലും സമരം തീർക്കാൻ മോദി നടത്തിയ പ്രഖ്യാപനം ആത്മാർഥതയോടെയുള്ളതാണെന്ന് കരുതാൻ ന്യായമില്ല.  യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കാപട്യമാണ് പിൻവാങ്ങലിന് കാരണം. നോട്ട്‌ നിരോധിച്ച്‌ ജനങ്ങളെ ദുരിതത്തിലാക്കിയതിനുശേഷവും ഇത്തരത്തിൽ ഒരു നാടകം നടത്തുകയുണ്ടായി. 50 ദിവസത്തിനകം എല്ലാം ശരിയാകുമെന്ന്‌ പറഞ്ഞുകൊണ്ടായിരുന്നു അന്ന് മോദി കരഞ്ഞത്. ഈ വർഷം നവംബർ 8 നോട്ട് നിരോധനത്തിന്റെ അഞ്ചാം വാർഷികത്തിൽ അത് രാജ്യത്തുണ്ടാക്കിയ സാമ്പത്തികത്തകർച്ചയുടെ പൂർണചിത്രം പുറത്തുവിടുന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

എന്താണ് പ്രധാനമന്ത്രി അതേക്കുറിച്ച് പ്രതികരിക്കാത്തത്? ദാരിദ്ര്യ സൂചികാ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇത്യോപ്യക്കും പാകിസ്ഥാനും ഏറ്റവും പിന്നിൽ 101–-ാം സ്ഥാനത്തേക്ക് എത്തി. എട്ട്‌ വർഷംകൊണ്ട് എട്ട്‌ കോടി ദരിദ്രരെ സൃഷ്ടിച്ചു. ജുഡീഷ്യറിപോലും ജനങ്ങളുടെ ദാരിദ്ര്യം അകറ്റാൻ കേന്ദ്രസർക്കാർ ഇടപെട്ടേ മതിയാകൂയെന്ന് ഉത്തരവിട്ടു. രാജ്യസ്നേഹം മറയാക്കി കടുത്ത വഞ്ചന ഇനി തുടരാനാകില്ലെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സർക്കാരിനും അതിനെ നയിക്കുന്ന വർഗീയശക്തികൾക്കും ഇനിയും മനസ്സിലായെന്ന് കരുതുക വയ്യ.

അതുകൊണ്ടാണല്ലോ  ആഗോളവിപണിയിൽ എണ്ണവില കുറഞ്ഞുകൊണ്ടിരുന്നപ്പോഴും രാജ്യത്ത് സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത അഡീഷണൽ എക്സൈസ് തീരുവ, സെസ് എന്നിവ വർധിപ്പിച്ച് 15 ലക്ഷം കോടിരൂപ ജനങ്ങളിൽനിന്ന് കൊള്ളയടിച്ചത്.  30 രൂപ നികുതി വർധിപ്പിച്ചതിൽനിന്ന് അഞ്ച് രൂപ ഇളവ് നൽകി ജനപ്രീതി നേടാൻ നടത്തുന്ന ശ്രമം എത്ര പരിഹാസ്യമാണ്.


 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾകൊണ്ട് ജനങ്ങൾ ദരിദ്രരാക്കപ്പെട്ടെങ്കിലും കുത്തകകൾക്ക് ഒരു ഹാനിയും ഉണ്ടാകാതെ നോക്കാൻ കേന്ദ്ര ഭരണകൂടത്തിന് സാധിച്ചുവെന്നാണ് ഓക്സ്ഫാം റിപ്പോർട്ട് കാണിക്കുന്നത്.  ശതകോടീശ്വരന്മാരുടെ എണ്ണം 80ൽനിന്ന് 90 ആയി ഉയർന്നു.  ഗൗതം അദാനിയുടെമാത്രം സമ്പത്തിൽ ഒരു വർഷംകൊണ്ട് ഉണ്ടായ വർധന ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസർക്കാർ നീക്കിവയ്ക്കുന്ന തുകയുടെ അഞ്ച് മടങ്ങിലധികമാണ്.

തിരുവനന്തപുരം ഉൾപ്പെടെ എട്ട് വിമാനത്താവളം അദാനിക്ക് കൈമാറിക്കഴിഞ്ഞത് പോരാഞ്ഞിട്ടാണ് പൊതുമേഖല അപ്പാടെ വിറ്റഴിക്കാൻ ത്വരിതഗതിയിൽ നടപടിയെടുത്തുകൊണ്ടിരിക്കുന്നത്. ദേശീയപാതയും റെയിൽവേ സ്റ്റേഷനുകളും വൈദ്യുതി ലൈനുകളും തുറമുഖങ്ങളും എല്ലാം കുത്തകകൾക്ക് ദാനം നൽകാനുള്ള നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. 

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ദുർഭരണത്തിനറുതി വരുത്തിയ കർഷകരോടൊപ്പം രാജ്യത്തെ തൊഴിലാളികളും അണിചേർന്നുകൊണ്ടാണ്  കർഷകവിരുദ്ധ നിയമങ്ങൾ ചവറ്റുകുട്ടയിലെറിയാൻ പോരാടിയത്.  കാലത്തിന്റെ മുന്നറിയിപ്പ്  ശ്രവിക്കാൻ  ഇനിയും തയ്യാറാകുന്നില്ലെങ്കിൽ ലോക ഏകാധിപതിയായിരുന്ന ട്രംപിന്റെ ഗതിയായിരിക്കും മോദിയെ കാത്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top