20 January Thursday

ഉഴുതുമറിച്ചവരുടെ വിജയം - വിജൂ കൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

‘‘ഒന്നും സംഭവിക്കാത്ത പതിറ്റാണ്ടുകളുണ്ട്‌. എന്നാൽ, പതിറ്റാണ്ടുകളിലെ സംഭവങ്ങൾ ആഴ്‌ചകൾക്കകം അരങ്ങേറാറുണ്ട്‌.’’ലെനിൻ

ഈ വാക്കുകൾക്ക്‌ അനുസൃതമായി, കർഷകർ ഇന്ത്യയുടെ ചരിത്രത്തിൽ  പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്‌. കർഷക പോരാട്ടം പരാജയപ്പെടുമെന്നും കർഷകരുടെ ഐക്യപ്രസ്ഥാനം തകരാൻ പോകുകയാണെന്നുമുള്ള  പ്രവചനം കാറ്റിൽപ്പറത്തിയാണ്‌ ഈ ചരിത്ര വിജയം. കർഷക പോരാട്ടത്തിന്‌ തൊഴിലാളിവർഗത്തിന്റെയും ബഹുജനങ്ങളുടെയും അഭൂതപൂർവമായ പിന്തുണയും ലഭിച്ചു. ധാർഷ്ട്യം കൈമുതലാക്കിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ മുട്ടുകുത്തിക്കാനും കർഷകരോട് മാപ്പ്‌ പറയിപ്പിക്കാനും മൂന്ന്‌ കർഷക വിരുദ്ധനിയമം പിൻവലിപ്പിക്കാനും സാധിച്ചു. ദശലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും അവരുടെ കുടുംബങ്ങളും അങ്ങേയറ്റം ത്യാഗം സഹിച്ചും നിരവധി ജീവനുകൾ വിലനൽകിയുമാണ്‌ ഈ വിജയം നേടിയത്. -എഴുന്നൂറിലധികം കർഷകർ  രക്തസാക്ഷികളായി.ആ ജീവനുകൾ നഷ്ടപ്പെട്ടതിന് പ്രധാനമന്ത്രിയും ബിജെപി സർക്കാരും  ഉത്തരവാദികളാണ്.  ഈ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും; അജയ്യരെന്ന് കരുതപ്പെടുന്ന വ്യക്തിത്വങ്ങളുടെ ദുർബലത തുറന്നുകാട്ടപ്പെട്ടു, നുണകളിൽ കെട്ടിപ്പടുത്ത കോട്ടകളും തകരുന്നു.

ആഗോള സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവർത്തികളായ ലോകബാങ്ക്‌, ഐഎംഎഫ്‌, ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) എന്നീ ത്രിമൂർത്തികളുടെ സമ്മർദത്തെ തുടർന്നാണ്‌ ബിജെപി സർക്കാർ മൂന്ന്‌ കാർഷികനിയമം കൊണ്ടുവന്നത്‌. കാർഷിക, ഭക്ഷ്യ മേഖലയിൽ നൽകുന്ന സബ്‌സിഡി വെട്ടിച്ചുരുക്കണമെന്നും പൊതുമേഖലയിലെ ഭക്ഷ്യധാന്യസംഭരണവും ശേഖരണവും അവസാനിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. 2014ലെ മോദി സർക്കാർ നിയോഗിച്ച ശാന്തകുമാർ കമീഷൻതന്നെ പൊതുമേഖലയിലെ ഭക്ഷ്യശേഖരണത്തിനുപകരം ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പാക്കണമെന്നും വിവിധ കാർഷികോൽപ്പന്നങ്ങൾക്ക്‌ ഏർപ്പെടുത്തിയിരിക്കുന്ന മിനിമം താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. 

സർക്കാർ നിയന്ത്രണത്തിലുള്ള കാർഷികോൽപ്പന്ന വിപണനകേന്ദ്രങ്ങളെ ഇല്ലാതാക്കാനാണ്‌ മൂന്ന്‌ കാർഷികനിയമം നടപ്പാക്കിയത്‌. ഈ നിയമം നടപ്പായാൽ കാർഷികോൽപ്പന്ന വിപണികൾ അനിയന്ത്രിതമായി കോർപറേറ്റുകൾക്ക്‌ തുറന്നുകൊടുക്കപ്പെടും. പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കും അവസരമൊരുക്കും.  കൃത്രിമക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കും. നിയമം അസമമായ കോർപറേറ്റ് കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. തർക്കങ്ങൾ ഉണ്ടായാൽപ്പോലും നിയമപരമായ മാർഗങ്ങൾ ഇല്ലാതെ പാവപ്പെട്ട കർഷകർ സ്വന്തം ഭൂമിയിലെ തൊഴിലാളികളായി അധഃപതിക്കുന്ന സ്ഥിതിയുണ്ടാകും. ഫലത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പട്ടിണി കിടക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെയും ചെലവിൽ കോർപറേറ്റുകൾക്ക്‌ വൻ ലാഭം കൊയ്യാൻ സാഹചര്യമൊരുക്കുകയാണ്‌. ഇത്‌ കർഷകരെ സംബന്ധിച്ച്‌ ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്ന്‌ തിരിച്ചറിയാൻ അധികസമയം വേണ്ടിവന്നില്ല.


 

കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ആരംഭം 2020 ജൂണിൽ മൂന്ന്‌ ഓർഡിനൻസ്‌ ഇറക്കിയതുമുതലാണ്‌. എന്നാൽ, നിയമം പ്രാബല്യത്തിൽ വന്ന 2020 നവംബർ 26 മുതലാണ്‌ സമരത്തിന്‌ ഗുണപരമായ മാറ്റം കൈവന്നത്‌. 26ന്‌ കേന്ദ്ര ട്രേഡ് യൂണിയനുകൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്‌തു. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി കർഷകരുടെ ആവശ്യങ്ങളുന്നയിച്ചും തൊഴിലാളിവർഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നവംബർ 26, 27 തീയതികളിൽ  ഡൽഹി ചലോ മാർച്ചിനും നവംബർ 26ന് ഗ്രാമീണ ഭാരത് ഹർത്താലിനും ആഹ്വാനം ചെയ്‌തിരുന്നു. ഡൽഹിയിലേക്ക് മാർച്ച് നടത്തിയ കർഷകരെ ക്രൂരമായാണ് ബിജെപി സർക്കാർ നേരിട്ടത്.   ഈ കടമ്പകളെയെല്ലാം തരണം ചെയ്ത് കർഷകർ ഡൽഹി അതിർത്തിയിലെത്തി സമരം നടത്തുകയായിരുന്നു. 

സർക്കാർ പ്രചാരണ സംവിധാനങ്ങളെയും കോർപറേറ്റ് മാധ്യമങ്ങളെയും ഉപയോഗിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷി മന്ത്രി നരേന്ദ്ര തോമർ എന്നിവരുടെ നേതൃത്വത്തിൽ  ബിജെപി-യും ആർഎസ്എസും ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തി. കർഷകരെ തീവ്രവാദികളായി ചിത്രീകരിച്ചു. ഖലിസ്ഥാനികളുടെ പിന്തുണയോടെയാണ്‌ സമരമെന്ന്‌ ആരോപിച്ചു. പാകിസ്ഥാന്റെയും ചൈനയുടെയും നിർദേശപ്രകാരമാണ്‌ സമരമെന്ന്‌ പ്രചരിപ്പിച്ചു. എന്നാൽ, ഇതിനെല്ലാം ജനങ്ങൾ തക്കതായ തിരിച്ചടി നൽകിയിട്ടുണ്ട്. സംഘപരിവാർ ഗുണ്ടകൾ പലയിടത്തും  ആക്രമണങ്ങൾ അഴിച്ചുവിട്ടു. കോൺക്രീറ്റ് ഭിത്തികൾ നിർമിച്ച്‌ മുള്ളുവേലിയും സമരകേന്ദ്രത്തിന്‌ ചുറ്റും മൂർച്ചയുള്ള ഇരുമ്പ് ഈർച്ചവാളുകൾ സ്ഥാപിച്ചും തുറന്ന ജയിലുകളാക്കിമാറ്റി കർഷകരെ പിന്തിരിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.  കർഷകരെ സമരജീവികളെന്നും (ആന്ദോളൻ ജീവി) പരാന്നഭോജികളെന്നും പ്രധാനമന്ത്രി പരിഹസിച്ചു.  അത്തരം ആക്രമണങ്ങളെയെല്ലാം മറികടന്നാണ്‌ ചരിത്ര വിജയം കർഷകർ കൈവരിച്ചത്‌.  അടിച്ചമർത്തലും  ആക്രമണങ്ങളും കൊലപാതകങ്ങളും അപവാദ പ്രചാരണങ്ങളും ഇന്ത്യയിലെ കർഷകരും ഇതര ജനവിഭാഗങ്ങളും മറക്കില്ല. കോൺക്രീറ്റ് ഭിത്തികളും മുള്ളുവേലികളും ബാരിക്കേഡുകളും കുഴിച്ച കിടങ്ങുകളും ഈർച്ചവാൾനിരത്തിപ്പിടിപ്പിച്ചതും അസഭ്യം പറഞ്ഞതും ജലപീരങ്കികളും കണ്ണീർവാതകങ്ങളും ഇന്റർനെറ്റ് അടിച്ചമർത്തലും മാധ്യമപ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങളും നമ്മൾ മറക്കില്ല.

(അഖിലേന്ത്യാ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറിയാണ്‌ ലേഖകൻ)

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top