19 April Friday

കാർഷികപ്രശ്നം: ദേശീയരാഷ്ട്രീയവും കേരളവും

പി കൃഷ്ണപ്രസാദ്Updated: Saturday Feb 20, 2021

കർഷകരുടെ സമരം ഒരു ആകസ്മിക പ്രക്ഷോഭമല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കാർഷിക പ്രക്ഷോഭങ്ങളിൽ, ബഹുജനപങ്കാളിത്തത്തിലും സമരശേഷിയിലും ഐതിഹാസികമായ ഈ സമരം നവഉദാരവൽക്ക ഭരണത്തിനെതിരായ തൊഴിലാളി കർഷക സമരങ്ങളുടെ തുടർച്ചയാണ്.

ഇന്ത്യയിലടക്കം ലോകത്താകെ മുതലാളിത്തം നേരിടുന്നത് വ്യവസ്ഥാപ്രതിസന്ധിയാണ്. 2008ലെ അമേരിക്കൻ സാമ്പത്തിക തകർച്ചയ്‌ക്കുശേഷം ലോക സമ്പദ്ഘടന മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. 1930കളിലെ മഹാമാന്ദ്യത്തെ തുടർന്നുള്ള സാമ്പത്തികക്കുഴപ്പമാണ് ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ച് സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തിയത്. രണ്ടു ദശകത്തിനകം ഇന്ത്യയും ചൈനയും കോളനി വാഴ്ചയിൽനിന്ന്‌ സ്വതന്ത്രമായി. ഈ ചരിത്ര പശ്ചാത്തലത്തിൽ വേണം ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ തൊഴിലാളികളും കർഷകരും നടത്തുന്ന കോർപറേറ്റ് വിരുദ്ധ സമരത്തിന്റെ ആഗോളപ്രാധാന്യം വിലയിരുത്താൻ.

ഇന്ത്യയിലെ വൻകിട മുതലാളിത്തവർഗവും അതീവ നിർണായക പ്രതിസന്ധിയിലാണ്. ലോകധന മൂലധന ശക്തികളുമായി സഹകരിച്ച്‌ കർഷകരെയും തൊഴിലാളികളെയും പരമാവധി ചൂഷണംചെയ്ത്‌ പിടിച്ചുനിൽക്കാമെന്നാണവരുടെ വ്യാമോഹം. കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ മിനിമം താങ്ങുവിലയും അധ്വാനത്തിന്‌ മിനിമം കൂലിയും നിഷേധിക്കുന്ന മൂന്ന്‌ കാർഷിക നിയമവും നാല്‌ ലേബർ കോഡും ഈ ദിശയിലുള്ളതാണ്. മറുഭാഗത്ത്‌ തങ്ങളെ പാപ്പരീകരിക്കുകയും അതുവഴി പൊതുസമൂഹത്തിന്റെ‍ വാങ്ങൽശേഷി ഇല്ലാതാക്കുകവഴി കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന കോർപറേറ്റ് വാഴ്ചയ്‌ക്കെതിരെ പൊരുതാൻ കർഷകരും തൊഴിലാളികളും നിർബന്ധിതരാകുകയാണ്.


 

വിളകളുടെ വിലയാണ് കർഷക കുടുംബത്തിന്റെ മുഖ്യ വരുമാനം. അത് നിലനിൽപ്പിനുള്ള ഏക ആശ്രയമായി മാറുന്നു. സ്വാഭാവികമായും മിനിമം താങ്ങുവില കർഷകസമരത്തിന്റെ മുഖ്യ മുദ്രാവാക്യമാകുന്നു. അതോടൊപ്പം കൃഷിഭൂമിയുടെയും കന്നുകാലികളുടെയും ഉടമസ്ഥാവകാശ സംരക്ഷണവും. കർഷകത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മിനിമം വേതനവും തൊഴിൽ സുരക്ഷിതത്വവുമാണ് ആവശ്യങ്ങൾ. കാർഷികപ്രശ്നം ദേശീയ രാഷ്ട്രീയത്തിലെ വിവിധ മേഖലകളിൽ രൂക്ഷതയിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും മുഖ്യ അജൻഡയാകുന്നത്‌ ഈ സാഹചര്യത്തിലാണ്.

1964ലെ സിപിഐ എം പരിപാടിയുടെ ഹൃദയം കാർഷിക പ്രശ്നത്തിന്റെ പരിഹാരമാണ്. സ്വാതന്ത്ര്യാനന്തരം ഭരണകൂടത്തെ നയിക്കുന്ന വൻകിട മുതലാളിത്തവർഗം സമഗ്രഭൂപരിഷ്‌കരണത്തിലൂടെ കാർഷിക പരിഷ്കരണം പൂർത്തീകരിക്കുന്നതിന് പകരം ഭൂപ്രഭു വർഗവുമായി സന്ധിയുണ്ടാക്കി. കാർഷിക പരിഷ്കാരത്തിലൂടെ ഉൽപ്പാദനശക്തികളെ കെട്ടഴിച്ചുവിട്ടു. ആഭ്യന്തര വ്യവസായവൽക്കരണത്തിലൂടെയുള്ള വികസനത്തിനുപകരം അന്താരാഷ്ട്ര ധനമൂലധനവുമായി വിലപേശിയും സഹകരിച്ചും ഉദാരവൽക്ക ഭരണമാതൃക നടപ്പാക്കുകയാണ്. സ്വാതന്ത്ര്യാനന്തരം 73 വർഷം കഴിഞ്ഞിട്ടും ജനസംഖ്യയിൽ 60 ശതമാനത്തിന്റെ കൈവശമുള്ളത് ആകെ ഭൂമിയുടെ കേവലം അഞ്ച്‌ ശതമാനം മാത്രമാണ്. എന്നാൽ, 55 ശതമാനം ഭൂമി കേവലം 10 ശതമാനം ഭൂഉടമകളുടെ കൈപ്പിടിയിലാണ്. ദരിദ്രഇടത്തരം കർഷകർ ഭൂമി നഷ്ടപ്പെട്ട്‌ കുടിയേറ്റത്തൊഴിലാളികളായി മാറുന്നതിനാൽ ഭൂകേന്ദ്രീകരണം കൂടുതൽ രൂക്ഷമാകുന്നു.

ഇന്ത്യയിൽ മുതലാളിത്തം അഗാധമായ പ്രതിസന്ധിയിലകപ്പെട്ടതിന്റെ പ്രധാന കാരണം കൃഷിഭൂമിയുടെ കേന്ദ്രീകരണമാണ്. ഈ പ്രതിസന്ധി മറികടക്കാൻ കൃഷിയുടെ കോർപറേറ്റുവൽക്കരണമാണ് ബിജെപിയും കേന്ദ്ര സർക്കാരും മുന്നോട്ടുവയ്‌ക്കുന്നത്. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുള്ള ഭൂപരിഷ്‌കരണവും വ്യവസായവൽക്കരണവും എന്ന നയം ബിജെപി നയിക്കുന്ന കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ സ്വീകാര്യമല്ല. കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധനയ്‌ക്കായുള്ള ഭക്ഷ്യവ്യവസായ വിപണിയാണ് ലോകത്താകെ ഏറ്റവും കൂടുതൽ വളർച്ച കാണിക്കുന്നത്. എന്നാൽ, കർഷകർക്ക്‌ ലഭിക്കുന്ന വില ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്നവയുടെ മൂല്യത്തിന്റെ കേവലം 10ശതമാനമോ അതിൽ താഴെയോ മാത്രമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.


 

പഞ്ചാബിലെ കർഷകർക്ക്‌ ഇടത്തട്ടുകാരിലൂടെ കിലോ ബസ്മതി നെല്ലിന്‌ 18 മുതൽ 25 രൂപ വരെയാണ് വില ലഭിക്കുന്നത്. അദാനി ഗ്രൂപ്പ്‌ ബസ്മതി  അരി വിൽക്കുന്നത് കിലോയ്‌ക്ക് 208 രൂപയ്‌ക്കാണ്. കിലോയ്‌ക്ക് 700–-2200 രൂപ നിരക്കിൽ വിൽക്കുന്ന ബസ്മതി ബ്രാൻഡുകൾ ഉണ്ട്. കേരളത്തിലെയും കർണാടകത്തിലെയും കാപ്പി കർഷകർക്ക്‌ ഉണ്ടക്കാപ്പിക്ക് 60 രൂപ, 70 രൂപ നിരക്കിൽ വില ലഭിക്കുമ്പോൾ നെസ്‌കഫെ കമ്പനി ഒരു കിലോ സ്പെഷ്യൽ ഇൻസ്‌റ്റന്റ് കാപ്പിപ്പൊടി വിൽക്കുന്നത് ശരാശരി 3000 രൂപയ്‌ക്കാണ്.

മൂന്ന്‌ കാർഷിക നിയമങ്ങളും കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവയാണ്. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പരിഷ്കാരങ്ങളാണ് വേണ്ടത്. കരാർ കൃഷിയോടുള്ള സമീപനം ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. കോർപറേറ്റ് കരാർ കൃഷിയിലൂടെ ചെറുകിട –ഇടത്തരം കർഷകരെയും കർഷകത്തൊഴിലാളികളെയും കൃഷിയിൽനിന്ന്‌ അന്യവൽക്കരിക്കുന്നത് കടുത്ത സാമൂഹ്യ–-സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇതിനെയാണ് കർഷകർ ചെറുക്കുന്നത്.

കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ 2021 ജനുവരി 30നും 31നും ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം വർഗബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തുന്നു. ആഗോളമുതലാളിത്തം നേരിടുന്ന വ്യവസ്ഥാപ്രതിസന്ധിയുടെയും ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന കടുത്ത മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തെ കാർഷികമേഖലയും ഉൽപ്പന്നങ്ങളും വിപണിയും കോർപറേറ്റ് നിയന്ത്രണത്തിലാക്കി പരമാവധി ലാഭം നേടാൻ മുതലാളിത്തവർഗം നടത്തുന്ന പരിശ്രമങ്ങളെ തുറന്നുകാണിക്കാൻ കർഷക പ്രക്ഷോഭത്തിന്‌ സാധിച്ചതായി കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.


 

ആഗോള ധനമൂലധനവുമായി തുറന്നു സഹകരിക്കുന്ന വൻകിട മുതലാളിത്തവർഗവും മറുഭാഗത്ത് ധനിക കർഷക വർഗമടക്കമുള്ള കർഷക ജനസാമാന്യവും തമ്മിൽ ഭിന്നത രൂപപ്പെടുന്നു. ഭരണവർഗസഖ്യശക്‌തികൾക്കിടയിലെ ഈ ഭിന്നത ബൂർഷ്വാ–ഭൂപ്രഭു സാമൂഹ്യഘടനയ്‌ക്കെതിരെ തൊഴിലാളികളും കർഷകരും നടത്തുന്ന വർഗസമരത്തെ ശക്‌തിപ്പെടുത്തും. നവഉദാരവൽക്കരണ നയം തീവ്രമായി നടപ്പാക്കുന്നതും ദേശീയസമ്പത്ത് നഗ്നമായി കൊള്ളയടിക്കുന്നതും വൻകിട മുതലാളിത്ത വർഗവും വൻകിട ഇതര മുതലാളിത്ത വർഗവും തമ്മിൽ പുതിയ രൂപത്തിലുള്ള ഭിന്നതകൾക്ക്‌ കാരണമാകുന്നു. ബിജെപിക്കും അതിന്റെ നയങ്ങൾക്കുമെതിരെ കൂടുതൽ വിപുലമായ ജനകീയഐക്യം വികസിപ്പിക്കാൻ ഇത്‌ സാഹചര്യമൊരുക്കുന്നു.

കൃഷി സംസ്ഥാനവിഷയമാണ്. ഭരണഘടനയുടെ ഫെഡറൽ സ്വഭാവം ഇല്ലാതാക്കി ഏകീകൃത ഭരണകൂടത്തിലൂടെ തങ്ങളുടെ പൂർണ മേധാവിത്വം സ്ഥാപിക്കാനുള്ള വൻകിട മുതലാളിത്ത വർഗത്തിന്റെ ത്വര ബിജെപിയുടെ നയത്തിൽ പ്രകടമാണ്. അത് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേലുള്ള ഗൗരവമായ ആക്രമണമായി മാറുകയാണ്. പല സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള പ്രാദേശിക പാർടികൾ ഈ ആക്രമണങ്ങൾക്ക്‌ ഇരകളാകുകയാണ്. ഈ മേധാവിത്വപരമായ നടപടികളും അതോടൊപ്പമുള്ള വർഗീയധ്രുവീകരണവും സംസ്ഥാന സർക്കാരുകളെ നയിക്കുന്ന പ്രാദേശിക പാർടികളെ പ്രതിപക്ഷനിരയിലേക്ക് നീങ്ങാൻ നിർബന്ധിതമാക്കുന്നു. ബിജെപിയുടെ ഏറ്റവും പഴയ സഖ്യശക്തികളായ മഹാരാഷ്ട്രയിലെ ശിവസേന, പഞ്ചാബിലെ അകാലിദൾ എന്നിവ എൻഡിഎ മുന്നണി ഉപേക്ഷിച്ചു. ബിജെപിയും പ്രാദേശിക പാർടികളും തമ്മിൽ വളരുന്ന വൈരുധ്യം ബിജെപിക്കെതിരെ വിപുലമായ ഐക്യം വികസിപ്പിക്കാൻ സാഹചര്യമൊരുക്കുന്നതായി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

വൻകിട മുതലാളിത്ത വർഗത്തിനെതിരായ ഭിന്നതമൂലം ധനിക കർഷകരും മുതലാളിത്ത കർഷകരും ഭൂപ്രഭുക്കളിൽ ഒരു വിഭാഗവും ദരിദ്ര ഇടത്തരം കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന വിപുലമായ ജനസാമാന്യത്തോടൊപ്പം അണിനിരക്കുന്ന സ്ഥിതി ദൃശ്യമാണ്. തൊഴിലാളിവർഗവും കർഷകരും തമ്മിലുള്ള ഐക്യമാണ് പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിലേക്കുള്ള സാധ്യത ഉറപ്പുവരുത്തുക. കുറച്ചു വർഷങ്ങളായി ട്രേഡ് യൂണിയനും കിസാൻ സഭയും കർഷക തൊഴിലാളിയൂണിയനും യോജിച്ചു നടത്തുന്ന പ്രക്ഷോഭം ഡൽഹി ചലോ സമരത്തിലൂടെ ഉയർന്ന തലത്തിലേക്ക് മുന്നേറുകയാണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

കർഷക നിയമങ്ങൾക്കും ലേബർ കോഡുകൾക്കും എതിരായ ഐക്യസമരമാണ് ഇന്ത്യയിലെ കാർഷികപ്രശ്നം പരിഹരിക്കാനുള്ള മാർഗം. വരും നാളുകളിൽ സമരം കൂടുതൽ രൂക്ഷമാകും. അതാണ്‌ ദേശീയ രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കുക. കേരളത്തിലാകട്ടെ ഭൂപരിഷ്‌കരണാനന്തര കാർഷികപരിഷ്കരണത്തിന്റെ സാധ്യതകൾ വികസിപ്പിക്കുക എന്ന ആവശ്യമാണ് കർഷകരും തൊഴിലാളികളും ഉന്നയിക്കുന്നത്. കർഷകർക്ക്‌ വരുമാനവും തൊഴിലാളികൾക്ക്‌ മിനിമം വേതനവും ലഭിക്കാൻ രണ്ടു മാർഗമാണുള്ളത്‌. ഒന്ന് ഉൽപ്പന്നങ്ങളുടെ മൂല്യവർധനയിലൂടെ ലഭിക്കുന്ന മിച്ചലാഭത്തിൽ ഒരു വിഹിതം കർഷകർക്ക്‌ അധിക വിലയും തൊഴിലാളികൾക്ക്‌ അധിക വേതനവും ആയി പങ്കുവയ്‌ക്കാൻ കോർപറേറ്റ് കമ്പനികളെ നിർബന്ധിതമാക്കുന്ന നിയമനിർമാണം.


 

രണ്ട്, സാമൂഹ്യ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ വിള അടിസ്ഥാനത്തിൽ ആധുനിക കാർഷിക വ്യവസായങ്ങൾ സ്ഥാപിക്കാനും ആഭ്യന്തര വിപണി വികസിപ്പിക്കാനും കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ സാമ്പത്തിക പിന്തുണയും വായ്പയും നൽകി, മിച്ചലാഭം മിനിമം വിലയും മിനിമം വേതനവുമായി പങ്കുവയ്‌ക്കുകയും ചെയ്യാനുള്ള നിയമനിർമാണം. സഹകരണമേഖലയുടെ പിന്തുണയോടെ വിപുലമായ വിപണി ഇടപെടൽ നടത്തി കേരളം വികസിപ്പിച്ചെടുത്ത മാതൃക ചർച്ച ചെയ്യണം.

സഹകരണ കൃഷി വികസിപ്പിച്ച്‌ കൃഷി ആധുനികവൽക്കരിക്കുകയും ഘട്ടം ഘട്ടമായി കാർഷികമേഖലയെ ആശ്രയിച്ചു നിൽക്കുന്ന തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തിയല്ലാതെ കാർഷികവ്യവസ്ഥയെ സംരക്ഷിക്കാൻ സാധ്യമല്ല. രാജ്യത്തെ 86 ശതമാനം കർഷക കുടുംബങ്ങളും അഞ്ച്‌ ഏക്കറിൽ താഴെ കൃഷിഭൂമിയുള്ളവരാണ്. കൃഷിഭൂമി അടുത്ത തലമുറയ്‌ക്ക് കൈമാറുകവഴി ഒന്നോ രണ്ടോ ഏക്കറായി കൃഷിഭൂമി ചുരുങ്ങുന്നു. ചെറുകിട ദരിദ്ര കർഷകരെ ഒരുമിപ്പിച്ച്‌ കൂട്ടുകൃഷി/സഹകരണ കൃഷി രീതിയിലൂടെ വൻകിട കാർഷികോൽപ്പാദന രീതി വികസിപ്പിക്കുകയും കാർഷിക അനുബന്ധ വ്യവസായങ്ങളും വിപണിയും വികസിപ്പിക്കുകയും മിച്ചലാഭം കർഷകരുമായി പങ്കുവയ്‌ക്കുകയും ചെയ്യുക. കേരള സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ഈ കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ ബദൽ വികസന നയത്തിന്റെ അടിസ്ഥാനം. കാർഷികപ്രശ്നം പരിഹരിക്കാനുള്ള സമരത്തിൽ അതീവപ്രാധാന്യമുള്ളതാണ് കാർഷികവൃത്തി നേരിട്ട് ചെയ്യുന്ന കർഷകരുടെ സഹകരണ പദ്ധതി.

ലോക മുതലാളിത്ത വ്യവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്താകെ ഉയരുന്ന കർഷകസമരങ്ങളും തൊഴിലാളി–-കർഷക ഐക്യവും സിപിഐ എം പരിപാടിയുടെ ശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. ഈ ദിശയിൽ ശരിയായ നിലപാടിലേക്ക് കർഷകരെയും തൊഴിലാളികളെയും അണിനിരത്താൻ സാധിച്ചതാണ് ഇന്ന് കാണുന്ന വിപുലമായ സമരങ്ങളിലേക്ക് നയിച്ചത്. കാർഷിക പ്രശ്‌നം പരിഹരിക്കുന്നതിന്റെ അടിത്തറ തൊഴിലാളി–-കർഷക ഐക്യവും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യവുമാണ്.

വൻകിട മുതലാളിത്ത ഭൂപ്രഭുത്വ സഖ്യത്തിന്റെ‍യും സാമ്രാജ്യത്വ ശക്തികളുടെയും കാവലാളായ ബിജെപിക്കെതിരെ തൊഴിലാളി കർഷക ഐക്യവും ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ വിപുലമായ രാഷ്ട്രീയ ഐക്യവും എന്നതാണ് ദേശീയരാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന ബദൽ. വർഗസമരങ്ങൾ സ്വാഭാവികമായും രാഷ്ട്രീയ മാറ്റങ്ങൾക്കുള്ള പാതയൊരുക്കും. മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കാർഷികപ്രശ്നമാണ് ദേശീയതലത്തിലെന്നപോലെ കേരളത്തിലും പശ്ചിമ ബംഗാളിലും അടക്കം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച്‌ സംസ്ഥാനത്തും നിർണായകമാകുക. കേരളത്തിൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് രാജ്യത്താകെ നടക്കുന്ന കോർപറേറ്റ് വിരുദ്ധ പോരാട്ടത്തെ ശക്‌തിപ്പെടുത്താൻ അനിവാര്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top