08 December Friday

ചുവടുപിഴയ്‌ക്കുന്ന മോദിതന്ത്രം

വി ബി പരമേശ്വരൻUpdated: Monday Sep 18, 2023

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ ചാണക്യസ്ഥാനത്ത്‌ ഇരിക്കുന്നയാളാണ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ജാതിസമവാക്യങ്ങളും സ്ഥാനാർഥിയുടെ ജനപ്രീതിയും പ്രചാരണതന്ത്രങ്ങളും സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ ഓരോ സംസ്ഥാനത്തും ബിജെപിയെ വിജയത്തിലേക്ക്‌ നയിക്കുന്നത്‌ മോദിയും ഷായുമാണെന്ന്‌ മാധ്യമഭാഷ്യം. മോദി ബ്രാൻഡ്‌ ഉയർത്തിക്കാട്ടി 2014ൽ ബിജെപി വിജയം ഉറപ്പിക്കുന്നതിലും കഴിഞ്ഞ രണ്ടു തവണയും ഉത്തർപ്രദേശിൽ ബിജെപിയെ വിജയത്തിലേക്ക്‌ നയിച്ചതും അരഡസനോളം സംസ്ഥാനങ്ങളിൽ നടന്ന ‘ഓപ്പറേഷൻ താമരയ്‌ക്കു’പിന്നിൽ പ്രവർത്തിച്ചതും അമിത്‌ ഷായെന്നാണ്‌ ഗോദി മാധ്യമങ്ങളുടെ അവകാശവാദം. എന്നാൽ, അമിത്‌ ഷായുടെ ചാണക്യതന്ത്രങ്ങൾ പൊളിയുകയാണോയെന്ന സംശയം ഇപ്പോൾ ഉയർന്നിരിക്കുന്നു.

അടുത്തിടെ പുതുപ്പള്ളിക്കൊപ്പം ഉത്തർപ്രദേശിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ദയനീയമായ പരാജയമാണ്‌ ഇത്തരമൊരു ചർച്ചയ്‌ക്ക്‌ വഴിവച്ചിട്ടുള്ളത്‌. 2024ൽ മൂന്നാം തവണയും മോദി പ്രധാനമന്ത്രിസ്ഥാനത്ത്‌ ഇരിക്കണമെങ്കിൽ ഏറ്റവും കൂടുതൽ സീറ്റ്‌ ലഭിക്കേണ്ടത്‌ യുപിയിൽനിന്നാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലെ ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ പരമാവധി സീറ്റുകൾ ബിജെപി നേടിയിരുന്നു. എന്നാൽ, 28 പ്രതിപക്ഷ പാർടിയുടെ കൂട്ടായ്‌മയായ ‘ഇന്ത്യ’ രൂപപ്പെട്ട സാഹചര്യത്തിൽ ആ വിജയം ആവർത്തിക്കാൻ കഴിയില്ലെന്ന്‌ ബിജെപിക്ക്‌ വ്യക്തമായിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ യുപിയിൽ യാദവേതര പിന്നാക്ക സമുദായങ്ങളുടെ വോട്ട്‌ ലക്ഷ്യമാക്കി അമിത്‌ ഷാ ചില കരുനീക്കങ്ങൾ നടത്തിയത്‌. അതിന്റെ ഫലമായാണ്‌ സുഹൽദേവ്‌ ഭാരതീയ സമാജ്‌ പാർടി (എസ്‌ബിഎസ്‌പി) നേതാവായ ഒ പി രാജ്‌ഭറെയും മറ്റൊരു പിന്നാക്ക സമുദായ നേതാവായ ധാരാസിങ് ചൗഹാനെയും സമാജ്‌വാദിപാർടി പക്ഷത്തുനിന്ന്‌ അടർത്തിയെടുത്ത്‌ ബിജെപിക്കൊപ്പം നിർത്തുന്നതിന്‌ അമിത്‌ ഷാ ചരടുവലിച്ചത്‌. കിഴക്കൻ യുപിയിലെ മൗ ജില്ലയിലെ ഘോസിയിൽനിന്ന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്‌പി ടിക്കറ്റിൽ വിജയിച്ച ധാരാസിങ് ചൗഹാനെയാണ്‌ ഡൽഹിയിലേക്ക്‌ വിളിപ്പിച്ച്‌ അമിത്‌ ഷാ ബിജെപി സീറ്റ്‌ വാഗ്‌ദാനം ചെയ്‌തത്‌. എംഎൽഎ സ്ഥാനംരാജിവച്ചാണ്‌ ഘോസിയിൽ താമരച്ചിഹ്നത്തിൽ ചൗഹാൻ മത്സരിച്ചത്‌. രാജ്‌ഭറിന്റെയും ബിജെപിയുടെയും പിന്തുണയുണ്ടായിട്ടുപോലും 42,759 വോട്ടിന്‌ ചൗഹാൻ പരാജയപ്പെട്ടു. എസ്‌പിയിലെ താക്കൂർ നേതാവായ സുധാകർ സിങ്ങാണ്‌ വിജയിച്ചത്‌. ഇതോടെ സവർണ വോട്ടുകളും ബിജെപിക്ക്‌ കൈവിടുകയാണെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്‌. ‘ഇന്ത്യ എന്ന സഖ്യത്തിന്റെ വിജയമായാണ്‌’ ഇതിനെ സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ സിങ് യാദവ്‌ വിശേഷിപ്പിച്ചത്‌. ബിജെപിയെ സംബന്ധിച്ച്‌ ഇത്‌ കനത്ത പരാജയമാണ്‌. മുഖ്യമന്ത്രിയും രണ്ട്‌ ഉപമുഖ്യമന്ത്രിമാരും ഒരു ഡസൻ ക്യാബിനറ്റ്‌ മന്ത്രിമാരും പ്രചാരണം നടത്തിയിട്ടും 42,000 വോട്ടിന്‌ തോറ്റത്‌ ബിജെപിയുടെ മുഖത്തേറ്റ പ്രഹരമാണ്‌.

യുപിയിൽപ്പോലും ബിജെപിക്ക്‌ പണ്ടേപോലെ കാര്യങ്ങൾ എളുപ്പമാകില്ലെന്ന വ്യക്തമായ സൂചനയാണ്‌ ഘോസി ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്നത്‌. ആദിത്യനാഥും കേന്ദ്ര നേതൃത്വവും തമ്മിലുള്ള വടംവലിയും പരമ്പരാഗത വോട്ടുകളിൽ ബിജെപിക്കുണ്ടാകുന്ന ചോർച്ചയും യുപിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കും.

ഘോസിയിലെ പരാജയം ബിജെപിയിലെ പടലപ്പിണക്കങ്ങളിലേക്കും രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളിലേക്കുമാണ്‌ വിരൽചൂണ്ടുന്നത്‌. ഒ പി രാജ്‌ഭറിനെ എൻഡിഎയിൽ കൊണ്ടുവന്നതിനെയും ധാരാസിങ് ചൗഹാനെ ബിജെപിയിലെടുത്തതിനെയും മുഖ്യമന്ത്രി ആദിത്യനാഥ്‌ അംഗീകരിച്ചിരുന്നില്ല. കേന്ദ്ര നേതൃത്വത്തിന്റെയും രണ്ട്‌ ഉപമുഖ്യമന്ത്രിമാരുടെയും സമ്മർദഫലമായാണ്‌ മന്ത്രിസ്ഥാനം അടക്കം വാഗ്‌ദാനംചെയ്‌ത്‌ ഇരുവരെയും ബിജെപിക്കൊപ്പം നിർത്തിയത്‌. ആദിത്യനാഥ്‌ സംസ്ഥാനത്ത്‌ സൃഷ്ടിച്ചെടുത്ത മുസ്ലിംവിരുദ്ധ നിലപാടിൽ വെള്ളം ചേർക്കുന്നതാണ്‌ അമിത്‌ ഷായുടെ നടപടിയെന്നാണ്‌ അടക്കംപറച്ചിൽ. മുക്താർ അൻസാരിയെ ജയിലിലടച്ചതും അസംഖാനെ രാഷ്ട്രീയമായി ഒതുക്കിയതും അതിഖ്‌ അഹമ്മദിനെ വധിച്ചതുമാണ്‌ തന്റെ മുസ്ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്നാണ്‌ ആദിത്യനാഥ്‌ വിഭാഗത്തിന്റെ പക്ഷം. എന്നാൽ, മുക്താർ അൻസാരിയുടെ മകൻ ഒ പി രാജ്‌ഭർ നയിക്കുന്ന പാർടിയുടെ എംഎൽഎയാണ്‌. അയാളോടൊപ്പം വേദി പങ്കിടേണ്ടിവന്നാൽ താൻ വർഷങ്ങളായി വളർത്തിയെടുത്ത ‘കടുത്ത മുസ്ലിംവിരോധ’ പ്രതിച്ഛായ തകർന്നടിയുമെന്ന്‌ ആദിത്യനാഥ്‌  മനസ്സിലാക്കുന്നു. ഇത്‌ തടയാനായിരിക്കാം ഘോസിയിലെ പരമ്പരാഗത ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിന്നത്‌. ധാരാസിങ് ചൗഹാൻ വിജയിക്കുന്ന പക്ഷം അത്‌ തന്റെ വിജയമായി രാജ്‌ഭർ ആഘോഷിക്കുകയും ഇരുവരും മന്ത്രിസഭയിൽ ഇടംനേടുകയും ചെയ്യുമെന്നും ബിജെപി പ്രവർത്തകർ മാധ്യമങ്ങളോട്‌ പറഞ്ഞതും ഇതോടൊപ്പം ചേർത്തുവായിക്കണം. അതായത്‌ യുപിയിൽപ്പോലും ബിജെപിക്ക്‌ പണ്ടേപോലെ കാര്യങ്ങൾ എളുപ്പമാകില്ലെന്ന വ്യക്തമായ സൂചനയാണ്‌ ഘോസി ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്നത്‌. ആദിത്യനാഥും കേന്ദ്ര നേതൃത്വവും തമ്മിലുള്ള വടംവലിയും പരമ്പരാഗത വോട്ടുകളിൽ ബിജെപിക്കുണ്ടാകുന്ന ചോർച്ചയും യുപിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നു വ്യത്യസ്‌തമായ ചിത്രമാണ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കുള്ളത്‌. ഒന്നാമതായി മോദിയുടെ  വ്യാജ പ്രതിച്ഛായയെമാത്രം ആശ്രയിച്ച്‌ വിജയിക്കാൻ കഴിയില്ലെന്ന്‌ ബിജെപിക്കും സംഘപരിവാറിനും ബോധ്യമായിരിക്കുന്നു. രാമക്ഷേത്രംപോലുള്ള പതിവ്‌ വഴിപാടുകൊണ്ടും വിജയം നേടാനാകില്ലെന്ന്‌ ഘോസിയിലെ ഫലം വ്യക്തമാക്കുന്നുണ്ട്‌. ഇതോടെതന്നെ പാർടിക്കുള്ളിൽ നിലവിലുള്ള നേതൃത്വത്തിനെതിരെ മുറുമുറുപ്പും ആരംഭിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി എല്ലാ മന്ത്രിമാരെയും അഭിവാദ്യം ചെയ്‌തപ്പോൾ മോദിക്ക്‌ മുഖം നൽകാതെ മാറിനിന്ന നിതിൻ ഗഡ്‌കരി സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. മോദി മന്ത്രിസഭയിൽ ഏറ്റവും നന്നായി പ്രവർത്തിച്ച മന്ത്രിയാരെന്ന ചോദ്യത്തിന്‌ സംഘപരിവാറുകാർ നൽകുന്ന ഉത്തരം ഗഡ്‌കരിയെന്നാണ്‌. ബിജെപി തനിച്ച്‌ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടാൽ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ അടക്കം പരിഗണിക്കപ്പെടാവുന്ന പേരുകളിലൊന്നാണ്‌ ഗഡ്‌കരി. ആർഎസ്എസുമായി അടുത്ത ബന്ധമുണ്ട്‌ ഈ നാഗ്‌പുർകാരന്‌.  അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒതുക്കുകയെന്നത്‌ മോദിയുടെയും അമിത്‌ ഷായുടെയും ലക്ഷ്യമാണ്‌. ഇതിന്റെ ഭാഗമാണ്‌ ദേശീയപാതാ വികസനത്തിൽ അഴിമതി ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്‌ പുറത്തുവന്നതെന്നാണ്‌ സംഘപരിവാർ ഉപശാലകളിലെ അടക്കംപറച്ചിൽ. മോദിയുടെ വിശ്വസ്‌തനായ ഗിരീഷ്‌ ചന്ദ്ര മുർമുവാണ് ഇപ്പോൾ സിഎജി. 

‘പാർടിക്ക്‌ അടിത്തറയിട്ടവരെയാണ്‌ അവഗണിക്കുന്നതെന്നും എന്റെ വിയർപ്പും രക്തവും കൂടിച്ചേർന്നതാണ്‌ ഈ പാർടിയെന്നും’ മോദി‐ ഷാ നേതൃത്വത്തെ പരസ്യമായി ഓർമപ്പെടുത്താനും ഉമാഭാരതി മറന്നില്ല.

വാജ്‌പേയി കാലത്തെ എല്ലാ നേതാക്കളെയും മോദി മൂലയ്‌ക്കിരിത്തിയിരിക്കുകയാണെന്ന വിമർശവും ശക്തമാണ്‌. അതിൽ ഗഡ്‌കരിയും രാജ്‌നാഥ്‌ സിങ്ങും മാത്രമാണ്‌ മന്ത്രിസഭയിൽ ഉള്ളത്‌. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാനിൽനിന്ന്‌ തെരഞ്ഞെടുപ്പിന്റെ നിയന്ത്രണം പൂർണമായും അമിത്‌ ഷാ ഏറ്റെടുത്തിരിക്കുകയാണ്‌. ഛത്തീസ്‌ഗഢിൽ രമൺ സിങ് അവഗണനയുടെ കുഴിമാടത്തിൽ വീണുകിടക്കുകയാണ്‌. എന്നാൽ, രമൺ സിങ് അല്ലാതെ മറ്റൊരു നേതാവിനെ ഉയർത്തിക്കാണിക്കാൻ ബിജെപിക്കില്ലതാനും. മധ്യപ്രദേശിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ച ഉമാഭാരതിയെ മോദി പൂർണമായും അവഗണിക്കുകയാണ്‌. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ബുന്ദേൽഗഡ്‌ മേഖലയിലെ ചിത്രകൂടിൽനിന്നും നീമച്ചിൽനിന്നും ബിജെപി ജന ആശീർവാദ്‌ യാത്രകൾ തുടങ്ങിയപ്പോൾ ഉമാഭാരതിയെ ആ ചടങ്ങുകളിലേക്ക്‌ ക്ഷണിക്കുകപോലും ചെയ്തില്ല. ‘പാർടിക്ക്‌ അടിത്തറയിട്ടവരെയാണ്‌ അവഗണിക്കുന്നതെന്നും എന്റെ വിയർപ്പും രക്തവും കൂടിച്ചേർന്നതാണ്‌ ഈ പാർടിയെന്നും’ മോദി‐ ഷാ നേതൃത്വത്തെ പരസ്യമായി ഓർമപ്പെടുത്താനും ഉമാഭാരതി മറന്നില്ല. കല്യാൺ സിങ്ങിനുശേഷം ലോധ്‌ സമുദായത്തിൽനിന്നുള്ള ഉത്തരേന്ത്യയിലെതന്നെ ഏറ്റവും പ്രധാന നേതാവാണ്‌ ഉമാഭാരതി. മാത്രമല്ല, അഭയ്‌ ജെയിൻ എന്ന ആർഎസ്‌എസ്‌ പ്രചാരകിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുതിയ പാർടി (ജനഹിത്‌ പാർടി) രൂപീകരിച്ചതും ബിജെപിക്ക്‌ വെല്ലുവിളിയാണ്‌. രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയെയും മോദി‐ ഷാ കൂട്ടുകെട്ട്‌ അവഗണിക്കുകയാണ്‌. അവരെ ഇനിയും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനില്ലെന്ന വ്യക്തമായ സന്ദേശമാണ്‌ മോദിയും ഷായും നൽകിവരുന്നത്‌. അത്‌ ബിജെപി വിജയത്തെ സാരമായി ബാധിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. 

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണവും മോദി അഭിമുഖീകരിക്കുന്ന പുതിയ പ്രതിസന്ധിയാണ്‌. ‘അഴിമതി നടത്തുകയുമില്ല നടത്താൻ അനുവദിക്കുകയുമില്ല’ എന്നു പറഞ്ഞ്‌ അധികാരത്തിൽ വന്ന മോദിതന്നെ ഇപ്പോൾ അദാനി നടത്തിയ വൻ അഴിമതി പ്രതിരോധിക്കാനാകാതെ മൗനവ്രതത്തിലാണ്‌. അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമയ്‌ക്കും ഭാര്യക്കുമെതിരെ 10 കോടി രൂപയുടെ അഴിമതിആരോപണം ഉയർന്നിരിക്കുന്നു. തൊഴിൽ തട്ടിപ്പിൽ ബിജെപിയുടെ സമുന്നത നേതാവ്‌ ഇന്ദ്രാണി തബിൽദർ ആത്മഹത്യചെയ്‌തതും മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജേൻ ഗൊഹെയ്‌ൻ ഫുഡ്‌ ആൻഡ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷനിൽനിന്ന്‌ രാജിവച്ചതും അസം ബിജെപിയിൽ കാര്യങ്ങൾ അത്ര സുഗമമല്ലെന്ന്‌ വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ശിവരാജ്‌ സിങ് ചൗഹാൻ സർക്കാരിനെതിരെ വ്യാപം ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങളാണ്‌ ഉയർന്നിരിക്കുന്നത്‌. കിരൺറിജുജുവിന്‌ പകരം അടുത്തിടെ മോദി കേന്ദ്ര നിയമ മന്ത്രിയാക്കിയ രാജസ്ഥാനിലെ അർജുൻ  മെഘ്‌വാലിനെ സ്വന്തം പാർടിയിലെതന്നെ നേതാവും മുൻ മന്ത്രിയുമായ കൈലാഷ്‌ മെഘ്‌വാൽ വിശേഷിപ്പിച്ചത്‌ ‘നമ്പർ വൺ അഴിമതിക്കാരൻ’ എന്നാണ്‌. അതായത്‌ ബിജെപി നേതാക്കൾക്കിടയിലെ അഴിമതിയും ഗ്രൂപ്പുവഴക്കും മറ്റും 2024ലെ തെരഞ്ഞെടുപ്പ്‌ പോരാട്ടം ബിജെപിക്ക്‌ കടുത്ത പരീക്ഷണമായി മാറുകയാണ്‌. ‘ഇന്ത്യ’യുടെ വരവ്‌ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top