08 December Friday

ഉയരാം നമുക്കൊത്തചേരാം

കെ രാധാകൃഷ്ണന്‍: പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിUpdated: Monday Oct 2, 2023

എല്ലാ മനുഷ്യരെയും വേർതിരിവുകളില്ലാതെ ചേർത്തുപിടിച്ച് പുരോഗതിയിലേക്ക്‌ നയിക്കുകയെന്നതാണ് സാമൂഹ്യ ഐക്യദാർ‍ഢ്യ പക്ഷാചരണംകൊണ്ട്‌ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ  ‘ഉയരാം നമുക്കൊത്തുചേർന്ന്’ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ  പക്ഷാചരണം ഗാന്ധിജയന്തിമുതൽ  16 വരെ സംഘടിപ്പിക്കുന്നത്. പട്ടികജാതി-–- പട്ടികവർഗ -പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പക്ഷാചരണം.  പാർശ്വവൽക്കൃത ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും അടിസ്ഥാന സൗകര്യങ്ങളും നൽകി, സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് ഉന്നതിയിലേക്ക്‌ നയിക്കാനാണ് ലക്ഷ്യമിടുന്നത്.
വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിലൂടെ സമൂഹത്തിൽ പരസ്പര വിശ്വാസവും സൗഹൃദവും ഉറപ്പിക്കാമെന്ന ദർശനമാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ അടിസ്ഥാനശില. രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷം പിന്നിട്ടിട്ടും ഈ ലക്ഷ്യങ്ങളൊന്നും ദളിത്- പട്ടികവിഭാഗ പിന്നാക്ക വിഭാഗങ്ങൾക്ക് അനുഭവവേദ്യമായിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ, അതിൽനിന്നൊക്കെ വ്യത്യസ്തമാണ് കേരളം. ഒട്ടനവധി നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കേരളത്തിൽ സാമൂഹ്യനീതിയുടെ വേരുകളുറച്ചത്.  അവർണരെന്ന് വിളിച്ച് മാറ്റിനിർത്തപ്പെട്ടവർ വഴിനടക്കാനായി ആരംഭിച്ച വൈക്കം സത്യഗ്രഹസമരത്തിന്റെ ശതാബ്ദി വർഷവുമാണിത്. 
 
നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലുകളിലൂടെയാണ്  കേരളം സാമൂഹ്യപുരോഗതി കൈവരിച്ചത്. നമ്മൾ ആർജിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന പ്രവണത പലയിടങ്ങളിലും തലപൊക്കുന്ന സാഹചര്യത്തിൽ ഈ പക്ഷാചരണ പരിപാടികൾക്ക് പ്രസക്തിയേറുന്നു. ജാതി -മത ശക്തികൾക്ക് കീഴ്പ്പെടാതെ കേരളം എന്നും നിലനിൽക്കുന്നതും   സാമൂഹ്യഐക്യത്തിലൂടെയാണ്. ജാതി–- -ജന്മി–-നാടുവാഴിത്ത കാലത്തിന്റെ ഇരുട്ടറകളിലേക്ക്‌  തളച്ചിടാൻ ശ്രമിക്കുന്നവരെ നാം ഒന്നിച്ചെതിർക്കണം.
സാമൂഹ്യനീതിയും സുരക്ഷയുമൊന്നുമില്ലാത്ത അരക്ഷിതരാണ് ഇന്ത്യയിലെ പാർശ്വവൽക്കൃത സമൂഹം. തീർത്തും വ്യത്യസ്ത ചിത്രമാണ് കേരളത്തിന്റേത്. വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ മികവുറ്റ സൗകര്യങ്ങൾ നൽകി എല്ലാ രംഗത്തും ഉയർന്നുവരാനുള്ള അവസരങ്ങളാണ് സംസ്ഥാന സർക്കാർ പട്ടികജാതി- പട്ടികവർഗ- പിന്നാക്ക വിഭാഗങ്ങൾക്കായി ഒരുക്കുന്നത്. "ഉന്നതി’ എന്ന പൊതു കുടക്കീഴിൽ വകുപ്പുകളെ യോജിപ്പിച്ച്‌ മികച്ച സാമൂഹ്യമൂലധനമാണ് സർക്കാർ നൽകുന്നത്. അഭ്യസ്തവിദ്യരായ യുവജനങ്ങളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്ന കേരള എംപവർമെന്റ് സൊസൈറ്റി, സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിശീലനവും നൈപുണ്യവും നൽകുന്ന ട്രേസ്, വീടുകളെ പുതുമോടിയിലാക്കുന്ന സേഫ്, വിദേശപഠന അവസരങ്ങൾ തുടങ്ങിയവ ഈ സർക്കാർ നടപ്പാക്കി വരുന്ന നൂതന പദ്ധതികളിൽ ചിലതു മാത്രമാണ്.  

പട്ടികവർഗക്കാരായ ജനങ്ങൾ ഏറെയുള്ള വയനാട്ടിലും അട്ടപ്പാടിയിലും സർക്കാരിന്റെ  ഇടപെടലുകൾ ഫലം കണ്ടുതുടങ്ങി. ആരോഗ്യ -അടിസ്ഥാന സൗകര്യ മേഖലകളിൽ അട്ടപ്പാടിയടക്കമുള്ള മേഖലകളിലെ മാറ്റം ഇതിന്റെ തെളിവുകളാണ്. വയനാട് ജില്ലയിൽ നടപ്പാക്കി വരുന്ന ഡിജിറ്റലി കണക്റ്റഡ് പദ്ധതിയും ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഭൂമി വിതരണത്തിലും എക്കാലത്തെയും മികച്ച നേട്ടമാണുണ്ടായത്. അതിക്രമങ്ങൾക്കെതിരായ പ്രചാരണം, പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം, സംരംഭകത്വ സെമിനാർ, ശുചീകരണം,  ഊരുകൂട്ടങ്ങൾ, ലഹരിവിരുദ്ധ പ്രചാരണം തുടങ്ങിയ പരിപാടികളും പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

 ജനകീയാസൂത്രണത്തിലൂടെ അധികാരവും സമ്പത്തും തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയിട്ട് 25 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യ മേഖലകളിൽ ചില കുറവുകൾ നിലനിൽക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.  അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടുണ്ടോയെന്ന് ജനപ്രതിനിധികളും ജനങ്ങളും ഒത്തുചേർന്ന് വിലയിരുത്താനും പരിശോധിക്കാനും പക്ഷാചരണം അവസരമൊരുക്കും. കാലഘട്ടത്തിന് അനുസൃതമായ പദ്ധതികൾ കണ്ടെത്തി ആവിഷ്കരിക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തണം. ആനുകൂല്യങ്ങൾക്കും സൗജന്യങ്ങൾക്കും കാത്തുനിൽക്കാതെ സ്വയംപര്യാപ്ത സമൂഹമായി ഇവരെ മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
തിങ്കൾ രാവിലെ എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. 16ന് വൈകിട്ട് കൊല്ലത്താണ് സമാപനം. പൊതുസമൂഹത്തിന്റെയാകെ പിന്തുണയോടെ ഐക്യദാർഢ്യ പരിപാടികൾ ഏറ്റെടുക്കുമ്പോൾ, സാമൂഹ്യ അസമത്വങ്ങളൊക്കെ ഇല്ലാതാക്കി പുരോഗതിയിലേക്ക് നാം മുന്നേറും. അതിലൂടെ നവകേരളത്തിലേക്ക്‌ ഒന്നിച്ച് ഉയരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top