19 April Friday

പിഎഫ് പെൻഷൻ; വിധികാത്ത് ജനലക്ഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

പ്രോവിഡന്റ് ഫണ്ട് നമ്മുടെ രാജ്യത്തെ തൊഴിലാളികൾ നേടിയെടുത്ത പ്രധാന അവകാശങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെ മിക്കവാറും എല്ലാ രാജ്യത്തിലും പ്രോവിഡന്റ് ഫണ്ടും അതിനുവേണ്ടിയുള്ള പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും നിലവിലുണ്ട്.  ഭൂരിപക്ഷം രാജ്യങ്ങളിലും പ്രോവിഡന്റ് ഫണ്ടിൽനിന്ന്‌ മെച്ചപ്പെട്ട വാർധക്യകാല പെൻഷൻ നൽകിവരികയാണ്. എല്ലാ കാര്യത്തിലും കഷ്ടതയനുഭവിക്കുന്ന തൊഴിലാളികളുടെ ഒരു അത്താണിയാണ് പ്രോവിഡന്റ് ഫണ്ട് എന്ന കാര്യത്തിൽ  സംശയമില്ല.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്ട് 1952ലാണ് കേന്ദ്ര സർക്കാർ പാസാക്കിയെടുത്തത്. ഏറ്റവുമൊടുവിൽ 2017ൽ ഇതിന് കാര്യമായ ഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ടിന്റെ ഭാഗമായ എംപ്ലോയീസ് പെൻഷൻസ് സ്കീം 1995ലാണ് നിലവിൽവന്നത്. 2014ലും 2020ലും ഈ സ്കീമിൽ കേന്ദ്ര സർക്കാർ ഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് രാജ്യത്തെ 73 ലക്ഷം ജീവനക്കാരാണ് പിഎഫ് പെൻഷൻ സ്കീമിലുള്ളത്. ഓരോ ജീവനക്കാരന്റെയും അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം  സ്ഥാപനവും 1.16 ശതമാനം കേന്ദ്ര സർക്കാരും അംശാദായം അടയ്‌ക്കുന്ന തരത്തിൽ 1995ലാണ് ജീവനക്കാരുടെ പെൻഷൻ പദ്ധതി (ഇപിഎസ്) ആരംഭിക്കുന്നത്. 1995ൽ 8252 കോടി രൂപയിൽനിന്ന് ആരംഭിച്ച ഇപിഎസ് 2017-18ൽ 3,93,604 കോടിയിലാണ് എത്തിനിന്നത്.

പ്രോവിഡന്റ് ഫണ്ട് പെൻഷൻ സ്‌കീം കോടതി കയറിയിട്ട് വർഷങ്ങളായി. തൊഴിലാളികളുടെ അവകാശങ്ങൾ ബോധപൂർവം നിഷേധിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരായി കേരള, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതികളുടെ വിധികൾ തൊഴിലാളികൾക്ക് അനുകൂലമായി ഉണ്ടാകുകയും  ഇതിനെ സുപ്രീംകോടതി അപ്പീലിൽ അംഗീകരിക്കുകയും ചെയ്‌തതിനുശേഷവും ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള ഹീനമായ നീക്കമാണ് സുപ്രീംകോടതിയിൽ പ്രത്യേക ഹർജി നൽകിക്കൊണ്ട് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) സമർപ്പിച്ച ഹർജി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് വിധിപറയാൻ മാറ്റിയിരിക്കുകയാണ്.

ജീവനക്കാരുടെ വാദങ്ങൾക്ക് കേന്ദ്ര സർക്കാരും  ഇപിഎഫ്ഒയും ടാറ്റാ മോട്ടേഴ്‌സും മറുവാദം നടത്തിയശേഷമാണ് കേസ് വിധിപറയാൻ മാറ്റിവച്ചത്. ഇപിഎഫ്ഒക്കുവേണ്ടി ഹാജരായ ആര്യാമാസുന്ദരം ജീവനക്കാർ നിരത്തിയ കണക്കുകൾ ചോദ്യംചെയ്‌ത് അധിക സാമ്പത്തികബാധ്യത വരുത്താനാകില്ലെന്ന വാദം ആവർത്തിച്ചു. 2014ലെ നിയമഭേദഗതി ഒഴിവാക്കപ്പെട്ടവരെക്കൂടി ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കുന്നവരിൽ ഉൾപ്പെടുത്തിയ കേരള ഹൈക്കോടതി നടപടി തെറ്റാണെന്നും അദ്ദേഹം വാദിച്ചു. ആര്യാമാ സുന്ദരത്തിനു പുറമെ കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയും  ടാറ്റാ മോട്ടേഴ്സിനുവേണ്ടി അഡ്വ. സി യു സിങ്ങും ഹാജരായി. ഉയർന്ന പെൻഷൻ അനുവദിക്കുന്നത് പദ്ധതിയുടെ സാമ്പത്തികാടിത്തറയെ ബാധിക്കുന്നത് എങ്ങനെയെന്ന്‌ കോടതി ചോദിച്ചു.

പ്രോവിഡന്റ് ഫണ്ടും പെൻഷൻ പദ്ധതിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? പദ്ധതി കാര്യക്ഷമമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ എന്നീ വിഷയങ്ങളിലൊക്കെ  സുപ്രീംകോടതി നിരവധി ചോദ്യം ഉന്നയിച്ചിട്ടുണ്ട്‌. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെമാത്രം സഹായിക്കുകയാണ് ഈ പെൻഷൻ സ്കീമിന്റെ ലക്ഷ്യമെന്ന  തൊഴിൽ മന്ത്രാലയത്തിന്റെ വാദത്തെയും കോടതി ചോദ്യംചെയ്തു. പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ എല്ലാ വിഭാഗത്തിനും ലഭ്യമാക്കേണ്ടതാണ്. നമ്മുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 14 അനുസരിച്ചുള്ള അവകാശങ്ങൾ നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി 2014ലെ ഭേദഗതി റദ്ദാക്കിയതെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് എടുത്തുപറയുകയും ചെയ്‌തു.

എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഉയർന്ന പെൻഷന് അവസരമൊരുക്കിയാൽ 16 ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകുമെന്ന ഇപിഎഫ്ഒയുടെ വാദം കോടതിയിൽ ജീവനക്കാരുടെ പ്രതിനിധികൾ പൊളിച്ചു. ആധികാരികമായ റിപ്പോർട്ടുകളുടെയോ, സ്ഥിതിവിവരക്കണക്കുകളുടെയോ പിൻബലമില്ലാത്ത ഊതിപ്പെരുപ്പിച്ച ബാധ്യതാ കണക്കുകളാണ് ഇപിഎഫ്ഒയും തൊഴിൽ മന്ത്രാലയും അവതരിപ്പിച്ചതെന്ന് കേരളത്തിൽ നിന്നുൾപ്പെടെയുള്ള ജീവനക്കാർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

പെൻഷൻ പദ്ധതിയുടെ കോർപസ് ഫണ്ട് വർഷംതോറും വലിയരീതിയിൽ വർധിക്കുകയാണ് ചെയ്‌തതെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരെ പ്രതിനിധാനംചെയ്‌ത മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് ചൂണ്ടിക്കാട്ടി. ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ടിലുള്ള കോർപസ് ഫണ്ട് വർധന മറച്ചുവച്ച് 16 ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്.  

പ്രോവിഡന്റ് ഫണ്ട് ആക്ടിലോ എംപ്ലോയീസ് പെൻഷൻ സ്‌കീമിലോ പറഞ്ഞിട്ടില്ലാത്ത കട്ട്ഓഫ് ഡേറ്റ് ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ്‌. ഉയർന്ന വിഹിതം അടയ്‌ക്കാനുള്ള ജോയിന്റ് ഓപ്‌ഷൻ തെരഞ്ഞെടുക്കാൻ കട്ട്ഓഫ് ഡേറ്റ് ഏർപ്പെടുത്തിയത് 2014ലെ ഭേദഗതിയിലാണ്. 1995ൽ തുടങ്ങിയ പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്ക് 2014ൽ കട്ട്ഓഫ് ഡേറ്റ് ഏർപ്പെടുത്തിയത് നിലനിൽക്കില്ല. പെൻഷൻ കണക്കാക്കാൻ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെന്ന വ്യവസ്ഥ മാറ്റി 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെന്ന വ്യവസ്ഥ കൊണ്ടുവന്നതും  ജീവനക്കാർക്കെതിരാണ്. പ്രോവിഡന്റ് ഫണ്ടിന്റെയും പെൻഷൻ സ്കീമിന്റെയും വ്യക്തവും ആധികാരികവുമായ കണക്കുകൾ പരമോന്നത കോടതിയിൽ നൽകുന്നതിനുപോലും ഇപിഎഫ്ഒ അറച്ചുനിൽക്കുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ ഇതിൽ കള്ളക്കളികൾ ഉണ്ടെന്ന് പകൽപോലെ വ്യക്തമാണ്. പെൻഷൻ സ്‌കീമിൽനിന്നു കിട്ടുന്ന പലിശ കൊണ്ടുതന്നെ ഇപിഎസ് നടപ്പാക്കാൻ കഴിയും.

ഭാരിച്ച ഈ പലിശത്തുക പെൻഷൻ നൽകിയാലും ബാക്കി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിലാളികൾക്ക് തങ്ങളുടെ ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെൻഷൻ നൽകണമെന്ന ആവശ്യത്തിനുനേരെ  നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സർക്കാരും  പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റും ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ പ്രോവിഡന്റ് ഫണ്ട് പെൻഷൻ കേസിന്റെ വിധികാത്ത് ലക്ഷോപലക്ഷം തൊഴിലാളികളും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നു. പിഎഫ് പെൻഷൻ തൊഴിലാളികളുടെ നിഷേധിക്കാനാകാത്ത അവകാശമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top