26 April Friday

ഇപിഎഫ്: കാലോചിത 
മാറ്റത്തിനായി അണിചേരാം

കെ വരദരാജൻUpdated: Wednesday Nov 30, 2022

പ്രോവിഡന്റ് ഫണ്ട്‌ പെൻഷൻ ബാധകമായ തൊഴിലാളികളുടെയും  ജീവനക്കാരുടെയും  ആശങ്ക പൂർണമായും അവസാനിപ്പിക്കുന്നതല്ല സുപ്രീംകോടതി അടുത്തിടെ പ്രസ്‌താവിച്ച വിധി.  ഈ വിധി തൊഴിലാളികളുടെ ഭാവിജീവിതത്തെ എങ്ങനെ ബാധിക്കുമെന്നത് പ്രധാനപ്പെട്ടതാണ്. എംപ്ലോയീസ് പ്രോവിഡന്റ്ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര സർക്കാരും ചേർന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയും  ഇപിഎഫ്ഒയുടെയും കേന്ദ്ര സർക്കാരിന്റെയും തൊഴിലാളികളുടെയും സിവിൽ അപ്പീലുകളും റിട്ട് അപ്പീലുകളും തീർപ്പാക്കിയാണ് ഈ മാസം നാലിന്‌ വിധിയുണ്ടായത്‌.  ഹൈക്കോടതിവിധികൾ പൂർണമായി അസാധുവാക്കിയാണ് വിധിയെങ്കിലും ചിലകാര്യങ്ങൾ തൊഴിലാളികൾക്കനുകൂലമായുണ്ടെന്നതും കാണേണ്ടതുണ്ട്‌.

വിധിയുടെ സാരാംശം
51 പേജുള്ള വിധിന്യായത്തിൽ ഇപിഎഫ്, ഇപിഎസ് (പെൻഷൻ പദ്ധതി)സംബന്ധിച്ച കോടതിവിധികളും ഇപിഎഫ്ഒയുടെയും തൊഴിലാളികളുടെയും ന്യായവാദങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. വിധി പ്രസ്താവനയുടെ സാരാംശമിതാണ്.

(1) ഇപിഎസ്- 1995ൽ  2014ൽ വരുത്തിയ ഭേദഗതി നിയമപരവും നിലനിൽക്കുന്നതുമാണ്. ഇതനുസരിച്ച് ഇപിഎസ് അംഗത്വത്തിനുള്ള പരിധി 15,000 ആയി നിജപ്പെടുത്തിയത് അംഗീകരിച്ചു. എന്നാൽ, പരിധി അധികരിച്ചുള്ള ശമ്പളത്തിന് ഉയർന്ന പെൻഷനുവേണ്ടി ഉന്നത ഓപ്ഷൻ തൊഴിലുടമയുമായി ചേർന്ന് നൽകാൻ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തൊഴിലാളിക്ക്‌ അവകാശമുണ്ട്. നിലവിലുള്ള അംഗങ്ങളുടെ ഫണ്ടിനെ സംബന്ധിച്ച് കേസുകൾക്ക് വ്യവസ്ഥകൾ ബാധകമാണ്. അതു സംബന്ധിച്ച്  കണ്ടെത്തലുകളും നിർദേശങ്ങളും തുടർന്നുള്ള ഖണ്ഡികയിൽ നൽകുന്നുണ്ട്.

(2) 2014ൽ പെൻഷൻപദ്ധതിയിൽ കൊണ്ടുവന്ന ഭേദഗതി സാധാരണ സ്ഥാപനങ്ങളെപ്പോലെ ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലും നടപ്പാക്കാവുന്നതാണ്. നേരത്തേ നിർദേശിച്ചപോലെ ഇവരുടെ ഫണ്ടുകൾ കൈമാറാം

(3) 2014 സെപ്തംബർ ഒന്നിന് സർവീസിൽ തുടരുകയും 1995ലെ പദ്ധതിയുടെ ഖണ്ഡിക 11 (3) പ്രകാരം ഓപ്ഷൻ നൽകിയവർക്ക് ഭേദഗതിചെയ്ത പദ്ധതിയിലെ ഖണ്ഡിക 11 (4) ബാധകമായിരിക്കും.

(4) ഖണ്ഡിക 11 (3) അനുസരിച്ച്  ഓപ്ഷൻ കൊടുക്കാത്ത അംഗങ്ങൾക്ക് ഭേദഗതി വരുത്തിയ ഖണ്ഡിക 11 (4) അനുസരിച്ച് ഓപ്ഷന്‌ അവകാശമുണ്ട്. 2014ന് മുമ്പുണ്ടായിരുന്ന നിയമത്തിൽ ഓപ്ഷൻ നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഹൈക്കോടതിവിധികൾ ഈക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചതിനാൽ എല്ലാ ജീവനക്കാർക്കും ഓപ്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ലെന്നതിനാൽ ഓപ്ഷൻ നൽകാൻ നാല് മാസം സമയം ദീർഘിപ്പിച്ചു. (5) ഓപ്ഷൻ നൽകാതെ 2014 സെപ്തംബർ ഒന്നിനുമുമ്പ്‌ വിരമിച്ച ജീവനക്കാർ പദ്ധതിയിൽനിന്നുതന്നെ പുറത്തായതിനാൽ വിധിയുടെ നേട്ടങ്ങൾക്ക്‌ അവകാശമില്ല.

(6) ഓപ്ഷൻ നൽകി 2014 സെപ്തംബർ ഒന്നിനുമുമ്പ്‌ വിരമിച്ചവർക്ക് 2014ലെ ഭേദഗതിക്ക് മുമ്പുള്ള ഖണ്ഡിക 11 (3) ലെ വ്യവസ്ഥകൾതന്നെ ബാധകമായിരിക്കും.

(7) അംഗങ്ങൾ 15,000 രൂപയ്ക്ക് മേലുള്ള വരുമാനത്തിന്റെ 1.16 ശതമാന നിരക്കിൽ അധികമായി അടയ്ക്കണമെന്ന ഭേദഗതി ചെയ്ത പദ്ധതിയിലെ വ്യവസ്ഥ 1952ലെ ഇപിഎഫ് നിയമത്തിലെ വ്യവസ്ഥ  ലംഘിക്കുന്നതാണ്.  ഈ ഭാഗം പ്രായോഗികമായി നടപ്പാക്കുന്നത് ആറ് മാസത്തേക്ക് നിർത്തിവച്ചു. തൊഴിലുടമകളുടെ വിഹിതം വർധിപ്പിക്കുന്നതുൾപ്പെടെ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ചുതന്നെ മറ്റുറവിടങ്ങളിൽനിന്ന് ഇതിനാവശ്യമായ തുക കണ്ടെത്താം. ആറുമാസ പൂർത്തീകരണമോ നിയമനിർമാണമോ ഏതാണ് ആദ്യം സംഭവിക്കുന്നത്, അതിനുള്ള ഒരു ഇടവേളമാത്രമാണ് നിർത്തിവയ്ക്കൽ.

(8) പെൻഷൻ കണക്കാക്കുന്നതിൽ പിശകൊന്നുമില്ല.

(9) ഭേദഗതിക്ക് മുമ്പുള്ള 11 (3) ഖണ്ഡികയുടെ വ്യാഖ്യാനത്തിൽ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ആർ സി ഗുപ്ത കേസിൽ സ്വീകരിച്ച സമീപനം അംഗീകരിക്കുന്നു.  ഈ വിധിയിലെ നിർദേശങ്ങൾകൂടി കണക്കിലെടുത്ത് ആർ സി ഗുപ്ത കേസ് വിധിയിലെ നിർദേശങ്ങൾ എട്ട് ആഴ്ചയ്‌ക്കുള്ളിൽ  നടപ്പാക്കണം.

തൊഴിലാളികൾക്കനുകൂലമായ ഹൈക്കോടതി വിധികൾക്കെതിരെ അപ്പീൽ സമർപ്പിച്ച ഇപിഎഫ്ഒയെയും കേന്ദ്ര സർക്കാരിനെയും അതിൽ പരിഷ്കരണങ്ങൾക്കുവേണ്ടി ചുമതലപ്പെടുത്തിയത് വിരോധാഭാസമാണ്. ഓപ്ഷൻ നൽകാതെ 2014ന് മുമ്പ്‌ വിരമിച്ചവർക്ക് ആനുകൂല്യം നിഷേധിച്ചത്, പെൻഷൻ കണക്കാക്കുന്നത് അവസാന 12 മാസം എന്നത് മാറ്റി 60 മാസമെന്ന് അംഗീകരിച്ചത്, പദ്ധതിയിൽ ചേരുന്ന വരുമാനപരിധി 15,000 രൂപയായി നിജപ്പെടുത്തിയത്, പെൻഷൻ നൽകാനുള്ള ചെലവ് പെരുപ്പിച്ചു കാണിച്ച് ഇപിഎസ് സാമ്പത്തികബാധ്യതമൂലം തകരുമെന്ന വാദം തുടങ്ങിയവ തൊഴിലാളികൾക്ക് പ്രതികൂലമാണ്.

നിയമപോരാട്ടത്തിന്റെ ചരിത്രം
ഇപിഎഫ്ഒ 1995ൽ ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട പതിനായിരക്കണക്കിന് പെൻഷൻകാരും അവരുടെ സംഘടനകളും പെൻഷൻ തുക വർധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപിഎഫ് രൂപപ്പെടുത്തിയത് 1952ലെ എംപ്ലോയീസ് പ്രോവിഡന്റ്ഫണ്ട് നിയമത്തിലെ വകുപ്പ് 6എ  ഉപവകുപ്പ് (1) പ്രകാരമാണ്.  തൊഴിലാളിയുടെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും കൂട്ടിയ തുകയുടെ 12 ശതമാനം വീതം തൊഴിലാളിയും തൊഴിലുടമയും അടയ്ക്കണം. തൊഴിലാളിയുടെ  12 ശതമാനം പൂർണമായും ഇപിഎഫിലേക്കും തൊഴിലുടമ അടയ്‌ക്കുന്നതിന്റെ  8.33 ശതമാനം ഇപിഎസിലേക്കും പോകും.

എംപ്ലോയീസ് പെൻഷൻഫണ്ട് രൂപപ്പെടുത്തിയത് വകുപ്പ് 6 എ  ഉപവകുപ്പ് (2) പ്രകാരമാണ്. 1996ലെ ആക്ട്  25 പ്രകാരം 1995 നവംബർ 16 മുതലാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുടമ അടയ്ക്കുന്ന 12 ശതമാനത്തിന്റെ 8.33 ശതമാനം പെൻഷൻഫണ്ടിലേക്ക് പോകും.  തൊഴിലുടമയുമായി ചേർന്ന് ഉയർന്ന ഓപ്ഷൻ നൽകി നിശ്ചിത പരിധിക്കു പുറത്തുള്ള ശമ്പളത്തിന്റെ 1.16 ശതമാനം അടച്ച് ഉയർന്ന പെൻഷൻ നേടാം. തുടക്കത്തിൽ പെൻഷനബിൾ സാലറി 5000 രൂപയായിരുന്നു. 2001 ഒക്ടോബർ എട്ടുമുതൽ ഇത് 6500 രൂപയായി. ഇതിൽ പിന്നീട് ഭേദഗതിവരുത്തി 2014 സെപ്തംബർ ഒന്ന് മുതൽ 15,000 രൂപയാക്കി. ഉയർന്ന പെൻഷനുള്ള ഓപ്ഷനിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

2014ലെ ഭേദഗതി  തൊഴിലാളിവിരുദ്ധവും പദ്ധതി  പരിമിതപ്പെടുത്തുന്നതുമായിരുന്നു. ഇതിനെതിരെ സമർപ്പിച്ച റിട്ട്‌ ഹർജിയിൽ കേരള ഹൈക്കോടതി 2018 ഒക്ടോബർ 12ന് പ്രഖ്യാപിച്ച വിധിയിൽ 2014ലെ ഭേദഗതി പൂർണമായും അസാധുവാക്കി. ഇക്കാര്യത്തിൽ ഹൈക്കോടതി കണ്ടെത്തിയ കാരണങ്ങൾ –1. ഓപ്ഷന് സമയപരിധി നിശ്ചയിക്കുന്നത് പദ്ധതിയുടെ ഉദ്ദേശ്യംതന്നെ ഇല്ലാതാക്കും. 2. പെൻഷനബിൾ ശമ്പളമായി 15,000 രൂപ  നിജപ്പെടുത്തിയത് ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും മാന്യമായ പെൻഷൻ ഇല്ലാതാക്കുകയും അനേകം തൊഴിലാളികളെ പദ്ധതിയിൽനിന്ന് പുറത്താക്കുകയും ചെയ്യും. 3. അധിക കോൺട്രിബൂഷനായി തൊഴിലാളികൾ 1.16 ശതമാനം അടയ്ക്കണമെന്നാവശ്യപ്പെടുന്നതിന് നിയമപരമായ അടിസ്ഥാനമില്ല. ഒഴിവാക്കിയ സ്ഥാപനങ്ങളെ ഉയർന്ന പെൻഷന്റെ നേട്ടങ്ങളിൽനിന്ന് ഒഴിവാക്കി ഇപിഎഫ്ഒ 2017 മെയ് 31ന് ഇറക്കിയ സർക്കുലർ സമാനമായ സമീപനം സ്വീകരിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതിയും റദ്ദാക്കി. രാജസ്ഥാൻ ഹൈക്കോടതിയും  ഈ നിലപാട്‌ സ്വീകരിച്ചു. 2018ലെ കേരള ഹൈക്കോടതിവിധി നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യത്തിലേക്ക് തൊഴിലാളികൾ പോകുകയും  2020 നവംബർ ആറിന് വിധി പ്രഖ്യാപിക്കുകയും ചെയ്തു.

ഉയർന്ന പെൻഷനുള്ള ഓപ്ഷന് സമയപരിധി നിശ്ചയിച്ച് അംഗങ്ങൾ നൽകിയ ഓപ്ഷൻ ഇപിഎഫ്ഒ തള്ളിയതിനെതിരെ ഹിമാചൽപ്രദേശ് ഹൈക്കോടതിയിലെ കേസിലെ വിധി, സമയപരിധി നിശ്ചയിച്ച ഇപിഎഫ്ഒ നിലപാട് ശരിവച്ചു. യഥാർഥത്തിൽ  ഖണ്ഡിക 11 (3) അനുസരിച്ച് ഉയർന്ന ഓപ്ഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പിന്നീട് ആർ സി ഗുപ്ത കേസിൽ ഉയർന്ന  ഓപ്ഷന് സമയപരിധിയില്ലെന്ന തൊഴിലാളികളുടെ വാദം സുപ്രീംകോടതി ഡിവിഷൻബെഞ്ച് അംഗീകരിച്ചു. 2014ലെ ഭേദഗതി അസാധുവാക്കി  കേരള ഹൈക്കോടതി 2018ൽ പ്രസ്താവിച്ച വിധിക്കെതിരെ 2019ൽ എസ്എൽപി (Special Leave Petetion) - 8658–59 പ്രകാരം ഇപിഎഫ്ഒ സമർപ്പിച്ച പെറ്റീഷൻ തള്ളി  2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതി കോ–-ഓർഡിനേറ്റ് ബെഞ്ചും വിധി പ്രസ്താവിച്ചു.

ഓപ്ഷന്റെ സമയപരിധി സംബന്ധിച്ച നിയമം തൊഴിലാളികളുടെയിടയിൽ പ്രചരിപ്പിക്കുന്നതിൽ ഇപിഎഫ്ഒയ്ക്കുണ്ടായ വീഴ്ച കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. തൊഴിലാളികളും തൊഴിലാളി സംഘടനകളും നിലവിലുള്ള നിയമങ്ങൾ മനസ്സിലാക്കുന്നതിലും ഉപയോഗിക്കുന്നതിലും  കാണിക്കേണ്ട ജാഗ്രതകൂടി ഇത് വ്യക്തമാക്കുന്നു. അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തോളം പ്രധാനമാണ് മുൻതലമുറ ത്യാഗോജ്വല പോരാട്ടത്തിലൂടെ നിർമിച്ചെടുത്ത നിയമങ്ങളെ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നതും നടപ്പാക്കാനുള്ള നിയമപോരാട്ടവും. പ്രത്യേകിച്ചും നിലവിലുള്ള നിയമസംരക്ഷണംപോലും തൊഴിൽരംഗത്ത് പ്രഹസനമാകുമ്പോൾ. തൊഴിലാളികൾക്ക് പരിമിതമായ സംരക്ഷണമെങ്കിലും നൽകിയിരുന്ന തൊഴിൽനിയമങ്ങൾ ഇല്ലാതാക്കി നാല് ലേബർകോഡ്‌ നടപ്പാക്കുന്നു. ഇതിൽ  തൊഴിൽസംരക്ഷകരായി നിൽക്കേണ്ട തൊഴിൽവകുപ്പ് മൂലധനത്തിന്റെ, തൊഴിലുടമയുടെ സഹായിയായി മാറ്റപ്പെടുകയാണ്. വ്യത്യസ്ത ക്ഷേമപദ്ധതികളും ക്ഷേമനിധി ബോർഡുകളുമെല്ലാം ഒറ്റക്കുടക്കീഴിൽ കൊണ്ടുവന്ന് കൂടുതൽ സങ്കീർണമാക്കുകയാണ്. ഇപ്പോൾത്തന്നെ ക്ഷേമനിധി ബോർഡുകളിൽ കെട്ടിക്കിടക്കുന്ന വൻതുകകൾ തൊഴിലാളികൾക്കായി ഉപയോഗിക്കാത്തതിനെതിരെ സുപ്രീംകോടതി കേന്ദ്ര-– സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു. നിർമാണത്തൊഴിലാളി ക്ഷേമനിധി  ബോർഡുകളിൽ 2021വരെ ശേഖരിച്ച 62,000 കോടി രൂപയിൽ 22,000 കോടി മാത്രമാണ് ഉപയോഗിച്ചത്. 40,000 കോടി കെട്ടിക്കിടക്കുന്നു. ഇപിഎസ് ഫണ്ട്പോലും ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കാനാണ് സർക്കാർ തീരുമാനം. ഇങ്ങനെ എല്ലാ നിയമങ്ങളും മാറ്റിയെഴുതിയും പൊതുസമ്പത്തും ഖജനാവുമെല്ലാം കോർപറ്റേറ്റ് മൂലധനത്തിന് അടിയറവച്ചും ഭരണാധികാരികൾ ഈസ് ഓഫ് ഡൂയിങ് മുദ്രാവാക്യമുയർത്തി കോർപറേറ്റുകളുടെ ഏജന്റുമാരായി. കൂലി അടിമത്തം പ്രാകൃതരൂപത്തിൽ തിരിച്ചുകൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്ന കാലമാണിത്.  കാലോചിതവും യുക്തിഭദ്രവുമായ രീതിയിൽ തൊഴിലാളികൾക്കനുകൂലമായി ഇപിഎസ്–1995 അടിസ്ഥാനനിയമത്തിൽ മാറ്റം വരുത്തുന്നതിന് കേന്ദ്ര സർക്കാരിലും ഇപിഎഫ്ഒയിലും ശക്തമായ സമ്മർദം ചെലുത്താൻ വർഗ ഐക്യത്തിലൂടെയും സമരശേഷിയിലൂടെയും തൊഴിലാളിവർഗത്തിന് കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top