28 March Thursday

ചുമതല മറക്കുന്ന പ്രതിപക്ഷം

ഇപി ജയരാജന്‍/ എല്‍ഡിഎഫ് കണ്‍വീനര്‍Updated: Monday Mar 20, 2023

പ്രതിപക്ഷനേതാവ്‌ വി ഡി സതീശന് മറ്റാരേക്കാളും വലിയ ആളാണെന്ന് സ്ഥാപിക്കാനുള്ള അവസരമുണ്ടാക്കാൻ നിയമസഭയെ ദുരുപയോഗിക്കുകയാണ്. ദിവസവും ഏതെങ്കിലുമൊരു വിഷയത്തിൽ അടിയന്തരപ്രമേയം കൊണ്ടുവരിക, ചട്ടപ്രകാരമല്ലാത്തതിന് അനുമതി നിഷേധിക്കുമ്പോൾ എഴുന്നേറ്റുനിന്ന് പ്രസംഗിക്കുക, പുറത്തിറങ്ങി വാർത്താസമ്മേളനം നടത്തുക, നിയമസഭയുടെ സമയം ഇങ്ങനെ സ്വന്തം പ്രശസ്തിക്കുവേണ്ടി വഴിതിരിച്ചുവിടുകയാണ് പ്രതിപക്ഷനേതാവ്.

അനാവശ്യ അടിയന്തരപ്രമേയങ്ങൾ അവതരിപ്പിച്ചാലും തനിക്ക് വാക്കൗട്ട് പ്രസംഗം നടത്താം, വാർത്താസമ്മേളനം നടത്താം എന്നതാണ് ചിന്ത. ആ പിടിവാശിയാണ്, രണ്ടാം ദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തരപ്രമേയം എന്താണ്, എന്തിനാണെന്ന സാമാന്യ ധാരണപോലും ഇല്ലാതെയാണ് പ്രതിപക്ഷനേതാവ് പെരുമാറുന്നത്. സഭയുടെ നടപടിച്ചട്ടങ്ങളിൽ അടിയന്തരപ്രമേയത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ചട്ടം 50 പ്രകാരം പ്രമേയം അവതരിപ്പിക്കുന്നതിന് സ്പീക്കറുടെ സമ്മതം ആവശ്യമാണ്.

പൊതുപ്രാധാന്യം അർഹിക്കുന്നതും അടിയന്തരസ്വഭാവത്തോടുകൂടിയതും നിയതവുമായ സംഗതി ചർച്ചചെയ്യാൻ സഭയുടെ കാര്യങ്ങൾ നിർത്തിവയ്ക്കുന്നതിനുവേണ്ടിയുള്ള പ്രമേയമാണ് അവതരിപ്പിക്കേണ്ടത്. അതിനുള്ള നോട്ടീസ്,  പ്രമേയം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തെ യോഗം ആരംഭിക്കുന്നതിനുമുമ്പ്‌ സ്പീക്കർക്കും ബന്ധപ്പെട്ട മന്ത്രിക്കും നൽകണം. യോഗത്തിൽ അങ്ങനെയുള്ള ഒന്നിലധികം പ്രമേയം അവതരിപ്പിക്കാൻ പാടില്ല. ഒരേ പ്രമേയത്തിൽ ഒന്നിലധികം സംഗതികൾ ചർച്ച പാടില്ല.  അടുത്തകാലത്തുണ്ടായ ഒരു പ്രത്യേക സംഗതിയെക്കുറിച്ച് മാത്രമുള്ളതാകണം. ഒരേ സമ്മേളനത്തിൽ ചർച്ച ചെയ്തതിനെപ്പറ്റിയുള്ള ചർച്ച ആ പ്രമേയംവഴി പുനരാരംഭിക്കാൻ പാടില്ല. പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തികരമായ പ്രസ്താവനകളോ പാടില്ല.  വ്യക്തികളുടെ ഔദ്യോഗികനിലയിലോ, പൊതുകാര്യമോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ല.  കോടതിയുടെ തീരുമാനത്തിലിരിക്കുന്ന സംഗതി പ്രമേയത്തിൽ പ്രതിപാദിക്കാൻ പാടുള്ളതല്ല. പ്രിവിലേജ് പ്രശ്നമൊന്നും ഉന്നയിക്കാൻ പാടില്ല.
അന്നുരാവിലെയാണ് സ്പീക്കർക്കും മന്ത്രിക്കും പ്രമേയ നോട്ടീസ് കിട്ടുന്നത്. സ്പീക്കർക്ക്  നിരസിക്കുകയോ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന സംഗതി ക്രമപ്രകാരമുള്ളതല്ലെന്ന് തീർപ്പുകൽപ്പിക്കുകയോ ചെയ്യാമെന്നാണ് ചട്ടം 54 (2) വ്യക്തമായി പറയുന്നത്. ചട്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടാൽമാത്രമാണ് അവതരണാനുമതി ലഭിക്കുക. പ്രതിപക്ഷനേതാവ് പറയുന്നതുപോലെ ദിവസവും എന്തെങ്കിലും പറഞ്ഞ് അവതരിപ്പിക്കാനുള്ളതല്ല അടിയന്തരപ്രമേയം.  

ദിവസവും നൽകുന്ന നോട്ടീസുകളിൽ പരിശോധനയും തീർപ്പുകൽപ്പിക്കലുമാണ് ഉണ്ടാകുക. അതല്ലാതെ വി ഡി സതീശൻ ആവശ്യപ്പെടുന്നതുപോലെ മുൻകൂറായി  ദിവസവും അടിയന്തരപ്രമേയം എന്തുവിഷയത്തിലും അനുവദിക്കണമെന്ന് തീരുമാനിക്കാൻ സാധ്യമല്ല. ജനാധിപത്യപരമായ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നയാളാണ് താൻ എന്നുപറയാനുള്ള അവകാശം കളഞ്ഞുകുളിക്കുന്നതാണ് പ്രതിപക്ഷനേതാവിന്റെ സമീപകാലത്തെ ഇടപെടലുകൾ.

അംഗങ്ങൾ പാലിക്കേണ്ട ഒരു പെരുമാറ്റച്ചട്ടം അധ്യക്ഷനെ നോക്കി സംസാരിക്കണമെന്നാണ്. ചെയർ അത് ഓർമിപ്പിച്ചപ്പോൾ, ഭരണപക്ഷത്തേക്ക് നോക്കിയാൽ എന്താണ് പ്രശ്നമെന്ന് ധിക്കാരത്തോടെ ചോദിച്ചത് ഇതേ വി ഡി സതീശനായിരുന്നു.  പെരുമാറ്റച്ചട്ടം പ്രതിപക്ഷനേതാവ് വായിച്ചുനോക്കിയിട്ടില്ല എന്നുവേണം അനുമാനിക്കാൻ.

നടുത്തളത്തിലേക്ക് കയറരുത്‌ എന്നാണ് മറ്റൊരു പെരുമാറ്റച്ചട്ടം. നടുത്തളത്തിൽ  സമാന്തര സഭ നടത്തിയത് പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിലും ആശീർവാദത്തോടെയുമാണ്. സഭയിൽ  മുദ്രാവാക്യങ്ങൾ വിളിക്കാനോ ബാഡ്‌ജ്‌ ധരിക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല.  കൊടികളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല. സതീശന്റെ നേതൃത്വത്തിലാണ് ഇതെല്ലാം ലംഘിക്കപ്പെടുന്നത്. കാസെറ്റോ ടേപ് റെക്കോർഡറോ കൊണ്ടുവരാനോ പ്രവർത്തിപ്പിക്കാനോ പാടില്ല. മൊബൈൽ ഫോണുകളോ പേജറുകളോ ഉപയോഗിക്കാൻ പാടില്ല എന്നും ചട്ടമുണ്ട്. അത് അനുസരിച്ചാണോ നിയമസഭയ്ക്കകത്തും ഇടനാഴിയിലെ സ്‌പീക്കറുടെ ഓഫീസിനു മുന്നിലുമുള്ള ദൃശ്യങ്ങൾ പ്രതിപക്ഷ എംഎൽഎമാരും അവരുടെ പിഎമാരും ചിത്രീകരിച്ചത്? അത് മാധ്യമങ്ങൾക്കും സോഷ്യൽ  മീഡിയക്കും കൈമാറിയത്?  സഭയുടെ അതിർത്തിക്കുള്ളിൽ സത്യഗ്രഹം ഇരിക്കാനോ ധർണ നടത്താനോ പാടില്ലെന്ന ചട്ടം നിലനിൽക്കയല്ലേ സതീശന്റെ സംഘം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്?
നിയമസഭയിൽ  ഇരിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിനിധികളാണ്. നിയമസഭയെ സ്വന്തം കോപ്രായങ്ങൾക്ക് പ്രതിപക്ഷം വേദിയാക്കുമ്പോൾ അപമാനിക്കുന്നത് ആ ജനങ്ങളെയാണ്. ഇത്രയും തരംതാണ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു പ്രതിപക്ഷനേതാവ്  ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മന്ത്രി മുഹമ്മദ്റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും കുടുംബത്തെ വലിച്ചിഴയ്ക്കാനും വാർത്താസമ്മേളനം വിളിച്ചത് പ്രതിപക്ഷനേതാവാണ്.

വികസനത്തിനുള്ള ഏതെങ്കിലും പദ്ധതിയെ ഈ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോ? കെ–-റെയിൽ വരുമെന്നായപ്പോൾ കുറ്റിപറിക്കാൻ പോയി. കോവിഡ്കാലത്ത നിയന്ത്രണങ്ങൾ ലംഘിക്കാൻ ആഹ്വാനംചെയ്തു. ദേശീയപാത വികസിക്കുമെന്നായപ്പോൾ സമരവും കൊണ്ടിറങ്ങി.
ഗെയിൽ പൈപ്പുലൈൻ,  കിഫ്ബി എന്നിവ അട്ടിമറിക്കാൻ പ്രചാരണം നടത്തി. എന്നിട്ട് കിഫ്ബി വഴി സ്വന്തം മണ്ഡലങ്ങളിലുണ്ടായ പദ്ധതികളുടെ മുന്നിൽ കയറിനിന്ന് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു.  പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവരെ തുരങ്കംവയ്‌ക്കാൻ കൂട്ടുനിന്നവരല്ലേ ഈ പ്രതിപക്ഷം. ഇതൊക്കെ പറയുമ്പോൾ ഉയർത്തുന്ന മറുചോദ്യം  നിയമസഭയിൽ  ഇപ്പോഴത്തെ ഭരണപക്ഷം നേരത്തെ പ്രശ്നമുണ്ടാക്കിയിട്ടില്ലേ എന്നാണ്. അന്ന് ഞങ്ങൾ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ചവരാണോ ഇന്നത്തെ പ്രതിപക്ഷം? അന്ന് ഞങ്ങളെ കേസിൽപ്പെടുത്താനും നടപടിയെടുപ്പിക്കാനും നടന്നവരല്ലേ?

ഇന്ന് സ്വന്തം കാര്യം വരുമ്പോൾ അവർക്കെന്താണ് മനംമാറ്റം? ഓരോ ഘട്ടത്തിലും പ്രതിഷേധങ്ങൾ വരാം. ഇപ്പോൾ പ്രതിപക്ഷം നടത്തുന്നതുപോലെയുള്ള വ്യാജപ്രചാരണവും കപടനാടകവും മറ്റാരും നടത്തിയിട്ടില്ല. അതിന്റെ മുഖ്യ ആസൂത്രകനും നേതാവുമായ വി ഡി സതീശൻ നാടകം അവസാനിപ്പിച്ച് ജനങ്ങളോടും നിയമസഭയോടും മാപ്പുപറയണം.ഭരണപക്ഷത്തോടും സ്പീക്കറോടുതന്നെയുമുള്ള വിയോജിപ്പുകൾ രേഖപ്പെടുത്താൻ ജനാധിപത്യപരമായ മാർഗങ്ങളുണ്ട്. സഭയ്ക്കകത്ത് ബഹളംവച്ചശേഷം പുറത്ത് സ്പീക്കറുടെ ഓഫീസിനു മുന്നിൽ  ഉപരോധം തീർത്ത പ്രതിപക്ഷത്തെ അതിൽനിന്ന്‌ പിന്തിരിപ്പിക്കാനും സ്പീക്കർക്ക് ഓഫീസിലേക്ക് കടക്കാനും സാഹചര്യമൊരുക്കേണ്ടത് വാച്ച് അൻഡ്‌ വാർഡിന്റെ ചുമതലയാണ്. അവരെ  പ്രതിപക്ഷാംഗങ്ങൾ ആക്രമിച്ചു. വനിതകളെയടക്കം കൈയേറ്റംചെയ്തു. ക്രിമിനൽ കുറ്റകൃത്യമാണ്‌ ഉണ്ടായത്. പരിക്കേറ്റ വാച്ച് ആൻഡ്‌ വാർഡുമാർ ആശുപത്രിയിലായി. അവരുടെ പരാതിയിൽ  കേസ് എടുക്കുന്നത് എങ്ങനെയാണ് തെറ്റാകുക. നിയമം നിയമത്തിന്റെ വഴിക്കല്ല പോകേണ്ടതെന്ന് പ്രതിപക്ഷനേതാവിന് പറയാൻ കഴിയുമോ? ആ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം നിയമവ്യവസ്ഥയോടുള്ള തികഞ്ഞ അനാദരവും അവഹേളനവുമാണ്.

ഇത്തരം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ വിഷയങ്ങൾ ഉയരുമ്പോൾ നീതിയുടെയും വസ്തുതയുടെയും പക്ഷത്തുനിൽക്കേണ്ടവരാണ് മാധ്യമങ്ങൾ. ഏതാനും മാധ്യമങ്ങൾ പ്രതിപക്ഷനേതാവിന്റെ വിതണ്ഡവാദങ്ങൾക്ക് അമിത പ്രചാരണം നൽകാനും ആക്രമിക്കപ്പെട്ടവരുടെ പരാതിയും അതിന്റെ ഗൗരവവും മറച്ചുപിടിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യസമൂഹ
ത്തിന് ചേർന്നതാണോ ഇത്തരം നടപടികളെന്ന് സ്വയംപരിശോധന നടത്താൻ ആ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തയ്യാറാകേണ്ടതുണ്ട്.
ജനങ്ങളെ ബാധിക്കുന്ന ജീവൽപ്രധാന പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കാനുള്ള ഇടപെടലുകളും നിയമനിർമാണങ്ങളും വേണ്ടതുണ്ട്. അത്തരം വിഷയങ്ങൾ ചർച്ചചെയ്യുകയും തീരുമാനങ്ങളിൽ എത്തുകയും ചെയ്യാനുള്ള പ്രധാന വേദിയാണ് നിയമസഭ. ആ നിയമസഭയെ ഏതാനും ചിലരുടെ ദുർമോഹങ്ങൾ ശമിപ്പിക്കാനുള്ള വേദിയാക്കി മാറ്റാൻ പ്രതിപക്ഷത്തെ കക്ഷികൾ കൂട്ടുനിൽക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top