10 June Saturday
ഇന്ന്‌ ഊർജസംരക്ഷണ ദിനം

ഊർജം സംരക്ഷിക്കാം ഭൂമിക്കായി, നമുക്കായി

ബീന ടി എUpdated: Tuesday Dec 14, 2021


എല്ലാ ദിനാചരണത്തെയുംപോലെ ചില ഓർമപ്പെടുത്തലുകളുമായാണ് ദേശീയ ഊർജസംരക്ഷണ ദിനവും വന്നെത്തുന്നത്. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഊർജം കാര്യക്ഷമമായി ഉപയോഗിക്കണം.  പരിസ്ഥിതിക്കിണങ്ങുന്ന ഊർജോൽപ്പാദന മാർഗങ്ങൾ അവലംബിക്കണം, അവയുടെ ഉപയോഗം ശീലമാക്കണം, ഇവയുടെ പ്രചാരണത്തിനായി നാം ഓരോരുത്തരും കഴിയുന്ന വിധത്തിൽ പങ്കാളികളാകണം.

വികസനക്കാഴ്ചപ്പാടുകളിലെ മാറ്റത്തിനനുസരിച്ച്  പ്രവർത്തന പരിപാടികളിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. ഊർജസംരക്ഷണത്തിലൂടെ സാമ്പത്തികലാഭം നേടാമെന്നതിനേക്കാൾ ഊർജലാഭവും പ്രകൃതിസംരക്ഷണവും സാധ്യമാക്കാമെന്നതാണ് സുസ്ഥിരവികസനചിന്ത. അതുകൊണ്ടുതന്നെയാണ്  വീടുകളിലും അന്താരാഷ്ട്ര ഉച്ചകോടികളിലും ഊർജസംരക്ഷണവും പാരമ്പര്യേതര ഊർജസ്രോതസ്സുകളും ചർച്ചാ വിഷയമാകുന്നത്. 

കഴിഞ്ഞ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ  ഏറ്റവും കൂടുതൽ കേട്ട വാക്കാണ് ‘നെറ്റ് സീറോ എമിഷൻ’ എന്നത്. നെറ്റ് സീറോ എന്നാൽ പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിലൂടെ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ ദോഷഫലം  പ്രകൃത്യാലും നിർമിതമാർഗങ്ങളിലൂടെയും ഇല്ലാതാകുന്ന അവസ്ഥ. ഈ അവസ്ഥയിലേക്ക് എത്തുന്നതിന് പല രാജ്യങ്ങളും പല കാലയളവാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യ രണ്ടായിരത്തിഎഴുപതോടുകൂടി  നെറ്റ് സീറോ കൈവരിക്കും എന്നാണ്  പ്രസ്താവിച്ചിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പകരം മാലിന്യമുക്തമായ സൗരോർജംപോലുള്ള ഊർജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തുകയും  ഊർജകാര്യക്ഷമത ഉയർത്തി ആഭ്യന്തര ഉൽപ്പാദനത്തിനുവേണ്ട ഊർജച്ചെലവ്  കുറച്ചുകൊണ്ടുവരികയുമാണ് ലക്ഷ്യമിട്ട പ്രധാന പ്രവർത്തനങ്ങൾ.

ഊർജകാര്യക്ഷമത ഒരു സാങ്കേതികപദം മാത്രമല്ല, അത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണ്. വീടുകളിൽ പത്തു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്ന സാധാരണ 65 വാട്ട്‌സ് ഫാനിനുപകരം 28 വാട്ടിന്റെ ബിഎൽഡിസി ഫാൻ ഉപയോഗിക്കുകയാണെങ്കിൽ ഒരു മാസം 16 യൂണിറ്റ് വൈദ്യുതിവരെ ലാഭിക്കാം. ഒരു 40 വാട്ട് ഫ്‌ളൂറസെന്റ് ട്യൂബ്‌ലൈറ്റിനുപകരം 20 വാട്ടിന്റെ എൽഇഡി ട്യൂബ്‌ലൈറ്റ് അഞ്ച്‌ മണിക്കൂർ ഉപയോഗിക്കുമ്പോൾ  ഒരു മാസം ലാഭിക്കുന്നത് മൂന്ന് യൂണിറ്റ് വൈദ്യുതിയാണ്.  ഒരു സ്റ്റാർ ബിഇഇ ലേബലുള്ള 250 ലിറ്റർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററിന്റെ വാർഷിക വൈദ്യുതി ഉപയോഗം  320 യൂണിറ്റ് ആണ്.  എന്നാൽ, അഞ്ച് സ്റ്റാർ ലേബലാണെങ്കിൽ അത് 131 യൂണിറ്റ് ആണ്.  

ഊർജകാര്യക്ഷമത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കേരളം ഇപ്പോൾത്തന്നെ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. 1996ൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്കുമാത്രമായി ഒരു സ്ഥാപനം ആദ്യമായി നിലവിൽ വന്നത്  കേരളത്തിലാണ്. ദേശീയ ഊർജസംരക്ഷണ അവാർഡ് പന്ത്രണ്ടുതവണ കേരളം കരസ്ഥമാക്കി. സൗരോർജ നയം, ഇലക്ട്രിക് വാഹനനയം, ചെറുകിട ജലവൈദ്യുതപദ്ധതി നയം, ഊർജസംരക്ഷണ കെട്ടിടനിർമാണ ചട്ടങ്ങൾ, സേവ് എനർജി മാർട്ടുകൾ, എനർജി കൺസർവേഷൻ ബിൽഡിങ്‌ കോഡ് സെൽ ഇവയെല്ലാം സംസ്ഥാനത്ത് നടപ്പാക്കിക്കഴിഞ്ഞു.  നിരത്തുകളിൽ ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും ഓട്ടോറിക്ഷകളും ധാരാളമായി എത്തിത്തുടങ്ങി. പെട്രോൾ, ഡീസൽ വിലവർധന  മാത്രമല്ല ഇതിനോടുള്ള ആഭിമുഖ്യത്തിന് കാരണം. നമ്മുടെയും ഭൂമിയുടെയും നിലനിൽപ്പുകൂടിയാണ്.  കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള കർമപദ്ധതികളുടെ  ഭാഗമായി  കാർബൺ ന്യൂട്രൽ വിദ്യാലയങ്ങൾ, കാർബൺ ന്യൂട്രൽ പഞ്ചായത്തുകൾ, കാർബൺ ന്യൂട്രൽ നിയോജക മണ്ഡലങ്ങൾ എന്നിവയ്ക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇവയിലെല്ലാം ഊർജസംരക്ഷണ പ്രവർത്തനം  പ്രധാനമാണ്. അത് ഫലപ്രദമായി നടപ്പാക്കുന്നതിന്  ശീലങ്ങളിലെ മാറ്റവും ഇവയെല്ലാം ഉൾക്കൊള്ളാനും നടപ്പാക്കാനുമുള്ള മനസ്സും അനിവാര്യമാണ്. ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം ഊർജസംരക്ഷണശീലം വളർത്തിയെടുക്കുന്നതിന് എല്ലാ ഊർജസംരക്ഷണ പ്രവർത്തനത്തിലും നമുക്കും ഭൂമിക്കുംവേണ്ടി പങ്കാളിയാകുമെന്ന്.   
     
(എനർജി മാനേജ്‌മെന്റ് സെന്റർ പബ്ലിക് റിലേഷൻസ് ഓഫീസറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top