29 March Friday

അങ്ങനെ പാഞ്ഞുപോയ 
സർക്കാരല്ല, സർ ഇത്‌

വിനോദ്‌ പായംUpdated: Saturday Oct 15, 2022

എൻഡോസൾഫാൻ ദുരിതബാധിതരുടെ മൂന്നുലക്ഷംവരെയുള്ള കടം എഴുതിത്തള്ളിയെന്ന പ്രഖ്യാപനം നടത്താൻ 
കാസർകോട്‌ കലക്ടറേറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചുംബിക്കുന്ന കുട്ടി (2018 ലെ ചിത്രം)

കുഞ്ചാക്കോ ബോബൻ മുഖ്യവേഷം ചെയ്‌ത ഡോ. ബിജുവിന്റെ ‘വലിയ ചിറകുള്ള പക്ഷികൾ’ 2015ൽ റിലീസ്‌ ചെയ്‌തൊരു ചിത്രമാണ്‌. കാസർകോട്ടെ എൻഡോസൾഫാൻ വിഷയമായിരുന്നു പ്രമേയം. ആ സിനിമയുടെ ഒരുമണിക്കൂർ 45–-ാം മിനിറ്റ്‌ എത്തുമ്പോൾ ചില ദൃശ്യങ്ങളുണ്ട്‌. എൻഡോസൾഫാൻവിരുദ്ധ സമരപ്പന്തലിൽ, സിനിമയിൽ ഫോട്ടോഗ്രാഫറായി വേഷമിടുന്ന കുഞ്ചാക്കോ ബോബൻ ചിത്രമെടുക്കാനായി നിൽക്കുന്നു. അവരോട്‌ സമരപ്പന്തലിലെ സ്‌ത്രീ ചോദിക്കുന്നു. ‘‘മുഖ്യമന്ത്രി ബരുവാ’’. ‘‘ഇതുവഴി വരുന്നതല്ലെ, മുഖ്യമന്ത്രി ഇവിടെ വരാതെ പോകില്ല!’’–- നായകന്റെ മറുപടി. തൊട്ടുപിന്നാലെ അന്നത്തെ മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പായുന്നു. ദൈന്യതയോടെ നോക്കിനിൽക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും ദൃശ്യം ക്ലോസപ്പിൽ!

രോഗികളെ കാണാൻ കൂട്ടാക്കാതെ, അവരുടെ ആവശ്യത്തിന്‌ ചെവികൊടുക്കാതെ പാഞ്ഞുപോയ മുഖ്യമന്ത്രിയുടെ പേര്‌ ഉമ്മൻചാണ്ടി. 2014ൽ കാസർകോട്‌ കലക്ടറ്റേറിൽ എൻഡോസൾഫാൻ പീഡിത മുന്നണിക്കാരുടെ സമരപ്പന്തലിനെ മറികടന്ന്‌ ഓടിയ മുഖ്യമന്ത്രിയുടെ കഥ കേവലം സിനിമാക്കഥ മാത്രമായിരുന്നില്ല; അന്നത്തെ കത്തുന്ന വാർത്തകളും കൂടിയായിരുന്നു.

2016 ഫെബ്രുവരി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ അടുക്കുന്ന സമയം. എൻഡോസൾഫാൻ സമരക്കാരുായി, സമരം അവസാനിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാർ കരാറിലേർപ്പെടുന്നു. ആവശ്യങ്ങളിതാണ്‌: എൻഡോസൾഫാൻ ലിസ്‌റ്റിലെ 5837 പേർക്ക്‌ അഞ്ചുലക്ഷം വീതം നൽകുക, കടങ്ങൾ എഴുതിത്തള്ളുക, കാസർകോട്‌ ജില്ലയിൽ ന്യൂറോളജിസ്‌റ്റിനെ നിയമിക്കുക, മെഡിക്കൽ ക്യാമ്പുകൾ നടത്തുക... ഇന്ന്‌ തിരിഞ്ഞു നോക്കുമ്പോൾ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ നൽകിയ ഉറപ്പ്‌ പാലിച്ചൊരു ഭരണമാണ്‌ കേരളത്തിൽ തുടരുന്നത്‌. അക്ഷരംപ്രതി ആ വാഗ്‌ദാനങ്ങൾ പാലിച്ചു. ഇപ്പോൾ തലസ്ഥാനത്ത്‌ സമരം തുടരുന്ന ദയാഭായിയെ കെട്ടിപ്പിടിച്ച്‌ ചിത്രത്തിന്‌ പോസുചെയ്യുന്ന ഉമ്മൻചാണ്ടിക്ക്‌ ഓർമയുണ്ടാകണം; തന്റെ വാഗ്‌ദാനങ്ങൾ പാലിച്ച സർക്കാരിനെയാണ്‌ താൻ ഇകഴ്‌ത്തുന്നത്‌ എന്നത്‌.

പാലിച്ച വാഗ്‌ദാനങ്ങൾക്കുശേഷവും പുതിയവ കാസർകോട്ടുനിന്ന്‌ ഉയരുന്നുണ്ട്‌; സ്വാഭാവികമാണത്‌. രോഗപീഡകൾ തുടരുന്ന ജനതയ്‌ക്ക്‌ മറ്റൊരു ഗതിയില്ലല്ലോ. ഇപ്പോൾ സമരക്കാർ ആവശ്യപ്പെടുന്ന പ്രധാനകാര്യം എയിംസ്‌ കാസർകോട്ട്‌ വേണമെന്നാണ്‌. എയിംസ്‌ പിണറായി സർക്കാരല്ല അനുവദിക്കുന്നതെന്ന്‌, കേരളത്തിലെ യുഡിഎഫുകാർക്കും ബിജെപിക്കാർക്കും അറിയില്ലെങ്കിലും ജനങ്ങൾക്കറിയാം. ആദ്യം കേരളത്തിന്‌ എയിംസ്‌ അനുവദിപ്പിക്കാൻ കേന്ദ്രമന്ത്രി മുരളീധരൻ വഴി ശ്രമിക്കുകയാണ്‌ മിനിമം ബിജെപിക്കാരെങ്കിലും ചെയ്യേണ്ടത്‌. ഇനിയും ജനിക്കാത്ത കുഞ്ഞിന്‌ കുത്തിയിരുന്ന്‌ ജാതകമെഴുതുകയാണ്‌ സമരത്തെ പിന്തുണയ്‌ക്കുന്ന പ്രതിപക്ഷ പാർടികളും ബിജെപിയും.

ചേർത്തുപിടിച്ചതും 
എൽഡിഎഫ് സർക്കാർമാത്രം
2006 മുതൽ 11 വരെ കേരളം ഭരിച്ച വി എസ്‌ സർക്കാരാണ്‌ കാസർകോട്ടെ രോഗികളെ കണ്ടെത്താൻ വിപുലമായ മെഡിക്കൽ ക്യാമ്പുകൾ നടത്തിയത്‌. അതിനുമുമ്പ്‌, എൻഡോസൾഫാൻ വിഷയമേയല്ലെന്ന്‌ പറഞ്ഞു നടക്കുകയായിരുന്നു കേന്ദ്രമന്ത്രിസഭയിലെ കൃഷി മന്ത്രിമാരും സംസ്ഥാന യുഡിഎഫ്‌ മന്ത്രിമാരും ചെയ്‌തത്‌. അക്കാലത്തെ പത്രത്താളുകളിൽ വലിയ വിവാദ വിഷയവുമായിരുന്നു അത്‌. 2010ൽ എൽഡിഎഫ്‌ സർക്കാർ എൻഡോസൾഫാൻ ബാധിതമായ 11 പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ്‌ നടത്തി 5837 രോഗികളെ കണ്ടെത്തി. പിന്നീടും പരാതിയുയർന്നപ്പോൾ 2011 ആദ്യവും ക്യാമ്പ്‌ നടത്തി 1318 പേരെയും ഉൾപ്പെടുത്തി. ഇവർക്ക്‌ സൗജന്യ ചികിത്സ, പെൻഷൻ, കൂട്ടിരിപ്പുപെൻഷൻ എന്നിവയും പ്രഖ്യാപിച്ചു. പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ ഏറെ പരാതിക്കുശേഷം 2013 ആഗസ്‌തിൽ മെഡിക്കൽ ക്യാമ്പ്‌ നടത്തി. വെറും 337 പേരെ മാത്രമാണ്‌ ലിസ്‌റ്റിൽ ഉൾപ്പെടുത്തിയത്‌. 27 പഞ്ചായത്തിലെ 12,000 രോഗികൾ നീതി തേടി വന്നെങ്കിലും പ്രശ്‌നബാധിതം 11 പഞ്ചായത്തിലാണെന്നുമാത്രം പറഞ്ഞ്‌ ആ സർക്കാർ ലിസ്‌റ്റ്‌ വെട്ടിച്ചുരുക്കി.

2017ൽ അധികാരത്തിൽ വന്ന പിണറായി സർക്കാരാണ്‌ ദീർഘകാലത്തിനുശേഷം വീണ്ടും സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തിയത്‌. പഞ്ചായത്ത്‌ പരിധിയില്ലാതെ 287 പേരെക്കൂടി ലിസ്‌റ്റിൽ ഉൾപ്പെടുത്തി. ഒരേവീട്ടിൽത്തന്നെ ഇനിയും രോഗികൾ ഉണ്ടെങ്കിൽ അവർക്കെല്ലാം വീണ്ടും മെഡിക്കൽ ക്യാമ്പ്‌ നടത്തി അവരെയും ലിസ്‌റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ഏപ്രിലിൽ ചേർന്ന എൻഡോസൾഫാൻ സെൽയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്‌.

അതിവേഗമാണീ കരുതൽ
ഏറ്റവും ഒടുവിൽ ജില്ലയിലെ 5156 എൻഡോസൾഫാൻ ദുരിതബാധിതർക്ക് വെറും 65 ദിവസത്തിനകം നൽകിയത് 203.235 കോടി രൂപ. ഒറ്റക്ഷേമ പദ്ധതിയിൽ ചുരുങ്ങിയ സമയത്ത് ഇത്രയും കൂടിയ തുക നൽകിയത്, ഒരുപക്ഷേ കേരള ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കാം. ഡിവൈഎഫ്‌ഐയാണ്‌ എൻഡോസൾഫാൻ ദുരിതബാധിതർക്കായി സുപ്രീംകോടതിവരെയുള്ള നിയമപോരാട്ടത്തിന്‌ നേതൃത്വം നൽകിയത്‌. വിഷം നിരോധിക്കാനും ഇരകൾക്ക്‌ അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നൽകാനും കാരണമായതിന്റെ അടിസ്ഥാനം ഡിവൈഎഫ്‌ഐയുടെ നിയമപോരാട്ടമാണ്‌. ചില രോഗികൾ കോടതി വിധി നടപ്പാക്കിക്കിട്ടാൻ സുപ്രീംകോടതിയിൽ പോയതിനു പിന്നാലെ, അതിവേഗത്തിൽ അഞ്ചുലക്ഷം വീതം നൽകാൻ എൽഡിഎഫ്‌ സർക്കാർ ജാഗ്രത കാട്ടി. എൻഡോസൾഫാൻ സെൽ മാത്രമല്ല, ലാൻഡ് റവന്യു കമീഷണറേറ്റ് മുതൽ വില്ലേജ് ഓഫീസ് വരെ മുഴുവൻ ജീവനക്കാരും ഞായർ ദിവസംപോലും ജോലി ചെയ്‌തു.

കലക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലെയും മുഴുവൻ ജീവനക്കാരും എൻഡോസൾഫാൻ തുക വിതരണപ്രവർത്തനങ്ങളുടെ ഭാഗമായി. അപേക്ഷ നൽകിയിട്ടില്ലാത്ത ദുരിതബാധിതരുടെ പട്ടിക മാധ്യമങ്ങളിൽ പരസ്യമായി നൽകി. അതിൽ പലരും മരിച്ചിരുന്നു. അവരുടെ ആശ്രിതർക്കും പക്ഷേ സർക്കാർ അഞ്ചുലക്ഷം വീതം നൽകി. സെപ്‌തംബർ അവസാനമാകുമ്പോഴേക്കും നൽകിത്തീർക്കണമെന്ന്‌ കോടതി നിർദേശിച്ച തുക ഒന്നരമാസം മുമ്പേ കൊടുത്തുതീർത്തു.

എവിടെ കേന്ദ്രസഹായം?
എൻഡോസൾഫാൻ നിരോധിച്ചും നഷ്ടപരിഹാരം പ്രഖ്യാപിച്ചും സുപ്രീംകോടതി പറഞ്ഞൊരു വാക്കുണ്ട്‌. നഷ്ടപരിഹാരം ഈടാക്കേണ്ടത്‌ ബഹുരാഷ്ട്ര വിഷക്കമ്പനികളുടെ കൈയിൽ നിന്നാണെന്ന്‌. അതിനായി കേന്ദ്രസർക്കാർ ഇടപെടണമെന്നും ഉത്തരവിലുണ്ട്‌. ലോകമാകമാനം പടർന്നുകയറിയ വിഷഭീമന്മാരിൽനിന്ന്‌ സഹായം ഈടാക്കാൻ സംസ്ഥാന സർക്കാരിന്‌ പരിമിതിയുണ്ട്‌. അതുചെയ്യേണ്ടത്‌ കേന്ദ്രസർക്കാരാണ്‌. അത്തരമൊരു ഇടപെടൽ എവിടെയും കണ്ടില്ല. സംസ്ഥാന സർക്കാരും മുൻ എംപി പി കരുണാകരൻ അടക്കമുള്ളവരും ഇത്തരമൊരു ഇടപെടലിനായി നിരവധി തവണ കേന്ദ്രത്തിന്റെ വാതിൽ മുട്ടിയതാണ്‌. ഒരുപ്രതികരണവും ഉണ്ടായില്ല. അത്‌ അനീതിയാണെന്ന്‌, എൻഡോസൾഫാനിൽ കുത്തിത്തിരുപ്പിന്‌ ബഹളം കൂട്ടുന്ന മാധ്യമങ്ങൾ ഇപ്പോഴും പറയുന്നുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top