29 March Friday
ഇ എം എസ് സർക്കാർ അധികാരത്തിൽ വന്നതിന്റെ 65–ാം വാർഷികം

നവകേരളത്തിലേക്ക്‌ വഴികാട്ടിയ ആദ്യസർക്കാർ - പാർലമെന്ററി മന്ത്രി കെ രാധാകൃഷ്ണൻ
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 5, 2022

 

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കമ്യൂണിസ്റ്റുകാർ ബാലറ്റിലൂടെ അധികാരത്തിലെത്തിയത് 1957 ഏപ്രിൽ അഞ്ചിന് കേരളത്തിലാണ്.  ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആ സർക്കാർ തുടക്കമിട്ട നയസമീപനങ്ങളാണ് പിന്നീട് കേരളം ലോകത്തിനു മുന്നിൽ മാതൃകയായതിന്റെ അടിസ്ഥാനം. ഭൂപരിഷ്കരണം, കുടികിടപ്പവകാശം, വിദ്യാഭ്യാസ പരിഷ്‌കരണ നിയമം, വ്യവസായശാലകളുടെ പടുത്തുയർത്തൽ, തൊഴിൽ സംരക്ഷണം തുടങ്ങി ഒട്ടനവധി മാറ്റങ്ങൾക്കാണ് ഇ എം എസ് സർക്കാർ തുടക്കം കുറിച്ചത്. പാവപ്പെട്ട മനുഷ്യരെ ആത്മാഭിമാനമുള്ളവരാക്കി, അവർക്ക് ആശ്വാസമേകി, തൊഴിലാളികളെ അവകാശങ്ങളുള്ളവരാക്കി, അധ്യാപകർക്ക് പ്രതീക്ഷയേകി... എല്ലാവിഭാഗം ജനങ്ങൾക്കും സാമൂഹ്യനീതി പ്രാപ്യമാക്കുക എന്നത് ഇ എം എസ് സർക്കാരിന്റെ ലക്ഷ്യമായിരുന്നു.

മനുഷ്യനായി ജീവിക്കാൻ പറ്റാതിരുന്ന കാലത്തുനിന്ന്‌ ഈ നാടിനെ മാറ്റത്തിലേക്കും സാമൂഹ്യപരിഷ്‌കരണത്തിലേക്കും ഇ എം എസ് സർക്കാരിന് നയിക്കാനായതിന്റെ മൂലാധാരം നവോത്ഥാന പ്രസ്ഥാനവും അതിന്റെ തുടർച്ചയായി ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർടിയും നടത്തിയ പോരാട്ടങ്ങളുമാണ്. ചരിത്രപരമായ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്‌ക്ക്‌ പണിയെടുത്താൽ കൂലി ചോദിക്കാനും വഴിനടക്കാനും നല്ല ഭക്ഷണം കഴിക്കാനും നല്ല വസ്‌ത്രം ധരിക്കാനും അക്ഷരം പഠിക്കാനും അറിവ് നേടാനും സാഹചര്യമൊരുക്കിയത് നവോത്ഥാന നായകരും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്ന് നടത്തിയ ഇടപെടലുകളാണ്.

പൊതുസമൂഹത്തിൽനിന്ന്‌ ആട്ടിയോടിക്കപ്പെട്ടിരുന്ന ദളിത് -പിന്നാക്ക -ആദിവാസി ജനതയ്ക്ക് ഇ എം എസ് സർക്കാരിന്റെ വരവോടെ  സംരക്ഷണമായി. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സർക്കാർ നയിച്ചു. ഇതുവഴി ആത്മാഭിമാനവും അന്തസ്സുമുള്ള ജനതയായി മാറാൻ ഈ സമൂഹങ്ങൾക്കായി. ആ സർക്കാരിനെ കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെ അട്ടിമറിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലുമേറെ പുരോഗമിക്കുമായിരുന്നു. ജാതി–-മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് ഇ എം എസ് സർക്കാർ കണ്ടത്. അവരുടെ ജീവിതപ്രയാസങ്ങൾക്ക് പരിഹാരം കാണുകയെന്ന കാഴ്ചപ്പാടിനെ പ്രായോഗികവൽക്കരിക്കുകയായിരുന്നു ആ സർക്കാർ. ജന്മി-–-ജാതി -നാടുവാഴിത്വ വ്യവസ്ഥിതിയിൽനിന്ന്‌ കേരളത്തെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗതിവേഗം പകർന്നത് ആ സർക്കാരായിരുന്നു.


 

2016-ന് മുമ്പ് അധികാരത്തിൽവന്ന ഇടതുപക്ഷ സർക്കാരുകൾ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തെങ്കിലും ആ സർക്കാരുകൾക്കൊന്നും തുടർച്ച ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് സർക്കാരുകൾ പൊതുസമൂഹത്തിനായി ആവിഷ്കരിച്ച് നടപ്പാക്കി വന്ന പദ്ധതികൾ തകർക്കാൻ വലതുപക്ഷ സർക്കാരുകൾ ബോധപൂർവം ശ്രമിച്ചിരുന്നു. 2016-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ എല്ലാ ശക്തികളും ഒത്തുചേർന്ന് ശ്രമിച്ചിട്ടും കുപ്രചാരണങ്ങളെ തള്ളി കേരള ജനത എൽഡിഎഫിന്റെ കൈകളിൽത്തന്നെ ഭരണത്തിന്റെ കടിഞ്ഞാൺ ഏൽപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ എൽഡിഎഫ് സർക്കാരിന് തുടർഭരണം കിട്ടുന്നത്.

നവകേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ബദൽ നയങ്ങളുയർത്തി എൽഡിഎഫ്. സർക്കാർ പ്രവർത്തിക്കുമ്പോൾ ജനങ്ങളെല്ലാം ഒപ്പം അണിചേരുകയാണ്. പല കാരണങ്ങളാലും പിന്നാക്കം നിന്ന വിഭാഗങ്ങളെയടക്കം പൊതുധാരയിലേക്ക് കൈപിടിച്ച് നയിക്കുന്നു. വീടുകൾ, ഭൂമി, മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതൽ തൊഴിൽ, വരുമാനം, സാമൂഹ്യനീതി, പൊതുഗതാഗത മേഖലയിലടക്കം അടിസ്ഥാനസൗകര്യ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കി സർക്കാർ മുന്നേറുകയാണ്.

പട്ടികവിഭാഗങ്ങളടക്കം പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി പ്രീ- പ്രൈമറി ക്ലാസുകൾമുതൽ പിഎച്ച്ഡിവരെ പഠിക്കാൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം മുൻകൈ നേടിയപ്പോൾ പട്ടിക വിഭാഗങ്ങൾക്കിടയിൽ ഡിജിറ്റൽ വിടവ് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ഇടപെട്ടു.

ഇനിയും കേരളത്തെ പുതുക്കിപ്പണിയാൻ, നവകേരളം പടുത്തുയർത്താൻ രണ്ടാം പിണറായി സർക്കാർ ശ്രമിക്കുമ്പോൾ അവിടെയും ഇടങ്കോലിടുകയാണ് കോൺഗ്രസും ബിജെപിയും വിവിധ തീവ്രസംഘടനകളും. കേന്ദ്രമന്ത്രിപോലും വികസനം തടയാൻ വഴിയിലിറങ്ങുന്നു. എന്നാൽ, സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നത് സഹിക്കാൻ കഴിയാത്തവരാണ് പ്രക്ഷോഭവുമായി ഇറങ്ങിയിട്ടുള്ളത്.  കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഈ മുന്നേറ്റങ്ങളിൽ പാവപ്പെട്ടവരും ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ  പ്രത്യേകകരുതലും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആധുനിക കേരളത്തിന് ശിലയിട്ട ഇ എം എസ് സർക്കാരിന്റെ സ്മരണകൾ നവകേരളം കെട്ടിപ്പടുക്കാനുള്ള പുതിയ ദൗത്യത്തിൽ ഏറെ പ്രചോദനമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top