17 August Wednesday

ഗ്രാസിൽ ചെങ്കൊടി പാറിച്ച എൽക

വി ബി പരമേശ്വരൻUpdated: Tuesday Nov 23, 2021

മധ്യയൂറോപ്പിന്റെ തെക്ക്‌ ആൽപ്‌സിനോട്‌ ചേർന്നു നിൽക്കുന്ന രാജ്യമാണ്‌ ഓസ്‌ട്രിയ. വലതുപക്ഷ രാഷ്ട്രീയത്തിന്‌ ഏറെ വേരോട്ടം ലഭിച്ച രാജ്യം. യാഥാസ്ഥിതിക കക്ഷിയായ ഓസ്‌ട്രിയൻ പീപ്പിൾസ്‌ പാർടിയും തീവ്രവലതുപക്ഷ ഓസ്‌ട്രിയൻ ഫ്രീഡം പാർടിയുമാണ്‌ സമീപകാല ഓസ്‌ട്രിയയുടെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്‌. നൂറുവർഷം പിന്നിട്ട ഓസ്‌ട്രിയൻ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നാമമാത്രമായ സ്വാധീനം മാത്രമേയുള്ളൂ. (ഒരു ശതമാനത്തിലും താഴെ മാത്രമാണ്‌ വോട്ട്‌) എന്നിട്ടും ഓസ്‌ട്രിയയുടെ തെക്ക്‌ ഭാഗത്തുള്ള ഗ്രാസ്‌ നഗരത്തിൽ നവംബർ 17ന്‌ കമ്യൂണിസ്‌റ്റ്‌ മേയർ അധികാരമേറി. തലസ്ഥാനമായ വിയന്ന കഴിഞ്ഞാൽ  വലിയ നഗരമാണ്‌ സ്‌റ്റെറിയ സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയായ ഗ്രാസ്‌. മൂർ നദിയുടെ ഇരുകരയിലുമായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ മൂന്ന്‌ ലക്ഷമാണ്‌ ജനസംഖ്യ. നേരത്തേ വൈസ്‌ മേയർ പദവിയിലിരുന്ന(2016–-17ൽ) അറുപതുകാരി എൽക കർ ആണ്‌ മേയറായി അധികാരമേറ്റത്‌. ഓസ്‌ട്രിയൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതാവാണ്‌ 30 വർഷമായി പാർടിയിൽ സജീവ സാന്നിധ്യമായ കർ. 16 വർഷമായി നഗരത്തിലെ കൗൺസിലറാണ്‌ അവർ.

ഓസ്‌ട്രിയയിൽ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ സ്വാധീനം കുറവാണെങ്കിലും സ്‌റ്റെറിയയിൽ മോശമല്ലാത്ത സ്വാധീനം പാർടിക്കുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച്‌ ശതമാനത്തിൽ കൂടുതൽ വോട്ട്‌ ലഭിക്കുകയുണ്ടായി. സ്‌റ്റെറിയ അധോസഭയിൽ രണ്ട്‌ അംഗങ്ങളുമുണ്ട്‌. ഗ്രാസിൽ സെപ്‌തംബർ 26ന്‌ നടന്ന മേയർ തെരഞ്ഞെടുപ്പിൽ 28.84 ശതമാനം വോട്ടും 15 സീറ്റും നേടിയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 8.56 ശതമാനം വോട്ടും അഞ്ച്‌ സീറ്റും കൂടുതൽ നേടാനായി. 48 അംഗ കൗൺസിലിൽ ഭൂരിപക്ഷത്തിന്‌ 25 സീറ്റ്‌ വേണമായിരുന്നു. ഒമ്പത്‌ സീറ്റ്‌ നേടിയ ഗ്രീൻ പാർടിയുമായും നാല്‌ സീറ്റുള്ള സോഷ്യൽ ഡെമോക്രാറ്റുകളുമായും സഖ്യം സ്ഥാപിച്ചാണ്‌ ഓസ്‌ട്രിയൻ കമ്യൂണിസ്‌റ്റ്‌ പാർടി മേയർ സ്ഥാനം നേടിയിട്ടുള്ളത്‌. വോട്ടെടുപ്പിൽ പങ്കെടുത്ത 46 പേരിൽ 28 വോട്ട്‌ നേടിയാണ്‌ കർ തെരഞ്ഞെടുക്കപ്പെട്ടത്‌. സോവിയറ്റ്‌ യൂണിയൻ തകർന്നതോടെ ഓസ്‌ട്രിയൻ കമ്യൂണിസ്‌റ്റ്‌ പാർടിയും തകർച്ചയുടെ വക്കിലെത്തിയെങ്കിലും സ്‌റ്റെറിയ സംസ്ഥാനത്ത്‌ പാർടിയുടെ സാന്നിധ്യം നിലനിന്നു. ജനങ്ങളുമായി ബന്ധമുള്ള ഏണസ്‌റ്റ്‌ കാൾട്ടെനഗ്ഗറെപ്പോലുള്ള നേതാക്കളാണ്‌ ഗ്രാസിലും മറ്റും പാർടിയെ പിടിച്ചുനിർത്തിയത്‌.

ഗ്രാസിൽ കമ്യൂണിസ്‌റ്റ്‌ 
പാർടി വളർന്നത്‌ എങ്ങനെ
‘നിത്യജീവിതത്തിൽ സഹായിയാകുന്ന പാർടി’ എന്ന ആശയം മുന്നോട്ടുവച്ചാണ്‌ ഏണസ്‌റ്റ്‌ കാൾട്ടെനഗ്ഗർ പാർടിയുടെ ദുർബലമായ അടിത്തറ സംരക്ഷിച്ചത്‌. റിയൽ എസ്‌റ്റേറ്റ്‌ മാഫിയകൾ വാടകയ്‌ക്ക്‌ താമസിക്കുന്നവരെ കൂട്ടമായി ഒഴിപ്പിച്ച്‌ കെട്ടിടങ്ങൾ ഏറ്റെടുക്കാൻ ശ്രമം നടത്തിയപ്പോൾ അത്‌ തടയുകയും വാടകക്കാരുടെ പക്ഷത്ത്‌ നിലയുറപ്പിക്കുകയും ചെയ്‌തു. കുടിയിറക്കപ്പെട്ടവരെ സഹായിക്കാൻ ഹെൽപ്‌ലൈൻ ആരംഭിച്ചു. അവർക്ക്‌ ആവശ്യമായ നിയമസഹായവും സൗജന്യമായി നൽകി. ഇത്‌ സ്വാഭാവികമായും പാർടിക്ക്‌ സ്വാധീനം നേടിക്കൊടുത്തു. പാർടി ഏറ്റെടുത്ത മറ്റൊരു വിഷയം ഉയർന്ന വാടക ഈടാക്കുന്നതിനെതിരെ നടത്തിയ സമരമായിരുന്നു. ഓസ്‌ട്രിയയിൽ മാത്രമല്ല, യൂറോപ്യൻ നഗരങ്ങളിലെല്ലാം താമസിക്കാൻ ഒരു വീട്‌ എന്നത്‌ വലിയ സമരമാണ്‌. വരുമാനത്തിന്റെ 55–-60 ശതമാനവും ചെലവാക്കുന്നത്‌ വാടക നൽകാനാണ്‌. വിദ്യാഭ്യാസം, ആശുപത്രി എന്നിവയെല്ലാം ചെലവേറിയ കാര്യങ്ങളാണ്‌. അതുകൊണ്ടുതന്നെ വാടക കൊടുത്തു കഴിഞ്ഞാൽ പട്ടിണിയില്ലാതെ ഭക്ഷണം കഴിക്കാനുള്ള തുക മാത്രമേ അവശേഷിക്കൂ. ഈ ഉയർന്ന വാടക കുറയ്‌ക്കണമെന്ന ആവശ്യവുമായി കമ്യൂണിസ്‌റ്റ്‌ പാർടി ഗ്രാസിൽ സമരപതാക ഉയർത്തിയപ്പോൾ അതിന്‌ വൻ ജനപിന്തുണ ലഭിച്ചു. കൗൺസിൽ അംഗമായിരുന്ന ഏണസ്‌റ്റ്‌ കാൾട്ടെനഗ്ഗർ വാടക, വരുമാനത്തിന്റെ 30 ശതമാനമായി കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിൽ കൊണ്ടുവന്നെങ്കിലും ഓസ്‌ട്രിയൻ പീപ്പിൾസ്‌ പാർടിയും മറ്റും എതിർത്ത്‌ പരാജയപ്പെടുത്തി. തുടർന്ന്‌, പൊതുജനങ്ങളിൽനിന്ന്‌ ഒപ്പുശേഖരണം നടത്തി അധികാരികൾക്ക്‌ സമർപ്പിച്ചു.

അതിനുശേഷം ബിൽ വീണ്ടും അവതരിപ്പിച്ചപ്പോൾ ഒരു രാഷ്ട്രീയ പാർടിക്കും അതിനെ എതിർക്കാൻ കഴിയാത്ത സ്ഥിതി വന്നു. ഈ ഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ്‌ ആദ്യമായി കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ ഗ്രാസിൽ മൂന്ന്‌ ശതമാനം വോട്ട്‌ ലഭിച്ചത്‌. 1998ൽ അത്‌ 7.9 ശതമാനമായി ഉയർന്നു. ഈ തെരഞ്ഞെടുപ്പിൽ ജയിക്കുകയും ഹൗസിങ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായി മാറുകയും ചെയ്‌ത ഏണസ്‌റ്റ്‌ കാൾട്ടെനഗ്ഗർ മികച്ച പ്രവർത്തനമാണ്‌ കാഴ്‌ചവച്ചത്‌. സ്വാഭാവികമായും 2003ലെ തെരഞ്ഞെടുപ്പിൽ പാർടിക്ക്‌ 20 ശതമാനത്തോളം വോട്ട്‌ ലഭിച്ചു. ഈ ഘട്ടത്തിലാണ്‌ സർക്കാരിന്‌ കീഴിലുള്ള പബ്ലിക് ഹൗസുകൾ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായത്‌. ഇതിനെതിരെ കമ്യൂണിസ്‌റ്റ്‌ പാർടി ശക്തമായ പ്രക്ഷോഭം നടത്തി. ഇതിന്റെ ഫലമായി ഹിതപരിശോധന നടത്താൻ അന്നത്തെ സ്‌റ്റെറിയയിലെ അധികാരികൾ നിർബന്ധിതമായി. 96 ശതമാനം പേരും പബ്ലിക് ഹോം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ വോട്ട്‌ ചെയ്‌തു.  ഇതോടെയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഗ്രാസിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി മാറിയത്‌.

കഴിഞ്ഞ കൗൺസിലിൽ റോഡ്‌ ട്രാൻസ്‌പോർട്ട്‌ വിഭാഗം ചെയർമാനായിരുന്നു എൽക കർ. കമ്യൂണിസ്‌റ്റ്‌ പാർടിയിലെ മറ്റൊരംഗമായ റോബർട് ക്രാട്സറാണ്‌ ആരോഗ്യവിഭാഗം മേധാവി. നഗരത്തിൽ സൈക്കിൾ സഞ്ചാരികൾക്ക്‌ പ്രത്യേക പാത നിർമിച്ചും ട്രാം,  ബസ്‌ സർവീസുകൾ വർധിപ്പിച്ചതും പൊതുഗതാഗാത സംവിധാനം ശക്തിപ്പെടുത്തിയതും ജനപ്രീതി വർധിപ്പിച്ചു. ആരോഗ്യരംഗത്താകട്ടെ വലിയ മാറ്റങ്ങൾക്ക്‌ ഇക്കാലത്ത്‌ നാന്ദികുറിച്ചു. വൃദ്ധജനങ്ങൾക്കുള്ള ആരോഗ്യസംവിധാനം മെച്ചപ്പെടുത്തിയതായിരുന്നു അതിൽ പ്രധാനം. കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവർ ശമ്പളമായി ലഭിക്കുന്ന 6000 യൂറോയിൽ 4000വും പാവപ്പെട്ടവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായാണ്‌ ഉപയോഗിക്കുന്നത്‌. ഇത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയല്ല, ചാരിറ്റി പാർടിയാണെന്ന ആക്ഷേപത്തിന്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ പറയാനുള്ള മറുപടി  മുപ്പത്‌ വർഷത്തിനകം ഈയിനത്തിൽ 20,000 പേരെ സഹായിക്കാനായി എന്നതാണ്‌. അതായത്‌, ജനങ്ങൾക്കൊപ്പംനിന്ന്‌ പ്രവർത്തിച്ചതാണ്‌ ഗ്രാസിൽ കമ്യൂണിസ്‌റ്റ്‌ പാർടി വേരുറപ്പിക്കാൻ കാരണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top