19 April Friday

വൈദ്യുതിനിയമ ഭേദഗതി:
സ്വകാര്യമേഖലയ്‌ക്ക്‌ ചാകര - ഡോ. സുരേഷ് കുമാർ എം ജി എഴുതുന്നു

ഡോ. സുരേഷ് കുമാർ എം ജിUpdated: Saturday Jul 31, 2021

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പരിഗണിക്കാനായി പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതാണ് വൈദ്യുതിനിയമ ഭേദഗതി. ഇതിനായുള്ള കരട് ഭേദഗതി ബിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. വൈദ്യുതിവിതരണരംഗം ഡീലൈസൻസ് ചെയ്യുകയാണ് നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നെന്ന് കേന്ദ്രവൈദ്യുതിമന്ത്രി ആർ കെ സിങ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഒന്നിലധികം കമ്പനികളിൽനിന്ന് വൈദ്യുതിവാങ്ങുന്നതിന് അവസരമൊരുക്കുന്നതാണ് നിയമഭേദഗതിയെന്നും അദ്ദേഹം പറയുന്നു. നിയമഭേദഗതിയുടെ ആദ്യകരട് പ്രസിദ്ധീകരിക്കുന്നത് 2013ൽ യുപിഎ സർക്കാരാണ്. വൈദ്യുതിവിതരണം രണ്ടായി വിഭജിച്ച് സപ്ലൈ എന്ന പുതിയൊരു വിഭാഗംകൂടി സൃഷ്ടിക്കുന്നതായിരുന്നു ആദ്യഭേദഗതിയുടെ കാതൽ. വൈദ്യുതിലൈനുകൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജോലിമാത്രം വിതരണക്കമ്പനിയിൽ നിലനിർത്തി വൈദ്യുതി കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തുന്നതിന് പ്രത്യേകം സപ്ലൈ കമ്പനി രൂപീകരിക്കുകയുമാണ് ഭേദഗതിനിർദേശം. ഇങ്ങനെ കണ്ടന്റും കാര്യേജും വേർതിരിച്ച് മത്സരം ഉറപ്പുവരുത്തുക. ഒരേപ്രദേശത്ത്‌ ഒന്നിലേറെ സപ്ലൈ ലൈസൻസുകൾ നൽകാനും നിർദേശിച്ചു. എന്നാൽ, വലിയ എതിർപ്പുകളെത്തുടർന്ന് മുന്നോട്ടുപോകാൻ സർക്കാർ തയ്യാറായില്ല. 2014-ൽ എൻഡിഎ വന്നശേഷം ഇപ്പോഴത്തേതടക്കം നാലുതവണ ഭേദഗതിനിർദേശം പ്രസിദ്ധീകരിച്ചു. ഇപ്പോൾ പരിഗണനയിലിരിക്കുന്ന ഭേദഗതിയിൽ കണ്ടന്റും (വൈദ്യുതി) കാര്യേജും ( വൈദ്യുതിലൈൻ) വേർതിരിക്കാനുള്ള നിർദേശമില്ല. എന്നാൽ, വിതരണരംഗത്തിന്റെ ഡീലൈസൻസിങിലൂടെ (ലൈസൻസ്‌ ഒഴിവാക്കൽ) ഇക്കാര്യം ഒളിച്ചുകടത്തുന്നതും ‍ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ലൈസൻസ്‌ ഒഴിവാക്കൽ
2003ലെ വൈദ്യുതി നിയമമനുസരിച്ച് വൈദ്യുതി ഉൽപ്പാദനമൊഴികെയുള്ള മുഴുവൻ പ്രവർത്തനത്തിനും ലൈസൻസ് വേണമായിരുന്നു. ആ നിയമത്തിൽത്തന്നെ ഉൽപ്പാദനത്തിന് ലൈസൻസ് ആവശ്യമില്ല. ഭേദഗതിയനുസരിച്ച് വ്യക്തിക്കോ കമ്പനിക്കോ രാജ്യത്തെവിടെയും ഒരു ലൈസൻസും കൂടാതെ വിതരണം ഏറ്റെടുക്കാം. സംസ്ഥാന സർക്കാരുകൾക്കോ വൈദ്യുതി റെഗുലേറ്ററി കമീഷനോ ഒരുനിയന്ത്രണവുമില്ലാതെ സ്വകാര്യ കമ്പനികൾക്ക് യഥേഷ്ടം കടന്നുവരാനും സാധിക്കും. കമ്പനി ആകെ ചെയ്യേണ്ടത് സംസ്ഥാനത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന് ഒരു അപേക്ഷ നൽകുകയാണ്. 60 ദിവസത്തിനുള്ളിൽ വിതരണം ഏറ്റെടുക്കാനുള്ള അനുവാദം കമീഷൻ നൽകണം. കൃത്യമായ കാരണമുണ്ടെങ്കിൽ 15 ദിവസംകൂടി എടുക്കാം. കേന്ദ്രനിബന്ധനകൾ പാലിച്ചിട്ടുണ്ടെങ്കിൽ അനുമതി വിലക്കാൻ കമീഷന് കഴിയില്ല. നിശ്ചിത ദിവസം കഴിഞ്ഞാൽ അനുമതി കിട്ടിയതായി കണക്കാക്കി പ്രവർത്തനം തുടങ്ങാം. ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെടുന്നിടത്താണ് വിതരണം ഏറ്റെടുക്കുന്നതെങ്കിൽ കേന്ദ്ര റെഗുലേറ്ററി കമീഷനിൽ അപേക്ഷിച്ചാൽ മതി. സംസ്ഥാന സർക്കാരോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനോ ഇക്കാര്യം അറിയേണ്ടതില്ല.

പുതിയ കമ്പനികൾക്ക് ലൈനുകളുടെ നിർമാണത്തിലടക്കം മുതൽമുടക്കാൻ ബാധ്യതയില്ല. നിലവിലുള്ള ലൈനുകളിലൂടെത്തന്നെ വൈദ്യുതി കൊണ്ടുപോകാനും വിൽക്കാനും കഴിയും. ഇങ്ങനെ മുതൽ മുടക്കില്ലാത്തതിനാൽ ലാഭമിടിഞ്ഞാൽ എളുപ്പത്തിൽ രക്ഷപ്പെടാനും സ്വകാര്യ കമ്പനികൾക്ക്‌ അവസരം ലഭിക്കുന്നു. തികഞ്ഞ അരാജകത്വമാണ് നിയമഭേദഗതിയിലൂടെ ഉണ്ടാകുന്നത്. എല്ലാവർക്കും വൈദ്യുതി നൽകാനുള്ള ബാധ്യതയൊന്നും കമ്പനികൾക്ക്‌ നിയമഭേദഗതി അനുശാസിക്കുന്നില്ല. ലാഭകരമായ നഗരപ്രദേശങ്ങളിൽ വിതരണം കേന്ദ്രീകരിക്കാനും ഉയർന്നനിരക്ക് നൽകുന്ന മേഖലകളിലെ ഉപയോക്താക്കളെ അടർത്തിയെടുക്കാനും അവസരമൊരുക്കുന്നു. നിയമഭേദഗതി പ്രകാരം ലാഭകരമായതെല്ലാം സ്വകാര്യമേഖല കൈക്കലാക്കുന്നു. സാധാരണക്കാർക്കും ഗ്രാമപ്രദേശങ്ങളിലും വൈദ്യുതി നൽകേണ്ട ബാധ്യത പൊതുമേഖലയുടെമാത്രം ചുമലിലുമാക്കുന്നു. ലാഭം സ്വകാര്യമേഖലയ്‌ക്കും നഷ്ടം പൊതുമേഖലയ്‌ക്കുമെന്ന അവസ്ഥ പൊതുമേഖലയുടെ തകർച്ചയിലേക്കുമാണ് നയിക്കുക.

സാധാരണ ഗാർഹിക ഉപയോക്താക്കൾക്കും കൃഷിയടക്കമുള്ള മേഖലകൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി എത്തിക്കുന്നതിന് പൊതുമേഖലാ വൈദ്യുതിക്കമ്പനികൾക്ക് കഴിയുന്നത് ക്രോസ് സബ്സിഡിയിലൂടെയാണ്. ധനശേഷിയുള്ളവർക്ക് ഉയർന്ന നിരക്ക് ഏർപ്പെടുത്തി അങ്ങനെ ലഭിക്കുന്ന വരുമാനം സാധാരണക്കാർക്ക് കുറഞ്ഞ നിരക്ക് അനുവദിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. ഇനി ക്രോസ് സബ്സിഡി സംവിധാനം തകരും. സാധാരണക്കാരുടെ നിരക്ക് ഉയർത്തേണ്ട സാഹചര്യമാണ് സൃഷ്ടിക്കുക. ഗാർഹിക ഉപയോക്താക്കളുടെയും കാർഷിക ഉപയോക്താക്കളുടെയും വൈദ്യുതിനിരക്കുകൾ അതിഭീമമായി ഉയരും. അതിനാലാണ് കർഷക സമരത്തിന്റെ ഒരു മുദ്രാവാക്യമായി വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക എന്നത് ഉൾപ്പെടുത്തിയത്‌. പുതിയ സാഹചര്യത്തിൽ ലൈനുകളുടെ ആധുനികവൽക്കരണവും ശക്തിപ്പെടുത്തലും പരിപാലനവുമെല്ലാം താളം തെറ്റും. വിതരണനഷ്ടം കുറയ്‌ക്കുക, വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം സ്തംഭിക്കും. ഇവയിൽ സ്വകാര്യസംരംഭകർക്ക് ഉത്തരവാദിത്തമൊന്നുമില്ല. നഗരപ്രദേശങ്ങളിലെ പ്രമുഖകേന്ദ്രങ്ങളിൽ മാത്രമായി വികസനപ്രവർത്തനങ്ങളെല്ലാം ഒതുങ്ങും. പൊതുവേ വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ ഇടപെടലുകൾ ഉണ്ടാകുമ്പോഴും വൈദ്യുതിവിതരണം തികച്ചും സംസ്ഥാനവിഷയമാണെന്ന സമീപനമാണ് മുൻകാലങ്ങളിലെല്ലാം ഉണ്ടായത്. സംസ്ഥാന റെഗുലേറ്ററി കമീഷനുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും കേന്ദ്രത്തിന് അധികാരമുണ്ടാകുമെന്ന് നിയമഭേദഗതിയിലുണ്ട്. നിരക്കുകൾ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിലെല്ലാം കേന്ദ്രനിർദേശം ബാധകമാകും.

ഭരണഘടനയുടെ കൺകറന്റ് പട്ടികയിൽ ഉൾപ്പെട്ടതാണ്‌ വൈദ്യുതി മേഖല. ഇത്തരത്തിലുള്ള മേഖലയെ സമഗ്രമായി ബാധിക്കുന്ന നിയമനിർമാണത്തിന് മുതിരുമ്പോൾ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് ബാധ്യതയുണ്ട്. 2020 ജൂലൈയിൽ കേന്ദ്ര വൈദ്യുതി സഹമന്ത്രി വിളിച്ച സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗത്തിൽ കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ വിയോജിപ്പ് വ്യക്തമാക്കുകയുണ്ടായി. അതത്‌ സംസ്ഥാനങ്ങളുമായി നേരിട്ട്‌ ചർച്ച ചെയ്തല്ലാതെ മുന്നോട്ടുപോകുകയില്ലെന്ന് കേന്ദ്രമന്ത്രി ആ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു. അ തിൽനിന്ന്‌ തികച്ചും വ്യത്യസ്ഥമായ ഭേദഗതി നിർദേശമാണ് പരിഗണനയ്‌ക്ക് വരുന്നത്. സംസ്ഥാനഭരണ നേതൃത്വവുമായി ഒരു വിധ ചർച്ചയും കേന്ദ്ര സർക്കാർ നടത്തിയിട്ടില്ല.

ശക്തമായ സ്വകാര്യവൽക്കരണ സമ്മർദങ്ങൾക്കിടയിലും മൂലധനശക്തികൾക്ക് പിടിമുറുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണ് വൈദ്യുതിവിതരണരംഗം. വൈദ്യുതി നിയമം 2003ന്റെ ഭാഗമായി ഡീലൈസൻസിങ്‌ അടക്കമുള്ള നടപടികൾ സ്വീകരിച്ചതിനാൽ ഉൽപ്പാദനരംഗത്ത് വൻ സ്വകാര്യസംരംഭങ്ങളുണ്ടായി. പ്രസരണരംഗത്ത് സ്വകാര്യമേഖലയ്‌ക്ക് മുന്നോട്ടുപോകാൻ കഴിയാതിരുന്നത് മുതൽമുടക്ക് തിരിച്ചുപിടിക്കാൻ കൂടുതൽ കാലം വേണ്ടിവരുമെന്നതിനാലാണ്. എന്നാൽ, വിതരണരംഗത്തെ സ്ഥിതി വ്യത്യസ്തമാണ്. ഒഡിഷയടക്കം സ്വകാര്യവൽക്കരണം സ്വീകരിച്ച സംസ്ഥാനങ്ങളിലാകട്ടെ സാധാരണ ഉപയോക്താക്കൾക്ക് വൈദ്യുതിസേവനം അപ്രാപ്യമായിത്തീരുകയും വൈദ്യുതിവിതരണം പൊതുമേഖലയ്‌ക്ക് തിരിച്ചെടുക്കേണ്ടിയും വന്നു.

വൈദ്യുതിമേഖലയുടെ രക്ഷയ്‌ക്ക്‌ സ്വകാര്യവൽക്കരണംതന്നെയെന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഉൽപ്പാദക കമ്പനികൾക്ക് കമ്പോളം കണ്ടെത്തുന്നതിനും വിതരണരംഗത്ത് സ്വകാര്യവൽക്കരണം അനിവാര്യമാണ്. ആത്മനിർഭർ അഭിയാൻ പദ്ധതിയിലും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്താനുള്ള നിബന്ധനകളിലുമൊക്കെ വൈദ്യുതിവിതരണത്തിന്റെ സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ, ചില നഗരങ്ങളിലെ ഫ്രാഞ്ചൈസി ഏർപ്പാടുകൾക്കപ്പുറം സ്വകാര്യവൽക്കരണം മുന്നോട്ടുപോകുന്നില്ല എന്നതിനാലാണ് അടിച്ചേൽപ്പിക്കുന്നത്‌.

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭമാണ് രൂപപ്പെട്ടിരിക്കുന്നത്. വൈദ്യുതി മേഖലയിലെ സംഘടനകൾ ആഗസ്ത്‌ പത്തിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആഗസ്ത്‌ മൂന്നുമുതൽ ആറുവരെ ഡൽഹി ജന്തർമന്ദറിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കർഷകസമരമടക്കം വിവിധ പോരാട്ടങ്ങൾക്ക് ഈ പ്രക്ഷോഭവും കരുത്തുപകരുമെന്നും കേന്ദ്രസർക്കാരിന് മർക്കടമുഷ്ടി ഉപേക്ഷിക്കേണ്ടി വരുമെന്നും പ്രതീക്ഷിക്കാം.

(ഇലക്‌ട്രിസിറ്റി എംപ്ലായീസ്‌ ഫെഡറേഷൻ 
ഓഫ്‌ ഇന്ത്യയുടെ വർക്കിങ് കമ്മിറ്റി 
അംഗമാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top