29 March Friday

ഇലക്ടറൽ ബോണ്ടുകളുടെ കളി

സാജൻ എവുജിൻUpdated: Monday Nov 14, 2022

നോട്ടുനിരോധനത്തിന്‌ തൊട്ടുപിന്നാലെയാണ്‌ മോദിസർക്കാർ നിയമഭേദഗതികൾ വഴി ഇലക്ടറൽ ബോണ്ട്‌ സംവിധാനം കൊണ്ടുവന്നത്‌. എസ്‌ബിഐ ഇറക്കുന്ന ബോണ്ടുകൾ വാങ്ങി രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന നൽകാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും  സൗകര്യമൊരുക്കാനാണ്‌  ഈ സംവിധാനമെന്ന്‌ സർക്കാർ അവകാശപ്പെട്ടു. 2017ൽ ധന നിയമം, ജനപ്രാതിനിധ്യനിയമം,  വിദേശ സംഭാവന നിയന്ത്രണനിയമം, റിസർവ്‌ ബാങ്ക്‌ നിയമം, ആദായനികുതി നിയമം എന്ന തിരക്കിട്ട്‌ ഭേദഗതി ചെയ്‌താണ്‌ ഇലക്ടറൽ ബോണ്ടുകൾക്ക്‌   കളമൊരുക്കിയത്‌. ആയിരം, പതിനായിരം, ലക്ഷം, 10 ലക്ഷം, കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകളാണ്‌ സർക്കാർ പ്രഖ്യാപിക്കുന്ന സമയപരിധികളിൽ എസ്‌ബിഐയുടെ തെരഞ്ഞെടുത്ത ശാഖകൾവഴി വിൽക്കുക. ഇവ ലഭിക്കുന്ന രാഷ്‌ട്രീയ പാർടികൾ 15 ദിവസത്തിനകം ബോണ്ടുകൾ ബാങ്കിൽ സമർപ്പിച്ച്‌ പണമാക്കി മാറ്റണം. അഴിമതിയെ നിയമപരമാക്കാനുള്ള സംവിധാനമാണ്‌ ഇലക്ടറൽ ബോണ്ടുകളെന്ന്‌ ചൂണ്ടിക്കാട്ടിയ സിപിഐ എം ഇതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. വരുന്ന  ഡിസംബർ ആറിന്‌ കേസിൽ വാദംകേൾക്കുമെന്ന്‌ സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്‌.  എഡിആർ (അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ്‌), കോമൺ കോസ്‌ എന്ന്‌ സംഘടനകളും കേസിൽ കക്ഷികളാണ്‌.

ആരിൽനിന്നൊക്കെ സംഭാവന ലഭിച്ചെന്ന്‌ രാഷ്‌ട്രീയ കക്ഷികൾ വെളിപ്പെടുത്തേണ്ടതില്ലെന്നതാണ്‌ ഇലക്ടറൽ ബോണ്ട്‌ സംവിധാനത്തെ രാഷ്‌ട്രീയ അഴിമതിയുടെ പര്യായമായി വിശേഷിപ്പിക്കാനുള്ള മുഖ്യ കാരണം. മുമ്പ്‌  20,000 രൂപയിൽ കൂടുതലുള്ള സംഭാവന  നൽകുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്തണമായിരുന്നു. 2017ലെ ആദായനികുതി നിയമ ഭേദഗതിയോടെ ഈ നിബന്ധന ഇല്ലാതായി.  വിദേശ സംഭാവന നിയന്ത്രണനിയമം ഭേദഗതി ചെയ്‌ത്‌ വിദേശ കമ്പനികൾക്കും  ഇന്ത്യയിലെ രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന നൽകാൻ വ്യവസ്ഥ ചെയ്‌തു. വാണിജ്യ ബാങ്കുകൾ വഴി ബോണ്ട്‌ ഇറക്കാനാണ്‌ റിസർവ്‌ ബാങ്ക്‌ നിയമം ഭേദഗതി ചെയ്‌തത്‌.  2018 മുതൽ ഇക്കൊല്ലംവരെ വിറ്റുപോയ ബോണ്ടുകളിൽ 80  ശതമാനത്തോളം  ലഭിച്ചത്‌ ബിജെപിക്കാണ്‌. 2018ൽ 1056.73 കോടി, 2019ൽ 5071.99 കോടി, 2020ൽ 363.96 കോടി, 2021ൽ 1502.92 കോടി, 2022ൽ (ഇതുവരെ) 2792 കോടി  എന്നിങ്ങനെയാണ്‌ ബോണ്ടുകളുടെ വിൽപ്പന നടന്നത്‌. 2019–-20ൽ ഇറങ്ങിയ ബോണ്ടുകളിൽ 75 ശതമാനത്തിലേറെ ബിജെപിക്കാണ്‌ ലഭിച്ചതെന്ന്‌ തെരഞ്ഞെടുപ്പുകമീഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ലഭിച്ച ബോണ്ടുകളുടെ വിവരം രാഷ്‌ട്രീയ പാർടികൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തിന്‌ ബോണ്ടുകളുടെ വാങ്ങലും കൊടുക്കലും സംബന്ധിച്ച്‌ കൃത്യമായി വിവരം അറിയാനാകും. ബോണ്ടുകൾ  സ്വീകരിക്കില്ലെന്ന്‌ സിപിഐ എമ്മും ഇതര ഇടതുപക്ഷ പാർടികളും നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. ഹിമാചൽപ്രദേശ്‌, ഗുജറാത്ത്‌ തെരഞ്ഞെടുപ്പുകൾ പ്രമാണിച്ച്‌ ഒക്ടോബർ ഒന്നുമുതൽ 10 വരെ 545 കോടി രൂപയുടെ ബോണ്ടുകളാണ്‌ എസ്‌ബിഐയുടെ 11 ശാഖ വഴി വിറ്റുപോയത്‌. ലക്ഷം  രൂപയുടെ 25, 10 ലക്ഷത്തിന്റെ 190, കോടിയുടെ 526 വീതം ബോണ്ടിന്റെ വിൽപ്പനയാണ്‌ നടന്നത്‌. അതിസമ്പന്നരും കോർപറേറ്റുകളുമാണ്‌ ഇത്തരത്തിൽ സംഭാവന നൽകുന്നതെന്ന്‌ സ്ഥിരീകരിക്കുന്ന വിവരമാണ്‌ ഇത്‌. ബിജെപിക്കും കോൺഗ്രസിനുമാണ്‌ സംഭാവനയിൽ 90 ശതമാനത്തോളം ലഭിച്ചത്‌. ബോണ്ടുകൾ സ്വീകരിക്കാൻ 25 രാഷ്‌ട്രീയ പാർടികൾ പ്രത്യേക അക്കൗണ്ട്‌ തുറന്നിട്ടുണ്ടെന്ന്‌ എസ്‌ബിഐ പറയുന്നു. കഴിഞ്ഞ ആഗസ്‌ത്‌ ഒന്നിനും ഒക്ടാബർ 29നും ഇടയിൽ കേന്ദ്രം കോടി രൂപയുടെ 10,000 ബോണ്ട്‌ അച്ചടിച്ചതായി വിവരാവകാശനിയമപ്രകാരം വെളിപ്പെടുത്തൽ വന്നിട്ടുണ്ട്‌. ഇതിനുമുമ്പ്‌ 2019ൽ നാസിക്കിലെ സെക്യൂരിറ്റി പ്രസിൽ 11,400 കോടി രൂപയുടെ ബോണ്ടുകൾ അച്ചടിച്ചു. ലോകത്ത്‌  ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യത്താണ്‌ തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ പണമൊഴുക്കുന്നത്‌. തെരഞ്ഞെടുപ്പുകളിൽ ബിജെപി പ്രകടിപ്പിക്കുന്ന പണക്കൊഴുപ്പിന്റെ പിൻബലം ഇത്തരത്തിൽ ലഭിക്കുന്ന കോർപറേറ്റ്‌ സംഭാവനകളാണ്‌. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ചെലവിടുന്ന പണത്തിന്‌ പരിധിയുണ്ടെങ്കിലും രാഷ്‌ട്രീയ പാർടികൾ ചെലവഴിക്കുന്ന പണത്തിനു നിയമപരമായ പരിധിയില്ല.

കള്ളപ്പണത്തിന്റെ പ്രചാരം തടയാനെന്ന പേരിലാണ്‌ 2016 നവംബർ എട്ടിന്‌ മോദിസർക്കാർ നോട്ടുനിരോധനം ഏർപ്പെടുത്തിയത്‌. രാഷ്‌ട്രീയ പാർടികൾ തെരഞ്ഞെടുപ്പുകളിൽ  കള്ളപ്പണം ഒഴുക്കുന്നതിന്‌ ഇതോടെ അന്ത്യമാകുമെന്നും ബിജെപിയും കേന്ദ്ര സർക്കാരും അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാൽ, ആറു വർഷം കഴിഞ്ഞപ്പോൾ ബിജെപി തെരഞ്ഞെടുപ്പുകളിലും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനും ഉപയോഗിക്കുന്ന പണത്തിന്റെ അളവ്‌ പെരുകിവരികയാണ്‌. മഹാരാഷ്‌ട്ര, കർണാടക, ഗോവ, മധ്യപ്രദേശ്‌, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കോൺഗ്രസ്‌  എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ചെലവിട്ട പണത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. ഈയിടെ ഡൽഹിയിലും തെലങ്കാനയിലും എംഎൽഎമാരെ വിലയ്‌ക്കുവാങ്ങാൻ ബിജെപി പദ്ധതിയിട്ടതായി ആംആദ്‌മി പാർടിയും ടിആർഎസും ആരോപണം ഉന്നയിച്ചു. രാജസ്ഥാനിലും ബിജെപി അട്ടിമറിക്ക്‌ ശ്രമിക്കുകയാണ്‌. ഇലക്ടറൽ ബോണ്ടുകൾവഴി ലഭിക്കുന്ന പണമാണ്‌ ബിജെപി ഇത്തരം അട്ടിമറികൾക്കായി വിനിയോഗിക്കുന്നതെന്ന്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ ആരോപിക്കുന്നു.  കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന പേരിൽ ജനങ്ങളെ കൊടിയ ദുരിതത്തിൽ തള്ളിയവർ  രാജ്യത്തെ കബളിപ്പിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top