29 March Friday

റഫറി ഗോളടിക്കാൻ 
ഇറങ്ങുമ്പോൾ

അഡ്വ. കെ അനിൽകുമാർUpdated: Friday Oct 7, 2022

രണ്ടു പതിറ്റാണ്ട് നീണ്ട ബിജെപി വാഴ്ചയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്ന  ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വിജയം നേടാൻ നിലവിൽ പ്രയോഗിക്കുന്ന ചേരുവകൾ മതിയാകില്ലെന്ന തിരിച്ചറിവ് അവർക്കുണ്ട്‌.  അടുത്ത് നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രകടനപത്രികയിൽ രാഷ്ട്രീയപാർടികൾ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള വരുമാന സ്രോതസ്സ്കൂടി വിശദമാക്കാൻ രാഷ്ട്രീയ പാർടികളോട് ആവശ്യപ്പെടുന്ന നീക്കത്തിന് തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തിറങ്ങിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഞങ്ങളേക്കാൾ മികച്ച വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകാൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർടികൾക്ക് സാധ്യമാകാത്തവിധം അവരെ പിന്നോട്ടടിക്കാൻ നിയമവഴികൾ തേടുന്നതാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടലിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

‘ഗരീബി ഹഠാവോ ബേക്കാരി ഹഠാവോ’ തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങൾ കോൺഗ്രസിന്റെ ഭരണകാലത്ത് രാജ്യം കേട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ബൂർഷ്വ പാർടികൾക്ക് ഒരു നിർബന്ധവും ഇല്ലായിരുന്നുവെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. കോൺഗ്രസ് നടത്തിയ വാഗ്ദാന ലംഘനങ്ങളുടെ തുടർച്ചയായി ബിജെപിയുടെ ഊഴം ആയപ്പോൾ തനി തട്ടിപ്പാണ് എല്ലാതലങ്ങളിലും നടത്തിയത്. വിദേശബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പിടിച്ചെടുത്ത് തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപവീതം നൽകുമെന്ന വാഗ്ദാനംമാത്രം മതി നരേന്ദ്ര മോദിയുടെ വഞ്ചനയുടെ ആഴം മനസ്സിലാക്കാൻ.  കർഷകരുടെ  ഉൽപ്പന്നങ്ങൾക്ക് കൃഷിച്ചെലവിന്റെ  പകുതി സംഖ്യ ലാഭം കൂട്ടിച്ചേർത്ത് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നുപറഞ്ഞ മോദിയും അതിനു വിപരീതമായി കോർപറേറ്റുകൾക്ക് കാർഷികവിപണി ഏൽപ്പിച്ചുകൊടുക്കുന്ന  വഞ്ചനയാണ് കാട്ടിയത്. പാചകവാതക സബ്സിഡി അക്കൗണ്ടിൽ എത്തുമെന്ന തരത്തിൽ ഉപയോക്താവിന് നേരിട്ട് പണം കൈമാറുമെന്ന വാഗ്ദാനം എവിടെയെത്തി. പാചകവാതക സിലിണ്ടറിന് 1050 രൂപയ്ക്ക് അപ്പുറം വിലയായിട്ടും സബ്സിഡി നിഷേധിച്ചു കൊണ്ടേയിരിക്കുന്നു.

ഇടതുപക്ഷ രാഷ്ട്രീയം ഇക്കാര്യത്തിൽ കൃത്യമായ ബദൽനയങ്ങൾ ഉറപ്പാക്കി. ഭൂപരിഷ്കരണം, അധികാരവികേന്ദ്രീകരണം, ക്ഷേമപെൻഷനുകൾ, തൊഴിലാളികൾക്ക് വരുമാനവർധന,  പൊതു ആരോഗ്യ- വിദ്യാഭ്യാസ ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങി നിരവധി മികവുകൾ കാണാം. ഒന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ അറുനൂറ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ 580ഉം സഫലീകരിക്കുക മാത്രമല്ല; എല്ലാ വർഷവും പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 900 വാഗ്ദാനം നടപ്പാക്കുന്നതിനുള്ള പ്രയത്നത്തിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ക്ഷേമനടപടികൾ മാത്രമല്ല, വികസനത്തിലും മതനിരപേക്ഷതയിലും കേരള സർക്കാർ രാജ്യത്ത് മികച്ചുനിൽക്കുന്നു. മാനവവികസന സൂചികയിലെ മിക്ക മാനദണ്ഡങ്ങളിലും കേരളം രാജ്യത്ത് ഒന്നാമത് ആയതിനു പിന്നിൽ ഇടതുപക്ഷ സർക്കാരുകളുടെ ക്ഷേമപ്രവർത്തനങ്ങളുടെ പ്രഭാവം അവിതർക്കിതമാണ്.

കേന്ദ്രഭരണപ്രദേശമായ ഡൽഹിയിൽ ആം ആദ്മി പാർടി സർക്കാർ വൈദ്യുതി ഉൾപ്പെടെ ആകർഷകമായ ചില സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി. പഞ്ചാബ് തെരഞ്ഞെടുപ്പിലും വിജയകരമായി പയറ്റിയ തന്ത്രം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വിനയാകുമോയെന്ന ആശങ്കയാണ് ചർച്ചകളിൽമാത്രം ഒതുങ്ങിനിന്നിരുന്ന വാഗ്ദാനപത്രികയിലെ സൗജന്യങ്ങളുടെ പ്രശ്നം തെരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടലിലേക്ക് നയിച്ചത്. അതു നിയമപരമായി ശരിയല്ലെന്നു മാത്രമല്ല, രാഷ്ട്രീയ പാർടികളുടെ അവകാശത്തിൽ ഇടപെടലായി മാറുകയാണ്. നയപരമായി രാഷ്ട്രീയ പാർടികളെ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഒരു അധികാരവുമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കാൻ എത്രയോ നടപടികൾ രാജ്യത്ത് സ്വീകരിക്കാൻ ബാക്കിയുണ്ട്.  വോട്ടർമാർക്ക് സ്ഥാനാർഥിയും രാഷ്ട്രീയപാർടിയും പണം നൽകുന്നത്,  പോളിങ് ബൂത്തുകളിൽവരെ നടമാടുന്ന അക്രമങ്ങൾ,  ബിജെപിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കൽ, വർഗീയ പ്രചാരണങ്ങൾ  തടയാതിരിക്കൽ, മതവിശ്വാസങ്ങളുടെ ദുരുപയോഗം, പ്രചാരണത്തിന് പണം ഒഴുക്കൽ,  ഭരണസംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങി നിലവിലെ നിയമമനുസരിച്ചുതന്നെ തെരഞ്ഞെടുപ്പ് കമീഷന് നടപടി എടുക്കാവുന്ന എത്രയോ കാര്യങ്ങളുണ്ട്.  ഇലക്ടറൽ ബോണ്ട് എന്ന പേരിൽ കോർപറേറ്റുകളിൽനിന്ന്‌ സംഭാവന കൈപ്പറ്റാൻ  ഭരണതലത്തിൽ ഇരിക്കുന്നവർക്ക് സൗകര്യമൊരുക്കുന്ന നടപടിതന്നെ തിരുത്തപ്പെടേണ്ടതാണ്.

ഏതൊക്കെ കോർപറേറ്റുകളിൽനിന്ന് ഏതൊക്കെ രാഷ്ട്രീയ പാർടികൾ സംഭാവന വാങ്ങി എന്നറിയാൻപോലും എസ്ബിഐ അനുവദിക്കില്ല. വിവരാവകാശ നിയമം തെരഞ്ഞെടുപ്പ് ബോണ്ടിന് ബാധകമല്ലാതാക്കുന്നു. ഇടതുപക്ഷ പാർടികൾ മാത്രമാണ് ഇലക്ടറൽ ബോണ്ട് വഴി സംഭാവനകൾ വാങ്ങാത്തതെന്ന  വസ്തുത വേറിട്ട് നിൽക്കുന്നു. ബോണ്ട്‌  സംബന്ധിച്ച്  നൽകിയ കേസ് കേൾക്കാൻ സുപ്രീംകോടതി ഇതുവരെ തയ്യാറായിട്ടില്ല.. പക്ഷേ, വോട്ടർമാർക്ക് നൽകുന്ന സൗജന്യത്തെപ്പറ്റിയുള്ള  കേസ് കേൾക്കാൻ സുപ്രീംകോടതി  കുറച്ചെങ്കിലും സമയം കണ്ടെത്തുകയും ചെയ്തു.
കോർപറേറ്റ് നികുതിയിളവുകളിലൂടെ രണ്ട് ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഖജനാവിന് കഴിഞ്ഞ നാലു വർഷമായി നഷ്ടപ്പെട്ടത്.  കോർപറേറ്റുകൾ പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ എടുത്ത വായ്പ കിട്ടാക്കടമായത് എത്ര ലക്ഷം കോടികൾ വരും. ഇത് പരിഹരിക്കാൻ ‘ ബാഡ് ബാങ്ക്‌ ’ എന്ന പേരിൽ ഒരു ബാങ്ക് തന്നെ സൃഷ്ടിച്ച കേന്ദ്രസർക്കാരാണ് ജനങ്ങൾക്ക് നൽകുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റി വാചാലരാകുന്നത്.

കോർപറേറ്റ് മുതലാളിമാർക്കായി ഖജനാവ് ചോർത്തുന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ അധികാരത്തിൽപ്പെട്ട കാര്യമാണെന്നാണ് കോടതിയുടെ നിലപാട്. കോർപറേറ്റ് നികുതി ഇളവുചെയ്യൽ ഒരു പാർടിയും ഒരു തെരഞ്ഞെടുപ്പിലും നൽകിയിട്ടില്ലാത്ത വാഗ്ദാനമാണ്. വിരലിലെണ്ണാവുന്ന കോർപറേറ്റുകൾക്ക് അനുകൂലമായി ഖജനാവ് ചോർത്തുന്നത് മറച്ചുവയ്‌ക്കാൻ പുതിയ വിവാദം സൃഷ്ടിക്കുന്ന നടപടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യുന്നത്. ബൂർഷ്വാ പാർടികൾ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഗൗരവമായി നടപ്പാക്കുന്നില്ല എങ്കിൽപ്പോലും  വാഗ്ദാനപത്രികയെ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ അധികാര ദുർവിനിയോഗം മാത്രമാണ്. ഗോളടിക്കുന്ന റഫറിയായി തെരഞ്ഞെടുപ്പ് കമീഷൻ മാറുമ്പോൾ തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ പ്രഹസനമാക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top