26 April Friday

ഡെയ്ഞ്ചര്‍ കമ്യൂണിസ്റ്റ്‌

നാരായണൻ കാവുമ്പായിUpdated: Sunday Aug 14, 2022

കാതിൽ നിലയ്‌ക്കാത്ത വെടിയൊച്ചകൾ. കൈകാലുകളിൽ വെടിച്ചില്ലുകൾ. സിരകളിൽ ചോരച്ചുവപ്പാർന്ന സമരസ്‌മരണകൾ. രാജ്യം സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ട്‌ പിന്നിടുമ്പോൾ 96 കഴിഞ്ഞ ഇ കെ നാരായണൻനമ്പ്യാരുടെ മനസ്സിൽ സമരനാളുകളിലെ തീമഴ പടർന്നുകയറുന്നു.സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച സമരഭടന്മാരിൽ ജീവിച്ചിരിക്കുന്ന ചുരുക്കം പേരിൽ ഒരാളാണ്‌ കാവുമ്പായി സമരസേനാനി നാരായണൻ നമ്പ്യാർ. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ വടക്കെ മലബാറിൽ നടന്ന ഉജ്വലസമരങ്ങളിൽ തിളക്കമാർന്നയൊന്നാണ്‌ കാവുമ്പായി. 1946 ഡിസംബർ 30ന്‌ പുലർച്ചെയാണ്‌ എംഎസ്‌പിക്കാരും കർഷകരും നേർക്കുനേർ ഏറ്റുമുട്ടിയത്‌. അഞ്ച്‌ സഖാക്കൾ രക്തസാക്ഷിത്വം വരിച്ച കാവുമ്പായിക്കുന്നിലെ വെടിയൊച്ച സേലം ജയിൽവരെ സമരവളണ്ടിയർമാരെ പിന്തുടർന്നെത്തി.

1950 ഫെബ്രുവരി 11നായിരുന്നു സേലം ജയിൽ കൂട്ടക്കൊല. തടവറയ്ക്കുള്ളിൽ കാലിലും കൈയിലും വെടിയുണ്ട തുളഞ്ഞുകയറിയപ്പോൾ നാരായണൻ നമ്പ്യാർ ഉഴറിവീണത് അച്ഛൻ തളിയൻ രാമൻ നമ്പ്യാരുടെ പ്രാണൻ പിടയുന്ന ശരീരത്തിലേക്ക്! അച്ഛന്റെ നെഞ്ചിലെ ചോര മകന്റെ ശരീരത്തിലൂടെ പടർന്നൊഴുകി. മരിച്ചവരും മരിക്കാത്തവരുമായ സഖാക്കളുടെ ശരീരങ്ങൾക്കൊപ്പം, പ്രാണനുവേണ്ടിയുള്ള പിടച്ചിൽ. മനുഷ്യരക്തത്തിന്റെയും വെടിമരുന്നിന്റെയും രൂക്ഷഗന്ധങ്ങൾക്കുനടുവിൽ ബോധംമറയും വരെ...

സമരചരിത്രത്തിലെ സമാനതകളില്ലാത്ത സഹനത്തിന്റെ കടലിരമ്പുകയാണ് നാരായണൻ നമ്പ്യാരുടെ മനസ്സിൽ.ജയിലിൽ കമ്യൂണിസ്റ്റ് തടവുകാർക്ക് ക്രൂരമായ പീഡനമായിരുന്നു. രാവിലെതന്നെ തോക്കും കൈയിലേന്തി വാർഡന്മാർ സെല്ലിനു പുറത്ത് കവാത്ത് നടത്തുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ബ്യൂഗിൾ മുഴങ്ങി. സെല്ലിന്റെ വാതിൽ തള്ളിത്തുറന്ന് അവർ തടവുകാരെ പുറത്തേക്ക് വലിച്ചിട്ടു. അപ്പോഴേക്കും വെടിയുണ്ടകൾ തുരുതുരാ ചീറിപ്പാഞ്ഞു. ചിലർ നിലത്ത് കമിഴ്ന്നുകിടന്നു. നിരായുധരായ തടവുകാർക്കുനേരെ മെഷീൻഗൺ തീ തുപ്പിക്കൊണ്ടിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ അന്ധാളിച്ചുപോയ നാരായണൻ നമ്പ്യാരെ ഒ പി അനന്തൻ മാഷ് കടന്നുപിടിച്ചു. ""നിലത്ത് കമിഴ്ന്ന് കിടക്ക്''. അത് പറഞ്ഞുതീരും മുമ്പേ ഒ പിയുടെ വെള്ളയുടുപ്പ് ചോരയിൽ കുതിർന്നു! മാഷ് പിറകോട്ട് മറിഞ്ഞു. താങ്ങാനായുമ്പോൾ ഒരു വെടിയുണ്ട നാരായണന്റെ തുടതുളച്ച് കടന്നുപോയി. തുടർന്ന് കൈത്തണ്ടയിലും വെടിയേറ്റു. തളർന്നുവീണിടത്തുനിന്ന് മെല്ലെ തലയുയർത്തിനോക്കി. അരികിൽ അച്ഛൻ. നെറ്റിയിലും കഴുത്തിലും നെഞ്ചിലുമൊക്കെ ചോരയൊഴുകുന്ന വലിയ ദ്വാരങ്ങളുമായി കിടക്കുന്ന രാമൻ നമ്പ്യാരുടെ അടുത്തേക്ക് നിരങ്ങിനീങ്ങി ആ ശരീരത്തിൽ ചെന്നുവീണു. പിന്നെ കണ്ണിൽ ഇരുട്ടുപരന്നു. എങ്ങും പ്രാണന്റെ ഞരക്കങ്ങൾ.

കുറേകഴിഞ്ഞപ്പോൾ മനുഷ്യരക്തം തളം കെട്ടിക്കിടന്ന ജയിൽ മുറിയിൽ ഉദ്യോഗസ്ഥൻ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കെടുത്തു. കൊല്ലപ്പെട്ട 22 തടവുകാരിൽ 19 മലയാളികൾ. അതിൽ രണ്ടുപേർ കാവുമ്പായിയിലെ യോദ്ധാക്കൾ. തളിയൻ രാമൻനമ്പ്യാരും ഒ പി അനന്തൻ മാഷും. കാവുമ്പായി സമരനേതാക്കളായ എ കുഞ്ഞിക്കണ്ണൻ, കെ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മാടായി ചന്തുക്കുട്ടി, മാടായി കുഞ്ഞപ്പ, മഠപ്പുര കുഞ്ഞമ്പു എന്നിവർക്കും വെടിയേറ്റു. ചോരയിൽ പിടയുന്ന നാരായണൻ നമ്പ്യാരെയും മറ്റു സഖാക്കളെയും ആംബുലൻസിൽ ആശുപത്രിയിലേക്ക്. ആറുമാസം ചികിത്സയിൽ.

ശസ്ത്രക്രിയ ചെയ്ത്‌ മാറ്റാനാകാത്ത വെടിച്ചില്ലുകൾ ഇപ്പോഴുമുണ്ട് നാരായണൻ നമ്പ്യാരുടെ ശരീരത്തിൽ. നെടുനാൾ നീണ്ട ജയിൽവാസം. തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട് സബ്ജയിലുകളിലും കണ്ണൂർ, വെല്ലൂർ, വിയ്യൂർ, സേലം, സെൻട്രൽജയിലിലുമായി ആറുവർഷം തടവുശിക്ഷ. 39 കൊല്ലത്തെ തടവിനായിരുന്നു വിധിച്ചിരുന്നത്. ജയിലുകളിൽനിന്ന് ജയിലുകളിലേക്ക് മാറ്റിക്കൊണ്ടുപോകുമ്പോൾ കൂടെ കൊടുത്തയക്കുന്ന കത്തുകൾക്ക് മുകളിൽ ചുവന്ന മഷികൊണ്ട് എഴുതിയിരുന്നു "ഡെയ്‌ഞ്ചർ കമ്യൂണിസ്റ്റ്'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top