09 December Saturday

നവകേരളത്തിന് ജനകീയ പാഠ്യപദ്ധതി

വി ശിവന്‍കുട്ടി/പൊതുവിദ്യാഭ്യാസ മന്ത്രിUpdated: Thursday Sep 21, 2023

സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ഒന്നരപ്പതിറ്റാണ്ടിനുശേഷം നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് –-2023 (സ്കൂൾ വിദ്യാഭ്യാസം) വ്യാഴാഴ്‌ച പ്രകാശിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസനയം (2020) പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലും ഒരു ദശാബ്ദത്തിനുമമ്പ്‌ നടത്തിയ പരിഷ്കരണത്തിന്‌ കാലികമായ മാറ്റങ്ങൾ അനിവാര്യമായ സാഹചര്യത്തിലുമാണ്പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് കേരളം നീങ്ങിയത്.

സ്കൂൾ വിദ്യാഭ്യാസം, പ്രീ സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലയിലാണ് സംസ്ഥാനം പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്നത്. ഇതിൽ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടാണ് ഇന്ന് പ്രകാശിപ്പിക്കുന്നത്. മറ്റുള്ളവ ഒക്ടോബർ ഒമ്പതിന് പ്രകാശിപ്പിക്കും.1997ൽ ആണ് അന്നേവരെ നിലവിലുണ്ടായിരുന്ന പഠനരീതിയിൽ സമഗ്രമായ മാറ്റംവരുത്തിയ പാഠ്യപദ്ധതി പരിഷ്കരണം കേരളത്തിൽ ആരംഭിച്ചത്. കുട്ടികൾ തന്നെ അറിവ് നിർമിക്കുന്നുവെന്ന സങ്കൽപ്പത്തിന് പ്രാധാന്യം കൊടുത്ത ഈ സമീപനം കുട്ടികളുടെ പക്ഷത്തുനിന്നുള്ളതും പ്രവർത്തനാധിഷ്ഠിതവുമായിരുന്നു.

പരിസരബന്ധിത സമീപനം,  പ്രശ്നോന്നിത  സമീപനം, ബഹുമുഖ ബുദ്ധി, വിമർശനാത്മക ബോധനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയതായിരുന്നു 2007ലെ പാഠ്യപദ്ധതി. 2013 ൽ ഉള്ളടക്കം, പഠനനേട്ടം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകി ഇത് പരിഷ്കരിച്ചു. ഇവയെ അടിസ്ഥാനമാക്കിയുള്ള പാഠപുസ്തകþങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാഠ്യപദ്ധതി ചട്ടക്കൂട് (2023) സ്കൂൾ തലത്തിൽ നിലവിൽ വരുന്നതോടെ അടുത്ത അധ്യയനവർഷം പുതിയ പാഠപുസ്തകങ്ങൾ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക്‌ ലഭ്യമാകും. സമാനതകളില്ലാത്തവിധം പരമാവധി ജനകീയപങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാൻ കഴിഞ്ഞെന്ന് അഭിമാനപൂർവം അറിയിക്കട്ടെ.
    കേരളം എക്കാലത്തും പൊതുവിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്തിയത് ജനകീയ അഭിപ്രായങ്ങളും അഭിലാഷങ്ങളും പരിഗണിച്ചാണ്. ഇക്കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയാകുംവിധം ലക്ഷോപലക്ഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടും വിദ്യാർഥികളുടെ അഭിപ്രായങ്ങൾ മാനിച്ചുമാണ് ചട്ടക്കൂടിന്‌ രൂപംനൽകുന്നത്‌.

ദേശീയതലത്തിൽ സ്കൂൾ പ്രാപ്യത ഒരു പ്രധാന വിദ്യാഭ്യാസപ്രശ്നമായി തുടരുമ്പോൾ സ്കൂൾ പ്രായത്തിലുള്ള ഏതാണ്ട് എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അവർക്ക് 12 വർഷം നീണ്ടുനിൽക്കുന്ന സ്കൂൾ വിദ്യാഭ്യാസഘട്ടം പൂർത്തിയാക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ സാഹചര്യങ്ങളും ഇവിടെയുണ്ട്. കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസരംഗത്തെ ഇനിയുള്ള മുന്നേറ്റം സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്. ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകളെ കണ്ടെത്തി അത് ഏറ്റവും ഉന്നതിയിലേക്ക്  എത്തിക്കാനുള്ള അവസര തുല്യത ഉറപ്പാക്കുകയെന്നത്‌ സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പ്രത്യേകതയാണ്.

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, തുല്യത, ശാസ്ത്രാവബോധം എന്നിവയിലാണ് ഇതിന്റെ ലക്ഷ്യവും മാർഗവും അടിയുറച്ചിരിക്കേണ്ടത്. സമഗ്രവും സുസ്ഥിരവുമായ വികസനത്തിൽ അധിഷ്ഠിതമായതും സമൂഹത്തിൽ നിലനിൽക്കുന്ന വിവിധങ്ങളായ അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുംവേണ്ടിയുള്ള വിദ്യാഭ്യാസമാണ് കേരളം ആഗ്രഹിക്കുന്നത്. അറിവിനെയും അധ്വാനത്തെയും പരസ്പരബന്ധിതമായും പരസ്പരപൂരകമായും കാണാനും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിനും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യകൾ സ്വായത്തമാക്കി ജീവിതസാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദേശങ്ങൾ സഹായകമാകും.അതോടൊപ്പം പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ വെല്ലുവിളികളെ നേരിടുന്നതിനും അവയെ പ്രായോഗികമായി അതിജീവിക്കുന്നതിനുമുള്ള അറിവും നൈപുണിയും ഓരോരുത്തരും ആർജിക്കേണ്ടതായിട്ടുണ്ട്.
നവകേരള നിർമിതിക്കായി ക്രിയാത്മകമായി ഇടപെടാനും ഗുണപരമായ സംഭാവനകൾ നൽകാനും വിദ്യാർഥികളെ ആശയപരമായി സജ്ജരാക്കുന്നതിന്‌ ഈ പാഠ്യപദ്ധതിക്ക് കഴിയുമെന്ന് ഉറപ്പാണ്. സമൂഹത്തിലെ  വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും വൈരുധ്യങ്ങളെ തിരിച്ചറിയാനും അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ നിലപാട് സ്വീകരിക്കാനും പാഠ്യപദ്ധതി  കുട്ടികളെ സഹായിക്കും.   കുട്ടിയുടെ അറിവ് നിർമാണത്തിന് പ്രാധാന്യം നൽകി, കുട്ടിയുടെ എല്ലാവിധ കഴിവുകളുടെയും വികാസം ഉറപ്പുവരുത്തി ജനാധിപത്യത്തിലും കൂട്ടായ തീരുമാനങ്ങളിലും അധിഷ്ഠിതമായ സ്കൂൾ സംവിധാനവും പഠനരീതിയുമാണ് ഈ പാഠ്യപദ്ധതി സ്വീകരിക്കുക. പുതിയ കാലത്തിന് അനുസൃതമായ പഠനബോധന  സമീപനം പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്‌ക്കുന്നു.  

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രീയമായ ധാരണയും കാഴ്ചപ്പാടും മനോഭാവങ്ങളും വളർത്താനും സാങ്കേതികവിദ്യാ സൗഹൃദമായ ക്ലാസ് മുറികളിൽ അവ ഉപയോഗപ്പെടുത്തുന്നതിനും   കുട്ടികൾക്ക് കഴിയേണ്ടതുണ്ട്. തൊഴിൽ ഉദ്ഗ്രഥിതമായ പഠനം ഉറപ്പുവരുത്തൽ പുതിയ പാഠ്യപദ്ധതിയുടെ സവിശേഷതയാകും. കലാവിദ്യാഭ്യാസത്തിനും കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ വളർച്ചയിലും വികാസത്തിലുമുള്ള പരമപ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ടാണ് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്‌ തയ്യാറാക്കിയിരിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശിപ്പിക്കുന്നതിനൊപ്പംതന്നെ ജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും അവസരങ്ങളുണ്ട്. കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ കുട്ടികളുടെ പക്ഷത്തുനിന്ന്‌ നോക്കിക്കാണുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും പൊതുസമൂഹത്തിന് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top