20 April Saturday

‘മോദിയുടെ വജ്രായുധ’ത്തിന്‌ മൂർച്ച കൂടുമ്പോൾ

എം അഖിൽUpdated: Saturday Jul 30, 2022

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന് (ഇഡി) മാരകമായ അധികാരങ്ങൾ പതിച്ചുനൽകിയ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സുപ്രധാനവകുപ്പുകൾ മുഴുവൻ ശരിവച്ച സുപ്രീംകോടതി വിധി  ഉയർത്തുന്നത്‌ നിരവധി ആശങ്കകൾ. രാഷ്ട്രീയഎതിരാളികളെ അടിച്ചമർത്താനും ഭയപ്പെടുത്താനും മോദിസർക്കാരിന്റെ വജ്രായുധമാണ്‌ ഇഡിയെന്ന വിമർശം ശക്തമാണ്‌. രാഷ്ട്രീയനേതാക്കൾക്കു പുറമേ സാമൂഹ്യപ്രവർത്തകർ, മനുഷ്യാവകാശസംഘടനകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ നിലയ്‌ക്കുനിർത്താനും ഇഡിയെ രംഗത്തിറക്കുന്നതും  സർക്കാരിന്റെ പതിവാണ്‌.

മോദിസർക്കാർ അധികാരത്തിലേറിയ ശേഷമാണ്‌ ഇഡിക്ക്‌ പതിവില്ലാത്ത മൂർച്ച കൈവരുന്നത്‌. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ഇഡി 112 റെയ്‌ഡ്‌ മാത്രമാണ്‌ നടത്തിയത്‌. അതേസമയം, മോദിസർക്കാർ അധികാരത്തിലേറിയ 2014 മുതൽ 2022 വരെ 3010 റെയ്‌ഡ്‌ അവർ നടത്തി. റെയ്‌ഡുകളുടെ എണ്ണത്തിൽ 27 മടങ്ങ്‌ വർധനയുണ്ടായെങ്കിലും ശിക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇഡി ദയനീയപരാജയമാണ്‌. 17 വർഷത്തിനിടെ 5422 പിഎംഎൽഎ കേസ്‌ രജിസ്‌റ്റർ ചെയ്‌തതിൽ 23 എണ്ണത്തിൽ മാത്രമാണ്‌ ഇഡിക്ക്‌ ശിക്ഷ ഉറപ്പാക്കാനായത്‌.  ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു അന്വേഷണ ഏജൻസിയുടെ നിയമപരമായ കടിഞ്ഞാൺ ഊരിമാറ്റുന്നതുപോലുള്ള വിധിയാണ്‌ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ പുറപ്പെടുവിച്ചത്‌. അന്വേഷണഏജൻസികളുടെ നിയമപരമായ കടിഞ്ഞാൺ ഇല്ലാതാകുകയും രാഷ്ട്രീയമായ കടിഞ്ഞാൺമാത്രം അവശേഷിക്കുകയും ചെയ്‌താൽ അത്‌ വരുംനാളുകളിൽ വലിയ പ്രത്യാഘാതങ്ങൾക്ക്‌ വഴിയൊരുക്കും.

സീമകളില്ലാത്ത അധികാരം
പിഎംഎൽഎ അനുസരിച്ചുള്ള ഇഡിയുടെ വിശാലമായ അധികാരങ്ങൾ ഭരണഘടനാപരമായി നിലനിൽക്കുമെന്നാണ്‌ സുപ്രീംകോടതി വിധി. എന്തൊക്കെയാണ്‌ ആ അധികാരങ്ങളെന്ന്‌ വിലയിരുത്തിയാൽ ജനാധിപത്യവിശ്വാസികൾക്ക്‌ ചെറിയ ഉൾക്കിടിലമെങ്കിലും ഉണ്ടാകും.

ഇതൊക്കെയാണ്‌ ആ അധികാരങ്ങൾ

(1)  ഒരാൾ  കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന  നിയമതത്വം പിഎംഎൽഎ കേസുകൾക്ക്‌ ബാധകമല്ല. ഇത്തരം കേസുകളിൽ നിരപരാധിയെന്ന്‌ തെളിയിക്കേണ്ട മുഴുവൻ ഉത്തരവാദിത്വവും കുറ്റാരോപിതർക്കു മാത്രമാണ്‌.

(2) അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ എന്തെല്ലാം ആരോപണങ്ങളാണ്‌ തങ്ങൾക്ക്‌ എതിരെയുള്ളതെന്ന്‌ അറിയാനുള്ള അവകാശം കുറ്റാരോപിതർക്ക്‌ ഇല്ല. ഇഡി ഉദ്യോഗസ്ഥർ അറസ്‌റ്റ്‌ ചെയ്യുന്ന അവസരത്തിൽ കാരണങ്ങൾ വ്യക്തമാക്കിയാൽ മതി.

(3) കുറ്റാരോപിതർക്ക്‌ എൻഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇൻഫർമേഷൻ റിപ്പോർട്ടിന്റെ (ഇസിഐആർ) പകർപ്പ്‌ കൈമാറേണ്ട കാര്യമില്ല. ഇസിഐആർ ഉള്ളടക്കം വെളിപ്പെടുത്താതെയും അറസ്‌റ്റ്‌ ചെയ്യാം.

(4)  ഇരട്ടഉപാധികൾ ഉറപ്പുവരുത്തി മാത്രമേ കോടതികൾ ജാമ്യം അനുവദിക്കാൻ പാടുള്ളൂ. കുറ്റാരോപിതർ കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ കോടതിക്ക്‌ ഉത്തമബോധ്യമുണ്ടാകണം. ജാമ്യത്തിലിറങ്ങി അവർ കുറ്റം ചെയ്യാൻ സാധ്യതകളില്ലെന്ന്‌ ഉറപ്പുവരുത്തണം.

(5) കുറ്റാരോപിതർ നൽകുന്ന മൊഴികൾ അവർക്ക്‌ എതിരായ തെളിവുകളെന്ന നിലയിൽ കോടതികൾ സ്വീകരിക്കും

(6)  ആസ്‌തികൾ തൽക്കാലം കണ്ടുകെട്ടൽ, റെയ്‌ഡുകൾ നടത്തൽ, രേഖകളും വസ്‌തുക്കളും പിടിച്ചെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ഇഡി ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിനു വിധേയമാണ്‌.


 

ചവിട്ടിമെതിക്കപ്പെടുന്ന
 അവകാശങ്ങൾ
കുറ്റവാളിയെന്ന്‌ തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണെന്നത്‌ നീതിന്യായവ്യവസ്ഥയുടെ ഒരടിസ്ഥാനതത്വമാണ്‌. എന്നാൽ, പിഎംഎൽഎ കേസുകളിൽ അത്‌ ബാധകമല്ലാത്തതിനു കാരണം സാമൂഹ്യതാൽപ്പര്യമാണെന്ന്‌ സുപ്രീംകോടതി പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക ഘടനയെ ബാധിക്കുന്ന കുറ്റകൃത്യമായതിനാൽ അത്‌ സാമൂഹ്യതാൽപ്പര്യങ്ങൾക്ക്‌ എതിരാണെന്ന സുപ്രീംകോടതിയുടെ വിശദീകരണം ശരിയാണ്‌. എന്നാൽ,  കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണെന്ന ധാരണ അട്ടിമറിക്കാൻ അത്‌ മതിയായ വിശദീകരണമല്ല.  ഭരണഘടനയുടെ 21–-ാം അനുച്ഛേദം അനുസരിച്ചുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്‌ കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന്‌ അനുമാനിക്കപ്പെടാനുള്ള അവകാശമെന്ന വാദങ്ങൾ നേരത്തേതന്നെ നിലവിലുള്ളതാണ്‌.
ഒരു കുറ്റാരോപിതനെയും തനിക്കെതിരെതന്നെ സാക്ഷിയാകാൻ നിർബന്ധിക്കരുതെന്ന്‌ ഭരണഘടനയുടെ 20 (3) അനുച്ഛേദം വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. എന്നാൽ, ഇഡി ഉദ്യോഗസ്ഥൻ മുമ്പാകെ പിഎംഎൽഎ 50–-ാം വകുപ്പ്‌ അനുസരിച്ച്‌ ഒരാൾ നൽകുന്ന മൊഴി തനിക്കെതിരായ തെളിവായി മാറുന്നുവെന്ന ഗുരുതരവൈരുധ്യം നിലനിൽക്കുന്നുണ്ട്‌. ഈ വൈരുധ്യവും സുപ്രീംകോടതി മൂന്നംഗബെഞ്ച്‌ അംഗീകരിച്ചു. ഇഡി ഉദ്യോഗസ്ഥർ പൊലീസ്‌ ഉദ്യോഗസ്ഥർ അല്ലെന്നും അതുകൊണ്ട്‌, അവർ രേഖപ്പെടുത്തുന്ന മൊഴിക്ക്‌ ഭരണഘടനയുടെ 20(3) അനുച്ഛേദം ബാധകമല്ലെന്നുമാണ്‌ കോടതിയുടെ വിശദീകരണം. ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ ഒരാളിൽനിന്ന്‌ സമ്പാദിക്കുന്ന മൊഴി അയാൾക്കെതിരായ തെളിവായി മാറാൻ സാധ്യതയുള്ളതുകൊണ്ടാണ്‌ ഈ വ്യവസ്ഥ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നത്‌. എന്നാൽ, ഇഡി  പൊലീസ്‌ അല്ലാത്തതിനാൽ അവർക്ക്‌ നൽകുന്ന മൊഴിക്ക്‌ ഭരണഘടനാപരമായ പരിരക്ഷ നൽകേണ്ട  കാര്യമില്ലെന്ന കോടതിയുടെ നിഗമനം അസാധാരണമാണ്‌.

അറസ്‌റ്റ്‌ ചെയ്യപ്പെടുന്നതുവരെ അതിനുള്ള കാരണങ്ങൾ അറിയേണ്ടതില്ലെന്ന വ്യവസ്ഥയും ജാമ്യം ഏർപ്പെടുത്തുന്നതിന്‌ ഇരട്ടഉപാധികൾ കണക്കിലെടുക്കണമെന്ന വ്യവസ്ഥയും അംഗീകരിച്ചതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. 2017ൽ നികേഷ്‌താരാചന്ദ്‌ ഷാ കേസിൽ ജസ്‌റ്റിസ്‌ റോഹിന്റൺ നരിമാന്റെ ബെഞ്ച്‌ പിഎംഎൽഎ കേസുകളിൽ ജാമ്യം നൽകുന്നതിന്‌ ഇരട്ടഉപാധികൾ കണക്കിലെടുക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിരുന്നു. കള്ളപ്പണംവെളുപ്പിക്കൽ അത്യന്തം ഹീനമായ കുറ്റകൃത്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന കുറ്റകൃത്യം അല്ലെന്ന്‌ നിരീക്ഷിച്ചായിരുന്നു രണ്ടംഗബെഞ്ചിന്റെ അന്നത്തെ നടപടി. ജാമ്യത്തിനുള്ള ഇരട്ടഉപാധി പൗരാവകാശങ്ങളുടെ ലംഘനമാണെന്നും അന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. രണ്ടംഗബെഞ്ചിന്റെ ഈ നിലപാടാണ്‌ പുതിയ ഉത്തരവിൽ മൂന്നംഗബെഞ്ച്‌ തിരുത്തിക്കുറിച്ചത്‌.

ജനങ്ങളുടെ വിശ്വാസം
സംരക്ഷിക്കണം
സർക്കാരിന്റെ നിയമനിർമാണങ്ങൾ നിയമപരമായി പരിശോധിക്കാനുള്ള കോടതികളുടെ സവിശേഷാധികാരം ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായി സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു. നിയമനിർമാണങ്ങൾ ഉദ്ദേശ്യത്തിൽനിന്ന്‌ വഴിമാറിയെന്നോ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നോ മൗലികാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നോ ബോധ്യപ്പെട്ടാൽ ഭരണഘടനാപരമായി അസാധുവായി പ്രഖ്യാപിച്ച്‌ റദ്ദാക്കുന്നതാണ്‌ കോടതികളുടെ കീഴ്‌വഴക്കം. ഈ സാഹചര്യത്തിൽ, പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥകളും ഭേദഗതികളും ശരിവച്ച മൂന്നംഗബെഞ്ചിന്റെ വിധി വിശാലബെഞ്ച്‌ ഉടൻ പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർന്നാൽ അതിശയിക്കാനില്ല. പിഎംഎൽഎ നിയമത്തിന്‌ 2019ൽ പണബില്ലിലൂടെ ഭേദഗതി കൊണ്ടുവന്ന നടപടിയുടെ നിയമസാധുത മൂന്നംഗബെഞ്ച്‌ ഏഴംഗബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടിട്ടുണ്ട്‌. ആ നടപടി തെറ്റാണെന്ന്‌ ഏഴംഗബെഞ്ച്‌ ഉത്തരവിട്ടാൽ, പിഎംഎൽഎയിലെ വിവാദവ്യവസ്ഥകളിൽ ചിലതെങ്കിലും റദ്ദാക്കപ്പെടും.

ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന നിയമനിർമാണങ്ങൾ കോടതികൾ റദ്ദാക്കിയാൽ മാത്രമേ ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞതുപോലെ, ജനങ്ങൾക്ക്‌ നിയമസംവിധാനത്തിലുള്ള വിശ്വാസം വർധിക്കുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top