25 April Thursday

എൽഡിഎഫ്‌ ജനങ്ങളുടെ പ്രതീക്ഷ - ഇ പി ജയരാജൻ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: തിരുവനന്തപുരം ബ്യൂറോ ചീഫ്‌ കെ ശ്രീകണ്‌ഠൻUpdated: Saturday Apr 23, 2022

‘ജനങ്ങളുടെ പ്രതീക്ഷയും ഭാവിയുമാണ്‌ എൽഡിഎഫ്‌. അതിന്‌ ഒരു ദൗത്യവുമുണ്ട്‌. ദരിദ്രരും ഭവനരഹിതരും തൊഴിലില്ലാത്തവരും ഇല്ലാത്ത ഐശ്വര്യപൂർണമായ നാടായി കേരളത്തെ മാറ്റിയെടുക്കുക എന്നതാണ്‌ അത്‌. അത്‌ യാഥാർഥ്യമാക്കുന്നതിനുള്ള കർമപദ്ധതിയാണ്‌ ഞങ്ങളുടെ പക്കലുള്ളത്‌. ഓരോ മേഖലയിലെയും പ്രശ്‌നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിന്‌ മുൻതൂക്കംനൽകി മുന്നോട്ടുപോകും’ 
എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ 
ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു

 

പുതിയ പദവി ഏറ്റെടുത്തപ്പോൾ തന്നെ വിവാദങ്ങളിൽ തളയ്‌ക്കാനാണല്ലോ ഒരുവിഭാഗം മാധ്യമങ്ങളുടെയും മറ്റും ശ്രമം?
മാധ്യമങ്ങൾ യഥാർഥത്തിൽ നല്ല സ്വീകരണമാണ്‌ നൽകിയത്‌. വിവാദങ്ങൾക്ക്‌ പിറകെ പോകാനും മാധ്യമങ്ങൾ എന്തുപറയുന്നൂവെന്ന്‌ നോക്കാനും ഞാനില്ല. എന്നെ ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വം ശാന്തതയോടെയും സത്യസന്ധമായും നിറവേറ്റുക എന്നതാണ്‌ എന്റെ അജൻഡ.

യുഡിഎഫിനെ ഓർത്ത്‌ ടെൻഷൻ അടിക്കേണ്ട എന്നാണല്ലോ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞത്‌?
ഞങ്ങൾക്ക്‌ യുഡിഎഫിനെക്കുറിച്ച്‌ ആലോചിച്ച്‌ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. സ്വമേധയാ നശിക്കാൻ തീരുമാനിച്ചവർ നശിക്കും. അത്രയേറെ രൂക്ഷമാണ്‌ ആ മുന്നണിയിലെ പ്രശ്‌നങ്ങൾ. കോൺഗ്രസിനുള്ളിൽ വലിയ തർക്കമാണ്‌.

ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും പാർടി വിട്ടുപോകുകയാണ്‌. ഒരു ജനാധിപത്യ പാർടിയായി പ്രവർത്തിക്കണമെന്നാണ്‌ ജി 23 നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടത്‌. രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ എന്നീ രണ്ടു സംസ്ഥാനത്ത്‌ മാത്രമാണ്‌ കോൺഗ്രസിന്‌ ഭരണമുള്ളത്‌. ആ സർക്കാരുകളുടെ നിലനിൽപ്പുതന്നെ ഭീഷണി നേരിടുകയാണ്‌. കേരളത്തിൽത്തന്നെ ഉന്നതരായ പല നേതാക്കളും കോൺഗ്രസ്‌ വിട്ട്‌ പല പാർടിയിൽ പ്രവർത്തിക്കുകയാണ്‌. പ്രവർത്തകസമിതി അംഗം പി സി ചാക്കോയും മഹിളാ കോൺഗ്രസ്‌ നേതാവ്‌ ലതിക സുഭാഷും എൻസിപിയിലാണ്‌. ഏറ്റവുമൊടുവിൽ കെ വി തോമസും പി ജെ കുര്യനും പുറത്തേക്കുള്ള വഴിയിലാണ്‌. കോൺഗ്രസ്‌ അണികളിലും കൊഴിഞ്ഞുപോക്ക്‌ തുടരുകയാണ്‌.

കോൺഗ്രസിന്റെ തകർച്ച തങ്ങളുടെ നിലനിൽപ്പ്‌ അപകടത്തിലാക്കുമെന്ന ഭയപ്പാടിലാണ്‌ യുഡിഎഫ്‌ ഘടകകക്ഷികൾ. പല ഉന്നതനേതാക്കളും ഇപ്പോൾ സജീവമല്ല. ആർഎസ്‌പിയെപ്പോലുള്ള പാർടികളെ കോൺഗ്രസ്‌ ഒന്നുമല്ലാതാക്കി. ഒരു കഷണമായിത്തീർന്ന ആർഎസ്‌പി അവശേഷിക്കണോ എന്നു തീരുമാനിക്കേണ്ടത്‌ അവരാണ്‌.

എൽഡിഎഫിൽ തർക്കമാണെന്നും ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ തൊഴിലാളി യൂണിയൻ സമരമാണെന്നും പ്രതിപക്ഷ നേതാവ്‌ ആരോപിച്ചിട്ടുണ്ടല്ലോ?

യുഡിഎഫ്‌ പരിപാടികളിൽനിന്ന്‌ ഘടകകക്ഷി നേതാക്കൾ പോലും വിട്ടുനിൽക്കുന്ന സ്ഥിതിയാണ്‌. അതല്ല എൽഡിഎഫിൽ. എല്ലാ കക്ഷിയും വളരെ ഐക്യത്തോടെയാണ്‌ മുന്നോട്ടുപോകുന്നത്‌. തൊഴിലാളികൾ സമരം നടത്തുന്നത്‌ മഹാപാപമാണെന്ന കാഴ്‌ചപ്പാട്‌ ഞങ്ങൾക്ക്‌ ഇല്ല. ട്രേഡ്‌ യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കാനും സ്ഥാപനങ്ങൾ ദുർബലമാകാതിരിക്കാനും സമരം ചെയ്യേണ്ടിവരും.

വൈദ്യുതി ബോർഡിലെയും കെഎസ്‌ആർടിസിയിലെയും പ്രശ്‌നങ്ങൾ. ഞങ്ങൾക്ക്‌ എല്ലാം അറിയാം. അത്‌ പരിഹരിക്കാനുള്ള ശ്രമമാണ്‌ ബന്ധപ്പെട്ട മന്ത്രിമാരും മറ്റും നടത്തുന്നത്‌. എല്ലാം ചർച്ചചെയ്‌ത്‌ പരിഹരിക്കുകയും ചെയ്യും. അതിലൊന്നും വി ഡി സതീശന്‌ വേവലാതി വേണ്ട.

സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെപേരിൽ പൊലീസിനെ ആക്രമിക്കുമെന്നും തെരുവിൽ നേരിടുമെന്നുമാണല്ലോ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ഭീഷണി മുഴക്കിയിട്ടുള്ളത്‌?
1959ൽ വിമോചനസമര കാലത്ത്‌ പൊലീസിനെ ആക്രമിച്ചും രാത്രികാലങ്ങളിൽ വീട്‌ അടിച്ചുതകർത്തും ആളുകളെ ആക്രമിച്ചും ക്രമസമാധാനത്തകർച്ചയിൽ എത്തിക്കുകയായിരുന്നു കോൺഗ്രസ്‌ സ്വീകരിച്ച രീതി. കെ സുധാകരനും വി ഡി സതീശനും ഇപ്പോഴും വിമോചനസമരത്തിന്റെ ലഹരിയിലാണ്‌. ഭരണപക്ഷ എംഎൽഎയെ തട്ടിക്കൊണ്ടുപോയി അന്ന്‌ സർക്കാരിന്റെ ഭൂരിപക്ഷം തകർക്കാനാണ്‌ ആദ്യം നോക്കിയത്‌. അത്‌ പൊളിഞ്ഞപ്പോൾ വിമോചനസമരം നടത്തി സർക്കാരിനെ പിരിച്ചുവിട്ടു.
കോൺഗ്രസിന്റെ ആ പഴയകാല ചരിത്രം കേരളം ഇന്ന്‌ കാതോർക്കുകയാണ്‌. 1957ലെ സർക്കാർ വിഭാവനംചെയ്‌ത വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമായിരുന്നെങ്കിൽ കേരളം എത്ര മാറിയേനെ. അതിനു തടസ്സംനിന്ന കോൺഗ്രസ്‌ എത്ര വലിയ തെറ്റാണ്‌ ചെയ്‌തത്‌.

സമഗ്ര വികസനം എന്ന കാഴ്‌ചപ്പാടിലൂടെ ലക്ഷ്യമിടുന്നത്‌ എന്തൊക്കെയാണ്‌?
റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥ എന്തായിരുന്നു. ഗ്രാമീണമേഖലയിൽ ജനങ്ങളുടെ കൂട്ടായ്‌മയിലൂടെ എത്രയോ റോഡും പാലങ്ങളും ഉണ്ടായി. ഗതാഗതരംഗത്ത്‌ അതിശയകരമായ മാറ്റമാണ്‌ നടക്കുന്നത്‌. 14,000 കോടിയുടെ വികസനപ്രവർത്തനങ്ങളാണ്‌ നടന്നുവരുന്നത്‌. ലോകത്തെ വൈജ്ഞാനിക മികവുകളെ കേരളത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുകയാണ്‌ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ രംഗത്തെ ലോക നിലവാരത്തിലേക്ക്‌ ഉയർത്തണം. ഇവിടത്തെ കുട്ടികൾ നല്ല വിദ്യാഭ്യാസത്തിന്‌ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മാറണം. അവിടത്തെ കുട്ടികൾ വിദ്യാഭ്യാസം നേടാൻ കേരളത്തിലേക്ക്‌ വരുന്ന സ്ഥിതിയിലേക്ക്‌ ഉന്നതവിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരണം. നമ്മുടെ ആശുപത്രികളുടെയും സ്‌കൂളുകളുടെയും നിലവാരം എന്തുമാത്രം മാറിയിട്ടുണ്ട്‌. എല്ലാ സർക്കാർ ആശുപത്രിയിലും മികച്ച ചികിത്സ ലഭ്യമാക്കാനാണ്‌ തീരുമാനം.

സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണല്ലോ യുഡിഎഫ്‌ നേതാക്കൾ പറയുന്നത്‌?
ദേശീയപാതയുടെയും ഗെയിൽ പൈപ്പ്‌ ലൈനിന്റെയും കാര്യത്തിലും അവർ ഇതൊക്കെത്തന്നെയാണ്‌ പറഞ്ഞത്‌. എന്നിട്ട്‌ എന്തായി. ശൂന്യാകാശത്ത്‌ വിനോദസഞ്ചാരികളെ അയക്കുന്ന തരത്തിൽ ടൂറിസം വികസനത്തിനാണ്‌ പല രാജ്യവും തയ്യാറെടുക്കുന്നത്‌. ശൂന്യാകാശത്ത്‌ മാസങ്ങളോളം തങ്ങിയശേഷം ആളുകൾ മടങ്ങിവരുന്ന കാലമാണ്‌. അപ്പോഴാണ്‌ ഇവിടെ ചില വികസനവിരോധികളുടെ ചാട്ടം. അതൊന്നും എൽഡിഎഫ്‌ കണക്കിലെടുക്കുന്നില്ല. ഭൂപരിഷ്‌കരണം നടപ്പായിരുന്നില്ലെങ്കിൽ എന്തായേനെ സ്ഥിതി. വികസന പദ്ധതികളിൽ തങ്ങളുടെ അഭിപ്രായം പറയാതെ നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. വികസനവിരോധികളായ ചിലരെ ബുദ്ധിജീവികളാണന്നു പറഞ്ഞ്‌ വിളിച്ചുവരുത്തി കെ–-റെയിലിനെതിരെ പ്രചാരണം നടത്തിയാൽ വികസനം ഇല്ലാതാകില്ല.

കോൺഗ്രസ്‌ നിലപാടിനോട്‌ യുഡിഎഫിലെ പല കക്ഷിയും പൂർണമായി യോജിക്കുന്നില്ലെന്ന്‌ പ്രചാരണമുണ്ട്‌?
ദേശീയപാത, തീരദേശപാത, മലയോര ഹൈവേ, കെ–-ഫോൺ തുടങ്ങിയ പദ്ധതികളോട്‌ കോൺഗ്രസിന്റെ നിലപാടല്ല മറ്റ്‌ യുഡിഎഫ്‌ കക്ഷികൾക്ക്‌. കേരളം വൻ വികസനക്കുതിപ്പിനാണ്‌ തയ്യാറെടുക്കുന്നത്‌. തുടർഭരണത്തിൽ അത്‌ യാഥാർഥ്യമാകുമെന്നത്‌ തർക്കമില്ലാത്ത കാര്യമാണ്‌. അതിനുശേഷവും എൽഡിഎഫ്‌ ഭരണം എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top