ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണദിനമാണ് ഇന്ന്. 18 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ജീവിച്ചിരുന്ന നായനാരും മൺമറഞ്ഞ നായനാരും ഒരുപോലെ ജനങ്ങളുടെ മനസ്സിൽ സ്‌നേഹത്തോടെ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നു പ്രാവശ്യമായി എൽഡിഎഫ് ഭരണത്തെ നയിച്ചു. ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കമ്യൂണിസ്റ്റുകാർക്കു മുന്നിൽ ശത്രുവർഗം മൈനുകൾ വിതറുമെന്നും അത്തരം കുഴിബോംബുകളെ മറികടന്ന് മുന്നോട്ടുപോകാൻ നിതാന്തശ്രദ്ധ വേണമെന്നും അദ്ദേഹം സദാ ഓർമപ്പെടുത്തുമായിരുന്നു.
മൂന്നാംതവണ മുഖ്യമന്ത്രിയായശേഷം തലശേരിയിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിൽ എത്തിയത്. അന്ന് നായനാരെ തോൽപ്പിക്കാൻ ശത്രുപക്ഷം ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ചു. പ്രചാരണം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ നായനാർ ഓഫീസിൽ ആലോചനാമഗ്നനായി ഇരിക്കുന്നതുകണ്ട് ഓഫീസിലെ ഒരാൾ ചോദിച്ചു: -‘തെരഞ്ഞെടുപ്പിൽ നമുക്ക് വല്ല വിഷമവും വരുമോ?' നായനാർ സ്വതഃസിദ്ധമായി തന്നെ പ്രതികരിച്ചു: ‘നിനക്കെന്താ വട്ടുണ്ടോ. നമ്മൾ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. പക്ഷേ, എന്നെ അലട്ടുന്ന ഒരു കാര്യമുണ്ട്. ജനങ്ങൾക്ക് നമ്മളോട് എത്രമാത്രം സ്‌നേഹമാണ്. അവർ നമ്മുടെ ഭരണത്തിൽനിന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അവരെ സഹായിക്കാൻ എത്രത്തോളം കഴിയും. അതാണ് എന്റെ മനസ്സിലെ ചിന്ത'.
കമ്യൂണിസ്റ്റ് ഭരണാധികാരികൾ നാടിനും ജനങ്ങൾക്കുംവേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ്. അത് അടിവരയിടുന്നതാണ് ഈ അനുഭവം. തലശേരിയിൽ റെക്കോഡ് ഭൂരിപക്ഷത്തിലാണ് നായനാർ ജയിച്ചത്. നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകി. തോട്ടിപ്പണി അവസാനിപ്പിച്ചു. സാക്ഷരതാ യജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം തുടങ്ങിയതെല്ലാം നായനാർ ഭരണകാലത്തേതാണ്. കുടുംബശ്രീയെന്ന ബൃഹദ് പ്രസ്ഥാനം ആരംഭിച്ചത് ആ സർക്കാരാണ്. കുടുംബശ്രീയുടെ രജത ജൂബിലി വേളയിൽ നായനാർ സ്‌മരണയ്ക്ക് അതുകൊണ്ടുതന്നെ സവിശേഷ പ്രാധാന്യമുണ്ട്.
കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിതവിഭാഗങ്ങളോടുള്ള കൂറായിരുന്നു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ മുഖമുദ്ര.
അസുഖബാധിതനായി തിരുവനന്തപുരം എ കെ ജി ക്വാർട്ടേഴ്‌സിൽനിന്ന് ഡൽഹിയിലേക്ക് ചികിത്സയ്ക്ക് പുറപ്പെടുമ്പോൾ നൽകിയ യാത്രാമൊഴി ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ പച്ചപിടിച്ച് നിൽപ്പുണ്ട്. ‘ഓൾ റൈറ്റ്! താങ്ക് യു, താങ്ക് യു ഓൾ!' എന്ന് കൈവീശി വിടപറഞ്ഞുപോയ ആ ദൃശ്യം മായാത്തതാണ്. നായനാർ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.
മൊറാഴയിൽ ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി 1919 ഡിസംബർ ഒമ്പതിന് ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ കല്യാശേരിയിൽ ജനിച്ചു. സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായി നായനാർ വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട ഏടാണ്. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്‌കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി.
1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിൽ. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശേരി ആറോൺമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ പരമ്പരയായി നായനാരുടെ ജീവിതം മാറി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. മൊറാഴയിലെ പ്രതിഷേധപ്രകടനം മർദകവീരൻമാരായ സബ് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണമേനോന്റെയും മറ്റൊരു പൊലീസുകാരന്റെയും മരണത്തിൽ കലാശിച്ചു. കെ പി ആറിനൊപ്പം പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ദേശീയമായി ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി.
കർഷകമർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. പക്ഷേ, അത് കൊലക്കേസായപ്പോൾ നായനാർ മൂന്നാംപ്രതിയായി. വീണ്ടും ഒളിവിൽ. ഇക്കാലയളവിലാണ് സുകുമാരൻ എന്ന പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല.
ത്യാഗോജ്വലമായ സമര-സംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിന് എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി ‘ചിന്ത' മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലംമുതൽ കേന്ദ്രകമ്മിറ്റി അംഗമായിരുന്ന നായനാർ 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.
എൽഡിഎഫ് ഭരണം കേരളത്തെ ഐശ്വര്യപൂർണമാക്കാൻ സ്വീകരിക്കുന്ന നടപടികൾ പിന്നീടു വരുന്ന വലതുപക്ഷഭരണങ്ങൾ ഇല്ലായ്മ ചെയ്യുകയോ ദുർബലപ്പെടുത്തുകയോ വികലപ്പെടുത്തുകയോ ചെയ്യുന്നു. എന്നാൽ, സംസ്ഥാന ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചത് ഈ ദുരന്തം ഒഴിവാക്കാൻ ഉപകരിച്ചു. എങ്കിലും പിണറായി വിജയൻ നയിക്കുന്ന തുടർഭരണത്തിനു മുന്നിൽ നായനാർ ചൂണ്ടിക്കാണിച്ചതുപോലെ ശത്രുവർഗം മൈനുകൾ വിതറുന്നുണ്ട്. സിപിഐ എമ്മിന്റെയും എൽഡിഎഫ് ഭരണത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തടയാൻ തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ അവർ ആയുധമാക്കിയിരിക്കുകയാണ്. ഈ മണ്ഡലം യുഡിഎഫിന്റെ ‘പൊന്നാപുരം കോട്ട'യെന്നാണ് കോൺഗ്രസുകാരും മറ്റും ചിത്രീകരിക്കുന്നത്. എന്നാൽ, രാഷ്ട്രീയ കാലാവസ്ഥ മാറി. ഈ കാറ്റിൽ യുഡിഎഫിന്റേതെന്ന് അവർ കരുതുന്ന കോട്ടയെ ജനങ്ങൾ നിലംപരിശാക്കാൻ പോകുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തികച്ചും ജനവിരുദ്ധനയങ്ങളാണ് സ്വീകരിക്കുന്നത്. ദിനംപ്രതിയെന്നോണം ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരുടെ നടുവൊടിച്ചു. രാജ്യത്ത് ഇന്ന് കർഷകർക്കും സാധാരണക്കാർക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതേസമയം, പിണറായി വിജയൻ നേതൃത്വം നൽകിയ അഞ്ചുവർഷത്തെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്കും നാടിനുംവേണ്ടി പ്രവർത്തിക്കുന്ന ഭരണമായിരുന്നു. ആ അനുഭവങ്ങൾകൂടി സ്വായത്തമാക്കി ഒരുവർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാർ വികസനത്തിലും ക്ഷേമത്തിലും കൂടുതൽ മികവോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ മാതൃകാ സർക്കാരായി മാറി. 25 വർഷം മുന്നിൽക്കണ്ട് വികസനപദ്ധതികൾ ഒരുവശത്തും അടിയന്തരമായി നടപ്പാക്കേണ്ട ക്ഷേമപദ്ധതികൾ മറുവശത്തും നടപ്പാക്കുന്നു. നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയും അതിദരിദ്രരെ കണ്ടെത്തി അവർക്ക് ആശ്വാസം അരുളുന്ന ക്ഷേമപദ്ധതിയും ഇതാണ് വ്യക്തമാക്കുന്നത്. 20 ലക്ഷംപേർക്ക് തൊഴിൽ ലഭ്യമാക്കുന്ന വിജ്ഞാനസമൂഹത്തെ കെട്ടിപ്പടുക്കുകയാണ്. ഒരുമാസം കൂടിയാകുമ്പോൾ ലൈഫ് പദ്ധതിയിൽ മൂന്നു ലക്ഷം പേർക്ക് വീടുനൽകുകയാണ്. ഒരു വർഷത്തിനുള്ളിൽ വീടില്ലാത്ത 32,000 കുടുംബത്തിന് വീടു നൽകി.
രണ്ടാം പിണറായി സർക്കാർ നാടിന്റെ സമാധാന ജീവിതത്തിനും മതനിരപേക്ഷ ജീവിതത്തിനും ഉറപ്പുനൽകുന്നതാണ്. ഈ ഭരണത്തിന് ജനസമ്മതി നേടുന്നതിന്, എൽഡിഎഫിന്റെ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി ഡോ. ജോ ജോസഫിന് വോട്ട് അഭ്യർഥിച്ച് മുഖ്യമന്ത്രി തൃക്കാക്കരയിൽ പര്യടനം നടത്തുന്നത് കോൺഗ്രസിനെ പരിഭ്രാന്തിയിലാഴ്ത്തി. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ സമനില തെറ്റിയ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രിയായിരിക്കെ നായനാരെയും അധിക്ഷേപിച്ച ആളാണ് ഈ കോൺഗ്രസ് നേതാവ്. അതിന്റെ ആവർത്തനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ശത്രുവർഗത്തിന്റെ തരംതാണ പ്രയോഗങ്ങളെ അതിജീവിച്ച് എൽഡിഎഫിന് തൃക്കാക്കരയിൽ ഉജ്വല വിജയം നൽകുന്നതിന് കരുത്തുപകരുന്നതാണ് നായനാർ സ്മരണ. ജനങ്ങൾ സ്‌നേഹിച്ച, ജനങ്ങളെ സ്‌നേഹിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്‌ജലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..