25 April Thursday

യുവതയുടെ പ്രതീക്ഷ

വി കെ സനോജ്
Updated: Thursday Apr 28, 2022

മാനവരാശിയെയാകെ മുൾമുനയിൽ നിർത്തിയ കോവിഡ്‌ മഹാമാരിയുടെ രണ്ടു വർഷമാണ് കടന്നുപോയത്. സംഘംചേരാൻ പോലും  കഴിയാത്ത ദുരന്തകാലത്തും ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തും പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയുമാണ്‌ ഡിവൈഎഫ്‌ഐ എന്ന യുവജനപ്രസ്ഥാനം കേരളസമൂഹത്തിനൊപ്പം നടന്നത്‌. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധിഘട്ടത്തെ ക്രിയാത്മകമായി മറികടക്കാൻ കഴിഞ്ഞതിന്റെ ഊർജവുമായാണ് ഇന്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ 15–-ാം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്‌ച പത്തനംതിട്ടയിൽ തുടക്കമാകുന്നത്.

2018ലെ പ്രളയകാലത്തും പിന്നീട് കോവിഡ്‌ സമയത്തും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ ലോകത്തിനാകെ മാതൃകയാകുംവിധം കേരളം നടത്തിയ ജനകീയ ഇടപെടലുകളിൽ ഡിവൈഎഫ്ഐയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ആക്രിസാധനങ്ങൾ പെറുക്കിയും ചെറുജോലികൾ ചെയ്തും ഡിവൈഎഫ്ഐ  പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 11 കോടി സമാഹരിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റി. കോവിഡിന്‌ ഇരയായവരെ സംസ്‌കരിക്കാനും രോഗികൾക്ക്‌ മരുന്നും ഭക്ഷണവും എത്തിക്കാനും ആംബുലൻസ്‌ ഉൾപ്പെടെയുള്ള സേവനങ്ങളിലും സജീവമായി. പ്രളയകാലത്ത്‌ കഷ്ടപ്പെടുന്നവർക്ക്‌ ആഹാരവും ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു. വീടുകൾ ശുചീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ഉച്ചഭക്ഷണ വിതരണം ‘ഹൃദയപൂർവം’ പദ്ധതി രാഷ്ട്രീയ എതിരാളികളുടെപോലും അംഗീകാരംനേടി. ഈ വിധത്തിൽ പൊതുസമൂഹത്തിൽ ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടുപോകുന്നത്‌ ആവേശകരമായ അനുഭവമാണ്.

ഇത്തരം ഇടപെടലുകൾ നടത്തുന്നതോടൊപ്പം ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭങ്ങൾക്കും പ്രസ്ഥാനം നേതൃത്വം നൽകി. മതന്യൂനപക്ഷങ്ങൾക്കുനേരെ രാജ്യവ്യാപകമായി ഹിന്ദുത്വശക്തികൾ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ 1000ൽ അധികം കേന്ദ്രത്തിൽ സെക്കുലർ ഫെസ്റ്റ്‌ നടത്തി. നാം ഇഷ്ടപ്പെടുന്ന ഭക്ഷണംപോലും കഴിക്കാൻ പാടില്ലെന്ന സംഘപരിവാർ തീട്ടൂരത്തിനെതിരെയും  ഹലാൽ വിവാദത്തിനെതിരെയും ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ ലോങ് മാർച്ച് സംഘടിപ്പിച്ചു. കൊച്ചി ബിപിസിഎല്ലിലേക്കും തിരുവനന്തപുരം എച്ച്‌എൽഎല്ലിലേക്കും നടന്ന മാർച്ചിലെ യുവജന പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും നിരവധിയായ പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. Modiji Where is My Job? എന്ന മുദ്രാവാക്യം ഉയർത്തി ‘വർഗീയത വേണ്ട ജോലി മതി’ എന്ന സന്ദേശവുമായി ജാഥകൾ സംഘടിപ്പിച്ചു. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രദ്ധേയമായ ചുവടുവയ്‌പുകളാണ്‌ ഏറ്റെടുത്തത്‌. കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ മകൻ ഇതരമതസ്ഥയെ വിവാഹം ചെയ്‌തതിന്റെ പേരിൽ പൂരക്കളി പണിക്കർക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതിനെതിരെയും കൂടൽമാണിക്യ ക്ഷേത്രത്തിൽ നർത്തകിക്ക്‌ മതത്തിന്റെ പേരിൽ വിലക്ക്‌ ഏർപ്പെടുത്തിയതിനെതിരെയും ബദൽ  പരിപാടികൾ സംഘടിപ്പിച്ചു.

വർഗീയതയോട് വിട്ടുവീഴ്ചയില്ലാതെ
സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗീയത അതിന്റെ എല്ലാ സീമയും ലംഘിച്ച്‌,  ഭരണഘടനാ തത്വങ്ങളെ കാറ്റിൽപറത്തി ന്യൂനപക്ഷ വേട്ട ശക്തിപ്പെടുത്തുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയാണ് മുസ്ലിം ന്യൂനപക്ഷങ്ങൾ കൂടുതലായി താമസിക്കുന്ന ഡൽഹിയിലെ ജഹാംഗിർപുരിയിൽ, സുപ്രീംകോടതി വിധിയെപ്പോലും മാനിക്കാതെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്‌. ഇതിനെതിരെ യഥാസമയം ശക്തമായി നിലപാടെടുക്കാൻ ഇടതുപക്ഷ നേതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുന്ന സാഹചര്യം ഉപയോഗപ്പെടുത്തി ന്യൂനപക്ഷ വർഗീയശക്തികളും സ്വാധീനം വർധിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. ആലപ്പുഴയിലും പാലക്കാട്ടും ഏതാനും മാസത്തിനുള്ളിൽ നടന്ന കൊലപാതകങ്ങൾ ആർഎസ്എസും എസ്ഡിപിഐയും നടപ്പാക്കാൻ ശ്രമിക്കുന്ന ഈ പദ്ധതിയുടെ ഭാഗമാണ്. അതിനെ എന്തുവില കൊടുത്തും പ്രതിരോധിക്കണം.

എല്ലാവിധ വർഗീയതയ്‌ക്കുമെതിരായി ശക്തമായ രാഷ്‌ട്രീയ നിലപാടും പ്രചാരണപരിപാടികളുമാണ് ഡിവൈഎഫ്ഐ  ഇടവേളകളില്ലാതെ ഏറ്റെടുക്കുന്നത്. കേരളീയ ജീവിതത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളോട്  വിട്ടുവീഴ്ച പാടില്ല. ഈയൊരു നിലപാടുകൊണ്ടുതന്നെ ഭൂരിപക്ഷ-–-ന്യൂനപക്ഷ വർഗീയവാദികളുടെ കായികമായ ആക്രമണങ്ങൾക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ഇരയാകുകയാണ്. രാഷ്ട്രീയമായി ദുർബലപ്പെട്ട കോൺഗ്രസ്‌ ഉത്തരേന്ത്യൻ മാതൃകയിൽ വർഗീയശക്തികളോട് സന്ധിചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലുമുള്ളത്. കേരളീയരുടെ  മതനിരപേക്ഷ പൊതുജീവിതം സംരക്ഷിക്കുകയെന്നത് ഇടതുപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്വമാകുകയാണ്. ആ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് സംസ്ഥാനത്ത്‌ ഡിവൈഎഫ്ഐയുടെ അംഗസംഖ്യയിൽ ഉണ്ടായ 1,20,728 അംഗങ്ങളുടെ വർധന. യൂണിറ്റ്‌ 1697 എണ്ണം വർധിച്ചു. ഈ സമ്മേളനത്തിലേക്ക്‌ എത്തുമ്പോൾ സംസ്ഥാനത്താകെ 28,494 യൂണിറ്റിലായി 51,99,585 അംഗങ്ങളുണ്ട്. യുവതികളുടെ അംഗസംഖ്യയിലെ വർധനയും പ്രവർത്തനങ്ങളിലെയും നേതൃനിരയിലെയും പങ്കാളിത്തവും എടുത്തുപറയേണ്ട നേട്ടങ്ങളാണ്.


 

ഇക്കാലയളവിൽ നാല്‌ ധീരസഖാക്കളെയാണ്‌ യുവജന പ്രസ്ഥാനത്തിന്‌ നഷ്ടമായത്‌. ഊർജസ്വലമായി സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയ ഈ സഖാക്കളെ എതിരാളികൾ ഇല്ലാതാക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട്‌ ഔഫ്‌ അബ്‌ദുൾ റഹ്‌മാനെ മുസ്ലിംലീഗുകാരും തൃശൂരിൽ സനൂപിനെ ആർഎസ്‌എസുകാരും തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസുകാരുമാണ്‌ അരിഞ്ഞുവീഴ്‌ത്തിയത്‌. മലയാളി ജീവിതത്തിലേക്കുള്ള വലതുപക്ഷത്തിന്റെ പലവിധ കടന്നാക്രമണങ്ങളെ ആകുംവിധം പ്രതിരോധിക്കാനാണ് ഇടതുപക്ഷം കാലങ്ങളായി ശ്രമിക്കുന്നത്. ഈ വിധത്തിൽ പ്രതിരോധം തീർക്കുന്ന ഒരു ജനതയെ ആശയപരമായി നിരായുധീകരിക്കാൻ വലതുപക്ഷ മൂലധനശക്തികൾ പലവഴിയിലൂടെ നടത്തുന്ന പ്രത്യയശാസ്‌ത്ര യുദ്ധങ്ങളിൽനിന്നും പൂർണമായും രക്ഷപ്പെടാൻ കേരളത്തിനും കഴിഞ്ഞിട്ടില്ല. സമൂഹത്തിൽ ശക്തിപ്പെടുന്ന, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ എളുപ്പം പണം സമ്പാദിക്കാനുള്ള  ശ്രമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വർധിച്ചുവരുന്ന ലഹരി ഉപയോഗം, പ്രണയ നൈരാശ്യവുമായി ബന്ധപ്പെട്ട കൊലകൾ തുടങ്ങിയ അരാഷ്ട്രീയ, -അരാജകത്വ പ്രവണതകളെ  ഈ പ്രത്യയശാസ്‌ത്ര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. സർഗാത്മകമായ യൗവനത്തെ പലവിധ ലഹരിയിൽ തളച്ചിടുകയെന്നത് വലതുപക്ഷം പയറ്റിത്തെളിഞ്ഞ തന്ത്രമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾക്ക്‌ രാഷ്ട്രീയമായ വേരുകളുണ്ടെന്നും നാം തിരിച്ചറിയണം. ഈ വിധത്തിലുള്ള വലതുപക്ഷ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് ഡിവൈഎഫ്ഐ കൈക്കൊണ്ടത്. അതുകൊണ്ടാണ് പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ ലഹരി മാഫിയയുടെ അടക്കം ആക്രമണങ്ങൾക്ക് വിധേയരായത്. കൂടുതൽ ജനകീയ ഇടപെടലുകൾ നടത്തി ഇത്തരം പ്രവണതകളെ ഇല്ലാതാക്കാൻ ഡിവൈഎഫ്‌ഐ നേതൃത്വം നൽകും.

നവകേരളത്തിനായി
ഇടതുപക്ഷത്തിന് ചരിത്രപരമായ ഭരണത്തുടർച്ചയുണ്ടായ കാലംകൂടിയാണ് കടന്നുപോയത്. പലവിധ വെല്ലുവിളിക്കിടയിലും ഒന്നാം പിണറായി സർക്കാർ ഉയർത്തിപ്പിടിച്ച ഇടതുവികസന പരിപ്രേക്ഷ്യത്തിനുള്ള അംഗീകാരമായിട്ടാണ് ജനം ഇടതുപക്ഷത്തിന് രണ്ടാമൂഴം നൽകിയത്. കേന്ദ്ര സർക്കാർ തുടർന്നുവരുന്ന നിയോലിബറൽ വികസന കാഴ്‌‌ചപ്പാടിന്റെ ഭാഗമായി രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. കോവിഡിന്റെ വരവ് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇതിന്റെ ഭാഗമായി കേരളത്തിലെ യുവതീയുവാക്കളും വലിയനിലയിൽ തൊഴിലില്ലായ്മാ പ്രശ്‌നം നേരിടുന്നുണ്ട്. ജനജീവിതത്തെ ദുസ്സഹമാക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെ സമരം നയിക്കുമ്പോൾത്തന്നെ ബദൽ വികസനമാർഗങ്ങൾ തേടാനുള്ള ഉത്തരവാദിത്വം ഒരു ഇടതുപക്ഷ സർക്കാരിനുണ്ട്. അതിനാണ് കേരളത്തിലെ സർക്കാർ ശ്രമിക്കുന്നത്.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമ്പോഴും അഭ്യസ്‌തവിദ്യരായവർക്കെല്ലാം അവരുടെ നൈപുണ്യത്തിന്‌ അനുസൃതമായ തൊഴിൽ കൊടുക്കാനുള്ളശേഷി നിലവിൽ നമ്മുടെ സമ്പദ്‌ഘടനയ്‌ക്കില്ല. ഭൂമിശാസ്‌ത്രപരവും വിഭവപരവുമായ പരിമിതികൾ പലതുമുള്ളതിനാൽ വൻകിട നിർമാണ വ്യവസായസ്ഥാപനങ്ങൾ കേരളത്തിന്‌ അനുയോജ്യവുമല്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ അനുയോജ്യമായ ഐടിയും ബയോടെക്നോളജിയുംപോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേക്ക് സമ്പദ്ഘടന ചുവടുമാറ്റണമെന്ന് ഇടതുപക്ഷം പറയുന്നത്. ഈ മാറ്റത്തിന്‌ കേരളത്തെ സജ്ജമാക്കാൻ കടമ്പകൾ ഏറെയുണ്ട്. അതിന്‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട യാത്രാസംവിധാനം എന്നത്. അതിന്റെ ഭാഗമായാണ് ദീർഘദൂര യാത്രകളിൽ കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ   സർക്കാർ കെ-–-റെയിലിന്റെ നേതൃത്വത്തിൽ അർധ അതിവേഗ റെയിൽപാതയ്ക്ക് രൂപംകൊടുത്തതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. എന്നാൽ, രാഷ്ട്രീയപ്രേരിതമായ കാരണങ്ങൾ ഒന്നുകൊണ്ടുമാത്രം കേരളത്തിന്റെ ഭാവിതലമുറയുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുന്ന ഈ പദ്ധതിക്ക് തുരങ്കംവയ്ക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. ഈ പദ്ധതിയുടെ കാര്യത്തിൽ മാത്രമല്ല, നവകേരളം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെയെല്ലാം  പിറകോട്ടു വലിക്കുകയാണ് പ്രതിപക്ഷം.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചും റെയിൽവേ അടക്കമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിയമന നിരോധനം ഏർപ്പെടുത്തിയും യുവതി–-യുവാക്കളുടെ തൊഴിൽ സാധ്യതകളെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ  സാമ്പത്തിക നയത്തിനെതിരായുള്ള സമരം ശക്തിപ്പെടുത്തുന്നതോടൊപ്പം ഇടതുപക്ഷ ബദൽ വികസനമാതൃകയുടെ പടയാളികളാകാനും യുവജന പ്രസ്ഥാനത്തിനു കഴിയണം.  ഈ ചുമതലകൾ ഡിവൈഎഫ്ഐ  15–-ാം   സംസ്ഥാന സമ്മേളനം ഏറ്റെടുക്കും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top