10 December Sunday

ഇരുട്ടിനെ ചെറുക്കാം ; ഡിവൈഎഫ്‌ഐ സെക്കുലർ സ്ട്രീറ്റ് നാളെ - വി കെ സനോജ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2023

ഇന്ത്യൻ റിപ്പബ്ലിക് അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വിവിധ മതങ്ങളുടെ ജന്മഭൂമിയായ, വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ  മതരാഷ്ട്രമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ ഹിന്ദുത്വ ശക്തികളുടെ പദ്ധതികൾ എല്ലാ ക്രൗര്യത്തോടുംകൂടി നടപ്പാക്കുകയാണ്. സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ 75 വർഷം പിന്നിടുന്ന ഘട്ടത്തിൽ മണിപ്പുരിലും ഹരിയാനയിലും നടക്കുന്ന കലാപങ്ങളും ഏക സിവിൽ കോഡ് നടപ്പാക്കുമെന്നുള്ള പ്രധാനമന്ത്രിയുടെതന്നെ പ്രഖ്യാപനവുമെല്ലാം മതരാഷ്ട്ര നിർമാണ പദ്ധതികളുടെ തുടർച്ചയാണ്. ശാസ്ത്രം പ്രചരിപ്പിക്കണമെന്ന ഭരണഘടനാ ആശയത്തിലൂന്നി കേരള സ്പീക്കർ നടത്തിയ പ്രസംഗത്തിനെതിരെയുള്ള ആക്രോശമടക്കം ഇതിന്റെ ഭാഗമാണ്‌. ഈയൊരു പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ ‘ഇന്ത്യയെ മതരാഷ്ട്രമാക്കാൻ അനുവദിക്കരുത്' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ തുല്യാവകാശമുള്ള മനുഷ്യരായി ജീവിക്കാൻ ന്യൂനപക്ഷങ്ങളെ അനുവദിക്കില്ല എന്നതാണ് ഹിന്ദുരാഷ്ട്രവാദികളുടെ പ്രഖ്യാപിത നയം. ആർഎസ്എസിന്റെ രണ്ടാമത്തെ സർസംഘചാലകും സംഘപരിവാർ സൈദ്ധാന്തികനുമായ ഗോൾവാൾക്കർ അത് കൃത്യമായി എഴുതിവച്ചിട്ടുണ്ട് . വൻകിട മൂലധനത്തിന്റെ സൗഹൃദവും ഭരണാധികാരവും കൈയിലുള്ള ഹിന്ദുത്വശക്തികൾ വള്ളിപുള്ളി വിടാതെ അതാണ് നടപ്പാക്കുന്നത്.
മണിപ്പുരിൽ കുക്കിസമുദായത്തിലെ രണ്ടു സ്ത്രീകളെ പൂർണ നഗ്നരാക്കി പീഡിപ്പിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ രാജ്യം അങ്ങേയറ്റം ഞെട്ടലോടെ  കണ്ടു. ബിജെപി സർക്കാരിന്റെ പിന്തുണയോടെ നടക്കുന്ന ന്യൂനപക്ഷ വേട്ട തുടങ്ങി രണ്ടു മാസത്തിനുശേഷമാണ് ആ വീഡിയോ പുറത്തുവന്നത്. തലയറുക്കലും ചുട്ടുകൊല്ലലും സ്ത്രീകൾക്കുനേരെ ബീഭത്സമായ അതിക്രമങ്ങളും ആവർത്തിക്കുന്ന മണിപ്പുരിന്റെ ദുരവസ്ഥ എത്രയോ ഭീകരമാണെന്ന് രാജ്യം തിരിച്ചറിയുന്നത് അപ്പോഴാണ്. ന്യൂനപക്ഷ സമുദായങ്ങളെ ആട്ടിപ്പായിച്ചും അടിമപ്പെടുത്തിയും ഹിന്ദുരാഷ്ട്രം രൂപീകരിക്കാൻ വെമ്പുന്ന ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ബോധ്യപ്പെടാൻ മണിപ്പുർ ശ്രദ്ധിച്ചാൽ മതിയാകും.

ന്യൂനപക്ഷങ്ങളെ അടിമപ്പെടുത്താനുദ്ദേശിച്ചുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഭീഷണിയും വിദ്വേഷപ്രചാരണവും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ സ്ഥിരമായി നടക്കുന്നുണ്ട്. ഭരണാധികാരികളുടെ പിന്തുണയോടെയാണ് ഇതെല്ലാം. ബജ്‌റംഗദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ ഹരിയാനയിലെ നൂഹിൽ നടന്ന കലാപത്തിന്‌ സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് മുസ്ലിം സമുദായത്തിന് എതിരായ ഹരിയാന സർക്കാരിന്റെ  ഏകപക്ഷീയമായ നടപടികൾ. നസീർ, ജുനൈദ് എന്നീ ചെറുപ്പക്കാരെ പശുകടത്ത്‌ ആരോപിച്ച്‌ ചുട്ടുകൊലപ്പെടുത്തിയതിന് പൊലീസ് അന്വേഷിക്കുന്ന ബജ്‌റംഗദൾ നേതാവും ക്രിമിനലുമായ മോനു മനേസർ നൂഹിലെ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന് പ്രകോപനപരമായി പ്രഖ്യാപിച്ചിട്ടും നടപടി  കൈക്കൊള്ളാൻ ഹരിയാന സർക്കാർ തയ്യാറായില്ല. മണിപ്പുരിൽ ക്രിസ്ത്യൻ സമുദായത്തിന് നേരെയാണെങ്കിൽ ഹരിയാനയിൽ മുസ്ലിങ്ങൾക്കെതിരെയാണ്‌ സംഘപരിവാർ ആക്രമണം.

ഗുവാഹത്തിയിൽ പച്ചക്കറി വിലക്കയറ്റത്തിന് കാരണം മുസ്ലിങ്ങളാണെന്നും അതുകൊണ്ട്  മുസ്ലിങ്ങളെ ആട്ടിപ്പായിച്ച്‌ നഗരത്തെ ശുദ്ധീകരിക്കണമെന്നുമുള്ള ആഹ്വാനം നൽകിയത്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയാണ്. അതായത് മുഖ്യമന്ത്രിതന്നെ നേരിട്ട് കലാപാഹ്വാനം നടത്തുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തി. ഇതെല്ലാം സൂചിപ്പിക്കുന്നത് ന്യൂനപക്ഷവേട്ട ഒറ്റപ്പെട്ട സംഭവമല്ല എന്നാണ്‌. അത് ഭരണകൂട ഒത്താശയോടെ നടത്തുന്ന ആസൂത്രിതപദ്ധതിയാണെന്ന് വ്യക്തം.

സെക്കുലർ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയെന്ന അജൻഡയുടെ ഭാഗമായുള്ള ന്യൂനപക്ഷ വേട്ടയ്ക്കുള്ള അടവുകളിൽ ഒന്നെന്ന നിലയ്ക്കാണ് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം. സംഘപരിവാർ അജൻഡയ്‌ക്കെതിരെ മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പിന് കരുത്തുപകരുന്ന അഭിമാനകരമായ നിലപാടാണ് ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം. രാജ്യത്തിന്റെ മതനിരപേക്ഷ ഭരണഘടനയെ അട്ടിമറിച്ച്‌  ഇന്ത്യയെ ഔപചാരികമായിത്തന്നെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണോ അതോ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന "കടലാസിൽ മതനിരപേക്ഷത അനുഭവത്തിൽ ഹിന്ദുരാഷ്ട്രം’ എന്ന സമ്പ്രദായം പോരേ എന്ന ചർച്ചയാണ് തീവ്രവലതുപക്ഷ കേന്ദ്രങ്ങളിൽ നടക്കുന്നത്.

ആർഎസ്എസിന്റെ നേതൃത്വത്തിൽ ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും മതരാഷ്ട്രത്തിലേക്കുള്ള ചുവടുകൾ ഉറപ്പിച്ചു വയ്ക്കുമ്പോൾ അതിനെ ഏതെങ്കിലും തരത്തിൽ പ്രതിരോധിക്കാനുള്ള  ശ്രമങ്ങൾ കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കേരളത്തിലാണെങ്കിൽ സ്‌പീക്കർക്കെതിരെ സംഘപരിവാറും ചില സമുദായ സംഘടനാ നേതാക്കളും ഉയർത്തിയ പരിഹാസ്യമായ വെല്ലുവിളികളോടൊപ്പം കോൺഗ്രസ് ചേരുന്നതും നാം കണ്ടതാണ്. സാധാരണ മനുഷ്യരിൽ മിത്തോളജിയും ചരിത്രവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം മതരാഷ്ട്രവാദത്തിന്റെ അജൻഡയിൽ ഉൾപ്പെടുന്നതാണ്. അതിനെ പ്രതിരോധിക്കുക എന്നത് രാജ്യപുരോഗതി ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ്. കേരള സ്പീക്കർ നടത്തിയ പ്രസംഗം ഒരു ആധുനിക റിപ്പബ്ലിക് എന്ന ഇന്ത്യയുടെ അസ്തിത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടാണ്. അത്‌ കോൺഗ്രസുകാർക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വം ആ പാർടിക്കുള്ളിലും പ്രബലമാണ് എന്നതു കൊണ്ടാണ്. ഈ നീക്കങ്ങളെ ചെറുത്തു തോല്പിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.

പട്ടിണിയും ദാരിദ്യ്രവും തൊഴിലില്ലായ്മയുംകൊണ്ട് രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരും പൊറുതിമുട്ടുന്നു. അതിനെ മറികടക്കാൻ മതനിരപേക്ഷ പുരോഗമന ശക്തികൾ തുല്യതയുടെ റിപ്പബ്ലിക് സ്വപ്നം കാണുമ്പോൾ മനുസ്മൃതിയുടെ ഇരുണ്ട കാലത്തേക്ക് രാജ്യത്തെ മതരാഷ്ട്രത്തിലൂടെ പിന്തള്ളാനാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ സാമൂഹ്യധർമം എന്ന് തീരുമാനിച്ചിറങ്ങിയവർ ഒരുക്കിയ അധഃപതനത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുക എന്നത്  ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളെ  കാലം ഏൽപ്പിക്കുന്ന ദൗത്യമാണ്. ഡിവൈഎഫ്ഐ ആ ചുമതല പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top