08 December Wednesday

ഉയരട്ടെ ചൂണ്ടുവിരലുകൾ - എ എ റഹീം എഴുതുന്നു

എ എ റഹീംUpdated: Thursday Sep 9, 2021

ഇന്ധനവില വർധനയ്‌ക്കും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനുമെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്‌. അതിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മുമ്പിൽ അഞ്ചു ദിവസമായി ഡിവൈഎഫ്ഐ റിലേ സത്യഗ്രഹസമരം നടത്തുകയാണ്‌. തിങ്കളാഴ്‌ച ആരംഭിച്ച സമരം വെള്ളിയാഴ്‌ച വൈകിട്ട്‌ ചക്രസ്തംഭനത്തോടെ അവസാനിക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ സമരപാതയിലാണ്‌ യുവജനങ്ങൾ.

രാജ്യത്ത്‌ ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നു. ഒരുവർഷത്തിനിടെ 14 ശതമാനത്തോളം വിലവർധിച്ചു. എണ്ണവില ഇങ്ങനെ വർധിച്ചുതുടങ്ങിയത് വില നിയന്ത്രണാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തതിനുശേഷമാണ്. 2010 ജൂണിൽ യുപിഎ സർക്കാരാണ് പെട്രോൾ വിലനിയന്ത്രണം കമ്പനികളെ ഏൽപ്പിച്ചത്. നരേന്ദ്ര മോദിയും ബിജെപിയും അന്ന്‌ എതിർത്തു. എന്നാൽ, മോദി പ്രധാനമന്ത്രിയായി അഞ്ചുമാസം പിന്നിട്ടപ്പോൾ ഡീസലിന്റെ വിലനിയന്ത്രണാധികാരംകൂടി വിട്ടുകൊടുക്കുകയാണ്‌ ഉണ്ടായത്‌.

വിലനിയന്ത്രണാധികാരം കമ്പനികളിൽനിന്ന് തിരിച്ചെടുക്കണമെന്നാണ്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്‌. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന 2008ൽ ഇന്ത്യയിൽ പെട്രോളിന്റെ വില ലിറ്ററിന് 50 രൂപയായിരുന്നു. അന്ന് ക്രൂഡോയിൽ വില 144 ഡോളറും നിലവിൽ 69.15 ഡോളറുമാണ്. പക്ഷേ, പെട്രോൾ വില ലിറ്ററിന്‌ 103.50 രൂപ. കോൺഗ്രസ് ആരംഭിച്ച് ബിജെപി തുടരുന്ന നിയോ ലിബറൽ സാമ്പത്തികനയങ്ങളാണ് ഇന്ധവില വർധനയുടെ പ്രധാന കാരണം. ഇന്ധനവില നിയന്ത്രണവും എണ്ണക്കമ്പോളവും പൂർണമായും സ്വകാര്യകുത്തകകൾക്ക് അടിയറവയ്ക്കുകയാണ്. ഇതിനെതിരായ യുവജനരോഷമാണ് ഈ സമരം.


 

ആറുവർഷത്തിനിടയിൽ പെട്രോളിനും ഡീസലിനുമുള്ള നികുതി 307 ശതമാനം കേന്ദ്രം വർധിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും നികുതി കുറയ്ക്കാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. കോർപറേറ്റ് നികുതി നിരക്ക് ലോകത്ത് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കോർപറേറ്റുകൾക്ക് ഇളവുകളും സാധാരണക്കാർക്ക് അധികഭാരവുമാണ് നിയോ ലിബറൽ നയങ്ങൾ നൽകുന്നത്. തൊഴിലവസരങ്ങളും സ്ഥിരവരുമാന സാധ്യതകളും നന്നേ കുറയുന്നു. ഇത് ദൂരവ്യാപകമായ സാമൂഹ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമിയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം (6,- സെപ്‌തംബർ) രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.34 ശതമാനമാണ്. ഇന്ധനവിലയിലെന്നപോലെ നിയോ ലിബറൽ നയങ്ങൾ തന്നെയാണ് തൊഴിൽ സ്വപ്നങ്ങൾക്കുമേൽ പ്രഹരമേൽപ്പിച്ചതും. സ്ഥിരം ജോലികൾ ഇല്ലാതാക്കുക, കരാർ തൊഴിലും പുറംകരാർ തൊഴിലും വ്യാപിപ്പിക്കുക എന്നതായിരുന്നു നിയോ ലിബറൽ നയം. കേന്ദ്ര സർവീസിൽ നിയമന നിരോധനമാണ്. 2021 സെപ്തംബർ മൂന്നിന് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവുപ്രകാരം ഐഎസ്ആർഒയിലെ മുഴുവൻ നിയമന നടപടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തി. ശാസ്ത്രജ്ഞർമുതൽ സാങ്കേതികവിഭാഗംവരെ ഒരു നിയമനവും നടക്കില്ല. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ സൂപ്പർ വൈസർ, അസി. സൂപ്പർ വൈസർ, സീനിയർ അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് വിരമിച്ച ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ ജോലിക്കായി അലയുമ്പോഴാണ് വിരമിച്ചവർക്ക് പുനർനിയമനം. ഇത് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം.


 

യുപിഎ സർക്കാർ 4333 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർബാധം തുടരുകയാണ്‌. 2014–-18ൽ ഒന്നാം മോദി സർക്കാർ 1,94,644 കോടി രൂപയുടെ പൊതുമേഖലാ ഓഹരികൾ വിറ്റു. നിർമല സീതാരാമന്റെ ആദ്യ ബജറ്റിൽ 28 കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്കുവച്ചു. 2017–-18ൽ 1,00,056 കോടിയും 2018–-19ൽ 84,922 കോടിയും സമാഹരിച്ചു. 2020–-21ൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 1,20,000 കോടിയും പൊതുമേഖലാ ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിച്ച്‌ 90,000 കോടിയും കരസ്ഥമാക്കാനാണ് ലക്ഷ്യം. കൂടാതെ രാജ്യത്തിന്റെ പൊതു ആസ്തിവകകൾ പാട്ടത്തിനു കൊടുക്കുന്നു. ഇതുവഴി ആറുലക്ഷം കോടി സമാഹരിക്കുമെന്നാണ്‌ പ്രഖ്യാപനം. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ (എൻഎംപി) പകൽക്കൊള്ളയാണ്.

ഇൻഷുറൻസ് മേഖല സമ്പൂർണ സ്വകാര്യവൽക്കരണത്തിന് വിധേയമാകുകയാണ്. വൈദ്യുതിവിതരണ മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിക്കാൻ ലക്ഷ്യംവച്ചുള്ള ബിൽ തയ്യാറായി. ബിഎസ്എൻഎല്ലിൽ നടക്കുന്നത് നിർബന്ധിത പിരിച്ചുവിടലും നിയമന നിരോധനവുമാണ്. സ്വാഭാവിക മരണത്തിലേക്ക് ബിഎസ്എൻഎല്ലിനെ തള്ളിവിടുന്നത് റിലയൻസിനുവേണ്ടി മാത്രം. എയർ ഇന്ത്യയും സ്വകാര്യവൽക്കരിക്കുന്നു. ഈ നയം തൊഴിലില്ലായ്മയും അസമത്വവും രൂക്ഷമാക്കും.

1991ൽ തൊഴിലില്ലായ്മ നിരക്ക് 5.55 ശതമാനമായിരുന്നു. ഇത് വർധിച്ചാണ് 8.34ൽ എത്തിനിൽക്കുന്നത്. 2020ൽ 7.11 ശതമാനമായിരുന്നു. ഓരോ വർഷവും തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു. നാമമാത്ര ശമ്പളത്തിന് ജോലി ചെയ്യുന്ന അഭ്യസ്തവിദ്യരുടെ എണ്ണവും വലുതാണ്. ഇന്ത്യൻ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ എണ്ണം 45.8 കോടിയാണ്. 2020ലെ കണക്കുപ്രകാരം ജനസംഖ്യയുടെ 64 ശതമാനവും ജോലിചെയ്യുന്ന പ്രായപരിധിയിൽപ്പെടും . ഇത് ലോകത്തിലെ തന്നെ ഏറ്റവുമുയർന്ന മാനവ വിഭവനിരക്കാണ്. ലോക രാജ്യങ്ങൾക്കിടയിലെ യൗവനമാണ് ഇന്ത്യ. എന്നാൽ, ഇന്ത്യൻ യൗവനം കടുത്ത അരക്ഷിതാവസ്ഥയുടെ നടുവിലും.

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ജനവിരുദ്ധമാണ്. സുപ്രീംകോടതിയും വിവിധ ഹൈക്കോടതിയും കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവന്നു. വാക്സിൻ ഉൽപ്പാദനവും വിതരണവും സംബന്ധിച്ച് ദീർഘവീക്ഷണത്തോടെ നീങ്ങിയിരുന്നെങ്കിൽ രണ്ടാം തരംഗം ഇത്ര ശക്തമാകുമായിരുന്നില്ല. കോവിഡ് വ്യാപനം തൊഴിൽ മേഖലയിലെ ആഘാതം വർധിപ്പിച്ചു. നിരവധി സ്റ്റാർട്ടപ്പുകൾ കടുത്ത പ്രതിസന്ധി നേരിടുന്നു. ഈ തകർച്ചയ്ക്കു പുറമെ കോവിഡ് പ്രതിസന്ധികൂടിയാകുമ്പോൾ ജനജീവിതം പൂർണമായും ദുസ്സഹമാകുന്നു.

മേൽപ്പറഞ്ഞ മുദ്രാവാക്യങ്ങളുയർത്തി 193 കേന്ദ്രത്തിലാണ് സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ സത്യഗ്രഹം. സമരത്തിന്റെ പ്രചാരണാർഥം ഭവനസന്ദർശനവും സൈക്കിൾ റാലിയും പെട്രോൾ പമ്പുകൾക്കു മുമ്പിൽ പ്രധാനമന്ത്രിക്ക് അയക്കാനുള്ള നിവേദനത്തിൽ ഒപ്പുശേഖരണവും നടന്നു. നിപാ ബാധമൂലം ജാഗ്രതയിലായ കോഴിക്കോട് ജില്ലയിലെ സമരം ഉപേക്ഷിച്ചു. ഈ സമരം ഇനിയും നടക്കാനിരിക്കുന്ന വലിയ ജനകീയ പ്രതിഷേധങ്ങളുടെ തുടർച്ച മാത്രം. നിയോലിബറൽ നയങ്ങൾക്കെതിരാണ് ഈ പ്രക്ഷോഭം. അത് ഇനിയും തുടരുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top