29 March Friday
ഡിവൈഎഫ്‌ഐ പാർലമെന്റ്‌ മാർച്ച്‌ നാളെ

‘എവിടെ എന്റെ തൊഴിൽ’ ; യുവത ഡൽഹിയിലേക്ക് - എ എ റഹിം സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

ഇന്ത്യൻ യുവതയുടെ സമരപോരാട്ടങ്ങളുടെ ഉജ്വലമുഖമായ ഡിവൈഎഫ്ഐയുടെ രൂപീകരണ ദിനമാണ് നവംബർ മൂന്ന്‌. 1980 നവംബർ മൂന്നിനാണ് പഞ്ചാബിലെ ലുധിയാനയിൽ  ഡിവൈഎഫ്ഐ രൂപീകരിച്ചത്. എണ്ണമറ്റ സമരങ്ങൾ, പ്രതിരോധങ്ങൾ... രാഷ്ട്രീയ പ്രവർത്തനത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും മഹത്തായ മാതൃകകളുടെ  42 വർഷം. ഇന്ത്യൻ യുവതയുടെ പുരോഗമന രാഷ്ട്രീയ ജീവിതത്തിന്റെ ജിഹ്വയായി ഡിവൈഎഫ്ഐ മുന്നേറുന്നു.  രാജ്യത്തെ തൊഴിലില്ലായ്മയ്‌ക്കെതിരെ നവംബർ മൂന്നിന്‌ ഡിവൈഎഫ്ഐ ഡൽഹിയിൽ മഹാപ്രക്ഷോഭം നടത്തുകയാണ്. വർത്തമാനകാല ഇന്ത്യൻ ഭരണക്കാർ യുവതയെ തൊഴിലില്ലായ്‌മയിലേക്കും അസമത്വത്തിലേക്കും വലിച്ചെറിയുമ്പോൾ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി ഡിവൈഎഫ്ഐ തെരുവുകളിലേക്ക് ഇറങ്ങുന്നു.

തൊഴിൽനിഷേധത്തിന്റെ 
സംഘപരിവാർ രാഷ്ട്രീയം
2021ൽ തൊഴിൽമന്ത്രാലയം പുറത്തുവിട്ട കണക്കുകൾപ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌. ഇത്‌  പൊടുന്നനെയുണ്ടായ വർധനയല്ല. 1990-കൾമുതൽ അധികാരത്തിൽ വന്ന വിവിധസർക്കാരുകൾ സ്വീകരിച്ച നവലിബറൽ നയങ്ങളുടെ ഫലമാണിത്‌. 2014 മുതൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിൽ ജനവിരുദ്ധനയങ്ങൾ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചു. തൊഴിൽ വാഗ്ദാനം നിരന്തരം ലംഘിച്ചു. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്‌മയും പട്ടിണിയും ദാരിദ്ര്യവും വർധിക്കുന്നതിലേക്ക്‌ നയിച്ചു.

ഇല്ലാതാകുന്ന കേന്ദ്ര 
തൊഴിലവസരങ്ങൾ
കേന്ദ്ര സർക്കാർ നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിലെ  ഒഴിവുകളുടെ എണ്ണം മോദി ഭരണത്തിൽ  കുതിച്ചുയരുകയാണ്. 2017–--18ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 10.87 ലക്ഷമായിരുന്നു. 2020–--21-ൽ അത് 8.61 ലക്ഷമായി ചുരുങ്ങി. ഉദാഹരണത്തിന് കേന്ദ്രം നേരിട്ട്  റിക്രൂട്ട്മെന്റ്‌ നടത്തുന്ന സിഎപിഎഫിൽ 2020 സെപ്തംബറിലെ കണക്ക് പ്രകാരം ഒരു ലക്ഷം ഒഴിവാണ് ഉണ്ടായിരുന്നത്. വിവിധ കേന്ദ്ര സർക്കാർ ജോലികൾക്കായി 2014 മുതൽ 22.05 കോടി അപേക്ഷ കേന്ദ്രത്തിന് ലഭിച്ചതിൽ, റിക്രൂട്ട്‌മെന്റിനായി ശുപാർശ ചെയ്യുന്ന ഉദ്യോഗാർഥികളുടെ യഥാർഥ എണ്ണം 7.22 ലക്ഷംമാത്രം.  കേന്ദ്ര പൊതുമേഖലാ സ്വകാര്യവൽക്കരണവും തൊഴിലില്ലായ്‌മ വർധിപ്പിക്കുന്നു.  വിവിധ കേന്ദ്ര സർവകലാശാലകളിലായി എസ്‌സി വിഭാഗത്തിൽ 958ഉം എസ്ടി വിഭാഗത്തിൽ  576ഉം ഒബിസി  വിഭാഗത്തിൽ 1761ഉം അധ്യാപക ഒഴിവുകൾ  ഒഴിഞ്ഞുകിടക്കുന്നു. 

രാജ്യസഭയിൽ ഡോ. വി ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് തൊഴിൽമന്ത്രി നൽകിയ മറുപടിയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 2016 മുതൽ  ഓരോ വർഷവും കുറയുകയാണെന്ന്‌ വ്യക്‌തമാകുന്നുണ്ട്‌. 2016–- -2021ൽത്തന്നെ  2.68 ലക്ഷം കുറഞ്ഞുവെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയത്. 2016-–-17ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ 11.29 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2021ൽ ഇത് 8.61 ലക്ഷമായി ചുരുങ്ങി.

മരണം കൊയ്യുന്ന തൊഴിലില്ലായ്മ
തൊഴിലില്ലായ്മ ഇന്ന് ഇന്ത്യയിലെ  ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന്‌ എല്ലാ പഠനങ്ങളും സ്‌ഥിരീകരിക്കുന്നു.  ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിരക്ക്  കോവിഡ്‌ കാലത്തിനു മുമ്പുള്ളതിനേക്കാൾ ഏറെ കുറവാണ്. തൊഴിൽ ശക്‌തിയുടെ പങ്കാളിത്തം  മഹാമാരി കാലത്തിനു മുമ്പ്‌, 2019 ഒക്ടോബറിൽ 43 ശതമാമായിരുന്നത്‌ 2022 സെപ്തംബറിൽ 39 ശതമാനമായി കുറഞ്ഞു.2014ൽ സർക്കാർ ജോലികളിൽ 4.2 ലക്ഷം അംഗീകൃത തസ്തിക  ഒഴിഞ്ഞുകിടന്നിരുന്നത് 2020ൽ ഒമ്പത്‌ ലക്ഷമായി ഉയർന്നു! ഇപ്പോൾ  കണക്ക് പ്രകാരം സംസ്ഥാന, കേന്ദ്ര തസ്തികകളിൽ 60 ലക്ഷം ഒഴിവ്‌ നികത്താതെ കിടക്കുന്നുണ്ട്‌. പണപ്പെരുപ്പംമൂലം (വിലക്കയറ്റം) യഥാർഥ കൂലി കുത്തനെ താഴോട്ട് പോയി. അടുത്തിടെ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് വലിയ ശതമാനം തൊഴിലാളികൾ പതിനായിരം രൂപയിൽ താഴെയാണ് സമ്പാദിക്കുന്നത് എന്നാണ്. എന്താണ് ഈ ദുരവസ്ഥയുടെ പരിണതഫലം? കോടാനുകോടി ജനങ്ങളുടെ ജീവൻ  തൊഴിലില്ലായ്മമൂലം വർഷാവർഷം നഷ്‌ടപ്പെടുന്നു എന്നുതന്നെ. 2021ൽ 1,65,033 ആത്മഹത്യ കേസാണ് പൊലീസ് റിപ്പോർട്ട്‌ചെയ്തത്.  ദിവസവേതനക്കാരും തൊഴിൽരഹിതരുമാണ്‌ ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും. കേന്ദ്ര  സർക്കാരിന്റെ അനാസ്ഥയുടെ, നയവൈകല്യങ്ങളുടെ ഇരകൾ.

പ്രതീക്ഷ തകർത്ത അഗ്നിപഥ്‌
തൊഴിലില്ലായ്മകാരണം വലയുന്ന യുവത്വത്തിന് തൊഴിലുറപ്പ് പദ്ധതികളുടെ രൂപത്തിൽ, അലവൻസ്‌ നൽകി ആശ്വാസം പകരുക എന്നതാണ് സർക്കാരിന് ചെയ്യാവുന്നത്. എന്നാൽ, അതിന്‌ വിപരീതമായി യുവത്വത്തിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തിക്കൊണ്ടാണ്‌ കേന്ദ്ര സർക്കാർ ഈയടുത്ത കാലത്ത് പല പദ്ധതികളും നടപ്പാക്കുന്നത്. അഗ്നിപഥ്‌ പദ്ധതിയാണ് ഇവയിൽ പ്രധാനപ്പെട്ടത്. പദ്ധതി നടപ്പാക്കിയതുമുതൽ രാജ്യം സാക്ഷ്യംവഹിച്ച വലിയ സമരങ്ങൾ വിരൽ ചൂണ്ടുന്നത്   യുവത്വം തൊഴിലില്ലായ്മമൂലം എത്ര വലയുന്നുണ്ട് എന്നതുതന്നെയാണ്‌. സായുധ സേനയിൽ കരാർതൊഴിൽ സംവിധാനം നടപ്പാക്കുന്നത് രാജ്യസുരക്ഷയെ എങ്ങനെ ബാധിക്കാൻ പോകുന്നതെന്നത് ഇന്നും ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. സായുധസേന എന്നല്ല ഏത് മേഖലയുടെയും  സ്വകാര്യവൽക്കരണമാണ് അവരുടെ നയം.

ബദൽ രാഷ്ട്രീയമുയർത്തി കേരളം
കേന്ദ്ര ഭരണത്തിന്‌ ജനകീയ ബദലാണ്‌ കേരള സർക്കാർ സാധ്യമാക്കുന്നത്. തൊഴിൽ നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും ഉപേക്ഷിക്കുമ്പോൾ കേരളംപുതിയ സാധ്യതകൾ കണ്ടെത്തുന്നു. രണ്ടുലക്ഷത്തോളം പേർക്കാണ്‌ 2016 മുതൽ ഇതിനകം കേരളം പിഎസ്‌സി ജോലിക്കായി അഡ്‌വൈസ് മെമ്മോ നൽകിയത്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നു. അനുസ്യൂതം റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഇക്കാലയളവിൽ കൂടുതൽ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക്‌ വിട്ടു.

രാജ്യത്ത് അപകടകരമാംവിധം തൊഴിലില്ലായ്‌മ പെരുകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, കേന്ദ്ര സർക്കാർ തൊണ്ണൂറുകൾമുതൽ തുടരുന്ന തീവ്രമായ സ്വകാര്യവൽക്കരണമാണ്. പൊതുമേഖലാസ്ഥാപനങ്ങൾ വൻകിട കോർപറേറ്റുകൾക്ക് വിൽക്കുമ്പോൾ എന്നന്നേയ്ക്കുമായി ഇല്ലാതാകുന്നത്  സ്ഥിരം ജോലിസാധ്യതകൂടിയാണ്. എന്നാൽ, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പൊതുമേഖലയെ സംരക്ഷിക്കുന്ന ബദൽനയം തുടരുന്നു. കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ ഭാരത് ഹെവി ഇലക്ട്രിക്കൽസ്ലിമിറ്റഡ് കേരള സർക്കാർ ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കേന്ദ്രം അടച്ചു പൂട്ടി വൽപനക്കു വച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്‌ഥാനം   ഏറ്റെടുത്ത്‌ പേപ്പർപ്രോഡക്ട്സ് ലിമിറ്റഡ് ആരംഭിച്ചു. കേന്ദ്രം വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാൻ സംസ്‌ഥാനം സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഇത് ബദൽ സമീപനമാണ്, ജനപക്ഷ കേരള മാതൃകയാണ്. ഇതിനു പുറമെയാണ് ലക്ഷക്കണക്കിന്‌ പുതിയ സംരംഭങ്ങൾ തുടങ്ങുന്നത്‌. നോളഡ്ജ് ഇക്കോണമി മിഷൻ മുഖേന ഇരുപതുലക്ഷം പേർക്കെങ്കിലും ജോലിനൽകാൻ കേരളം കർമപദ്ധതി ആവിഷ്കരിച്ചു മുന്നോട്ട്‌ പോകുകയാണ്‌.

സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത മൂവായിരത്തി ഇരുനൂറ് സ്ഥാപനം നിലവിൽ സംസ്ഥാനത്തുണ്ട്.സർക്കാർ ജോലിയും അതോടൊപ്പം പൊതുമേഖലയും സ്വകാര്യ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങി വിപുലമായ തൊഴിൽ സാധ്യതകൾ കേരളം തുറന്നിടുന്നു. ഇതിനൊക്കെ പുറമെ ലോകത്തെ പല രാജ്യങ്ങളിലുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി,കേരളത്തിലെ അഭ്യസ്തവിദ്യർക്ക് അവിടങ്ങളിൽ ജോലി ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികൾ ഫലപ്രദമായ പദ്ധതികൾ നടപ്പാക്കി വരുന്നു. അതായത് ജോലി നൽകുക, സുരക്ഷിതവും സുസ്ഥിരവുമായ സ്ഥിരവരുമാനത്തിലൂടെ പൗരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നത് എൽഡിഎഫ് സർക്കാർ തങ്ങളുടെ പ്രാഥമിക ചുമതലയായി മനസ്സിലാക്കി പ്രവർത്തിക്കുന്നു.

സമരഭൂമിയിൽ അണിചേരുക
രാജ്യവ്യാപകമായി  സമരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അത്തരം സമരങ്ങളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവന്ന് ശക്തമായ പ്രതിരോധം തീർക്കുന്നതിനും ഡിവൈഎഫ്‌ഐ പ്രതിജ്ഞാബദ്ധമാണ്. അഗ്നിപഥ്‌ പദ്ധതിക്കുംതൊഴിലില്ലായ്മയ്‌ക്കും എതിരെ ഹരിയാനയിൽ നടന്ന യുവജനയാത്രയും ബിഹാറിൽ നിയമസഭയ്ക്ക് മുന്നിലേക്ക് നടന്ന വലിയ യുവജന റാലിയും മൂവായിരത്തോളം കിലോമീറ്റർ താണ്ടി  തമിഴ്നാട്ടിൽ നടന്ന സൈക്കിൾ റാലിയും തെലങ്കാനയിലും ആന്ധ്രയിലും ഡൽഹിയിലുമെല്ലാമായി നടന്ന സമരങ്ങളും    ഒരുമാസത്തോളം കേരളമാകെ നടന്ന ബ്ലോക്ക് തല കാൽനടജാഥകളും ഈ ശ്രമത്തിന്റെ ഭാഗമാണ്. അങ്ങനെ മാസങ്ങളോളം രാജ്യത്താകെ നീണ്ടുനിന്ന പ്രചാരണപരിപാടികൾക്കുശേഷം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവത്വം രാജ്യതലസ്ഥാനത്തേക്ക് എത്തുകയാണ്. ചെറിയ ഒരു ഉത്തരവാദിത്വമല്ല ഞങ്ങളുടെ മുന്നിലുള്ളത്‌. വലിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ട കാലമാണിത്‌. രാജ്യത്തിന്റെ പല മൂലകളിൽനിന്നുള്ള ആയിരക്കണക്കിന് യുവജനങ്ങൾ "എവിടെ എന്റെ  ജോലി' എന്ന ചോദ്യമുയർത്തി, ഡൽഹിയിൽ എത്തുന്നത് വരും നാളുകളിൽ ശക്തിപ്രാപിക്കാൻ പോകുന്ന മഹാസമരങ്ങൾക്ക്‌ കരുത്താകും. യുവതയുടെ ശബ്ദമാണ്  നവംബർ മൂന്നിന് രാജ്യ തലസ്‌ഥാനത്ത്‌, ഇന്ത്യൻ പാർലമെന്റിനു മുന്നിൽ മുഴങ്ങാൻ പോകുന്നത്. പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കായുള്ള യുവതയുടെ പോരാട്ടത്തിൽ  നവംബർ മൂന്ന്‌ പുതിയ ചരിത്രം കുറിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top