29 March Friday

ലഹരി അടിമത്തം വിനയാകുമ്പോൾ

ഡോ. അരുൺ ബി നായർUpdated: Saturday Sep 3, 2022

യുവതലമുറയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരപരിപാടികൾ ആസൂത്രണം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചത് ഏതാനും ദിവസംമുമ്പാണ്. കേരള യുവത്വത്തെ രക്ഷിക്കാനുള്ള ഏറ്റവും ശ്രദ്ധേയമായ ഒരു നടപടിയായി ഈ പരിശ്രമത്തെ വിലയിരുത്താം. എന്നാൽ, കേവലം ഭരണകൂടംമാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ പറ്റുന്ന വിഷയമാണ് ലഹരിയുടെ വ്യാപനമെന്ന് കരുതരുത്. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം പൊതുസമൂഹത്തിലെ ഓരോ വ്യക്തിയും വ്യക്തിപരമായ ഉത്തരവാദിത്വമായി ലഹരി നിർമാർജനം ഏറ്റെടുത്താൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലേക്ക് നമുക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

പടരുന്ന ലഹരിവിപത്ത്
സമീപകാലത്ത് മധ്യകേരളത്തിലെ കോളേജ് വിദ്യാർഥികളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത് വിദ്യാർഥികളിൽ 31.8 ശതമാനം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുള്ളവർ ആണെന്നാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾ വ്യാപകമായി നമ്മുടെ നാട്ടിൽ പിടിക്കപ്പെടുന്നതും ഒട്ടും നല്ല സൂചനയല്ല നമുക്ക് നൽകുന്നത്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള കുട്ടികൾ ലഹരിവസ്തുക്കൾ പരീക്ഷിക്കുന്നു.  കുട്ടികളിലും കൗമാരക്കാരിലും കൂടിവരുന്ന മാനസികപ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമൊക്കെ ലഹരിവസ്തുക്കളുടെ ദുരുപയോഗവുമായി ചേർത്തു വായിക്കേണ്ട വിഷയങ്ങൾ തന്നെയാണ്.

സമപ്രായക്കാരുടെ സമ്മർദത്തിനു വഴങ്ങിയാണ് നല്ലൊരു ശതമാനം കൗമാരക്കാരും ലഹരി ഉപയോഗം  ആരംഭിക്കുന്നത്. സുഹൃത്തുക്കൾ പറയുന്നതു കേട്ട് ലഹരി ഉപയോഗിച്ചില്ലെങ്കിൽ അവർ തന്നെ ഒറ്റപ്പെടുത്തുമോ എന്ന ആശങ്കയാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്. ചില കുട്ടികളെങ്കിലും ലഹരിവസ്തു എന്താണെന്ന് മനസ്സിലാക്കാനുള്ള  കൗതുകംകൊണ്ട് ഇത് പരീക്ഷിക്കുന്നു. വീട്ടിലെ മുതിർന്ന വ്യക്തികൾ മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നതുകണ്ട് പ്രേരിതരായി ലഹരി വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങുന്ന കുട്ടികളും വിരളമല്ല.

ശരാശരി 12 വയസ്സിൽ കുട്ടികളിലെ ലഹരി ഉപയോഗം ശീലം ആരംഭിക്കുന്നുവെന്ന് സമീപകാലത്ത് പുറത്തുവന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പലപ്പോഴും സിഗരറ്റ് വലിച്ചുതുടങ്ങുന്ന കുട്ടികൾ ക്രമേണ  മദ്യപാനത്തിലേക്കും  കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കും  നീങ്ങുന്നത് വളരെ വേഗത്തിലായിരിക്കും. ചെറുപ്രായത്തിൽത്തന്നെ ലഹരി ഉപയോഗം ആരംഭിക്കുന്ന വ്യക്തികൾ ഭാവിയിൽ ലഹരിവസ്തുക്കൾക്ക് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഡോപമിന്റെ കളികൾ
ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിലുള്ള "ഡോപമിൻ" (dopamine)  എന്ന രാസവസ്തുവിന്റെ അളവ് കൂടുന്നതാണ് ചില ആഹ്ലാദാനുഭൂതികൾ പ്രദാനം ചെയ്യുന്നത്. സ്വാഭാവികമായും ഈ അനുഭൂതികൾ വീണ്ടും ലഭിക്കാനായി കുട്ടികൾ ലഹരിവസ്തുക്കൾ തുടർന്നും ഉപയോഗിക്കുന്നു. ഇങ്ങനെയാണ് അവർ ക്രമേണ അതിന് അടിമപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്.

ഒരു വ്യക്തി ലഹരിവസ്തുവിന്  അടിമപ്പെട്ടു എന്നറിയാൻ ആറ് ലക്ഷണമാണുള്ളത്. രാവിലെമുതൽ വൈകിട്ടുവരെ ലഹരിവസ്തു ഉപയോഗിക്കാനുള്ള അമിതമായ ആസക്തി, ലഹരിവസ്തുവിന്റെ അളവും ഉപയോഗിക്കുന്ന സമയവും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ, ഉപയോഗിക്കുന്ന ലഹരിവസ്തുവിന്റെ അളവ് ക്രമേണ കൂടിക്കൂടി വരുന്ന അവസ്ഥ, പൊടുന്നനെ ലഹരിവസ്തു കിട്ടാതെ വന്നാൽ ഉറക്കക്കുറവും വെപ്രാളവും അമിത ദേഷ്യവും അടക്കമുള്ള പിൻവാങ്ങൽ ലക്ഷണങ്ങൾ, മറ്റൊരു കാര്യത്തിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത സ്ഥിതിവിശേഷം, ലഹരി ഉപയോഗം അപകടകരമാണെന്ന് അറിഞ്ഞിട്ടും അത് ഒഴിവാക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ എന്നിവയാണ് ഈ ലക്ഷണങ്ങൾ. ഇവയിൽ മൂന്നെണ്ണമെങ്കിലും ഒരാൾ തുടർച്ചയായി പ്രകടമാക്കിയാൽ ലഹരിവസ്തുവിന് അടിമപ്പെട്ടെന്ന് മനസ്സിലാക്കാം.

പലപ്പോഴും ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ആഹ്ലാദത്തിന് കാരണമാകുന്ന ഡോപമിൻ, അളവ് വല്ലാതെ വർധിക്കുമ്പോൾ ചിത്തഭ്രമം അടക്കമുള്ള മാനസിക രോഗങ്ങൾക്കും കാരണമായേക്കാം. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ പൊടുന്നനെ ഡോപമിന്റെ അളവ് കൂടാനും അത് മാനസിക രോഗലക്ഷണങ്ങൾക്ക് കാരണമാകാനും സാധ്യതയേറെയാണ്. പലപ്പോഴും ഈ അവസ്ഥയിൽ ലഹരി ഉപയോഗിക്കുന്ന വ്യക്തി അക്രമാസക്തമാകാനും  കുടുംബാംഗങ്ങളെ ഉപദ്രവിക്കാനും സാധ്യത കൂടുതലാണ്. പല കുറ്റകൃത്യവും ലഹരിവസ്തുക്കളുടെ സ്വാധീനംമൂലം സംഭവിക്കുന്നുവെന്നത് വളരെ ശ്രദ്ധയോടെ നാം മനസ്സിലാക്കേണ്ട  വസ്തുതയാണ്.

പരിഹാരം എങ്ങനെ
ലഹരിവസ്തുക്കളുടെ ലഭ്യതയും വിപണനവും തടയാനുള്ള കർശനമായ നിയമ സംവിധാനങ്ങളോടൊപ്പം വ്യാപകമായ ബോധവൽക്കരണവും ഈ പ്രശ്നം തടയാൻ അനിവാര്യമാണ്. നമ്മുടെ പരിസരങ്ങളിൽ ലഹരി വിപണനം നടക്കുന്ന വിവരം നിയമസംവിധാനങ്ങളെ ഉടനടി അറിയിക്കുകവഴി അതിന്റെ വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ, ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ യുവതലമുറയ്ക്ക് നൽകുന്ന ബോധവൽക്കരണം അതിൽ ഏറെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും കുട്ടികളെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായിത്തന്നെ  പഠിപ്പിക്കുന്നത് ഏറെ പ്രയോജനം ചെയ്യാൻ സാധ്യതയുള്ള ഒരു മാർഗമാണ്. ലഹരിവസ്തുക്കൾ മാനസികരോഗം ഉണ്ടാക്കുന്ന പദാർഥങ്ങളാണെന്ന യാഥാർഥ്യം ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോധ്യപ്പെടുത്തണം. മാനസികാരോഗ്യ സാക്ഷരതാ പാഠ്യപദ്ധതിയുടെ ഭാഗമാകുകവഴി  ഇത് സാധ്യമാകും. ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്ക് കുട്ടികൾ നീങ്ങുന്നത് തടയാൻ "ജീവിത നിപുണത വിദ്യാഭ്യാസം’ പോലെയുള്ള പരിശീലന പരിപാടികളും ഏറെ പ്രയോജനം ചെയ്യും. സമസംഘങ്ങളുടെ സമ്മർദം അതിജീവിക്കാനുള്ള സ്വഭാവദൃഢത പരിശീലനം, മാനസിക സമ്മർദങ്ങൾ മറികടക്കാനുള്ള പരിശീലന പരിപാടികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ ആരംഭത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നേടാനുള്ള ബോധവൽക്കരണം എന്നിവ വിദ്യാർഥികൾക്ക് നൽകേണ്ടതുണ്ട്.

ലഹരിവസ്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണവും പ്രചാരണവും ഓരോ വീടുകൾക്കുള്ളിൽനിന്നുതന്നെ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. അച്ഛനമ്മമാർ ലഹരി ഉപയോഗം വർജിച്ചുകൊണ്ട് കുട്ടികളുടെ മുമ്പിൽ മാതൃകയാക്കേണ്ടത് ആവശ്യമാണ്. വീട്ടിലുള്ള  കുട്ടി  ലഹരി ഉപയോഗിച്ചെന്ന് അറിഞ്ഞാൽത്തന്നെ അവനെ പൊടുന്നനെ കുറ്റപ്പെടുത്താതെ, സമാധാനപരമായി  വിളിച്ച് സംസാരിക്കാനും അവനെ അതിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാനുമുള്ള ക്ഷമ രക്ഷിതാക്കൾ കാണിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വൈകാരിക പിന്തുണ വഴിതന്നെ കുട്ടികൾ  ലഹരിയുടെ വഴിയിലേക്ക് പോകുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും. എന്നാൽ, ലഹരി അടിമത്തത്തിലേക്ക് പോയ കുട്ടികൾക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ  മരുന്നുകളും മനഃശാസ്ത്ര ചികിത്സകളും അടങ്ങുന്ന ഇടപെടൽവഴി മിക്കവാറും ലഹരിയിൽനിന്ന് മോചിപ്പിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.

(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 
സൈക്യാട്രിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top