29 March Friday

‘മയക്കം’ നഷ്‌ടപ്പെടുത്തുന്നത്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കുട്ടികളിലും കൗമാരക്കാരിലും മദ്യം-, മയക്കുമരുന്നുപയോഗംവലിയതോതിൽ വർധിച്ചു വരുന്നതായാണ് ക്ലിനിക്കൽ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. മദ്യം, കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ഉൽപ്പന്നങ്ങൾ എന്നിങ്ങനെയുള്ള മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും  വർധിച്ചു. ഇപ്പോൾ എംഡിഎംഎ എന്ന മയക്കുമരുന്നിന്റെ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും വലിയതോതിലാണ് കൂടിവരുന്നത്. ഇതുകൂടാതെ പശ, കഫ് സിറപ്പ്, വേദനസംഹാരികൾ എന്നിവ മയക്കുമരുന്നായി_ ഉപയോഗിക്കുന്ന പ്രവണതയും  പ്രചാരത്തിലായിട്ടുണ്ട്. വലിയ ഒരു സാമൂഹ്യവിപത്തായിക്കണ്ട് ഈ പ്രശ്നത്തെ നേരിടുന്നതിനായി സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി  സമിതി നിലവിൽ വന്നു.  സംസ്ഥാനതലത്തിൽ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചു.

കുട്ടികളിലെയും കൗമാരക്കാരിലെയും മദ്യം, മയക്കുമരുന്നുപയോഗത്തെ സാമൂഹ്യമായി എങ്ങനെ നേരിടാമെന്ന്‌ പരിശോധിക്കണം. മദ്യം, -മയക്കുമരുന്നുപയോഗം പ്രധാനമായും  സ്കൂളും പരിസരവുമായി ബന്ധപ്പെട്ടാണ് ആരംഭിക്കുന്നതും ക്രമത്തിൽ പുരോഗമിക്കുന്നതും.  ചെറിയ കടകളിൽനിന്ന്‌ നിരോധിക്കപ്പെട്ട ശംഭുപോലുള്ളവയടക്കം എല്ലാ മയക്കുമരുന്നുകളും സുലഭമായി  ലഭിക്കുന്നുണ്ട്.  കൗമാരക്കാരിൽ മയക്കുമരുന്നുപയോഗം ചില സാഹചര്യങ്ങളിൽ  വീട്ടുപരിസരത്തേക്കുകൂടി വ്യാപിക്കുന്നു. മിക്കവാറും കുടുംബങ്ങളിൽ ഇത്തരം കുട്ടികളുടെ അച്ഛന്മാരും മദ്യപാനികളായിരിക്കും. ഇത്തരം കുട്ടികളെ അച്ഛനമ്മമാർക്കും അധ്യാപകർക്കും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.  കാലേക്കൂട്ടി ഇത്തരം  കുട്ടികളെ കണ്ടെത്തി വിദഗ്ധമായ മനഃശാസ്ത്ര ചികിത്സ ലഭ്യമാക്കണം.

എങ്ങനെ തിരിച്ചറിയാം

മയക്കുമരുന്ന്, -മദ്യം ഉപയോഗമുള്ള കുട്ടികളുടെ കുടുംബാന്തരീക്ഷം ഭൂരിപക്ഷം സാഹചര്യങ്ങളിലും കുത്തഴിഞ്ഞതോ അന്തച്ഛിദ്രം നിറഞ്ഞതോ ആയിരിക്കും.ഇത്തരം സ്വഭാവമുള്ള കുട്ടികൾക്ക്  മോശം കൂട്ടുകെട്ട് ഉണ്ടായിരിക്കും. ഉദാഹരണത്തിന് കുട്ടി അഞ്ചാം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും എപ്പോഴും കൂട്ടുകൂടി നടക്കുന്നത് ഹൈസ്കൂളുകാരുമായിട്ടോ ഹയർ സെക്കൻഡറിക്കാരുമായിട്ടോ ആയിരിക്കും.

താഴെപ്പറയുന്ന ചില ലക്ഷണം കൊണ്ട്‌ അത്‌ തിരിച്ചറിയാം


1.സുഹൃത് ബന്ധത്തിൽ അടിക്കടിയുണ്ടാകുന്ന മാറ്റം
2.സ്കൂൾ പരിസരത്തുള്ള മുറുക്കാൻ കട ബന്ധം
3.വീട്ടിന് പരിസരത്തുള്ള മുതിർന്നവരുമായി അസാധാരണസൗഹൃദം
4.സ്കൂളിൽ എപ്പോഴും പണവുമായി വരിക
5.മയക്കുമരുന്നുപയോഗം ശീലമാകുന്ന ഘട്ടത്തിൽ കുട്ടിയിൽ സ്വഭാവമാറ്റം പ്രകടമാകുന്നതാണ്. ദേഷ്യം, വഴക്ക്, അകാരണമായ കോപം എന്നിവ പുതുതായി പ്രകടിപ്പിക്കുന്നു
6.പഠന നിലവാരത്തിൽ  പിന്നാക്കം പോകുക
7.മോഷണം, വഴക്ക്, അടി തുടങ്ങിയ സ്വഭാവങ്ങൾ പ്രകടിപ്പിക്കുക. ചിലർ അച്ഛനമ്മമാരെ ഉപദ്രവിക്കുന്ന സ്വഭാവം  ആരംഭിക്കും
8.മയക്കുമരുന്നിനോടൊപ്പം ചില കുട്ടികളിൽ പോർണോഗ്രഫി (അശ്ലീല പ്രസിദ്ധീകരണങ്ങൾ) ഉപയോഗവും തുടങ്ങും.  ക്ലാസിൽ  മൊബൈൽ ഫോൺ കൊണ്ടുവരും. ഒപ്പം അഗ്ലീല ചിത്രങ്ങൾ മറ്റുള്ളവർക്കുകുടി കാണിച്ചുകൊടുക്കും

ഇത്തരം ലക്ഷണങ്ങൾ കടന്ന് ഒരു കുട്ടി കൂടുതൽ മയക്കുമരുന്നുപയോഗത്തിലേക്ക് (മയക്കുമരുന്ന് ആസക്തിയിലേക്ക്) പ്രവേശിക്കുമ്പോൾ (മയക്കുമരുന്ന് അടിമ) ഗൗരവമായ ലക്ഷണങ്ങൾ പ്രകടമാക്കുന്നതാണ്. ഉദാഹരണമായി മയക്കുമരുന്ന് ലഭിക്കാതെ വരുമ്പോൾ കടുത്ത ആക്രമണകാരിയാകുക, വലിയ തുകകൾ മോഷ്ടിക്കുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ചിത്തഭ്രമം ബാധിച്ചവരെപ്പോലെയുള്ള സ്വഭാവരീതികൾ പ്രകടമാക്കുക, വീട്–സ്കൂൾ വിട്ടിറങ്ങി ചുറ്റിത്തിരിയുക എന്നിങ്ങനെ...

അച്ഛനമ്മമാരും അധ്യാപകരും എന്തുചെയ്യണം

1.സംശയിക്കപ്പെടുന്ന കുട്ടികളുമായി അച്ഛനമ്മമാർ/അധ്യാപകർ നല്ല സൗഹൃദം സ്ഥാപിക്കുക
2.സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ അച്ഛനമ്മമാർക്ക്‌ കുട്ടിയുമായി നേരിട്ട് ആശയവിനിമയം നടത്താവുന്നതാണ്.  അതിവൈകാരികമായി കൈകാര്യം ചെയ്യരുത്
3.കുട്ടിയെ ക്രൂരമായി ശിക്ഷിക്കുക, വീട്ടിൽനിന്ന് പുറത്താക്കുക,  മിണ്ടാതെ ഇരിക്കുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ വിപരീതഫലം ഉളവാക്കും
4.സംശയം ഉണ്ടാകുന്ന സാഹചര്യത്തിൽ അച്ഛനമ്മമാർ തങ്ങൾക്ക് വിശ്വാസമുള്ള അധ്യാപകനുമായി  ആശയവിനിമയം നടത്തുക
5.കുട്ടിയെ അച്ഛനമ്മമാർക്ക്‌ നേരിട്ട് മാനസികാരോഗ്യവിദഗ്ധരുടെ അടുത്ത് കൊണ്ടുപോകാൻ കഴിയുമെങ്കിൽ നല്ലതാണ്
6.ശിക്ഷിച്ച് കുറ്റം സമ്മതിപ്പിക്കുന്ന രീതി ഒരിക്കലും അവലംബിക്കരുത്
7.കുട്ടിയെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് അച്ഛനമ്മമാരും അധ്യാപകരും തയ്യാറാകുക
8.അധ്യാപകർ വിഷയം എപ്പോഴും രഹസ്യസ്വഭാവത്തിൽ വേണം കൈകാര്യം ചെയ്യേണ്ടത്
8.സ്കൂൾതല കൗൺസലിങ് ലഭ്യമാക്കുക_
9. കുട്ടിയുടെ സുഹൃത്തുക്കളുമായി സൗഹൃദം പുലർത്തുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുക
10. മുതിർന്ന കുട്ടികളുമായും സ്കൂൾ മതിലിന് പുറത്തെ മുതിർന്നവരുമായുമുള്ള ബന്ധം നിയന്ത്രിക്കുക
അധ്യാപകരും അച്ഛനമ്മമാരും ദിവസവും_ നിശ്ചിതസമയം കുട്ടിയുമായി ചെലവിടണം. കുട്ടിയുടെ അവസ്ഥയിൽ പുരോഗതിയുണ്ടാകാതെ വരുന്ന സാഹചര്യങ്ങളിൽ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക.


തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ

കൗമാര സ്കൂൾ മാനസികാരോഗ്യ പദ്ധതികൾ എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കുക, സ്കൂൾ കൗൺസലിങ്  വ്യാപിപ്പിക്കുക, ലഹരിനിർമാർജന പദ്ധതികൾ  ആരംഭിക്കുക, പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള കടകളിൽ ഇടയ്‌ക്കിടെ പരിശോധന നടത്തുക , സ്കൂൾ പരിസരവും മയക്കുമരുന്നുകൾ ലഭ്യമാകാത്ത സീറോ സോണുകളായി മാറ്റി പ്രഖ്യാപിക്കുക– തുടങ്ങി നിരവധി പദ്ധതികൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ നടപ്പാക്കാം.

(തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്‌എടി ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം പ്രൊഫസറും ശിശു മാനസികാരോഗ്യ വിദഗ്ധനും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top