27 June Monday

റെയിൽവേയും
 അവകാശങ്ങളും സംരക്ഷിക്കാൻ

ആർ ജി പിള്ളUpdated: Friday May 27, 2022

റെയിൽവേ തൊഴിലാളികളുടെ സമരൈക്യ പ്രസ്ഥാനമായ ഡിആർഇയു (സിഐടിയു) വിന്റെ 34–--ാം സമ്മേളനം വെള്ളിയും ശനിയും തിരുച്ചിറപ്പള്ളിയിൽ ചേരുകയാണ്‌. ഇന്ത്യൻ റെയിൽവേയുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുന്ന വിധത്തിൽ പൊടിപൊടിക്കുന്ന ആസ്തി വിൽപ്പനയ്‌ക്കും ആളെ കുറയ്‌ക്കലിനും അവകാശ നിഷേധത്തിനുമെതിരെ ദേശീയതലത്തിൽത്തന്നെ ഫലപ്രദമായ ചെറുത്തുനിൽപ്പ് ഉയരുകയാണ്‌. അതിനുള്ള ഐക്യ സമരമുന്നണി കെട്ടിപ്പടുക്കാൻ പര്യാപ്തമായ കർമപരിപാടിക്ക് ഈ സമ്മേളനം രൂപം നൽകും. ഇന്ത്യൻ റെയിൽവേ തൊഴിലാളികളുടെ മഹത്തായ സമര പാരമ്പര്യത്തിന്റെ പ്രതീകമാണ് ഡിആർഇയു. 1918 ജൂൺ 18ന് നാഗപട്ടണം വർക്‌ഷോപ്‌ കേന്ദ്രീകരിച്ച്‌ രൂപീകരിക്കപ്പെട്ട സൗത്ത് ഇന്ത്യൻ സെൻട്രൽ ലേബർ യൂണിയന്റെയും തുടർന്നുവന്ന സൗത്ത് ഇന്ത്യൻ ലേബർ യൂണിയൻ, സതേൺ റെയിൽവേ ലേബർ യൂണിയൻ എന്നീ സംഘടനകളുടെയും തുടർച്ചയായാണ് ഡിആർഇയു പ്രവർത്തിച്ചുവരുന്നത്‌.

ദേശീയ പ്രസ്ഥാനവുമായി ഇഴചേർന്ന്‌ പ്രവർത്തിച്ച പാരമ്പര്യമാണ്‌ അതിനുള്ളത്. 1919-ൽ നാഗപട്ടണം സന്ദർശിച്ച് മഹാത്മ ഗാന്ധി സൗത്ത് ഇന്ത്യൻ സെൻട്രൽ ലേബർ യൂണിയൻ അംഗങ്ങളെ അഭിസംബോധന ചെയ്തു. മാത്രമല്ല, പൊന്മല (ഗോൾഡൻ റോക്ക്) ഡിആർഇയു യൂണിയൻ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഗാന്ധിജിതന്നെ.

ദീർഘകാലം യൂണിയന്റെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന കെ അനന്തൻ നമ്പ്യാർ റെയിൽവേ തൊഴിലാളി മണ്ഡലത്തിൽനിന്ന് മദ്രാസ് പ്രവിശ്യാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്, 1952ൽ ഒന്നാം പാർലമെന്റ് തെരഞ്ഞെടുപ്പിൽ അന്നത്തെ റെയിൽമന്ത്രി സന്താനത്തെ വെല്ലുവിളിച്ച്‌ തഞ്ചാവൂരിൽ പരാജയപ്പെടുത്തിയത്, പിന്നീട് 1962ലും 1967ലും തിരുച്ചിറപ്പള്ളിയിൽനിന്ന്‌  തെരഞ്ഞെടുക്കപ്പെട്ടത് എല്ലാം ഡിആർഇയുവിന്റെ ചരിത്രത്തിലെ സുവർണ ഏടുകളാണ്.

1958 ഒക്ടോബർ രണ്ടുമുതൽ കെ അനന്തൻ നമ്പ്യാർ 11 ഇന അവകാശ പത്രിക അംഗീകരിച്ചു കിട്ടാൻ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം സതേൺ റെയിൽവേയെ പിടിച്ചുകുലുക്കി. ജനറൽ മാനേജർ ഓഫീസിനു മുമ്പിൽ 10 ദിവസം നീണ്ട സമരം പ്രധാനമന്ത്രി  ഇടപെട്ടാണ് ഒത്തുതീർപ്പിൽ എത്തിച്ചത്. എ കെ ജി മദ്രാസിൽ എത്തിയാണ് സമരം അവസാനിപ്പിച്ചത്. റെയിൽവേയിൽ പ്രത്യേക പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റ് രൂപീകരിച്ചതും ഈ സമരത്തെതുടർന്നാണ്. പതിനായിരത്തിൽപ്പരം തൊഴിലാളികളാണ് സമരത്തിൽ അണിനിരന്നത്. കാഷ്വൽ ലേബർ പ്രശ്നം ഉയർത്തിക്കൊണ്ട് വന്ന്‌ നിരന്തര പോരാട്ടത്തിലൂടെയും സുപ്രീംകോടതിവരെ നിയമയുദ്ധം  നടത്തിയും ലൈവ് രജിസ്റ്ററും സ്ഥിരനിയമനവും നേടിയെടുത്തത്‌ ഡിആർഇയു ആണ്. അപ്രന്റിസ് പ്രശ്നം ഏറ്റെടുത്തതും നിരന്തര സമരങ്ങളിലൂടെയും പാർലമെന്റ് പെറ്റീഷൻ കമ്മിറ്റിയുടെ ഇടപെടലിലൂടെയും സ്ഥിരനിയമനം നേടിയെടുത്തതും ഡിആർഇയുതന്നെ. ഇന്ന് കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും യൂണിയൻ  മാത്രമാണുള്ളത്. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെയും 1994 മുതൽ തുടർച്ചയായി പ്രചാരണ പ്രക്ഷോഭ പരിപാടികളിൽ ജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുപോകുന്നു. കേരളത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട്, എറണാകുളം സ്റ്റേഷൻ സ്വകാര്യവൽക്കരണത്തെ താൽക്കാലികമായെങ്കിലും തടഞ്ഞുനിർത്താൻ ആ കൂട്ടായ്മയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

ആളെ കുറയ്‌ക്കലിനും അവകാശ നിഷേധത്തിനുമെതിരെയും ഇ–-- പാസിന്റെ പേരിൽ യാത്രാ സൗജന്യങ്ങൾ നിഷേധിക്കുന്നതിനെതിരെയും ഡിആർഇയു വിട്ടുവീഴ്ചയില്ലാതെ പോർമുഖത്താണ്. ഈ പശ്ചാത്തലത്തിൽ നടക്കുന്ന അഖിലേന്ത്യാ സമ്മേളനം സുപ്രധാനമാണ്‌. റെയിൽവേയും അവകാശങ്ങളും സംരക്ഷിക്കാനായി ഐക്യ സമരം സംഘടിപ്പിക്കുന്നതിൽ ഡിആർഇയു നിർണായക പങ്കുവഹിക്കും. അതിനായി സംഘടനാ ഭേദമന്യേ ഏവരുടെയും പിന്തുണ അഭ്യർഥിക്കുന്നു.

(ഡിആർഇയു (സിഐടിയു) ജോയിന്റ് ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top