22 September Friday

ആവർത്തിക്കരുത്‌ ഇനിയൊരിക്കലും

ഡോ. ബി ഇക്ബാല്‍Updated: Thursday May 11, 2023

താനൂർ ബോട്ടപകടത്തിന്റെ അസ്വസ്ഥതയിൽനിന്ന്‌ മുക്തമാകുംമുമ്പ്‌ ഞെട്ടലുണ്ടാക്കുന്ന മറ്റൊരു  അതിദാരുണ സംഭവം ഉണ്ടായിരിക്കുന്നു. 24 വയസ്സുമാത്രമുള്ള ഹൗസ്‌ സർജൻസി ചെയ്യുന്ന ഡോ. വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ചത്‌ അക്ഷരാർഥത്തിൽ കേരളത്തെ നടുക്കിയിരിക്കുകയാണ്‌.

ആശുപത്രിയിൽ ചികിത്സയ്‌ക്ക് കൊണ്ടുവന്ന, ലഹരിക്കടിമയും അക്രമാസക്തനുമായ പൂയപ്പള്ളി സ്വദേശി സന്ദീപാണ്  ഒരു പ്രകോപനവുമില്ലാതെ ഡോക്ടറെയും പൊലീസുകാരെയും ആക്രമിച്ചത്. ഇത്തരത്തിലുള്ള മാനസികനില തെറ്റിയ ഒരാളെ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ കരുതലുകൾ സ്വീകരിക്കുന്നതിൽ ക്രമസമാധാനപാലനം ഉറപ്പാക്കേണ്ട പൊലീസിന് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ആശുപത്രികൾക്കും ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും എതിരെയുള്ള ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ഈയൊരു കൊലപാതകം  ഉണ്ടായിരിക്കുന്നത്.

ലോകത്തെ ഏറ്റവും പരിപാവനമായ ബന്ധമാണ് ഡോക്ടർമാരും രോഗികളും തമ്മിലുള്ളത്. ഇപ്പോഴും സമൂഹം ഏറ്റവുമധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ദൈവത്തെപ്പോലെ കരുതുകയും ചെയ്യുന്നത് ചികിത്സകരെയാണ്. എന്നാൽ, ഇടയ്‌ക്കിടെ യുണ്ടാകുന്ന ആക്രമണങ്ങൾ യുവഡോക്ടർമാരെ പ്രത്യേകിച്ചും മാനസികമായി തളർത്തുകയും അവരിൽ ഭീതിപരത്തുകയും ചെയ്യുന്നുണ്ട്. വൈദ്യവൃത്തിയിലേക്ക് പ്രതീക്ഷയോടെ കടക്കുന്ന  ഒരു യുവഡോക്ടർ കുത്തേറ്റു മരിച്ചത് വൈദ്യമേഖലയിലാകെ വലിയ അസ്വസ്ഥതയ്‌ക്ക് കാരണമാകും. ചികിത്സയ്‌ക്കായി സമീപിക്കുന്ന ഓരോ രോഗിയും അവരുടെ ബന്ധുക്കളും എപ്പോൾ വേണമെങ്കിലും തങ്ങളെ ശാരീരികമായി ആക്രമിച്ചേക്കാമെന്ന് ചിന്തിച്ച് ഭയചകിതരായി  ആതുരസേവനം നടത്താൻ ഡോക്ടർമാർക്കാകില്ല.അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഡോക്ടർ–- രോഗീബന്ധം വഷളാകുന്നതിനും ആരോഗ്യമേഖലയിൽ അരാജകത്വം വളർത്തുന്നതിനും കാരണമാകും.

ഇനി ഒരിക്കലും  ഇത്തരം സംഭവം   ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ ഒരുനിമിഷം വൈകാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിട്ടുള്ളത് ആശ്വാസകരമാണ്. എന്നാൽ, നിയമനിർമാണം നടത്തിയാൽ മാത്രംപോരാ; അത് നടപ്പാക്കുമെന്ന്‌ ഉറപ്പാക്കണം.  പ്രാവർത്തികമാകുന്നുണ്ടോയെന്ന്   പരിശോധിക്കാൻ  നിരന്തരം നിരീക്ഷിക്കപ്പെടുകയും വേണം.

ആതുരസേവന മേഖലയിൽ പലവട്ടം അതിക്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭാഗ്യവശാൽ   മരണം ഇതിനു മുമ്പുണ്ടായിട്ടില്ല. ഇപ്പോഴാണ് അതു സംഭവിച്ചിരിക്കുന്നത്. പലപ്പോഴും മരണം തലനാരിഴയ്‌ക്ക് മാറിപ്പോകുകയായിരുന്നു. കാര്യമെന്തെന്നുപോലുമറിയാതെ ഡോക്ടർമാരെ ആക്രമിക്കുന്ന സാഹചര്യമുണ്ട്. ആതുര ശുശ്രൂഷയുടെ, ഡോക്ടർമാരുടെ സേവനത്തിന്റെ മൂല്യം സമൂഹമാകെ തിരിച്ചറിയേണ്ടതുണ്ട്. അതിന്റെ പോരായ്മ നിലവിലുള്ളതായി തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആശുപത്രികളിൽനിന്ന് തൃപ്തികരമായ സേവനം ലഭിക്കുന്നില്ലെങ്കിൽ പരാതിപ്പെടാനുള്ള സംവിധാനങ്ങളുണ്ട്. ഇതിനൊന്നും ശ്രമിക്കാതെ ചിലർ വൈകാരികമായി പ്രതികരിച്ച് ആക്രമണമുണ്ടാക്കുകയാണ്. ഇതിന് അറുതി വന്നേ പറ്റൂ. ഇക്കാര്യത്തിൽ കർശനമായ നടപടി വേണം. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതടക്കം പരിഗണിക്കണം.

നമുക്ക് മികച്ച പൊതുജനാരോഗ്യ സംവിധാനമുണ്ട്‌. നിപായെയും കോവിഡിനെയുമെല്ലാം നമ്മൾ അതിജീവിച്ചത്‌ ഈ കരുത്തുകൊണ്ടാണ്‌. ഈ ആരോഗ്യമേഖലയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ആശുപത്രികളിൽ സമാധാനപരമായ അന്തരീക്ഷവും മതിയായ സുരക്ഷയും വേണം. എങ്കിലേ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രവർത്തിക്കാനാകൂ. അക്കാര്യം ഉറപ്പാക്കാൻ കർശന നടപടി വേണം. ഡോ. വന്ദന ദാസിന് ആദരാഞ്ജലി. മായുന്നില്ല, മനസ്സിൽനിന്ന് ആ മുഖം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top